14 August Friday

നെറികേടിനെതിരെ നേരിന്റെ വിജയം

വെബ് ഡെസ്‌ക്‌Updated: Thursday Aug 24, 2017


കേരളചരിത്രത്തിലെ ഏറ്റവും നിന്ദ്യവും നീചവുമായ രാഷ്ട്രീയ വേട്ടയാടലിനാണ് ലാവ്ലിന്‍ കേസിലെ ഹൈക്കോടതിവിധിയിലൂടെ അന്ത്യംകുറിക്കപ്പെടുന്നത്. സിപിഐ എമ്മിന്റെ സമുന്നത നേതാവായ പിണറായി വിജയനെ തകര്‍ത്ത് കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തെ കടന്നാക്രമിക്കുക, തകര്‍ക്കുക എന്ന കൃത്യമായ അജന്‍ഡ മുന്‍നിര്‍ത്തിയാണ് ലാവ്ലിന്‍ കേസ് കെട്ടിച്ചമച്ചത്. രണ്ടുപതിറ്റാണ്ടോളം പാര്‍ടിയെയും നേതൃത്വത്തെയും വേട്ടയാടാനുള്ള ആയുധമായാണ് അത് ഉപയോഗിക്കപ്പെട്ടത്. പടുകൂറ്റന്‍ അഴിമതികളുടെ നടത്തിപ്പുകാരായ വലതുപക്ഷരാഷ്ട്രീയം തങ്ങളെപ്പോലെയാണ് കമ്യൂണിസ്റ്റ് നേതാക്കളും എന്ന് വരുത്തിത്തീര്‍ക്കാനുള്ള ഉപായംകൂടി ലാവ്ലിനില്‍ കണ്ടു. തങ്ങള്‍ മൂടിവച്ചാല്‍ സത്യം പുറത്തുവരില്ലെന്നും തങ്ങളുടെ ഭാവനയില്‍ വിരിയുന്നവ ജനമനസ്സുകളിലേക്ക് വിശ്വാസ്യതയോടെ പ്രക്ഷേപണം ചെയ്യാനുള്ള സാമര്‍ഥ്യം തങ്ങള്‍ക്കുണ്ടെന്നുമുള്ള ബൂര്‍ഷ്വാമാധ്യമങ്ങളുടെ അഹന്തയുടെ തള്ളല്‍കൂടിയാണ് ലാവ്ലിന്‍ കേസിന്റെ നാള്‍വഴി. ജുഡീഷ്യറിയുടെ ആദ്യപരിശോധനയില്‍ത്തന്നെ ലാവ്ലിന്‍ കേസിന്റെ നിലനില്‍പ്പ് അടഞ്ഞതാണ്. എല്ലാ അന്വേഷണങ്ങളിലും പിണറായി വിജയനെന്ന നേതാവ് അഴിമതിയുടെ കറപുരളുന്ന ഒന്നുംതന്നെ ചെയ്തിട്ടില്ലെന്ന് തെളിഞ്ഞതാണ്. എന്നിട്ടും മനുഷ്യന്റെ സാമാന്യയുക്തിയെപ്പോലും വെല്ലുവിളിച്ച് അപവാദപ്രചാരണം അഭംഗുരം തുടരുകയായിരുന്നു. പിണറായിയുടെ ചോരയ്ക്കുവേണ്ടി കൊതിച്ച ഉപജാപകസംഘങ്ങളും അവയ്ക്ക് ആവേശംപകര്‍ന്ന് വലതുപക്ഷ രാഷ്ട്രീയനേതൃത്വവും ആടിത്തിമിര്‍ക്കുകയായിരുന്നു. രാജ്യത്തിന്റെ സുപ്രധാന അന്വേഷണ ഏജന്‍സി കൂലിത്തല്ലുകാരുടെ വേഷത്തില്‍ 'പിണറായിവധം' നടത്തുകയായിരുന്നു.

ഇന്ന് ഹൈക്കോടതി വ്യക്തമായി വിധിച്ചിരിക്കുന്നു - ലാവ്ലിന്‍ കേസില്‍ പിണറായിയെ ഉള്‍പ്പെടുത്താനുള്ള ഒന്നുംതന്നെ ഇല്ലെന്ന്. പിണറായി വിജയന്‍ എന്ന രാഷ്ട്രീയനേതാവിന്റെ യശസ്സിനും അഭിമാനത്തിനും കളങ്കംചാര്‍ത്താനുള്ള സംഘടിതശ്രമങ്ങള്‍ക്ക് ഏല്‍ക്കുന്ന ഉഗ്രപ്രഹരമാണ് കോടതിവിധി. ശൂന്യതയില്‍നിന്ന് കെട്ടിപ്പൊക്കിയ ആരോപണങ്ങളും അപവാദങ്ങളുംകൊണ്ട് എന്നത്തേക്കുമായി സത്യത്തെ മൂടിവയ്ക്കാമെന്ന് കരുതിയ എല്ലാവര്‍ക്കും ഈ വിധിയില്‍നിന്ന് പഠിക്കാനുണ്ട്. വടക്കന്‍ കേരളത്തിലെ എട്ടു ജില്ലകളിലുള്ള പാവപ്പെട്ട അര്‍ബുദരോഗികള്‍ക്ക് അത്താണിയായ ആതുരാലയം നിര്‍മിക്കുന്നതിന് മുന്‍കൈയെടുത്തു എന്നതാണ് പിണറായി ചെയ്ത 'മഹാപരാധ'മെന്ന് ജനങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞതാണ്.

യുഡിഎഫ് ഭരണകാലത്ത് ജി കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയും എ കെ ആന്റണി മുഖ്യമന്ത്രിയുമായിരിക്കെ തുടക്കമിട്ട പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ നവീകരണ കരാറിന്റെ തുടര്‍ച്ച ഏറ്റെടുത്തു എന്നതല്ലാതെ പിണറായി വിജയന്‍ എന്തുതെറ്റുചെയ്തു എന്ന ചോദ്യം രണ്ടു പതിറ്റാണ്ടായി കേരളത്തില്‍ ഉയരുന്നുണ്ട്. കുപ്രചാരകര്‍ അതിന് മറുപടി നല്‍കിയിട്ടില്ല. സിഎജിയെയും അന്വേഷണ ഏജന്‍സിയെയും തെറ്റായി ഉദ്ധരിച്ചും കള്ളക്കണക്കുകള്‍ നിരത്തിയും ലാവ്ലിന്‍ എന്നാല്‍ അഴിമതി എന്ന ചിത്രം പാടിപ്പതിപ്പിക്കാനുള്ള ലജ്ജാശൂന്യമായ ശ്രമങ്ങളാണ് അരങ്ങേറിയത്. അത്തരക്കാര്‍ക്കാകെ ഉള്ളതാണ് ഹൈക്കോടതിയുടെ മറുപടി.

തെറ്റിനടിപ്പെടാത്ത, അസത്യങ്ങള്‍ക്കുമുന്നില്‍ തലകുനിക്കാത്ത, ഭീഷണികള്‍ക്കും ആക്രമണങ്ങള്‍ക്കുംമുന്നില്‍ പതറാത്ത കമ്യൂണിസ്റ്റുകാരെ അപവാദംകൊണ്ട് തകര്‍ക്കാന്‍ ഒരുങ്ങി പുറപ്പെട്ടവര്‍ നിരാശരായേ മതിയാകൂ. "സിപിഐ എമ്മിന്റെ കേരള സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതിമന്ത്രിയുമായ പിണറായി വിജയനെ എസ്എന്‍സി ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ കൈക്കൊണ്ട നടപടികള്‍ രാഷ്ട്രീയപ്രേരിതമാണ്''എന്ന് പാര്‍ടി പൊളിറ്റ്ബ്യൂറോ നേരത്തേതന്നെ വ്യക്തമാക്കിയതാണ്. രാഷ്ട്രീയലക്ഷ്യങ്ങളോടെ അന്വേഷണ ഏജന്‍സികളെ ഭരണകക്ഷി ഉപയോഗപ്പെടുത്തുന്നത് ഉല്‍ക്കണ്ഠാജനകമായ വിഷയമാണ് എന്ന് അന്നുതന്നെ പാര്‍ടി ചൂണ്ടിക്കാട്ടി. പിണറായി വിജയനെ തെരഞ്ഞുപിടിച്ച് വേട്ടയാടുകയായിരുന്നെന്ന് ഇന്ന് ഹൈക്കോടതി വ്യക്തമാക്കുമ്പോള്‍ സിപിഐ എം ഉയര്‍ത്തിപ്പിടിച്ച വസ്തുതകള്‍ക്കാണ് കോടതിയുടെ അംഗീകാരം ലഭിക്കുന്നത്. ഇന്ന് പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയാണ്; എല്ലാ അപവാദപ്രചാരണങ്ങളെയും തട്ടിമാറ്റി കേരളജനത തെരഞ്ഞെടുത്ത മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് നവകേരളസൃഷ്ടിക്കായുള്ള ക്രിയാത്മകപ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലതയോടെ വ്യാപൃതമാകുന്നു. കേരളത്തിന്റെ ഉറച്ചശബ്ദമായി, ബദല്‍രാഷ്ട്രീയത്തിന്റെ പ്രതീകമായി അംഗീകരിക്കപ്പെടുന്ന നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്താനും ഇല്ലാതാക്കാനും ഉറക്കമിളച്ച് ഉപജാപം നടത്തുന്ന കുബുദ്ധികളുണ്ട്. കോടതിവിധി പ്രതികൂലമായാല്‍ പിണറായി രാജിവയ്ക്കുമോ എന്ന ചോദ്യംപോലും അത്തരക്കാര്‍ എറിഞ്ഞുനോക്കിയിരുന്നു. അവരോട് സഹതപിക്കുകയേ നിര്‍വാഹമുള്ളൂ.

എല്ലാ ആക്രമണങ്ങളും അതിജീവിച്ച് അപവാദങ്ങളുടെയും ആരോപണങ്ങളുടെയും പുകമറ വകഞ്ഞുമാറ്റി ആര്‍ജവത്തോടെ തലയുയര്‍ത്തി ജനങ്ങള്‍ക്കുമുന്നില്‍ നില്‍ക്കുന്ന സഖാവ് പിണറായിയെ ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു. ലാവ്ലിന്‍ കേസിന്റെ ഹീനലക്ഷ്യവും വ്യാജകഥനവും തുറന്നുകാട്ടാനും കോടതിയില്‍ അത് തെളിയിക്കാനും ഉജ്വല പോരാട്ടം നടത്തിയ സിപിഐ എം രാഷ്ട്രീയ പാര്‍ടിയെന്ന നിലയില്‍ അതിന്റെ വ്യത്യസ്തതതന്നെയാണ് തെളിയിച്ചത്. അഴിമതിയുടെ ചെളിക്കുഴിയില്‍ വീഴുന്നതല്ല ഈ പ്രസ്ഥാനവും അതിന്റെ നേതൃത്വവും എന്നാണ് തെളിയിച്ചത്.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top