31 March Friday

ഗുജറാത്ത് മാതൃകയോ?

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018


ഉത്തർപ്രദേശിലെ ത്സാൻസിയിലെ ഐടിഐയിൽനിന്ന‌്‌ മോട്ടോർമെക്കാനിക‌് പഠനം പൂർത്തിയാക്കി ഏഴുമാസംമുമ്പാണ് ദേവേന്ദ്രകുമാർ അഹമ്മദാബാദിലെ ഉപഗ്രഹനഗരമായ സാനന്ദിലെത്തിയത്.  കൊക്കകോളയും നെസ്‌ലെയും പോസ്കോയും ഹിറ്റാച്ചിയും പോലുള്ള ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ സാന്നിധ്യമുള്ള നഗരമാണിത്. ഒരു കമ്പനിയിൽ ജോലി ലഭിച്ച് ജീവിതം ആരംഭിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ആ ദുരന്തവാർത്ത കാതുകളിലെത്തിയത്. ബിഹാറിൽനിന്നും യുപിയിൽനിന്നും മധ്യപ്രദേശിൽനിന്നുമുള്ളവരെ തെരഞ്ഞുപിടിച്ച് മർദിക്കുന്നുവെന്ന വാർത്തയായിരുന്നു അത്. ഹിന്ദി സംസാരിക്കുന്നവർ നടത്തുന്ന പെട്ടിക്കടകളും മറ്റ് കടകളും ആക്രമിക്കപ്പെട്ടു. ബസും മറ്റും തടഞ്ഞു നിർത്തിയും മർദനം തുടർന്നു.  രണ്ടുദിവസം വെള്ളവും ഭക്ഷണവുമില്ലാതെ താമസിക്കുന്ന മുറിയിൽത്തന്നെ കഴിഞ്ഞ മഹേന്ദ്രകുമാർ സ്ഥിതി അൽപ്പം ശാന്തമായപ്പോൾ ഒരു ഓട്ടോയിൽ കയറി അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിലേക്ക‌് രക്ഷപ്പെട്ടു. 

ഇത് ദേവേന്ദ്രേകുമാറിന്റെമാത്രം അനുഭവമല്ല. ആയിരങ്ങളുടെ ദുരനുഭവമാണ്. ഇതിനകം ഒരുലക്ഷത്തോളംപേരാണ് ഗുജറാത്ത് വിട്ടത്. തീവണ്ടിയിലും പ്രത്യേക ബസുകളിലുമായി ദിനമെന്നോണം ആയിരങ്ങൾ ഇപ്പോഴും ഗുജറാത്ത‌്‌ വിട്ടുകൊണ്ടിരിക്കുന്നു. അയൽസംസ്ഥാനത്തൊഴിലാളികളുടെ കൂട്ടപ്പലായനം വടക്കൻ ഗുജറാത്തിലെ സിറാമിക്, പവർ ലൂം, കെമിക്കൽ വ്യവസായത്തെയും ദോഷകരമായി ബാധിച്ചിരിക്കുകയാണ്. 

സെപ്തംബർ 28ന് പതിനാല് മാസം പ്രായമായ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് സബർകാന്ത ജില്ലയിലെ ഹിമ്മത്ത് നഗറിൽ നിന്ന‌് ബിഹാറുകാരനായ രവീന്ദ്ര സാഹുവെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് അന്യസംസ്ഥാന തൊഴിലാളികൾക്കുനേരെ കൊലവിളി ഉയർന്നത്. ഒരാൾ കുറ്റംചെയ്തതിന്റെപേരിൽ ആ വിഭാഗത്തെ മുഴുവൻ കുറ്റക്കാരായി ചിത്രീകരിച്ച് ശിക്ഷിക്കുന്ന രീതിയാണ് ദൃശ്യമായത്. കേരളത്തിലും ഇത്തരം സംഭവം ഉണ്ടായിരുന്നുവെങ്കിലും(ജിഷ കേസ്) അതിന്റെപേരിൽ അന്യസംസ്ഥാനക്കാർക്കെതിരെ ആക്രമണമൊന്നും  ഉണ്ടായിട്ടില്ല. എന്തുകൊണ്ട‌് ഗുജറാത്തിൽ ഇത്തരം സംഭവം നടക്കുന്നത്? അതിനുള്ള ഉത്തരം കണ്ടെത്തണമെങ്കിൽ ഗുജറാത്തിലെ സാമൂഹ്യാവസ്ഥയിലേക്ക് കണ്ണോടിക്കണം. 

ബിജെപിയുടെ 'മാതൃകാ ഗവൺമെന്റി'ന്റെ പൂർണപരാജയമാണ് ഇതിന് പ്രധാന കാരണം. തൊഴിലില്ലായ്മ ഗുജറാത്തിനെ തീർത്തും അരക്ഷിതമായ സമൂഹമാക്കി മാറ്റിയിരിക്കുന്നു.  തൊഴിൽ ലഭിക്കുമോ എന്ന ആകുലത പല തരത്തിലും ഗുജറാത്തിനെ അസ്വസ്ഥമാക്കുകയാണ്. ഹാർദിക‌് പട്ടേലിന്റെ നേതൃത്വത്തിൽ സംവരണത്തിന് വേണ്ടിയുള്ള പട്ടേൽ സമുദായത്തിന്റെ പ്രക്ഷോഭത്തിനും ഗുജറാത്തിലെ തൊഴിലിടങ്ങളിൽ 80 ശതമാനം തൊഴിലും ഗുജറാത്തികൾക്ക് സംവരണം നൽകണമെന്ന ഗുജറാത്ത് ക്ഷത്രിയ താക്കൂർ സേനയുടെ ആവശ്യവും ഈ സാമൂഹ്യ അസ്വസ്ഥതയുടെ പ്രതിഫലനമാണ്.  വ്യാവസായികരംഗത്തും കാർഷിക രംഗത്തും കോർപറേറ്റ‌്‌വൽക്കരണം നടപ്പാക്കിയ സംസ്ഥാനമാണ് ഗുജറാത്ത്. വിദ്യാഭ്യാസത്തിന്റെ കമ്പോളവൽക്കരണം പഠനം പണച്ചെലവേറിയ കാര്യമാക്കി. എന്നാൽ, പഠനത്തിന് ശേഷവും തൊഴിൽ ലഭിക്കുന്നില്ലെന്ന യാഥാർഥ്യം അവരെ തുറിച്ചുനോക്കുകയും ചെയ്യുന്നു.

ഗുജറാത്തികളുടെ തൊഴിലവസരങ്ങൾ മുഴുവൻ അന്യസംസ്ഥാന തൊഴിലാളികൾ കവരുകയാണെന്ന പ്രചാരണം ഈ ഘട്ടത്തിലാണ് നടക്കുന്നത്. കോൺഗ്രസിന്റെ ബിഹാറിന്റെ ചുമതലകൂടിയുള്ള എംഎൽഎ അൽപേഷ് താക്കൂർ മാത്രമല്ല സംഘപരിവാർ സംഘടനകളും ഈ പ്രചാരണത്തിൽ മുന്നിലാണ്.  ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിനാണ് മെഹ്സാന ജില്ലയിലെ വഡ്നഗറിലെ ഒരു ഫാക്ടറിയിൽ കയറി താക്കൂർ സേനക്കാർ 80 ശതമാനം തൊഴിലാളികളും ഗുജറാത്തികളാണോ എന്ന പരിശോധന ആരംഭിച്ചത്.  അതാണ് പിന്നീട് അഹമ്മദാബാദിലേക്കും സബർകാന്തയിലേക്കും പടാനിലേക്കും ആരവല്ലിയിലേക്കും ഗാന്ധിനഗറിലേക്കും വ്യാപിച്ചത്. 

താക്കൂർ സേന തുടങ്ങിയ കലാപത്തെ ആളിക്കത്തിക്കാൻ ബിജെപിയും സംഘപരിവാറും തയ്യാറായി. സർക്കാരിന്റെ ഭരണപരാജയം മറച്ചുവയ‌്ക്കാൻ ഇതവർക്ക് നല്ലൊരു അവസരമായി.  കലാപത്തെ തടയാൻ കഴിയുമായിരുന്നിട്ടും അതിനുള്ള ഒരു നടപടിയും സ്വീകരിക്കാൻ ഗുജറാത്ത് പൊലീസ് തയ്യാറായില്ല.  സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിനെ അഭയം പ്രാപിച്ച അന്യസംസ്ഥാന തൊഴിലാളികളോട് ഉടൻ സംസ്ഥാനം വിടാനാണ് പൊലീസുകാർ വ്യാപകമായി ആവശ്യപ്പെട്ടതത്രെ. മഹാരാഷ്ട്രയിൽ 1980കളിൽ ഉയർന്ന മണ്ണിന്റെ മക്കൾവാദം തന്നെയാണ് ഇപ്പോൾ ഗുജറാത്തിലും ഉയരുന്നത്. ഇതിന് തടയിടാൻ ഭരണാധികാരികൾ തയ്യാറാകുന്നില്ലെങ്കിൽ ഇന്ത്യ എന്ന ആശയമാണ് അപ്രത്യക്ഷമാകുക. 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top