പി വി സിന്ധുവിന്റെ ലോക കിരീട വിജയം ബാഡ്മിന്റനിൽ പുതുയുഗപ്പിറവിയുടെ പ്രഖ്യാപനമാണ്. ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടം കൈവരിച്ച സിന്ധു രാജ്യത്തെ കായികരംഗത്തിന് ആത്മവിശ്വാസത്തിന്റെയും സ്വയംബോധ്യത്തിന്റെയും അളവറ്റ പാഠങ്ങളാണ് പകർന്നുനൽകുന്നത്. ലോകനിലവാരമുള്ള കായികമേളകളിൽ വിജയത്തിനായി തുടിക്കുന്ന ഹൃദയത്തോടെ ഇന്ത്യക്കാർക്ക് കടന്നുചെല്ലാൻ കഴിയുമെന്ന് പ്രഖ്യാപിക്കുകയാണ് സ്വിറ്റ്സർലൻഡിലെ ബേസലിൽ ആക്രമണാത്മക ബാഡ്മിന്റന്റെ ശക്തിസൗന്ദര്യങ്ങൾ വിളംബരംചെയ്‌ത ആധികാരിക പ്രകടനത്തിലൂടെ ഈ ഹൈദരാബാദുകാരി.
ലോക ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം ഫൈനലിനിറങ്ങിയ സിന്ധു രണ്ടുതവണ വെള്ളിയിലൊതുങ്ങേണ്ടിവന്നതിന്റെ ദുഃഖമത്രയും മായ്‌ചുകളയുന്ന മികവോടെയാണ് ജപ്പാന്റെ നാലാം സീഡ് നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകളിൽ കീഴടക്കിയത്. ഫൈനലിൽ തോറ്റുപോകുന്ന കളിക്കാരിയെന്ന ദുഷ്‌പേര് മാറ്റാൻ ഓരോ ചലനത്തിലും വെമ്പിയ സിന്ധുവിനെയാണ് ടെന്നീസ് ഇതിഹാസം റോജർ ഫെഡററുടെ ജന്മനാടായ ബേസലിൽ കണ്ടത്. നെറ്റിലും പിൻകോർട്ടിലും പുതിയ തന്ത്രങ്ങളുമായി നിറഞ്ഞുതുളുമ്പിയ സിന്ധു എതിരാളിയുടെ പിഴവുകൾക്കായി കാത്തുനിൽക്കാതെ ആക്രമിച്ചുകൊണ്ടേയിരുന്നു. ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് വ്യക്തമാക്കി ആ റാക്കറ്റ് തീതുപ്പിയതോടെ കേവലം 38 മിനിറ്റിൽ കലാശക്കളിക്ക് അവസാന വിസിൽ മുഴങ്ങുന്നത് അത്ഭുതാദരങ്ങളോടെ ലോകം കണ്ടുനിന്നു. 2017ലെ ലോക ചാമ്പ്യൻഷിപ് ഫൈനലിൽ ഒകുഹാരയോടേറ്റ തോൽവിക്ക് പ്രതിഭയുടെ കൈയൊപ്പോടെ മറുപടി നൽകിയ സിന്ധുവിന്റെ വിജയം, തിരിച്ചടികളിൽ ഊർജം വീണ്ടെടുത്ത് ചാമ്പ്യൻതാരമായി മാറുന്നതിന്റെ മഹത്തായ പാഠമാണ്.
രാജ്യത്തെ കായിക സംവിധാനത്തിനോ സംഘടനകൾക്കോ ഈ വിജയത്തിൽ പ്രത്യേകിച്ചൊന്നും അവകാശപ്പെടാനാകില്ല. ഇന്ത്യൻ വോളിബോളിലെ പ്രതിഭാപൂർണതയുള്ള കളിക്കാരായിരുന്ന പി വി രമണയുടെയും പി വിജയയുടെയും മകളായ സിന്ധു കുടുംബത്തിന്റെ കായികപാരമ്പര്യവും സ്വന്തം മികവും ചേർത്തുവച്ചുകൊണ്ടാണ് ബാഡ്മിന്റന്റെ ഇഷ്ടക്കാരിയായി മാറിയത്. ഓൾ ഇംഗ്ലണ്ട് ചാമ്പ്യനായിരുന്ന പി ഗോപിചന്ദ് ഹൈദരാബാദിൽ സ്ഥാപിച്ച അന്താരാഷ്ട്ര നിലവാരമുള്ള ബാഡ്മിന്റൻ അക്കാദമി രൂപപ്പെടുത്തിയ എണ്ണമറ്റ കളിക്കാരിൽ ഏറ്റവും പ്രതിഭാശാലി സിന്ധുതന്നെ. ഇക്കുറി ലോക ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസിൽ വെങ്കലം നേടിയ സായ് പ്രണീതും മികച്ച പ്രകടനം നടത്തിയ മലയാളിതാരം എച്ച് എസ് പ്രണോയിയുമെല്ലാം ഗോപിചന്ദ് അക്കാദമി തേച്ചുമിനുക്കിയ കളിക്കാരാണ്.
വിജയപീഠത്തിൽ സ്വർണപ്പതക്കം കഴുത്തിലണിഞ്ഞ് സിന്ധു നന്ദി പറഞ്ഞത് ഗോപിചന്ദ് അടക്കമുള്ള പരിശീലകർക്കാണ്. തന്നിലെ കളിക്കാരിയെ രൂപപ്പെടുത്തിയത് ഗോപിചന്ദിന്റെ പരിശീലനമാണെന്ന് അവർ സ്‌മരിച്ചു. ഒപ്പം ഒരു വർഷമായി ബാഡ്മിന്റനിലെ സവിശേഷപാഠങ്ങൾ പകർന്നുകൊടുക്കുന്ന ദക്ഷിണ കൊറിയക്കാരിയായ മുൻ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ വിജയി കിം ജി ഹ്യൂനിനെയും ഹൃദയത്തോട് ചേർത്തു. ഒളിമ്പിക്‌സിലും രണ്ട് ലോക ചാമ്പ്യൻഷിപ്പിലും ഫൈനൽ തോറ്റ് സമ്മർദത്തിലായ സിന്ധുവിനെ കിം ജി ഹ്യൂനിന്റെ മാർഗനിർദേശങ്ങളാണ് പൂർണതയുള്ള കളിക്കാരിയാക്കി മാറ്റിത്തീർത്തത്. ഉന്നതനിലവാരമുള്ള മത്സരങ്ങളിൽ കിരീടവിജയം നേടാൻമാത്രം ഊർജസ്വലമല്ല സിന്ധുവിന്റെ ശൈലിയെന്ന് കിം വിലയിരുത്തിയിരുന്നു. ഒടുവിൽ കിമ്മിന്റെ തന്ത്രങ്ങൾ പാളിച്ചയില്ലാതെ പ്രയോഗിച്ച് സിന്ധു ലോകകിരീടം ഉറപ്പിക്കുകയും ചെയ്‌തു.
വിജയത്തിനും പൂർണതയ്‌ക്കുംവേണ്ടിയുള്ള നിതാന്തമായ പരിശ്രമമാണ് പ്രതിഭാശാലിയായ ഈ കായികതാരത്തെ വേറിട്ടുനിർത്തുന്നത്. അടുത്തലക്ഷ്യം ഒളിമ്പിക്‌സ് സ്വർണമെഡലാണെന്നാണ് ലോകവിജയത്തിനുശേഷം സിന്ധു പറഞ്ഞത്. കൈവിട്ടുപോയതെല്ലാം പൊരുതിനേടാനുള്ള ലക്ഷ്യബോധവും സമർപ്പണവുമാണ് ഇരുപത്തിനാലുകാരിയായ സിന്ധുവിനെ 130 കോടി ജനങ്ങളിലെ വ്യത്യസ്‌തയായ കായികതാരമാക്കുന്നത്. ക്രിക്കറ്റിനപ്പുറം കളികളില്ലെന്നു കരുതുന്ന ഇന്ത്യൻ കായിക സംഘാടകരും കേന്ദ്ര സർക്കാരും ഈ നേട്ടങ്ങൾ കണ്ണുതുറന്നുകാണണം. ആധുനിക സംവിധാനങ്ങളും അഴിമതിരഹിതരും അർപ്പണബോധമുള്ളവരുമായ പരിശീലകരും ഉണ്ടെങ്കിൽ ലോകമെമ്പാടും പൊന്നുവിളയിക്കാൻ ഇന്ത്യക്കാർക്ക് സാധിക്കുമെന്നാണ് ഈ വിജയം അടിവരയിടുന്നത്. ക്രിക്കറ്റിനപ്പുറമുള്ള കായികവിനോദങ്ങളെ പരിഗണിക്കാനും പിന്തുണയ്‌ക്കാനും കേന്ദ്രസർക്കാരും കായിക സംവിധാനങ്ങളും ഇനിയെങ്കിലും സന്മനസ് കാണിക്കുമെന്ന് പ്രതീക്ഷിക്കാം.
ലോകവേദിയിൽ ഇന്ത്യക്ക് ഏറെ സാധ്യതകളുള്ള കായികവിനോദമാണ് ബാഡ്മിന്റൻ. പ്രകാശ് പദുകോൺ ഉൾപ്പെടെ ഒട്ടേറെ ലോകനിലവാരമുള്ള താരങ്ങളെ സംഭാവനചെയ്‌ത ഇന്ത്യ ബാഡ്മിന്റൻ പാരമ്പര്യമുള്ള നാടാണ്. സാധ്യത മനസ്സിലാക്കി ഇത്തരം കളികളെ പിന്തുണയ്‌ക്കാൻ അധികാരികൾ തയ്യാറാകണം. അങ്ങനെയെങ്കിൽ ഒളിമ്പിക് സ്വർണപ്പതക്കങ്ങളും ലോക കീരിടങ്ങളും ഇനിയും ഇന്ത്യയിലെത്തും.
സിന്ധുവിന്റെയും ഗോപിചന്ദ് അക്കാദമിയുടെയും നേട്ടങ്ങൾ കേരളത്തിനും ചില മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്. ബാഡ്മിന്റനിൽ വലിയ അടിത്തറയുള്ള കേരളത്തിൽ ഗോപിചന്ദ് അക്കാദമിക്ക് സമാനമായ പരിശീലനകേന്ദ്രങ്ങൾ സ്ഥാപിച്ചാൽ മികച്ച കളിക്കാരെ വാർത്തെടുക്കാൻ കഴിയും. അത്യാധുനിക സംവിധാനങ്ങളും അറിവും അർപ്പണബോധവുമുള്ള പരിശീലകരും ഒത്തുചേർന്നാൽ അത്ഭുതം സൃഷ്ടിക്കാനാകുമെന്ന് വ്യക്തമായിരിക്കെ കേരളവും ആ വഴിക്ക് നീങ്ങേണ്ടിയിരിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..