27 September Wednesday

ചിത്രയ്ക്കും വിനീതിനും സര്‍ക്കാരിനും അഭിവാദ്യം

വെബ് ഡെസ്‌ക്‌Updated: Friday Aug 4, 2017ഇന്ത്യന്‍ കായികയശസ്സിന് കേരളം നല്‍കിയ സംഭാവനകള്‍ മഹത്തരമാണ്. ഒളിമ്പിക്സിലടക്കം രാജ്യാന്തര കായികമേളകളില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത മലയാളികളുടെ നീണ്ട പട്ടിക ഇത് സാക്ഷ്യപ്പെടുത്തുന്നു. സി കെ ലക്ഷ്മണന്‍മുതല്‍ പി ആര്‍ ശ്രീജേഷ്വരെയുള്ള ഒളിമ്പിക്സ് പെരുമ നമുക്ക് അഭിമാനം പകരുന്നു. നേടിയെടുത്ത കീര്‍ത്തിമുദ്രകളും കുറച്ചൊന്നുമല്ല.  ഇതോടൊപ്പം അവഗണനയുടെയും കുതികാല്‍വെട്ടിന്റെയും  കയ്പുനീരും മലയാളിതാരങ്ങള്‍ ഏറെ കുടിച്ചിട്ടുണ്ട്്. ഏറ്റവുമൊടുവില്‍, ഇന്ത്യന്‍ ഫുട്ബോളിന്റെ പ്രതീക്ഷയായ സി കെ വിനീതിനും രാജ്യാന്തര അത്ലറ്റായ പി യു ചിത്രയ്ക്കും നേരിട്ട ദുരനുഭവങ്ങള്‍  നമ്മുടെ മുന്നിലുണ്ട്. പാലക്കാടന്‍ ഗ്രാമനൈര്‍മല്യം കൈമോശംവരാതെ ലോകട്രാക്കില്‍ കുതിക്കാന്‍ കൊതിച്ച ചിത്രയെന്ന പെണ്‍കുട്ടിയെ എത്ര നിര്‍ദയമാണ് ചതിച്ചുവീഴ്ത്തിയത്. ഏഷ്യന്‍ അത്ലറ്റിക് മീറ്റിലെ 1500 മീറ്റര്‍ സ്വര്‍ണനേട്ടം അധികൃതരുടെ കണ്ണില്‍ ഒന്നുമല്ലാതായി. ലണ്ടനില്‍ നടക്കാനിരിക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചിത്രയെ പങ്കെടുപ്പിക്കാതിരിക്കാന്‍ ചരടുവലിച്ചവര്‍ ആരായാലും മാപ്പര്‍ഹിക്കുന്നില്ല.

ചിത്രയെ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്റെ തീരുമാനം പുറത്തുവന്നതോടെ അഭൂതപൂര്‍വമായ പ്രതികരണമാണ് മലയാളിമനസ്സില്‍ രൂപപ്പെട്ടത്. സ്പോര്‍ട്സിനെ പിന്തുടരുന്നവരും അല്ലാത്തവരുമായ ജനലക്ഷങ്ങള്‍ നീതിനിഷേധത്തെ തുറന്നെതിര്‍ത്തു. എല്ലാ മാധ്യമങ്ങളും കലവറയില്ലാത്ത പിന്തുണ നല്‍കി ചിത്രയ്ക്കൊപ്പംനിന്നു. ഇതിനെല്ലാമുപരി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാരും കായികരംഗത്ത് പ്രവര്‍ത്തിക്കുന്ന  മുഴുവന്‍ പ്രസ്ഥാനങ്ങളും ചിത്രയ്ക്ക് അവസരം ഉറപ്പാക്കാന്‍ മുന്നിട്ടിറങ്ങി. ഹൈക്കോടതിയുടെ ഉത്തരവിനൊപ്പം കേരള മനഃസാക്ഷിയുടെ ഐക്യദാര്‍ഢ്യവും ശക്തമായപ്പോള്‍ തീരുമാനം തിരുത്തിയെന്ന് വരുത്താന്‍ ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ നിര്‍ബന്ധിതമായി. അത് വെറും കണ്ണില്‍പൊടിയിടലായിരുന്നെന്ന് പിന്നീട് വ്യക്തമായി.

ചിത്രയെ ഒഴിവാക്കിയതിനുപിന്നിലെ തൊടുന്യായങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും അത്തരത്തില്‍ യോഗ്യതക്കുറവ് ആരോപിക്കപ്പെടുന്നവര്‍ ലോകചാമ്പ്യന്‍ഷിപ് പട്ടികയിലുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ല. ഒടുവില്‍ ചിത്രയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഇന്ത്യ സമീപിച്ചപ്പോള്‍ സമയംകഴിഞ്ഞെന്ന സാങ്കേതികത്വം പറഞ്ഞ് ലോക ഫെഡറേഷന്‍ കൈകഴുകി. ഇക്കാര്യത്തില്‍ ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷനും കേന്ദ്ര സര്‍ക്കാരും കാണിച്ച അനങ്ങാപ്പാറനയമാണ് അവസാന ലാപിലും ചിത്രയ്ക്ക് നീതിനിഷേധിക്കാന്‍ ഇടയാക്കിയത്. ഇതുവഴി ചിത്രയ്ക്കുവേണ്ടി അവിശ്രമം നിലകൊണ്ട കേരള സര്‍ക്കാരും മൂന്നരക്കോടി ജനങ്ങളുമാണ്  അവമതിക്കപ്പെട്ടത്.

ദേശീയ ഫുട്ബോള്‍ താരം സി കെ വിനീതിനോട്  അക്കൌണ്ടന്റ് ജനറല്‍ ഓഫീസ് മേധാവികള്‍ കാണിച്ചത് സമാനതയില്ലാത്ത ക്രൂരതയാണ്. സ്വന്തം കുടുംബവും വ്യക്തിജീവിതവും മറന്ന്  സ്വയം കളിക്ക് സമര്‍പ്പിച്ച യുവഫുട്ബോളറെയാണ് ഓഫീസിലെ ഹാജരിന്റെപേരില്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. ഇക്കാര്യത്തിലും കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥനകള്‍ ചെവിക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായില്ല. അവരുടെ തെറ്റായ നിലപാടുകളെ തിരുത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരും ഇടപെട്ടില്ല. കേന്ദ്രഭരണത്തിന്റെയും ദേശീയ കായികപ്രസ്ഥാനങ്ങളുടെയും തലപ്പത്തുള്ള തമ്പുരാക്കന്മാരുടെ കല്‍പ്പനകളില്‍ കരിഞ്ഞുപോകുന്നതല്ല കേരളത്തിന്റെ കായികക്കരുത്തെന്ന് ചിത്രയും വിനീതും തെളിയിച്ചിരിക്കുന്നു.

തങ്ങളുടെ സമര്‍പ്പണത്തിന് അര്‍ഹമായ അംഗീകാരം കിട്ടിയില്ലെങ്കിലും സ്വന്തംനാടും സര്‍ക്കാരും നല്‍കിയ പിന്തുണയും സ്നേഹവും ഇരുവര്‍ക്കും കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നിരിക്കുന്നു. ലോക ചാമ്പ്യന്‍ഷിപ് ഇത്തവണ നിഷേധിക്കപ്പെട്ടെങ്കിലും തളരാതെ മുന്നോട്ടുപോയി കൂടുതല്‍ ഉയരങ്ങളിലെത്താമെന്ന ആത്മവിശ്വാസം ചിത്രയ്ക്കുണ്ട്. വീട്ടിലെ സാധാരണ ഭക്ഷണവും നാട്ടിലെ പരിമിതമായ പരിശീലനസൌകര്യവുമാണ് തന്റെ മുന്നിലുള്ള തടസ്സങ്ങളെന്ന് ചിത്ര തന്നെ കാണാനെത്തിയ കായികമന്ത്രി എ സി മൊയ്തീനോട് തുറന്നുപറഞ്ഞു. ഏജീസ് ഓഫീസിലെ ഓഡിറ്റര്‍ജോലി നഷ്ടപ്പെടുമെന്ന ഘട്ടംവന്നപ്പോഴും  മുഖ്യമന്ത്രിയെ കാണാനെത്തിയ വിനീത് ഉറപ്പിച്ചുപറഞ്ഞത് ഫുട്ബോള്‍ ഉപേക്ഷിക്കാനാകില്ല എന്നാണ്. നിങ്ങളെ എല്ലാ അര്‍ഥത്തിലും സംരക്ഷിക്കുമെന്ന ഉറപ്പാണ് ഇരുവര്‍ക്കും സര്‍ക്കാരില്‍നിന്ന് ലഭിച്ചത്. കേരളത്തിന്റെ ഈ അഭിമാനതാരങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പു പാലിച്ചിരിക്കുന്നു. ചിത്രയ്ക്ക് ഇനി ഭക്ഷണത്തെക്കുറിച്ചോ പരിശീലനസൌകര്യത്തെക്കുറിച്ചോ ആകുലപ്പെടേണ്ടിവരില്ല. മാസം 10,000 രൂപ സ്കോളര്‍ഷിപ് നല്‍കാനും പരിശീലനത്തിനും ഭക്ഷണച്ചെലവിനുമായി പ്രതിദിനം 500 രൂപ അനുവദിക്കാനുമാണ്  മന്ത്രിസഭായോഗം‘തീരുമാനിച്ചത്. കേരള സ്പോര്‍ട്സ് കൌണ്‍സില്‍ വഴിയാണ് തുക ലഭ്യമാക്കുക. ഡോ. എ പി ജെ അബ്ദുള്‍കലാം സ്കോളര്‍ഷിപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 10,000 രൂപ നല്‍കുന്നത്. സി കെ വിനീതിന് സ്പോര്‍ട്സ് ക്വോട്ടയില്‍ സെക്രട്ടറിയറ്റ് അസിസ്റ്റന്റിന് സമാനമായ തസ്തികയിലാണ് നിയമനം. കളിക്കളത്തില്‍ തുടരുന്നിടത്തോളം ഓഫീസിലെ ഹാജര്‍ കണക്ക് പറയാത്ത ഒരു ജോലി വിനീതിന് ലഭിച്ചു. ദേശീയതലത്തില്‍ മലയാളിതാരങ്ങള്‍ക്ക് വളരാന്‍  അര്‍ഹമായ സൌകര്യങ്ങള്‍ നല്‍കാതിരിക്കുകമാത്രമല്ല, അവരെ മാനസികമായി തളര്‍ത്തുകയുംചെയ്യുന്നു. ഈ തെറ്റായ സമീപനം തിരുത്തിക്കാനും കേന്ദ്രസംവിധാനങ്ങളുടെ കണ്ണുതുറപ്പിക്കാനും  പര്യാപ്തമായ നടപടിയാണ് ചിത്രയുടെയും വിനീതിന്റെയും കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്. കായികകേരളത്തോടൊപ്പം ഞങ്ങളും സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top