24 September Sunday

അസ്ഥിരത തുടരുന്ന പാകിസ്ഥാൻ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 13, 2022


ബ്രിട്ടീഷ്‌ ഭരണത്തിൽനിന്ന്‌ മോചനം നേടി ഇന്ത്യയും പാകിസ്ഥാനും സ്വതന്ത്രമായിട്ട്‌ 75 വർഷം. പാകിസ്ഥാനിൽ ഇതിൽ പകുതിക്കാലവും പട്ടാളഭരണം. ബാക്കിയാകട്ടെ സൈന്യത്തിന്റെ ചൊൽപ്പടി ഭരണവും. അനിശ്‌ചിതത്വവും അന്തർനാടകങ്ങളും നിറഞ്ഞതായിരുന്നു എന്നും പാകിസ്ഥാൻരാഷ്‌ട്രീയം. എഴുപതുകാരനായ ഷഹബാസ് ഷെറീഫ് 23–-ാം പ്രധാനമന്ത്രിയായി ചുമതലയേൽക്കുമ്പോഴും പതിവു ചേരുവകളിൽ മാറ്റമില്ല. ജനക്ഷേമമോ ജനാധിപത്യമോ അല്ല, അധികാരവടംവലികൾ മാത്രമാണ്‌ അവിടെ ഭരണമാറ്റത്തിന്‌ ആധാരമാകാറുള്ളത്‌. ഇപ്പോൾ ഇമ്രാൻ മാറി ഷഹബാസ് വരുമ്പോഴും രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളിൽ പരിഹാരം അകലെത്തന്നെയാണ്‌.

മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ്‌ ഇമ്രാൻസർക്കാർ വീണത്‌. കാലാവധി തികയ്ക്കാത്ത പ്രധാനമന്ത്രിമാരുടെ നാടെന്ന അപഖ്യാതി  മറികടക്കാൻ ക്രിക്കറ്റ് ക്യാപ്റ്റൻ കൂടിയായിരുന്ന ഇമ്രാനും സാധിച്ചില്ല. അവിശ്വാസത്തിലൂടെ പുറത്താക്കപ്പെടുന്ന ആദ്യ പാക്പ്രധാനമന്ത്രിയെന്ന വിശേഷണം സ്വന്തം പേരിനൊപ്പം കൂട്ടിച്ചേർക്കുകയും ചെയ്തു. സുപ്രീംകോടതി വിധിയുടെ ആനുകൂല്യത്തിൽ പ്രധാനമന്ത്രിപദത്തിലെത്തിയ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി, പാകിസ്ഥാൻ മുസ്ലിംലീഗ് (നവാസ്) അധ്യക്ഷൻ ഷഹബാസ് ഷെറീഫിനെ കാത്തിരിക്കുന്ന വെല്ലുവിളികളേറെയാണ്‌. ‘രണ്ടാം സ്വാതന്ത്ര്യസമരം’ പ്രഖ്യാപിച്ച ഇമ്രാന്റെ അനുയായികൾ തെരുവിലിറങ്ങിക്കഴിഞ്ഞു. സമരക്കാരെ പുതിയ സർക്കാർ എത്ര നയതന്ത്രജ്ഞതയോടെ നേരിട്ടാലും പട്ടാളത്തിന്റെ ഇടപെടലിന്‌ പഴുതുകൾ ബാക്കിയാകും.

ദുർഭരണം, വിദേശനയ പാളിച്ചകൾ, സാമ്പത്തികത്തകർച്ച എന്നിവയാണ്‌ സംയുക്ത പ്രതിപക്ഷം ഇമ്രാനെതിരെ ചുമത്തിയ കുറ്റങ്ങൾ. ലോകത്തെ ഏറ്റവും കടബാധ്യതയുള്ള 10 രാജ്യത്തിൽ ഒന്നാണ് പാകിസ്ഥാൻ. അഴിമതിയും രൂക്ഷം. പിറവിമുതൽ പാകിസ്ഥാൻ ഭരിച്ച പാർടികൾക്കും ഇടയ്‌ക്കിടെ അധികാരം പിടിക്കുന്ന സൈനികനേതൃത്വത്തിനും തകർച്ചയുടെ ഉത്തരവാദിത്വത്തിൽനിന്ന്‌ മാറിനിൽക്കാനാകില്ല. തുടക്കത്തിൽ സൈന്യത്തിന് അഭിമതനായിരുന്ന ഇമ്രാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ തലപ്പത്ത് നദീൻ അൻജുനെ നിയമിക്കണമെന്ന സേനാ തലവൻ ജനറൽ ഖമർ ജാവേദ്‌ ബജ്‌വയുടെ നിർദേശത്തോട് കലഹിച്ചത്  അസ്വാരസ്യങ്ങൾക്ക് വഴിവച്ചു. ഇത് മുതലാക്കിയ ഷഹബാസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികൾ ഇമ്രാൻ സർക്കാരിന്റെ പ്രധാന സഖ്യകക്ഷികളെയും ചാക്കിലാക്കി.

അമേരിക്കൻ ഇടപെടലുകളെക്കുറിച്ചും ഇമ്രാൻ തുറന്നടിക്കുന്നു. ഷഹബാസിന്റെ കടുത്ത അമേരിക്കൻ കൂറ് ഇമ്രാന്റെ ആരോപണങ്ങളെ ശരിവയ്‌ക്കുന്നതാണുതാനും. ‘യാചകർക്ക്‌ സഹായം തെരഞ്ഞെടുക്കാനാകില്ല’ എന്ന പരാമർശത്തെ ഉയർത്തിക്കാട്ടിയാണ്‌ ‘അമേരിക്കൻ അടിമ' എന്ന് ഇമ്രാൻ വിശേഷിപ്പിച്ചത്‌. അമേരിക്കൻ സഹായം കണ്ണുംപൂട്ടി സ്വീകരിക്കാതെ പാകിസ്ഥാന്റെ സ്ഥിതി മെച്ചപ്പെടില്ല എന്ന് അസന്ദിഗ്ധ പ്രഖ്യാപനമാണ്‌ ഷഹബാസ്‌ നടത്തിയിരിക്കുന്നത്‌.

അയൽരാജ്യമായ അഫ്‌ഗാനിൽനിന്ന്‌ പിൻമാറിയ ഘട്ടത്തിലടക്കം പാകിസ്ഥാൻ സർക്കാരിനെ വിശ്വാസത്തിലെടുക്കാനോ ആശയവിനിമയം നടത്താനോ തയ്യാറാകാതിരുന്ന അമേരിക്കൻ നിലപാടിനോട്‌ ഇമ്രാൻ കടുത്ത എതിർപ്പ്‌ പ്രകടിപ്പിച്ചിരുന്നു. ചൈനയും റഷ്യയുമായും ഇമ്രാൻ സർക്കാർ അടുത്ത ബന്ധം പുലർത്തിയതും അമേരിക്കയെ ചൊടിപ്പിച്ചു. ഉക്രയ്‌ൻ യുദ്ധം ആരംഭിച്ചതിനു തൊട്ടുപിന്നാലെ ഇമ്രാൻ മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ സന്ദർശിച്ചു. ഇതിനു പിന്നാലെ മാർച്ച് എട്ടിനാണ് പ്രതിപക്ഷം ഇമ്രാനെതിരെ അവിശ്വാസം നൽകിയത്.

വിദേശനയത്തിൽ മുൻ സർക്കാരിൽനിന്ന്‌ തികച്ചും വ്യത്യസ്‌ത പാത ഷഹബാസ്‌ സ്വീകരിക്കുമെന്നാണ്‌ ഇതുവരെയുള്ള സൂചനകൾ വ്യക്തമാക്കുന്നത്‌. കശ്‌മീരുമായി ബന്ധപ്പെട്ട പരാമർശങ്ങൾ മുൻസർക്കാരിൽനിന്ന്‌ ഭിന്നമാണ്‌. കശ്‌മീർ വിഷയത്തിൽ അന്താരാഷ്ട്ര ഇടപെടലുകൾ നടത്തുമെന്നും കശ്മീരികൾക്ക്‌ ധാർമികവും നയതന്ത്രപരവുമായ സഹായം നൽകുമെന്നുമുള്ള പ്രസ്താവനയും ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ആഭ്യന്തരമായി ഒട്ടേറെ പ്രതിസന്ധികളാണ്‌ പുതിയ സർക്കാരിനെ തുറിച്ചുനോക്കുന്നത്‌. സാമ്പത്തികത്തകർച്ചയുടെ ദുരിതങ്ങൾ അനുഭവിക്കുന്ന സാധാരണ ജനങ്ങൾക്ക്‌ ആശ്വാസം പകരുന്ന നടപടികൾ ഒരു സർക്കാരിൽനിന്നും ഉണ്ടാകുന്നില്ല.

പനാമ പേപ്പർ വെളിപ്പെടുത്തലോടെ അയോഗ്യനായി നാടുവിട്ട മുൻ പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ സഹോദരൻ ഷഹബാസും കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ നിരവധി കേസുകളിൽ ജയിലിൽ കഴിഞ്ഞതാണ്‌. ജാമ്യം ലഭിച്ചുവെങ്കിലും കേസ്‌ ഇപ്പോഴും കോടതിയിലുണ്ട്‌. പാകിസ്ഥാന്റെ രാഷ്‌ട്രീയ അസ്ഥിരതയ്‌ക്ക്‌ അടുത്തെങ്ങും വിരാമമില്ല എന്നർഥം. അമേരിക്ക കണ്ണുവച്ചിരിക്കുന്ന രാജ്യമെന്ന നിലയിൽ പാകിസ്ഥാന്റെ അസ്ഥിരത ലോകസമാധാനത്തിനുതന്നെ ഭീഷണിയാണ്‌. അതിർത്തിരാജ്യമായ ഇന്ത്യക്കും ആശങ്കയൊഴിയില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top