03 October Tuesday

നിപാ കൂടുതൽ അപകടകാരി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 7, 2021


നിപായുടെ മൂന്നാംവരവിനെ നേരിടുമ്പോൾ കേരളത്തിന്‌ പഴയപോലെ അന്ധാളിപ്പില്ല. മഹാരോഗത്തെ പിടിച്ചുകെട്ടാൻ സർവ സംവിധാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. മാരക വൈറസിന്റെ സാന്നിധ്യമറിഞ്ഞ്‌ മണിക്കൂറുകൾക്കകം പഴുതടച്ച്‌ പ്രതിരോധം സജ്ജമാക്കി. നിപാ ബാധിച്ച്‌ മരിച്ച കുട്ടിയുമായി സമ്പർക്കമുണ്ടായിരുന്ന ഇരുനൂറ്റമ്പതിലേറെ പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. ഇതിൽ പത്തിൽതാഴെ പേരിൽ നേരിയ രോഗലക്ഷണമുണ്ട്‌. ഇവരുൾപ്പെടെ അടുത്ത സമ്പർക്കമുണ്ടായ മുപ്പതിലേറെ പേർക്ക്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രത്യേക വാർഡ്‌ ഒരുക്കി. കുട്ടിയുടെ സമ്പർക്കപ്പട്ടികയിലെ എല്ലാവരെയും കണ്ടെത്തി സമ്പർക്കവിലക്കിൽ നിർത്താൻ സാധിച്ചതിനാൽ ഇതുവഴിയുള്ള രോഗപ്പകർച്ച തടയാനാകും.

കുട്ടിയിലേക്ക്‌ വൈറസ്‌ എത്തിയ വഴിയാണ്‌ ഇനി കണ്ടെത്തേണ്ടത്‌. ഏതെങ്കിലും ജീവികളിൽനിന്നാകാമെന്ന നിഗമനമാണ്‌ വിദഗ്‌ധർ പങ്കുവയ്‌ക്കുന്നത്‌. വവ്വാലുകളാണ്‌ നിപാ വൈറസിന്റെ പ്രധാന വാഹകരെന്ന്‌ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. ഇപ്പോൾ രോഗമുണ്ടായ കോഴിക്കോട്‌ ചാത്തമംഗലത്തും 2018ൽ ആദ്യമായി കണ്ടെത്തിയ പേരാമ്പ്രയിലും വവ്വാലുകളുടെ സാന്നിധ്യം പ്രകടമാണ്‌. വവ്വാലുകളിൽനിന്ന്‌ വിവിധതരം പഴങ്ങളിലൂടെ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും വൈറസ്‌ എത്തുന്നതായാണ്‌ വിദഗ്‌ധരുടെ അനുമാനം. മരണസാധ്യത വളരെ കൂടുതലായതിനാൽ ഇതര പകർച്ചവ്യാധികളേക്കാൾ നിപാ അപകടകാരിയാണ്‌. വ്യാപനത്തോത്‌ കുറവാണെങ്കിലും നേരിട്ടുള്ള സമ്പർക്കം രോഗപ്പകർച്ചയ്‌ക്ക്‌ കാരണമാകും. ഇത്‌ പരിഗണിച്ചുള്ള പ്രതിരോധ നടപടികളാണ്‌ കോഴിക്കോട്ട്‌ ആരോഗ്യവകുപ്പ്‌ ആവിഷ്‌കരിച്ചിട്ടുള്ളത്‌.

വൈറസിന്റെ പ്രഭവകേന്ദ്രം കണ്ടെത്തുകയാണ്‌ ഇതിൽ പ്രധാനം. മരിച്ച കുട്ടി ഇടപഴകിയ ആടിന്റെ രക്തപരിശോധന ഉൾപ്പെടെ വ്യത്യസ്‌ത മാർഗങ്ങൾ അവലംബിക്കുന്നു. വന്യമൃഗങ്ങളുടെ സാമ്പിളുകളും വവ്വാലിന്റെ വിസർജ്യവും പരിശോധിക്കും. മൃഗസംരക്ഷണ, വനംവകുപ്പുകൾ ഇതിനായി രംഗത്തുണ്ട്‌. മൂന്നാം തവണയും നിപാ ആക്രമണം ഉണ്ടായത്‌ അതീവ ഗൗരവത്തോടെയാണ്‌ സർക്കാർ കാണുന്നത്‌. മൂന്നുവർഷംമുമ്പ്‌ കോഴിക്കോട്ട്‌ രോഗബാധിതരായ 23 പേരിൽ 21 പേരും മരിച്ചു. അടുത്തവർഷം കൊച്ചിയിൽ ഒരാൾക്ക്‌ വൈറസ്ബാധ സ്ഥിരീകരിക്കപ്പെട്ടെങ്കിലും സുഖപ്പെട്ടു. പകർച്ചയും ഉണ്ടായില്ല. വൈറസ്‌ സാന്നിധ്യം നമുക്കിടയിലുണ്ടെന്ന മുന്നറിയിപ്പാണ്‌ ഇത്‌ നൽകുന്നത്‌. നിപായെ പ്രതിരോധിക്കാനുള്ള വാക്‌സിനോ മരുന്നോ ഇതുവരെ കണ്ടെത്തിയിട്ടില്ല. പകർച്ച തടയാൻ മാസ്‌കും ശാരീരിക അകലവും ശുചിത്വവുമൊക്കെത്തന്നെ വഴി.


 

യഥാസമയം നിപാ കണ്ടെത്തുന്നത്‌ കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളുടെ മികവിനെയാണ്‌ അടിവരയിടുന്നത്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ ഇത്തരം മഹാവ്യാധികളും മരണങ്ങളും കണ്ടെത്താതെ പോകുന്നു. അനുഭവങ്ങളിൽനിന്നാണ്‌ കേരളം ഈ നേട്ടങ്ങൾ ആർജിച്ചത്‌. നിപായുടെ ആദ്യവരവിനെ വിജയകരമായി അതിജീവിച്ച അനുഭവം ഇന്ന്‌ നമുക്ക്‌ വഴികാട്ടിയാണ്‌. വിവിധ സർക്കാർവകുപ്പുകൾ സഹകരിച്ച്‌ അനായാസം ജനങ്ങളിൽ ആശ്വാസമെത്തിക്കുന്നു. ആരോഗ്യമന്ത്രി ഉൾപ്പെടെ നാലു മന്ത്രിമാർ കോഴിക്കോട്ടെത്തിയാണ്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്‌. മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു യൂണിറ്റ്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ പ്രവർത്തനമാരംഭിച്ചു.

നിസ്സാര രോഗലക്ഷണമുള്ളവർപോലും റിപ്പോർട്ട്‌ ചെയ്‌ത്‌ പരിശോധനകൾക്ക്‌ വിധേയരാകാൻ പ്രാദേശിക ഭരണസംവിധാനങ്ങളിലൂടെ നിർദേശം നൽകിയിട്ടുണ്ട്‌. രോഗം കണ്ടെത്തിയ പ്രദേശവും പരിസരങ്ങളും പൂർണമായി അടച്ചു. താൽക്കാലിക ബുദ്ധിമുട്ടുകൾ സഹിച്ച്‌ സർക്കാർ സംവിധാനങ്ങളോട്‌ ജനങ്ങളാകെ സഹകരിക്കുന്നുണ്ട്‌. ആരോഗ്യപ്രവർത്തകരോടൊപ്പം ഇതര വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ത്യാഗപൂർവം പ്രവർത്തിക്കുന്നു. കരുതൽ നടപടി പൂർണമായതിനാൽ ഭയപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. എന്നാൽ, ഇപ്പോൾ രോഗലക്ഷണമുള്ളവരുടെ പരിശോധനാ ഫലം അറിഞ്ഞാൽമാത്രമേ ആശ്വാസത്തിന്‌ വകയുള്ളൂ. ലക്ഷണമൊന്നുമില്ലെങ്കിലും നിരീക്ഷണത്തിലുള്ളവർകൂടി വൈറസ്‌ മുക്തരാണെന്ന്‌ ഉറപ്പുവരുത്താൻ രണ്ടാഴ്‌ച എടുക്കും.

കേന്ദ്ര ആരോഗ്യവകുപ്പിന്റെ വിദഗ്‌ധസംഘം നടപടികളിൽ സംതൃപ്‌തി രേഖപ്പെടുത്തുകയും തീവ്രവ്യാപന സാധ്യത നിരാകരിക്കുകയും ചെയ്‌തത്‌ ആശ്വാസകരമാണ്‌. പ്രതിരോധ ഗവേഷണ യജ്ഞങ്ങൾക്ക്‌ കേന്ദ്രത്തിൽനിന്ന്‌ സഹായങ്ങൾ പ്രതീക്ഷിക്കാം. കോവിഡ്‌ സൃഷ്ടിച്ച അരക്ഷിതാവസ്ഥയെ നിപാ ഒന്നുകൂടി മൂർച്ഛിപ്പിച്ചിരിക്കുന്നു. കോവിഡിന്റെ അതിവ്യാപനശേഷി ഇല്ലെങ്കിലും മാരക സ്വഭാവം കൂടുതലുള്ള നിപായുടെ ഭീഷണി ചെറുതല്ല. അർധരാത്രി സ്ഥിരീകരിച്ച നിപാ വിപത്തിനെ നേരിടാൻ മണിക്കൂറുകൾക്കകം മുഴുവൻ സംവിധാനങ്ങളും ഒരുക്കിയ എൽഡിഎഫ്‌ സർക്കാരിന്റെ സമയോചിത ഇടപെടൽ എടുത്തുപറയേണ്ടതാണ്‌. ജനങ്ങളുടെ ജാഗ്രതയും സഹകരണവുമാണ്‌ നിപായുടെ ഇനിയങ്ങോട്ടുള്ള ഗതി നിശ്ചയിക്കുക. ഒരിക്കൽ കോഴിക്കോട്ടെ തെരുവുകളെ വിജനമാക്കിയ നിപായെ ഇന്ന്‌ ജനങ്ങൾ പഴയപോലെ ഭയപ്പെടുന്നില്ലെങ്കിൽ, ആരോഗ്യകേരളത്തിന്റെ മികവായി അത്‌ വിലയിരുത്താം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top