29 May Monday

മികവോടെ ആരോഗ്യകേരളം

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019


നവ ആരോഗ്യപ്രശ്‌നങ്ങളും മുമ്പില്ലാത്ത പകർച്ചവ്യാധികളും വെല്ലുവിളി ഉയർത്തുമ്പോഴും പൗരന്മാരുടെ ആരോഗ്യസംരക്ഷണത്തിൽ കേരളം തലയുയർത്തി നിൽക്കുന്നു. ചൊവ്വാഴ്‌ച പുറത്തുവന്ന നിതി ആയോഗിന്റെ പുതിയ റിപ്പോർട്ടും കേരളത്തിന്‌ ആരോഗ്യമേഖലയിലെ പ്രവർത്തനമികവിന് ഒന്നാംസ്ഥാനം നൽകുന്നു. 23 സൂചകങ്ങൾ പരിഗണിച്ചാണ്‌  ആസൂത്രണ കമീഷന്‌ പകരം നിലവിൽവന്ന നിതി ആയോഗ്‌,  സ്ഥാനം നിർണയിച്ചത്‌.  ഇതിൽ നവജാതശിശുക്കളുടെ മരണനിരക്ക്‌ കുറയ്‌ക്കുന്ന കാര്യത്തിലും മറ്റും കേരളം ഏറെ മുന്നിലാണ്‌. 2030ൽ രാജ്യം കൈവരിക്കാൻ ലക്ഷ്യംവയ‌്ക്കുന്ന 12 എന്ന മരണനിരക്കിൽ കേരളം ഇപ്പോഴേ എത്തി. അതായത്‌ സംസ്ഥാനം രാജ്യത്തിന്റെ ശരാശരി നേട്ടങ്ങളേക്കാൾ 20 കൊല്ലമെങ്കിലും മുന്നിലെത്തിയെന്നർഥം.

ആരോഗ്യമേഖലയിലെ കേരളത്തിന്റെ മികവ്‌ പുതിയ കാര്യമല്ല. സാമൂഹ്യവികസന സൂചകങ്ങളിൽ സംസ്ഥാനം  നേടിയ വളർച്ചയ്‌ക്കൊപ്പംതന്നെയാണ്‌ ആരോഗ്യരംഗവും വളർന്നത്‌.  ഈ സൂചകങ്ങളിൽ പലതിലും വികസിതരാജ്യങ്ങൾക്കൊപ്പം നമ്മൾ എത്തിയതും പെട്ടെന്നല്ല. പക്ഷേ ഈ നേട്ടം പിടിച്ചുനിർത്തുക എന്നത്‌ കനത്ത വെല്ലുവിളിയാണ്‌. അക്കാര്യത്തിലാണ്‌ പുതിയ കണക്കുകൾ മൂന്നുവർഷമായി സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ്‌ സർക്കാരിന്‌ അഭിമാനമാകുന്നത്‌.

മുമ്പ്‌ കണ്ടെത്തിയിട്ടില്ലാത്തതരം പകർച്ചപ്പനികളുടെ വരവ്‌, ജീവിതശൈലീ രോഗങ്ങളുടെ വർധന, പ്രകൃതിദുരന്തങ്ങൾ  തുടങ്ങി ഒട്ടേറെ  പുതിയ വെല്ലുവിളികൾ ആരോഗ്യമേഖലയിൽ ഉയരുന്ന കാലമാണ്. മുൻകാലങ്ങളിൽ സർക്കാർ ചികിത്സാസംവിധാനങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടത്ര പരിശ്രമം ഉണ്ടാക്കാതിരുന്നതിന്റെ തിരിച്ചടിയും നേരിടണം. രോഗപ്രതിരോധത്തിന്റെ കാര്യത്തിലാകട്ടെ, കുത്തിവയ‌്പുകൾക്കെതിരെ ഉയർന്ന വ്യാജപ്രചാരണങ്ങളെയും നേരിടേണ്ടിവന്നു.
എന്നാൽ, ഈ വെല്ലുവിളികളെയെല്ലാം വലിയൊരു പരിധിവരെ അതിജീവിക്കാൻ നമുക്ക്‌ കഴിഞ്ഞു എന്നതാണ്‌ നിതി ആയോഗ്‌ കണക്കുകൾ നൽകുന്ന സൂചന.

രണ്ടാംസ്ഥാനത്ത് നിൽക്കുന്ന ആന്ധ്രപ്രദേശിനേക്കാൾ ഒമ്പത്‌ പോയിന്റ്‌ മുന്നിലാണ്‌ നമ്മുടെ നില എന്നതും കൂടുതൽ അഭിമാനകരമാകുന്നു. ഇത്‌ നിതി ആയോഗിന്റെ രണ്ടാമത്‌ റിപ്പോർട്ടാണ്‌. ഒന്നാമത്തെ റിപ്പോർട്ടിലെ പോയിന്റിൽനിന്ന്‌ കേരളത്തിന്‌ നേരിയ കുറവുവന്നിട്ടുണ്ട്‌. വളർച്ചയുടെ പാരമ്യത്തിൽ നിൽക്കുമ്പോൾ നേരിയ കുറവുകൾ സ്വാഭാവികം. ഉയർന്ന റാങ്ക് നിലനിർത്തുക എളുപ്പമല്ല. കഴിഞ്ഞ റിപ്പോർട്ടിൽ മൊത്തം റാങ്കിൽ മൂന്നാമത്‌ ഉണ്ടായിരുന്ന അയൽസംസ്ഥാനമായ  തമിഴ്‌നാട്‌ ആറ്‌ പോയിന്റ്‌ താഴേക്ക്‌ പതിച്ച്‌ ഒമ്പതാം സ്ഥാനത്താണെത്തിയത‌് എന്നതുകൂടി കാണണം.

ആരോഗ്യരംഗത്തെ മികവിനും ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുന്നതിനുമൊപ്പം ചികിത്സാചെലവ്‌ കൂടിവരുന്ന പ്രശ്‌നം കേരളം നേരിടുന്നുണ്ട്‌. സംസ്ഥാന ആസൂത്രണ ബോർഡിന്റെ പഠനം ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതുപോലും ഒരു ‘വികസിതരാജ്യ പ്രതിസന്ധി'യാണ്‌. അമേരിക്ക ഈ പ്രശ്‌നം നേരിടുന്നു. ഇൻഷുറൻസ്‌ കൊണ്ട്‌ മറികടക്കാവുന്നതല്ല ഈ പ്രതിസന്ധി. ഇക്കാര്യത്തിൽ പുതിയ പരിഹാരമാർഗങ്ങൾ സർക്കാർ തേടേണ്ടിവരും.

ചികിത്സാചെലവ് കൂടാനിടയാക്കുന്നവിധം സ്വകാര്യാശുപത്രികളെ കൂടുതലായി ആശ്രയിക്കുന്നത് ഒഴിവാക്കാൻ എല്ലാ ആധുനിക ചികിത്സാ സൗകര്യങ്ങളും സർക്കാർ ആശുപത്രികളിൽകൂടി ലഭ്യമാക്കാനുള്ള ശ്രമം സംസ്ഥാന സർക്കാർ നടത്തുന്നുണ്ട്‌. താലൂക്ക്‌ ആശുപത്രിവരെ സ്‌പെഷ്യാലിറ്റി  ആശുപത്രിയാക്കുമെന്ന് എൽഡിഎഫ്‌ പ്രകനപത്രിക പ്രഖ്യാപിച്ചിരുന്നു. എന്നാൽ, എല്ലാ സാമൂഹ്യക്ഷേമ തുറകളിൽനിന്നും സർക്കാർ പിന്തിരിയണമെന്ന കാഴ്‌ചപ്പാടുള്ള കേന്ദ്രഭരണത്തിൻകീഴിൽ അത്‌ എളുപ്പമല്ല. പക്ഷേ ആർദ്രം മിഷന്റെ ഭാഗമായി എല്ലാ ജില്ലയിലെയും ഒരു ആശുപത്രി ജില്ലാതല ആശുപത്രിയായി സൗകര്യങ്ങൾ വർധിപ്പിച്ച്  ശക്തിപ്പെടുത്താനും  ഓരോ താലൂക്കിലെയും ഓരോ ആശുപത്രിയിൽ നിശ്ചിത മാനദണ്ഡങ്ങളോടെ സൗകര്യങ്ങൾ വികസിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.   മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കടുംബാരോഗ്യകേന്ദ്രങ്ങളാക്കി  ഉയർത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ നീങ്ങുന്നു. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത  170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിക്കഴിഞ്ഞു. രണ്ടാംഘട്ടത്തിൽ 504 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ  കടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്ന പ്രവർത്തനങ്ങളും മുന്നോട്ടുപോകുന്നു.

സംസ്ഥാന സർക്കാരിന്റെ ആരോഗ്യച്ചെലവ്‌ മൊത്തം സംസ്ഥാന ഉൽപ്പാദനത്തിന്റെ 5 ശതമാനമായി ഉയർത്താനുള്ള ലക്ഷ്യം എൽഡിഎഫ്‌ പ്രഖ്യാപിച്ചിരുന്നു. ഈ വഴിക്കുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതായും സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്‌ വിലയിരുത്തുന്നുണ്ട്. സംസ്ഥാനം ഇപ്പോൾ കൈവരിച്ച നേട്ടങ്ങൾ എക്കാലത്തേക്കുമായി നിലനിർത്താനുള്ള അടിത്തറപാകലാണ് ആരോഗ്യമേഖലയിൽ എൽഡിഎഫ് സർക്കാർ നടത്തുന്നത്. വരുംനാളുകളിലും നേട്ടത്തിന്റെ പട്ടികകളിൽ  ഒന്നാമതുതന്നെ തുടരാൻ കേരളത്തെ ഇത് പ്രാപ്തമാക്കുമെന്ന‌് പ്രത്യാശിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top