31 May Wednesday

അന്നം മുട്ടിക്കുന്ന നികുതി പരിഷ്‌കാരം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 19, 2022


സമ്പന്നരെ തലോടുകയും സാധാരണക്കാരെയും ദരിദ്രരെയും പിഴിയുകയും ചെയ്യുന്ന മോദിസർക്കാരിന്റെ നയസമീപനങ്ങൾക്ക്‌ ഒടുവിലത്തെ ഉദാഹരണമാണ്‌ ജിഎസ്‌ടി നിരക്കുകളിൽ തിങ്കളാഴ്‌ച നിലവിൽ വന്ന വർധന. വിപണിയിൽ വിലക്കയറ്റം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ്‌ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം ഇടിത്തീപോലെ നികുതി കൂട്ടിയത്‌. നികുതിനിർണയത്തിലെ _ആശയക്കുഴപ്പങ്ങൾ _ഇതിനുപുറമെ. _2017 ജൂലൈ ഒന്നിന്‌ ജിഎസ്‌ടി അശാസ്‌ത്രീയമായ രീതിയിൽ നടപ്പാക്കിയതുമുതൽ ആശയക്കുഴപ്പങ്ങൾ ഇതിന്റെ കൂടെപ്പിറപ്പാണ്‌. നികുതിഘടന എത്രപ്രാവശ്യം മാറ്റിയെന്ന്‌ സർക്കാരിനുതന്നെ വ്യക്തതയില്ല. ഒരേ സാമ്പത്തികവർഷത്തിൽ പലതവണ നികുതികളിൽ മാറ്റംവരുത്തുന്നത്‌ കൂട്ടക്കുഴപ്പങ്ങൾക്ക്‌ കാരണമാകുന്നു. ചില നികുതികൾ കുറച്ചാലും കമ്പോളത്തിൽ വില കുറയുന്നുമില്ല.

നോട്ടുനിരോധനത്തെതുടർന്ന്‌ ഇടിഞ്ഞ സമ്പദ്‌ഘടനയിൽ അലങ്കോലം സൃഷ്ടിക്കുന്ന വിധത്തിലാണ്‌ രാജ്യത്ത്‌ ജിഎസ്‌ടി അടിച്ചേൽപ്പിച്ചത്‌. സംസ്ഥാനങ്ങളുടെ സമ്പദ്‌ഘടനയെയും ഇത്‌ _പ്രതികൂലമായി ബാധിച്ചു. അടിസ്ഥാനപരമായി പരിശോധിക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ ധനികപ്രീണന നയംതന്നെയാണ്‌ നികുതിമേഖലയിലും പ്രശ്‌നങ്ങൾ വഷളാക്കുന്നത്‌. _ജിഎസ്‌ടി സംവിധാനം വരുംമുമ്പ് കേന്ദ്രവും സംസ്ഥാന സർക്കാരുകളും ആഡംബര വസ്‌തുക്കൾക്ക്‌ 30-–-45 ശതമാനം നികുതി ചുമത്തിയിരുന്നു. ജിഎസ്‌ടിയിൽ ഇത്‌ 28 ശതമാനമായി കുറച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രം മുൻകൈയെടുത്ത് വീണ്ടും കുറച്ച്‌ 18 ശതമാനമാക്കി. _നികുതി കുറച്ചാൽ കൂടുതൽ വിൽപ്പനയുണ്ടാകുമെന്ന്‌ _വ്യവസായികൾ വാദിച്ചപ്പോൾ അതിനു കേന്ദ്രം വഴങ്ങുകയായിരുന്നു. ഇതേത്തുടർന്ന്‌ ജിഎസ്‌ടി വരുമാനം കുറഞ്ഞപ്പോൾ പോംവഴി എന്ന നിലയിൽ കേന്ദ്രം സാധാരണക്കാരുടെ നിത്യോപയോഗ സാധനങ്ങൾക്ക്‌ നികുതി വർധിപ്പിക്കുകയാണ്‌.

ബ്രാൻഡഡ്‌ അല്ലാത്ത ഭക്ഷ്യവസ്‌തുക്കൾക്ക്‌ നികുതിയില്ലെന്നതാണ്‌ ജിഎസ്‌ടി സംവിധാനത്തിന്റെ ഗുണമായി മോദിസർക്കാർ ഉയർത്തിക്കാട്ടിയിരുന്നത്‌. ഇപ്പോൾ _നികുതിബാധകമായവയുടെ പട്ടികയിൽനിന്ന്‌ _‘ബ്രാൻഡഡ്‌’ എന്ന വാക്ക്‌ മാറ്റി _‘പ്രീപാക്ക്‌ഡ്‌ ആൻഡ്‌ ലേബൽഡ്‌ ഉൽപ്പന്നങ്ങൾ’ എന്ന്‌ ചേർത്തു. _അതായത്‌, കടയിൽ _ഉപഭോക്താവിന്റെ മുന്നിൽവച്ചല്ലാതെ _ലേബൽ ചെയ്‌ത്‌ പാക്കറ്റിൽ വിൽക്കുന്ന ഭക്ഷ്യവസ്‌തുക്കൾക്ക്‌ അഞ്ച്‌ ശതമാനം നികുതി നൽകണം. _ അരി, അരിപ്പൊടി, ഗോതമ്പ്‌, ഗോതമ്പ്‌ പൊടി, പാൽ, തൈര്, മോര്, ലസ്സി, മീൻ, ശർക്കര, തേൻ, മാംസം, ബാർലി, ഓട്സ്, പപ്പടം എന്നിവയ്‌ക്കെല്ലാം നികുതി ബാധകമായി. പപ്പടം ഉണ്ടാക്കി വിൽക്കുന്ന സാധാരണക്കാർവരെ നികുതി റിട്ടേൺ നൽകേണ്ടി വരും.


 

ജൂൺ 28നും 29നും ചണ്ഡീഗഢിൽ ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗം തീരുമാനിച്ചത്‌ പാക്ക്‌ ചെയ്‌തതും ലേബൽ പതിച്ചതുമായ 25 കിലോഗ്രാമിൽ താഴെയുള്ള ധാന്യങ്ങൾക്കും പയർഇനങ്ങൾക്കും _നികുതി ഏർപ്പെടുത്താനാണ്‌. എന്നാൽ, ജിഎസ്‌ടി നിയമം ഭേദഗതി ചെയ്‌ത്‌ വിജ്ഞാപനം ഇറക്കിയപ്പോൾ കേന്ദ്രം 25 കിലോഗ്രാം എന്ന പരിധി എടുത്തുകളഞ്ഞു.

ഇതോടെ ഭക്ഷ്യവസ്‌തുക്കൾ _വലിയ പാക്കറ്റുകളിൽ മൊത്തവ്യാപാരികളിൽനിന്ന്‌ എടുത്ത്‌ ചില്ലറയായി തൂക്കി വിൽക്കുമ്പോഴും_നികുതി ഈടാക്കേണ്ട _സ്ഥിതിയായി. ഇതിൽ പ്രതിഷേധം ഉയരുകയും സംസ്ഥാനങ്ങൾ കേന്ദ്രത്തോട്‌ വിശദീകരണം തേടുകയും ചെയ്‌തു. ഞായറാഴ്‌ച രാത്രി വൈകി കേന്ദ്രം വിശദീകരിച്ചത്‌ ധാന്യങ്ങളും പയർഇനങ്ങളും ഇവയുടെ പൊടികളും 25 കിലോഗ്രാമിൽ കൂടുതലുള്ള പാക്കറ്റിൽ ലേബൽ ചെയ്‌ത്‌ വിൽക്കുമ്പോൾ ജിഎസ്‌ടി ബാധകമല്ലെന്നാണ്‌. ചില്ലറവ്യാപാരികൾ തൂക്കിവിൽപ്പന നടത്തുമ്പോൾ ജിഎസ്‌ടി ബാധകമാകില്ലെന്ന്‌ വ്യക്തമാക്കാനാണ്‌ ഈ വിശദീകരണമെങ്കിലും ജനങ്ങളുടെ ദുരിതം മാറ്റാൻ പര്യാപ്‌തമാകില്ല.

തികച്ചും സുതാര്യമാകേണ്ട നികുതിസംവിധാനത്തെ സങ്കീർണമാക്കി വ്യാപാരികളെയും ജനങ്ങളെയും വലയ്‌ക്കുകയാണ്‌ കേന്ദ്രം. വൻകിട കമ്പനികളുമായുള്ള മത്സരത്തിൽ ചെറുകിട വ്യാപാരികൾക്ക്‌ ആശ്വാസമായിരുന്നത്‌ ജിഎസ്‌ടിയിലെ _ഇളവായിരുന്നു. ഭക്ഷ്യവസ്‌തുക്കളുടെ _സാധാരണ ലേബലുകൾക്കും നികുതി പ്രാബല്യത്തിൽ വന്നതോടെ _ചെറുകിട വ്യാപാരമേഖലയിൽ ഇരുൾ പരക്കും. ചുരുക്കത്തിൽ സാധാരണക്കാരുടെ അന്നം മുട്ടിക്കാനാണ്‌ മോദിസർക്കാരിന്റെ _നടപടികൾ ഉപകരിക്കുക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top