23 March Thursday

നേടിയെടുക്കണം ഈ പാക്കേജ്

വെബ് ഡെസ്‌ക്‌Updated: Thursday Dec 21, 2017


ഓഖി ദുരന്തം സൃഷ്ടിച്ച ഞെട്ടലില്‍നിന്ന് സംസ്ഥാനം ഇനിയും മുക്തമായിട്ടില്ല. രാഷ്ട്രീയ മുന്‍കൈക്കുവേണ്ടി ചില കക്ഷികളും മാധ്യമങ്ങളും ഉയര്‍ത്തിയ അപവാദപ്രചാരണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ കേരളം ഒറ്റമനസ്സോടെയാണ് ദുരന്തത്തെ നേരിട്ടത്. കേന്ദ്ര ഏജന്‍സികളുടെ സഹായവും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ലഭിച്ചു.

സ്വന്തം സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍നിന്ന് നടപ്പാക്കാവുന്ന ഒരു പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍, ഇത് അപര്യാപ്തമാണ്. കൂടുതല്‍ വിപുലവും സമഗ്രവുമായ ഒരു പാക്കേജിലൂടെയേ മത്സ്യത്തൊഴിലാളികളുടെയും കേരളത്തിന്റെ തീരപ്രദേശത്തിന്റെയും പ്രശ്നങ്ങള്‍ക്ക് പരിഹാരമാകൂ. ആ വഴിക്കുള്ള പരിശ്രമമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ച പാക്കേജ് ഇത്തരത്തിലുള്ള ഒന്നാണ്.

ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശമേഖലയുടെ പുനര്‍നിര്‍മാണത്തിനുമായി 7340 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് പ്രധാനമന്ത്രിക്കുമുമ്പില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചത്.

ആകെ തീരദേശത്തിന്റെ നീളം കണക്കാക്കിയാല്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അഞ്ചാമതാണ് കേരളം. എന്നാല്‍, 590 കിലോമീറ്റര്‍ നീളംവരുന്ന ഈ കടലോരം സംസ്ഥാനത്തിന്റെ ആകെ നീളത്തോളം തന്നെയുണ്ട്. സംസ്ഥാനത്ത് കടലില്‍ മത്സ്യബന്ധനം നടത്തി ജീവിക്കുന്ന എട്ടുലക്ഷത്തോളംപേരുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെയാകെ ഉലയ്ക്കുന്നതാണ് തീരദേശം നേരിടുന്ന ഏതു പ്രതിസന്ധിയും. ഇത് മനസ്സിലാക്കിത്തന്നെയാണ് സര്‍ക്കാര്‍ പാക്കേജ് തയ്യാറാക്കിയതെന്ന് വിശദാംശങ്ങളില്‍നിന്ന് വ്യക്തമാണ്.

നേരിട്ടെത്തേണ്ട സാമ്പത്തിക സഹായംതന്നെയാണ് പാക്കേജിന്റെ ഒരു ഘടകം. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സഹായം, പരിക്കേറ്റ് തൊഴില്‍ചെയ്യാന്‍ ശേഷി നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം, പരിക്കേറ്റ് തൊഴിലിന് പോകാന്‍ കഴിയാത്തവര്‍ക്കുള്ള പെന്‍ഷന്‍, മരിച്ചവരുടെ ആശ്രിതര്‍ക്ക് ജീവിതോപാധിക്കുള്ള സഹായം, മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള സഹായം തുടങ്ങിയവ ഈ വിഭാഗത്തില്‍ വരുന്നു.

അടച്ചുറപ്പുള്ള വീട് എന്നത് മത്സ്യത്തൊഴിലാളിയുടെ എന്നത്തെയും ആവശ്യമാണ്. സമര്‍പ്പിച്ച പാക്കേജില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നതും ഭവനനിര്‍മാണത്തിനുതന്നെ. 3003 കോടി രൂപയാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മത്സ്യത്തൊഴിലാളിവീടുകളില്‍ അധികവും കുടിലുകളാണ്. ഈ കുടിലുകളെല്ലാം മാറ്റി വാസയോഗ്യവും ഉറപ്പുള്ളതുമായ വീടുകള്‍ പണിയേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മത്സ്യത്തൊഴിലാളികളില്‍ ഏതാണ്ട് 17,000 പേര്‍ക്ക് വീടുകളേയില്ല. അവരില്‍തന്നെ 13,000 പേര്‍ക്ക് വീടുവയ്ക്കാനുള്ള സ്ഥലവും ഇല്ല. ഇതിനുപുറമെ ഓഖി വീട് തകര്‍ത്തവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കേണ്ടതുണ്ട്. 3474 വീടുകള്‍ ഇങ്ങനെ പണിയാനുണ്ട്. വീടുകളുടെയടക്കം വൈദ്യുതീകരണത്തിന് 537 കോടി രൂപയും പാക്കേജില്‍ ആവശ്യപ്പെട്ടിരിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ കടാശ്വാസത്തിന്  230 കോടി രൂപയും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 315 കോടി രൂപയും ആവശ്യപ്പെട്ടിരിക്കുന്നതും ഇതേ ലക്ഷ്യത്തോടെതന്നെ.

ഓഖി നമ്മളെ ഞെട്ടിച്ചത് ദുരന്തത്തിന്റെ കാഠിന്യംകൊണ്ടുമാത്രമല്ല. ഇത്തരം ചുഴലികളില്‍നിന്ന് സംസ്ഥാനം സുരക്ഷിതമെന്ന് നമ്മള്‍ ഇതുവരെ കരുതിയിരുന്നു. അയല്‍സംസ്ഥാനമായ ആന്ധ്രയിലും മറ്റും ചുഴലികള്‍ വന്‍ ദുരന്തം വിതയ്ക്കല്‍ പതിവാണെങ്കിലും കേരളം ഈ ദുരിതഭൂപടത്തില്‍ ഉള്‍പ്പെടാറില്ല. ഓഖി ആ ധാരണയും തിരുത്തുകയാണ്. ചുഴലിക്കാറ്റ് നേരിടാനുള്ള മുന്നൊരുക്കമുള്ളതാകണം മേലില്‍ തീരദേശത്തെ ഭവനനിര്‍മാണം അടക്കമുള്ള നിര്‍മാണവും ദുരന്ത മുന്‍കരുതല്‍ നടപടികളുമെന്ന് ഓഖി പഠിപ്പിക്കുന്നു.

ദുരന്താഘാതം കുറയ്ക്കാനുള്ള പദ്ധതി എന്ന നിലയില്‍ ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതിനുള്ള സംവിധാനത്തിനും പ്രാദേശിക ഡിജിറ്റല്‍ മുന്നറിയിപ്പ് സംവിധാനത്തിനും കടല്‍ഭിത്തി നിര്‍മാണത്തിനും പാക്കേജില്‍ പണം ആവശ്യപ്പെട്ടിട്ടുണ്ട്. പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ ആധുനികവല്‍ക്കരിക്കാനുള്ള പദ്ധതിയും മറൈന്‍ ആംബുലന്‍സ് പദ്ധതിയും സുരക്ഷാനടപടികളുടെ ഭാഗമായി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നു.

കുടിവെള്ളക്ഷാമത്തിന് പരിഹാരം എന്ന നിലയില്‍ കടല്‍വെള്ളം ശുദ്ധീകരിക്കാന്‍ സോളാര്‍ അധിഷ്ഠിത പ്ളാന്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും തീരപ്രദേശങ്ങളില്‍ വിദ്യാഭ്യാസസൌകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികളും തീരപ്രദേശത്ത് റോഡുകളും പാലങ്ങളും നിര്‍മിക്കാനും മത്സ്യബന്ധന തുറമുഖങ്ങളും ഫിഷ്ലാന്‍ഡിങ് സെന്ററുകളും നവീകരിക്കാനുള്ള പദ്ധതികളുമടക്കം തീരത്തെ സര്‍വമേഖലകളെയും സ്പര്‍ശിക്കുന്ന സമഗ്ര വികസന പദ്ധതിതന്നെയാണ് പാക്കേജ് വിഭാവനം ചെയ്യുന്നത്.
നിലവില്‍ ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ മാര്‍ഗരേഖപ്രകാരം കേരളത്തില്‍ കണക്കാക്കിയ നഷ്ടം 422 കോടി രൂപയാണ്. ഇത്് തീര്‍ത്തും അപര്യാപ്തമായതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത സഹകരണം സഹായത്തില്‍ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കാം.

ഇന്നത്തെ അടിയന്തരപ്രശ്നം ഓഖിയുടെ ആഘാതത്തില്‍നിന്ന് പുറത്തുകടക്കുക എന്നതാണ്. എന്നാല്‍, അവിടെ അവസാനിപ്പിച്ചുകൂടാ. നാളെ വരാനിരിക്കുന്ന ഏതു ദുരന്തത്തെയും നേരിടാന്‍ നമുക്കാകണം. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുന്ന പാക്കേജ് ഈ വഴിക്കുള്ള സമൂര്‍ത്തമായ നീക്കമാണ്. ദുരന്തത്തെ നേരിട്ട യോജിപ്പോടെതന്നെ ഈ പാക്കേജ് നേടിയെടുക്കാനും കേരളം ഒറ്റക്കെട്ടായി പരിശ്രമിക്കേണ്ടിയിരിക്കുന്നു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top