22 July Monday

മതവർഗീയത ഈ മണ്ണിൽ മുളയ്‌ക്കില്ല

വെബ് ഡെസ്‌ക്‌Updated: Monday May 2, 2022


മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത മുൻ യുഡിഎഫ്‌ സർക്കാരിലെ ചീഫ്‌ വിപ്പും എംഎൽഎയുമായിരുന്ന പി സി ജോർജിന്‌ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നു. വഞ്ചിയൂർ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്ട്രേട്ട്‌ കോടതിയാണ്‌ ഇടക്കാല ജാമ്യം അനുവദിച്ചത്‌. അന്വേഷണത്തിൽ ഇടപെടരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും വിവാദ പ്രതികരണങ്ങൾ പാടില്ലെന്നുമുള്ള ഉപാധികളോടെയാണ്‌ ജാമ്യം.

പി സി ജോർജിനെ അദ്ദേഹത്തിന്റെ ഈരാറ്റുപേട്ടയിലെ വസതിയിലെത്തി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌ എന്തിനായിരുന്നുവെന്ന ചോദ്യം പലകോണിൽനിന്നും ഉയരുന്നുണ്ട്‌. തിരുവനന്തപുരത്ത്‌ നടന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ മൂന്നാം ദിവസം നടത്തിയ ഉദ്‌ഘാടന പ്രസംഗത്തിൽ മതവിദ്വേഷം ആളിക്കത്തിക്കുന്ന പരാമർശങ്ങൾ നടത്തിയതിനാണ്‌ പി സി ജോർജിനെതിരെ ഐപിസി 153 എ, 295 എ വകുപ്പുകൾ പ്രകാരം പൊലീസ്‌ സ്വമേധയാ കേസ്‌ എടുത്തതും അറസ്‌റ്റ്‌ ചെയ്‌തതും. മുസ്ലിങ്ങളെ സാമ്പത്തികമായി ബഹിഷ്‌കരിച്ച്‌, അവരുടെ ജീവനോപാധികൾ തകർത്ത്‌ ഈ രാജ്യത്തു നിന്നു തന്നെ ആട്ടിപ്പായിക്കുക എന്ന ആർഎസ്‌എസ്‌ അജൻഡയാണ്‌ പി സി ജോർജ്‌ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്‌. അടുത്തിടെ കർണാടകത്തിലും ഉത്തരാഖണ്ഡിലും ചില സന്യാസിമാരും ബിജെപി നേതാക്കളും സമാനമായ ആഹ്വാനം നടത്തിയിരുന്നു. ഹിന്ദു ആരാധനാലയങ്ങളുടെ സമീപം മുസ്ലിം കടകൾ പാടില്ലെന്ന വാദമാണ്‌ ഉയർന്നത്‌. ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ചു നിർത്തി അധികാരം നേടുകയെന്ന ഈ രീതിയെ തടയുന്നതിനു പകരം വർഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ്‌ ബിജെപി ഭരിക്കുന്ന സർക്കാരുകൾ സ്വീകരിക്കുന്നത്‌. സംഘപരിവാറിന്റെ അത്യന്തം അപകടകരമായ ഈ അജൻഡ കേരളത്തിലും ഇറക്കാനാണ്‌ പി സി ജോർജ്‌ തയ്യാറായിട്ടുള്ളത്‌. ഹിന്ദുത്വവാദികൾ മുന്നോട്ടുവയ്‌ക്കുന്ന ലൗജിഹാദ്‌, മുസ്ലിം ജനസംഖ്യാവർധന തുടങ്ങിയ വാദഗതികളെല്ലാം ജോർജും പലഘട്ടത്തിലായി ഉന്നയിച്ചിട്ടുണ്ട്‌.

എന്നാൽ, മതനിരപേക്ഷതയെ പോറലേൽപ്പിക്കുന്ന ഇത്തരം നടപടികൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത്‌ തടയണം. ശക്തമായ നടപടി സ്വീകരിക്കണം. അതുതന്നെയാണ്‌ കേരള പൊലീസിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുള്ളത്‌. നിയമവാഴ്‌ച ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണ്‌ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. അതുകൊണ്ട്‌ വർഗീയ ധ്രുവീകരണം നടത്താൻ ആര്‌ മുന്നോട്ടുവന്നാലും അവർക്കെതിരെ നിയമം അനുശാസിക്കുംവിധം നടപടികളുണ്ടാകും. അതുമാത്രമേ പി സി ജോർജിനെതിരെയും ഉണ്ടായിട്ടുള്ളൂ. സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന സമുദായ മൈത്രിയും സാഹോദര്യവുമാണ്‌ വർഗീയതയ്‌ക്കെതിരെയുള്ള കോട്ടതീർക്കുന്നത്‌. അതുകൊണ്ടുതന്നെ മതനിരപേക്ഷതയുടെ അടിത്തറ തകർക്കുകയെന്നത്‌ വർഗീയശക്തികളുടെ ലക്ഷ്യമാണ്‌. അവരുടെ മെഗാഫോണായി മാറിയിരിക്കുകയാണ്‌ പി സി ജോർജ്‌. സ്വന്തം രാഷ്ട്രീയതട്ടകമായിരുന്ന പൂഞ്ഞാറിലെ ജനങ്ങളും ഉപേക്ഷിച്ചതോടെ കേരള രാഷ്ട്രീയത്തിൽ ഒരു ഇടം തേടി അലയുന്ന പി സി ജോർജ്‌ അവസാനം എത്തിപ്പെട്ടിരിക്കുന്നത്‌ ഹിന്ദുത്വവർഗീയവാദികളുടെ കൂടാരത്തിലാണ്‌.

പി സി ജോർജ്‌ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്‌. വർഗീയതയോട്‌ വിട്ടുവീഴ്‌ച ചെയ്യുന്ന ഒരു സർക്കാരല്ല എൽഡിഎഫിന്റെ നേതൃത്വത്തിലുള്ളത്‌. വർഗീയവിഷം ചീറ്റുന്ന പ്രസംഗം നടത്തിയ പ്രവീൺ തൊഗാഡിയക്കെതിരെയുള്ള കേസ്‌ പിൻവലിച്ച ഉമ്മൻചാണ്ടിയുടെ പാരമ്പര്യം പേറുന്ന സർക്കാരല്ല കേരളത്തിൽ ഇപ്പോൾ ഭരണത്തിലിരിക്കുന്നത്‌. വർഗീയധ്രുവീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവർക്കുള്ള മുന്നറിയിപ്പും താക്കീതുമാണ്‌ ജോർജിന്റെ അറസ്‌റ്റിലൂടെ കേരളം നൽകിയിട്ടുള്ളത്‌. ബിജെപി മാത്രമാണ്‌ പി സി ജോർജിന്‌ പിന്തുണയുമായി എത്തിയിട്ടുള്ളത്‌ എന്നതിൽനിന്ന്‌ ആരാണ്‌ സാമുദായികാന്തരീക്ഷം കലുഷമാക്കാൻ ആഗ്രഹിക്കുന്നതെന്ന്‌ വ്യക്തമാകും. വിദ്വേഷപ്രസംഗത്തിന്റെ പേരിൽ രാജ്യത്തെ നിയമമനുസരിച്ച്‌ നടത്തിയ അറസ്‌റ്റിനെ ചെറുക്കാൻ ഭരണഘടനയിൽ തൊട്ട്‌ സത്യപ്രതിജ്ഞ ചെയ്‌ത കേന്ദ്രസഹമന്ത്രി വി മുരളീധരൻതന്നെ മുന്നോട്ടുവന്നത്‌ നിയമവാഴ്‌ചയെ വെല്ലുവിളിക്കലാണ്‌. യതി നർസിംഗാനന്ദിനും ആനന്ദ്‌ സ്വരൂപിനും ധർമദാസിനും മറ്റും എന്തും വിളിച്ച്‌ പറയാൻ പിന്തുണ നൽകുന്ന ബിജെപിയല്ല കേരളം ഭരിക്കുന്നത്‌ എന്ന്‌ മുരളീധരൻ മനസ്സിലാക്കണം. മതസ്‌പർധ വളർത്തി കേരളത്തിലെ സാമുദായികാന്തരീക്ഷം തകർക്കാർ ശ്രമിക്കുന്ന ഇത്തരം ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കാൻ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ മുന്നോട്ടുവരികതന്നെ ചെയ്യും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top