10 June Saturday

നേഴ്സുമാരുടെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 18, 2017

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നേഴ്സുമാരുടെ സമരം ചികിത്സാരംഗത്ത് ആഴത്തിലുള്ള പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടത്തിയ ഗൌരവപൂര്‍ണമായ ഇടപെടലുകള്‍ സ്ഥിതിഗതിയില്‍ അയവുവരുത്തിയിട്ടുണ്ട്.  വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയോടെ പ്രശ്നപരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ എല്ലാവരിലുമുണ്ട്. തുടക്കത്തില്‍ ഏതാനും ജില്ലകളില്‍ ആരംഭിച്ച സമരം പൊടുന്നനെ സംസ്ഥാനവ്യാപകമായതിന് പിന്നില്‍ ആവശ്യത്തിലടങ്ങിയ ന്യായമല്ലാതെ മറ്റൊരുകാരണവുമില്ല. അത്രമാത്രം പരിതാപകരമാണ് രോഗക്കിടക്കയില്‍ നമുക്ക് സാന്ത്വനം പകരുന്ന മാലാഖമാരുടെ അവസ്ഥ. ബിരുദം ഉള്‍പ്പെടെ പ്രൊഫഷണല്‍ നേഴ്സിങ് പരിശീലനം നേടി ആശുപത്രികളില്‍ സേവനത്തിന് എത്തുന്നവര്‍ക്ക് നല്‍കിവരുന്നത് തുച്ഛമായ വേതനമാണ്.

വ്യാപാരമേഖലകളിലെ താല്‍ക്കാലിക- ദിവസവേതന തൊഴിലാളികളുടെ വേതനം മാത്രമാണ് നേഴ്സുമാര്‍ക്കും പല സ്വകാര്യ ആശുപത്രികളും നല്‍കുന്നത്. പ്രത്യേക തൊഴില്‍നൈപുണ്യം ആവശ്യമില്ലാത്ത മേഖലകളില്‍ കുറഞ്ഞവേതനത്തിന് ജോലിചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന  ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. ഉന്നത ബിരുദധാരികള്‍പോലും ഇക്കൂട്ടത്തില്‍പെടും. ഇത്തരം മേഖലകളില്‍പോലും  മിനിമം വേതനമെങ്കിലും കര്‍ശനമായി നടപ്പാക്കണമെന്ന കാഴ്ചപ്പാടാണ് ഇടതുജനാധിപത്യമുന്നണി സര്‍ക്കാരിന്റേത്. ഇതില്‍ ഇതര സംസ്ഥാനത്തൊഴിലാളികളുടെ കാര്യത്തിലടക്കം സര്‍ക്കാര്‍  ജാഗ്രത പുലര്‍ത്തുന്നു.

ആതുരശുശ്രൂഷാരംഗത്ത് പ്രവര്‍ത്തിക്കുന്ന നേഴ്സുമാരുടെ കാര്യം തികച്ചും വ്യത്യസ്തമായി കാണേണ്ടതുണ്ട്. സാര്‍വദേശീതതലത്തില്‍ മികച്ച പ്രതിഫലവും ആദരവും ലഭിക്കുന്ന തൊഴിലാണ് നേഴ്സിങ്. അത്തരമൊരു പരിഗണന ഇവിടെ ലഭിക്കുന്നില്ലെന്നത് കേരളത്തിന്റെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്നു. സ്വകാര്യ ആശുപത്രികള്‍ പലതും വാണിജ്യ- ലാഭ താല്‍പ്പര്യങ്ങളില്‍മാത്രം ഊന്നി പ്രവര്‍ത്തിക്കുവെന്നാണ് ജനങ്ങളുടെ അനുഭവം. ഒരുവശത്ത് കഴുത്തറപ്പന്‍  ചികിത്സാ ചാര്‍ജുകള്‍ ഈടാക്കി രോഗികളെ കൊള്ളയടിക്കുമ്പോള്‍ മറുവശത്ത് തുച്ഛവേതനം നല്‍കി തൊഴിലെടുക്കുന്നവരെ ചൂഷണംചെയ്യുന്നു. സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സഹകരണ ആശുപത്രികളും ചുരുക്കം ചില ചാരിറ്റി സ്ഥാപനങ്ങളും ഉണ്ടെന്നകാര്യം കാണാതിരിക്കുന്നില്ല. 

മലയാളികളുടെ ഉയര്‍ന്ന ആരോഗ്യ അവബോധം കാരണം സ്വകാര്യ ആശുപത്രികള്‍ക്ക് തഴച്ചുവളരാനുള്ള സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. നമ്മുടെ പൊതുജനാരോഗ്യസംവിധാനം മെച്ചപ്പെട്ടതാണെങ്കിലും ജനങ്ങളുടെ ആവശ്യത്തിന് അനുസരിച്ച്  ചികിത്സ നല്‍കാന്‍ പര്യാപ്തമല്ല. ഈ പരിമിതി കാരണം ഏറ്റവും ആവശ്യമായ ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ മുന്‍ഗണന നല്‍കുന്നു. സ്വകാര്യ ആശുപ്രത്രികള്‍ മുതലെടുക്കുന്നതും ഈ പരിമിതിതന്നെ.

വന്‍ മുതല്‍മുടക്കില്‍ സ്ഥാപിക്കുന്ന ഉപകരണങ്ങളില്‍നിന്ന് വരുമാനമുണ്ടാകത്തക്കവിധം സ്വകാര്യ ആശുപത്രികളില്‍ പരിശോധന- ചികിത്സാവിധികള്‍ നിശ്ചയിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിക്കപ്പെടാറുണ്ട്. ചിലയിടങ്ങളിലെങ്കിലും ഡോക്ടര്‍മാര്‍തന്നെ കൂട്ടായി ആശുപത്രികള്‍ നടത്തുന്ന അനുഭവവും ഉണ്ട്. വൈദ്യവൃത്തിയുടെ മൂല്യവത്തായ ഉള്ളടക്കം ഏറെ ശോഷിച്ചുപോയ കാലമാണിത്. യാഥാര്‍ഥ്യം ഇതൊക്കെയാണെങ്കിലും മനുഷ്യജീവന്‍ രക്ഷിക്കുകയും പരിപാലിക്കുകയുംചെയ്യുന്ന സല്‍കര്‍മത്തിലേര്‍പ്പെടുന്നവരാണ് ഡോക്ടര്‍മാരും നേഴ്സുമാരും. സര്‍ക്കാരായാലും സ്വകാര്യമായാലും അവരെ അങ്ങനെയാണ് ജനങ്ങള്‍ കാണുന്നതും. അതുകൊണ്ടാണ് നേഴ്സുമാരുടെ സമരം നേരിടാന്‍ ആശുപത്രികള്‍ അടച്ചിടുമെന്ന ഉടമകളുടെ ഭീഷണിക്ക് ആരോഗ്യമന്ത്രി ചുട്ട മറുപടി നല്‍കിയത്. സമരത്തിനെതിരെ എസ്മ പ്രയോഗിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയ സാഹചര്യവും മറ്റൊന്നല്ല.

നേഴ്സുമാരുടെ സമരം ഇതാദ്യമല്ല. സംഘടിതമായി പോരാടുക എന്ന തൊഴിലാളിവര്‍ഗബോധത്തിലേക്ക് അവര്‍ ഉണര്‍ന്നതിന്റെ ഫലമായാണ് നാമമാത്രമായ നേട്ടമെങ്കിലും മുമ്പ് ഈ രംഗത്ത് ഉണ്ടാക്കാനായത്. സിഐടിയു നേതൃത്വത്തിലുള്ള തൊഴിലാളിപ്രസ്ഥാനങ്ങള്‍ നല്‍കിയ ശക്തമായ പിന്തുണയാണ് അന്ന് മാനേജുമെന്റുകളെ സമ്മര്‍ദത്തിലാക്കിയത്. സ്വകാര്യമേഖലയില്‍ നേഴ്സുമാരുടെ വേതനവും ജോലിസമയവും ക്ളിപ്തപ്പെടുത്തുകയെന്ന ആവശ്യം അങ്ങനെ അംഗീകരിക്കപ്പെട്ടു.

ഇത്തവണത്തെ സമരത്തിന് കൂറേക്കൂടി അനുകൂലമായ ഒരു സാഹചര്യം നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് ഗവണ്‍മെന്റ് തുടക്കംമുതല്‍  സ്വീകരിച്ച അനുകൂലസമീപനമാണത്. തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ നേഴ്സുമാര്‍ക്ക് മെച്ചപ്പെട്ട മിനിമം വേതനം നടപ്പാക്കാനുള്ള ആത്മാര്‍ഥ ശ്രമങ്ങള്‍തന്നെ നടന്നു. ഹെക്കോടതി അനുമതിയുണ്ടെങ്കിലും നേഴ്സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എല്ലാതലത്തിലും 20000 രൂപ മിനിമം കൂലിയെന്ന ആവശ്യത്തോട് സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ ആവശ്യത്തിന് അനുകൂലമായി സിഐടിയുവും രംഗത്തുവന്നു. എല്ലാ അര്‍ഥത്തിലും പ്രശ്നപരിഹാരത്തിനുള്ള സാധ്യതകളാണ് തെളിയുന്നത്. സര്‍ക്കാര്‍ അംഗീകരിക്കുന്ന മിനിമംവേതനം നല്‍കാന്‍ തയ്യാറാണെന്ന് ആശുപത്രി ഉടമാ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട.് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂട്ടായി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുകയാണ് ഇനിയുള്ള ദൌത്യം. രോഗികളുടെ ജീവന്‍ പന്താടിക്കൊണ്ടുള്ള പണിമുടക്കുസമരത്തിലേക്ക് പോകരുതെന്ന സര്‍ക്കാര്‍ അഭ്യര്‍ഥന മാനിക്കാന്‍ നേഴ്സുമാരുടെ സംഘടനകള്‍ തയ്യാറായത് അഭിനന്ദനാര്‍ഹമാണ്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും ജനങ്ങളെയും സര്‍ക്കാരിനെയും സമ്മര്‍ദത്തിലാക്കാനും തല്‍പ്പരകക്ഷി ശ്രമിച്ചേക്കും. ഇതിനെതിരായ ജാഗ്രതയും പ്രശ്നത്തിന് രമ്യമായ പരിഹാരവുമാണ് ബന്ധപ്പെട്ടവരെല്ലാം ഉറപ്പാക്കേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top