12 September Thursday

തൊഴിൽ നൽകാതെ കേന്ദ്രം; അവസരങ്ങൾ സൃഷ്‌ടിച്ച്‌ കേരളം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 6, 2019


രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണെന്ന‌് കണ്ടെത്തിയത് ദേശീയ സാമ്പിൾ സർവേ ഓഫീസാണ‌്. നോട്ട് നിരോധനത്തിനുശേഷം തൊഴിലില്ലായ‌്മ നിരക്ക് വൻതോതിൽ വർധിച്ചു. 1972 –-73 കാലഘട്ടത്തിന‌ുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇതെന്നും വസ‌്തുതകൾ നിരത്തി സ്ഥിരീകരിക്കപ്പെട്ടു. വർഷത്തിൽ രണ്ടു കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ‌്ത‌് വോട്ട് നേടിയ ആളാണ് നരേന്ദ്ര മോഡി. അദ്ദേഹത്തിന്റെ  ഭരണം കാലാവധി  പൂർത്തിയാക്കുമ്പോൾ 2011-–-12ലെ 2.2 ശതമാനത്തിൽനിന്ന് 6.1 ശതമാനമായി തൊഴിലില്ലായ‌്മ നിരക്ക് ഉയർന്നു. വർഷത്തിൽ ഒന്നരക്കോടി യുവജനങ്ങൾ പുതുതായി തൊഴിൽരംഗത്തേക്ക് കടന്നുവരുന്ന ഇന്ത്യാരാജ്യത്ത് വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മ നിരക്ക് 16 ശതമാനം കടന്നിരിക്കുന്നു. വളർച്ചയെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും വാതോരാതെ പറയുന്ന എൻഡിഎ സർക്കാർ തൊഴിലില്ലായ‌്മ വർധിക്കുന്നതിനെക്കുറിച്ച‌് യുക്തിസഹമായ മറുപടി നൽകുന്നതിൽനിന്ന് മുഖംതിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് വാഗ്ദാനത്തെക്കുറിച്ച് പിന്നീട്  മൗനം പാലിക്കുന്നതും അത് കേവലം വോട്ട് നേടാനുള്ള വിദ്യ ആയിരുന്നെന്ന് ലജ്ജാശൂന്യമായി പറയുന്നതും ബിജെപിയുടെയും കോൺഗ്രസിന്റെയും പതിവാണ്. ഇവിടെ ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ റിപ്പോർട്ടുപോലും പൂഴ‌്ത്തി തൊഴിലില്ലായ്മയുടെ കണക്ക് ജനങ്ങളിൽനിന്ന് മറച്ചുവയ‌്ക്കാനാണ‌് ശ്രമം ഉണ്ടാകുന്നത്. നോട്ട് നിരോധനത്തിനുശേഷമുള്ള തൊഴിൽ സംബന്ധമായ കണക്കുകൾ പുറത്തുവിടാത്തതിൽ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമീഷൻ ഭാരവാഹികൾ രാജിവച്ചത് ഈയിടെയാണ്. യാഥാർഥ്യം ജനങ്ങളിൽനിന്ന് മറച്ചുവയ‌്ക്കുക എന്നത് എൻഡിഎ സർക്കാരിന്റെ ശീലമാണ്. വ്യാജ കണക്കുകളിലാണ് അവർ അഭയം കണ്ടെത്തുന്നത്.

വർഷം രണ്ടു കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന വാഗ്ദാനം ഇപ്പോൾ എവിടെയും കേൾക്കുന്നില്ല.- നരേന്ദ്ര മോഡി ഭരണം അവസാനിപ്പിക്കുമ്പോൾ ആകെ സൃഷ്ടിച്ചത് 15 ലക്ഷം തൊഴിലവസരമാണ് എന്നത് വാഗ്ദാനങ്ങളുടെയും യാഥാർഥ്യത്തിന്റെയും  അന്തരം വ്യക്തമാക്കുന്നു. തൊഴിലില്ലായ്മ ക്രമാതീതമായി പെരുകുന്നതായും  "സാമ്പത്തികവളർച്ചയ്ക്ക് അനുസരിച്ച് തൊഴിൽവളർച്ച സാധ്യമാകുന്നില്ലെ’ന്നും രാജ്യത്തെ സ്ഥിതി വിലയിരുത്തി വിവിധ ഏജൻസികൾ നേരത്തെതന്നെ റിപ്പോർട്ട് ചെയ‌്തതാണ‌്. ക്രിയാത്മക നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന മുന്നറിയിപ്പുകളും വന്നു. അതാകെ അവഗണിച്ചാണ് കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ മുന്നോട്ടുപോകുന്നത്. അതിന്റെ ഫലമാണ് ഈ ദുരന്തസമാനമായ അവസ്ഥ.

തൊഴിൽ തേടുന്നവരുടെ എണ്ണവും തൊഴിലവസരവും  തമ്മിലുള്ള അന്തരം ഭീമാകാരംപൂണ്ടിരിക്കുന്നു. സേവനമേഖലയിൽ നേരിയ മുന്നേറ്റമുണ്ടായപ്പോൾ  ഉല്പാദനമേഖലയിൽ തൊഴിൽവളർച്ച രേഖപ്പെടുത്തിയിട്ടില്ല എന്നാണ‌് ഒരു ദേശീയ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. അസംഘടിത ചെറുകിടമേഖലകളിൽ തൊഴിൽ വളർച്ചയുണ്ടാകുന്നില്ല. രാജ്യത്തെ 1473 പ്രമുഖ കോർപറേറ്റ് കമ്പനികളിൽ അഞ്ചുവർഷംകൊണ്ട് ഒരു ശതമാനംപോലും തൊഴിൽ വളർച്ചയുണ്ടായിട്ടില്ല എന്നും റിപ്പോർട്ട് വന്നിട്ടുണ്ട്. 

ഇതിന‌് നേർവിപരീതമായ ചിത്രമാണ് കേരളത്തിന്റേത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചത് ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 2018 ഡിസംബർവരെ 90,183 പേർക്ക് നിയമന ശുപാർശ നൽകി എന്നാണ്. അതായത്, എൽഡിഎഫ് സർക്കാർ 1000 ദിവസം പൂർത്തിയാക്കുമ്പോൾ പിഎസ‌്സി മുഖേനമാത്രം ഒരുലക്ഷം പേർക്ക് നിയമനം ലഭിക്കുമെന്ന്. സർക്കാർമേഖഖലയിലുള്ള കണക്കുമാത്രമാണ് ഇത് എന്നോർക്കണം. രാജ്യത്താകെ അഞ്ചു കൊല്ലംകൊണ്ട് 15 ലക്ഷമാണ് തൊഴിലവസരം സൃഷ്ടിക്കപ്പെട്ടതെങ്കിൽ, കേരളത്തിൽമാത്രം ആയിരം ദിവസംകൊണ്ട് ലക്ഷം പേർക്ക് സർക്കാർ ജോലി ലഭിക്കുന്നു എന്നത് നിസ്സാരമായ കണക്കല്ല. നയങ്ങളുടെ വ്യത്യാസംകൊണ്ടാണ് ഈ അന്തരം. നവ ലിബറൽ നയങ്ങളും അതിന്റെ ഭാഗമായ നടപടികളുമാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നത്. അത് തൊഴിലവസരങ്ങൾ കുറയ‌്ക്കുന്നതാണ‌്, -ജനങ്ങളുടെ ജീവനോപാധികളെക്കുറിച്ച് കരുതലില്ലാത്തതാണ്. ആ നയങ്ങൾക്ക് ബദൽ കണ്ടെത്തുകയാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ. 

എന്തുകൊണ്ട് ഇടതുപക്ഷം എന്ന ചോദ്യത്തിനുള്ള കൃത്യമായ ഉത്തരമാണ് ഈ അനുഭവം. കേരളം ഒട്ടേറെ പരിമിതികളുള്ള സംസ്ഥാനമാണ്. വിസ‌്തീർണത്തിൽ  ഇരുപത്തൊന്നാം സ്ഥാനത്തും ജനസംഖ്യയിൽ പതിമൂന്നാം സ്ഥാനത്തും നിൽക്കുന്ന സംസ്ഥാനം. എന്നാൽ, മറ്റു പല രംഗങ്ങളിലും എന്നപോലെ യുവജനങ്ങൾക്ക്‌ തൊഴിൽ നൽകുന്നതിലും കേരളം മുന്നിൽനിന്ന‌് -മാതൃക കാട്ടുന്നു. 1000 ദിവസംകൊണ്ട് ലക്ഷംപേർക്ക് സർക്കാർ ജോലി നൽകിയത് അതിന്റെ തിളങ്ങുന്ന ഒരു സൂചനമാത്രമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top