16 November Saturday

ഓസ‌്‌ലോയിലെ വെനസ്വേലൻ ചർച്ച

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019


വെനസ്വേലയിൽ പ്രസിഡന്റ് നിക്കോളസ് മഡുറോ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ അമേരിക്കയുടെ നേതൃത്വത്തിൽ നിർബാധം തുടരവെ പ്രതിപക്ഷവുമായി ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം തേടാനുള്ള ശ്രമങ്ങൾ വെനസ്വേലൻ സർക്കാർ ആരംഭിച്ചെന്ന വാർത്ത പ്രതീക്ഷ നൽകുന്നതാണ്. നോർവെയുടെ തലസ്ഥാനമായ ഓസ‌്‌ലോയിൽ വച്ചാണ് വെനസ്വേലൻ സർക്കാർ പ്രതിനിധികളും ഗു അയ്ഡോയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ പ്രതിനിധികളുംതമ്മിൽ പ്രഥമവട്ടം ചർച്ച നടന്നിട്ടുള്ളത്.  നോർവെയിലെ എൻആർകെ റേഡിയോയും ടെലിവിഷനുമാണ് ഈ വാർത്ത പുറത്തുവിട്ടത്. വെനസ്വേലൻ സർക്കാരിനെ പ്രതിനിധാനംചെയ‌്ത‌് വാർത്താവിനിമയമന്ത്രി ജോർഗെ റൊഡ്രിഗോസും മിറാൻഡ പ്രവിശ്യ ഗവർണർ ഹെക്ടർ റൊഡ്രിഗോസും പങ്കെടുത്തപ്പോൾ മുൻമന്ത്രി ഫെർണാൻഡോ മാർടിനെസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് പ്രതിപക്ഷത്തെ പ്രതിനിധാനംചെയ‌്ത‌് പങ്കെടുത്തത്.  ചർച്ചയുടെ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അടക്കം ചർച്ചയെ സ്വഗതംചെയ്യുകയുണ്ടായി. 

വെനസ്വേലൻ പ്രശ്നത്തിന് ആഭ്യന്തരമായിത്തന്നെ പരിഹാരം കാണുന്നതിന് എന്നും അനുകൂലനിലപാടാണ് നിക്കോളസ് മഡുറോയും ബൊളീവാരിയൻ സോഷ്യലിസ്റ്റ് സർക്കാരും കൈക്കൊണ്ടിരുന്നത്. അമേരിക്കൻ ഇടപെടലിനെയും അവരുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തെ ഉപയോഗപ്പെടുത്തി നടക്കുന്ന അട്ടിമറിനീക്കങ്ങളെയുമാണ് എന്നും മഡുറോയും വെനസ്വേലൻ ജനങ്ങളും എതിർത്തിരുന്നത്.  ഏപ്രിൽ 30ന് നടന്ന ഏറ്റവും അവസാനത്തെ അട്ടിമറിനീക്കത്തെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്തുന്നതിന് മഡുറോ സർക്കാരിന് കഴിഞ്ഞു.  സൈന്യത്തോട് മഡുറോയ‌്ക്കെതിരെ രംഗത്ത് വരാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ‌്ത ഒരു വീഡിയോയിലൂടെ ആഹ്വാനംചെയ്യുകയായിരുന്നു ഗുഅയ്ഡോ. അട്ടിമറിനീക്കത്തിന്റെ അന്തിമഘട്ടമാണിതെന്നും അത‌് വിജയിപ്പിക്കാനായി തലസ്ഥാനമായ കറാക്കാസിലെ ലാ കർലോത വിമാനത്താവളത്തിൽ എത്തണമെന്നുമായിരുന്നു ഗുഅയ്ഡോയുടെ അഭ്യർഥന. എന്നാൽ, വിരലിലെണ്ണാവുന്ന സൈനിക ഓഫീസർമാർ മാത്രമാണ് ഈ ആഹ്വാനം ചെവിക്കൊള്ളാനുണ്ടായിരുന്നത്.  പ്രതിരോധമന്ത്രി വ്ളാദിമിർ പെദ്രിനോ ലോപസും ആറായിരത്തഞ്ഞൂറോളം വരുന്ന സൈനിക ഓഫീസർമാരും മഡുറോ സർക്കാരിനൊപ്പം നിലകൊണ്ടു. ഗുഅയ്ഡോയുടെ ആഹ്വാനംകേട്ട് ചില ആളുകൾ തെരുവിലിറങ്ങിയെങ്കിലും രണ്ട് ദിവസത്തെ ആയുസ്സ‌് മാത്രമേ അതിനുണ്ടായിരുന്നുള്ളൂ.

ഈ അട്ടിമറിനീക്കത്തിന് മുന്നോടിയായി പല കുത്സിത നീക്കങ്ങളും അമേരിക്കയുടെയും ഗുഅയ്ഡോയുടെയും ഭാഗത്തുനിന്നുണ്ടായി. അതിൽ ഏറ്റവും പ്രധാനമാണ് വെനസ്വേലൻ ജനതയ‌്ക്ക് വൈദ്യുതി നിഷേധിക്കാനുണ്ടായ നീക്കം.  നാഷണൽ ഇലക്ട്രിക്കൽ സിസ്റ്റം തകർത്തുകൊണ്ടായിരുന്നു ഇത്. ദിവസങ്ങളോളം ഇരുട്ടിൽ കഴിയേണ്ടിവന്നെങ്കിലും ജനങ്ങൾ മഡുറോ സർക്കാരിനെതിരെയല്ല, മറിച്ച് അമേരിക്കയ‌്ക്കും പ്രതിപക്ഷത്തിനുമെതിരെയാണ് നിലകൊണ്ടത് എന്നത് അവരുടെ കടുത്ത സാമ്രാജ്യത്വവിരുദ്ധ വികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇതിന്റെ തുടർച്ചയെന്നോണമാണ് വാഷിങ്ടണിലെ വെനസ്വേലൻ എംബസിയിലേക്കുള്ള വൈദ്യുതി‐വെള്ളവിതരണം തടഞ്ഞത്. ഏപ്രിൽ അവസാനവാരം എംബസിയിൽനിന്ന് വെനസ്വേലൻ സ്റ്റാഫിനെ മുഴുവൻ ഒഴിപ്പിച്ചെങ്കിലും  അമേരിക്കൻ നീക്കത്തിനെതിരെ പ്രതിഷേധിക്കുന്ന വിവിധ സംഘടനകളുടെയും പ്രതിനിധികൾ എംബസിയിൽ അമേരിക്കൻ അട്ടിമറിനീക്കത്തിനെതിരെ പ്രതിഷേധം തുടർന്നിരുന്നു. വെനസ്വേലൻ സർക്കാരിന്റ അനുവാദത്തോടെയായിരുന്നു ഇത്. അന്താരാഷ്ട്ര നിയമമനുസരിച്ച് എംബസി ഉൾപ്പെടുന്ന സ്ഥലം ആ രാഷ്ട്രത്തിന്റെ അധികാരപരിധിയിൽ വരുന്നതാണ്. എന്നാൽ, വിയന്ന കൺവൻഷനെയും അന്താരാഷ്ട്രനിയമങ്ങളെയും കാറ്റിൽ പറത്തി എംബസിക്ക് സംരക്ഷണം ഏർപ്പെടുത്തിയിരുന്ന നാലുപേരെ അമേരിക്കൻ പൊലീസ് അറസ്റ്റ‌് ചെയ്യുകയുണ്ടായി.  മഡുറോ സർക്കാർ നിയമിച്ച അംബാസഡർക്ക് പകരം പ്രമുഖ പ്രതിപക്ഷനേതാവായ ഒരാളെ ചാർജ് ജി അഫയേഴ്സായി നിയമിക്കാനും ‘ഇടക്കാല പ്രസിഡന്റ്' ഗുഅയ്ഡോ  തയ്യാറായി. ഇങ്ങനെ നിയമിക്കപ്പെട്ട വ്യക്തിയുടെ ആവശ്യം അനുസരിച്ചാണ് എംബസിയിൽ പൊലീസ് റെയ്ഡ് നടത്തിയതെന്നാണ് അമേരിക്കൻ ഭാഷ്യം.

അന്താരാഷ്ട്രമര്യാദകളെയും രീതികളെയും കാറ്റിൽ പറത്തി 67 ശതമാനം പേരുടെ പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റിനെ അട്ടിമറിക്കാനുള്ള തീർത്തും ജനാധിപത്യവിരുദ്ധമായ നീക്കമാണ് അമേരിക്ക നടത്തുന്നത്. വെനസ്വേലയുടെ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാനാണ് ഈ ഇടപെടൽ എന്നാണ് അമേരിക്കൻ ഭാഷ്യം. ഇതേ വാദമുന്നയിച്ച് അമേരിക്ക ഇടപെട്ട അഫ്ഗാനിസ്ഥാന്റെയും ഇറാഖിന്റെയും ലിബിയയുടെയും സോമാലിയയുടെയും സ്ഥിതിയെന്താണെന്നുമാത്രം വിലയിരുത്തിയാൽ ഈ അവകാശവാദത്തിന്റെ പൊള്ളത്തരം വ്യക്തമാകും.  അതിനാൽ വെനസ്വേലയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക നടത്തുന്ന നീക്കത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും പുരോഗമനവാദികളും അണിനിരക്കണം.


പ്രധാന വാർത്തകൾ
 Top