നാൽപ്പത് ധീര ജവാൻമാരെ കൊലയ്‌ക്കുകൊടുത്തിട്ട് എന്തുനേടിയെന്ന ചോദ്യത്തിന്റെ ഉത്തരം സുവ്യക്തമാണ്. നരേന്ദ്ര മോദി തുടർഭരണം നേടി. അതെ, 2019 ഫെബ്രുവരി 14ന് സിആർപിഎഫ് ജവാൻമാരുടെ ശരീരം തുണ്ടുതുണ്ടായി ചിതറിത്തെറിക്കുമ്പോൾ, ലോക്‌സഭാ തെരഞ്ഞെടുപ്പിന് അവശേഷിച്ചിരുന്നത് എട്ട് ആഴ്‌ചമാത്രം. ജമ്മു -കശ്‌മീരിലെ പുൽവാമയിൽ അർധസൈനികരെ കൂട്ടക്കൊല ചെയ്‌തതിന്റെ പന്ത്രണ്ടാംനാൾ ഇന്ത്യൻ പോർവിമാനങ്ങൾ പാകിസ്ഥാനിലേക്ക് ഇരച്ചുകയറി ഭീകരത്താവളമായ ബാലാകോട്ട് തുരുതുരാ ബോംബുകൾ വർഷിച്ചു. പുൽവാമയിൽ ഒഴുക്കിയ രക്തത്തിന് ഇന്ത്യ പ്രതികാരം ചെയ്‌തു. 300 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തത്. ഔദ്യോഗിക ഭാഷ്യത്തിന് തെളിവു ചോദിക്കാൻ ആരും ധൈര്യപ്പെട്ടില്ല. ദേശദ്രോഹിയെന്ന ചാപ്പകുത്തൽ ആർക്കാണു സഹിക്കാനാകുക.
പുൽവാമ ഉൾപ്പെടെ നിരവധി ദുരന്തങ്ങൾ കശ്‌മീരും ഇന്ത്യയും ഏറ്റുവാങ്ങിയ കാലത്ത് ജമ്മു -കശ്‌മീർ ഗവർണറായിരുന്ന സത്യപാൽ മലിക് ‘ദ വയർ’ ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖമാണ് മോദി ഭരണത്തിലെ കുടിലതകൾ വീണ്ടും ചർച്ചാ വിഷയമാക്കിയത്. അന്നുതന്നെ പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന വസ്‌തുതകൾ ഇപ്പോൾ ഏറ്റുപറഞ്ഞു എന്നതിലപ്പുറമുള്ള പ്രാധാന്യമെന്നും മലിക്കിന്റെ വെളിപ്പെടുത്തലിന് കൽപ്പിക്കേണ്ടതില്ല. എന്നാൽ, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവുമെല്ലാം സംസ്ഥാന ഭരണത്തലവനായ ഗവർണറെ ഭീഷണിപ്പെടുത്തി അടക്കിനിർത്തിയെന്ന തുറന്നുപറച്ചിലിൽ പുതുമയുണ്ട്.
ഭീകരാക്രമണ ഭീഷണിയുള്ള അതിസുരക്ഷാ മേഖലയിൽ 2547 സിആർപിഎഫ് ജവാൻമാരുമായി 78 വാഹനത്തിന്റെ കോൺവോയ് കടന്നുവരുമ്പോൾ ഇടറോഡിൽനിന്ന് കുതിച്ചെത്തിയ ഒരു വാഹനം സൈനിക ട്രക്കിൽ ഇടിച്ചുകയറ്റുകയായിരുന്നു. 300 കിലോയിലേറെ സ്‌ഫോടകവസ്‌തു സൃഷ്‌ടിച്ച ഭയാനക സ്‌ഫോടനത്തിൽ നാടിന്റെ കാവൽഭടൻമാരായ 40 യുവാക്കൾ പൊലിഞ്ഞുപോയപ്പോൾ, ഇന്ത്യയുടെ ശിരസ്സാണു കുനിഞ്ഞത്. ഇത്രയും ദുർബലമോ നമ്മുടെ സുരക്ഷാ കരുതലുകൾ. ഇത്രയേയുള്ളോ നമ്മുടെ രഹസ്യാന്വേഷണ സംവിധാനം. ഉത്തരം ലളിതമാണ്. ലോകോത്തരമാണ് ഇന്ത്യയുടെ സുരക്ഷ–-- ഇന്റലിജൻസ് സംവിധാനങ്ങൾ. പക്ഷേ, സംഭവിച്ചത് സുരക്ഷാ വീഴ്‌ചയല്ല. സുരക്ഷാ അട്ടിമറിയാണ്. ഭീകരാക്രമണങ്ങൾ തുടർക്കഥയായ കശ്‌മീർ താഴ്‌വരയിൽ ഇത്രയും വലിയ സൈനിക കോൺവോയ് നീങ്ങുമ്പോൾ ഇടറോഡുകളിൽ ഭീകരർ ബോംബുകൂമ്പാരവുമായി സഞ്ചരിച്ചതെങ്ങനെ. സംഭവത്തിന്റെ തലേന്നത്തേത് ഉൾപ്പെടെ പതിനൊന്ന് ഇന്റലിജൻസ് റിപ്പോർട്ട് നേരിട്ടുള്ള ഭീകരാക്രമണ സാധ്യതയെക്കുറിച്ചുള്ളതായിരുന്നു. ഒന്നുപോലും ഉത്തരവാദപ്പെട്ടവർ ഗൗനിച്ചില്ല. മാത്രമല്ല, ബോംബു നിറച്ച ഈ വാഹനം കശ്‌മീരിൽ പന്ത്രണ്ടു ദിവസം കറങ്ങിയതായി പിന്നീട് തെളിവ് ലഭിച്ചു. അക്രമികൾക്കു നേരെ കണ്ണടയ്‌ക്കാൻ ഏത് അധികാര കേന്ദ്രത്തിൽനിന്നാണ് നിർദേശം പോയത്. സിആർപിഎഫ് ആവശ്യപ്പെട്ടിട്ടും വിമാനങ്ങൾ നൽകാതിരുന്നതെന്തുകൊണ്ട്. ഇന്റലിജൻസ് സുരക്ഷാ വീഴ്‌ചയെക്കുറിച്ച് ആരാഞ്ഞ ഗവർണറുടെ വായടപ്പിച്ചവരല്ലേ ഇതിന് മറുപടി പറയേണ്ടത്.
കശ്‌മീരിനെ ഒരു പ്രശ്‌ന സംസ്ഥാനമാക്കി നിലനിർത്താൻ ആഗ്രഹിച്ച ബിജെപി ഭരണം ഒടുവിൽ 370–-ാം വകുപ്പ് എടുത്തുകളഞ്ഞതിനെക്കുറിച്ച് മലിക് പറയുന്നത്, മോദി കശ്‌മീരിനെക്കുറിച്ച് അജ്ഞനെന്നാണ്. എന്നാൽ, തങ്ങളുടെ ‘രാഷ്‌ട്രീയ ദേശീയത’യുടെ മറുവശത്ത് കശ്‌മീരിനെ പ്രതിഷ്‌ഠിച്ച് നേട്ടം കൊയ്യുന്നത് മോദിയുടെ അതിബുദ്ധിയാണെന്ന് ഓരോ വെളിപ്പെടുത്തലും തെളിയിക്കുന്നു. ജവാൻമാരുടെ രക്തസാക്ഷിത്വവും പാകിസ്ഥാനോടുള്ള പ്രതികാരവും തെരഞ്ഞെടുപ്പും തുടർഭരണവുമെല്ലാം ഇത്തരത്തിൽ ചേർത്തു വായിക്കാവുന്നതാണ്. ഇതുസംബന്ധിച്ച് ഗൗരവതരമായ അന്വേഷണമോ തുടർനടപടികളോ ഉണ്ടാകാത്തതും യാദൃച്ഛികമല്ല. ഹിന്ദുത്വ രാഷ്‌ട്രീയത്തിനായി എന്തു വഴിവിട്ട നീക്കം നടത്താനും സംഘപരിവാറിന് മടിയില്ല. അതിൽ പ്രത്യക്ഷമായതും ഗൂഢമായതുമുണ്ട്. യുപിയിൽ ഗുണ്ടാവേട്ടയെന്ന ലേബലിൽ നടക്കുന്ന തെരുവു കൊലപാതകങ്ങളിലും സംഘപരിവാർ അജൻഡ വ്യക്തമാണ്. ഹിറ്റ്‌ലറും മുസോളിനിയുമാണ് അവരെ നയിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പിലും ബിജെപി രാജ്യത്തിനുമേൽ കെട്ടിയേൽപ്പിക്കുന്ന ദുരന്തങ്ങൾ വർധിച്ചുവരികയാണ്. ഈ ഫാസിസ്റ്റ് ശൈലി രാജ്യത്തിന് അത്യന്തം അപകടകരവുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..