26 September Tuesday

വന്യജീവികൾ കാടിറങ്ങുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Friday Nov 12, 2021


ആനയും കടുവയും ഉൾപ്പെടെ വന്യജീവികൾ കാടിറങ്ങിയെത്തുന്നതിന്റെ ഭീതിയിലാണ്‌ മലയോര ജനത. വനപ്രദേശങ്ങൾക്ക് അപ്പുറം നഗരങ്ങളിലുൾപ്പെടെ കാട്ടുമൃഗങ്ങൾ എത്തുന്നു. മനുഷ്യ– വന്യജീവി സംഘർഷം നേരത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ള വിഷയമായിരുന്നെങ്കിൽ, ഇന്ന്‌ സ്ഥിതി മാറി.

മനുഷ്യർ  തിങ്ങിപ്പാർക്കുന്ന ഭൂപ്രദേശമാണ് കേരളം. ജനസാന്ദ്രതയിൽ  മുന്നിൽ. ഭൂമിയുടെ 30 ശതമാനത്തോളവും കാട്. ജീവിതമാർഗം തേടി കാടിനോടടുത്ത്  ചേക്കേറൽ ഒഴിച്ചുകൂടാനാകാത്തത്. വന്യജീവികളാകട്ടെ പെരുകിവരുന്നു. സംസ്ഥാനത്ത് ഇതൊരു വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

ആലപ്പുഴയൊഴികെ 13 ജില്ലയിലും വന്യജീവി ശല്യം രൂക്ഷമാണ്. വയനാട്, പാലക്കാട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ അതിരൂക്ഷമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏക്കർ കണക്കിനു കൃഷിനശിക്കുന്നു. നഷ്ടം സഹിക്ക വയ്യാതെ കൃഷി ഉപേക്ഷിക്കുന്നവർ നിരവധി. ഈ ഗൗരവമായ പ്രശ്‌നത്തിലേക്ക്‌ വിരൽചൂണ്ടുന്നതാണ്‌ ഞങ്ങൾ അഞ്ചുദിവസമായി പ്രസിദ്ധീകരിച്ച ‘കാടിറങ്ങുന്ന കണ്ണുനീർ’ വാർത്താപരമ്പര. 

2015 മുതൽ 21 വരെ  49,199 പേർ വന്യജീവി ആക്രമണത്തിന്‌ ഇരയായി. വനംവകുപ്പിന്റെ കണക്കനുസരിച്ച്‌ ആനയുടെ ആക്രമണത്തിൽ മാത്രം 183 പേരാണ്‌ കൊല്ലപ്പെട്ടത്‌. നഷ്ടപരിഹാരം വിതരണംചെയ്ത കണക്കനുസരിച്ച് ഈവർഷം 10,095 പേർ ആക്രമണത്തിന്‌ ഇരയായി. 2010ൽ 2922 മാത്രമായിരുന്നു. ഇത് ആശങ്ക വർധിപ്പിക്കുന്നു. 2406 കന്നുകാലികൾ ചത്തു. 40,191 പേർക്ക്‌  കൃഷിനാശം സംഭവിച്ചു.  ദിനംപ്രതിയെന്നോണം  ഇത്‌ വർധിക്കുകയാണ്‌. നേരത്തെ വേനൽക്കാലങ്ങളിൽ വനത്തിൽ ജലലഭ്യത കുറയുമ്പോൾ മൃഗങ്ങൾ വനത്തോടു ചേർന്ന പുഴകളിലേക്ക്‌ എത്തുക പതിവാണ്‌. ഇപ്പോൾ മഴക്കാലത്തും കാടിറങ്ങുന്നു.

മനുഷ്യ –-- വന്യജീവി സംഘർഷം ലഘൂകരിക്കാൻ സർക്കാർ പലവിധ നടപടി  സ്വീകരിച്ചുവരുന്നുണ്ട്‌.  കേരള വനം -വന്യജീവി വകുപ്പ്‌ ജനകീയ അഭിപ്രായം തേടി സമഗ്രപദ്ധതിക്ക്‌  രൂപംനൽകുന്നത്‌ സ്വാഗതാർഹമാണ്‌. വനം വകുപ്പ് തയ്യാറാക്കിയ പദ്ധതിരേഖ  മുഖ്യമന്ത്രി പിണറായി വിജയന്  മന്ത്രി എ കെ ശശീന്ദ്രൻ കഴിഞ്ഞദിവസം കൈമാറി. ജനവാസമേഖലകളിൽ വന്യമൃഗങ്ങൾ പ്രവേശിക്കാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ ഇതിലുണ്ട്. നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്താൻ ഡ്രോൺ, അപകടകാരിയായ ആനകളെ പ്രത്യേകം പാർപ്പിക്കൽ, കൂടുതൽ കടുവാ പരിപാലനകേന്ദ്രങ്ങൾ, ഉപഗ്രഹ സംവിധാനം ഉപയോഗിക്കൽ,  പന്നികളെ ഓടിക്കാൻ പരിശീലനം ലഭിച്ച നായകളെ ഇറക്കൽ, ശല്യക്കാരായ കുരങ്ങുകൾക്ക് മങ്കി ഷെൽട്ടറുകൾ, കാട്ടിലെ ജലസ്രോതസ്സുകളുടെ സംരക്ഷണം, അധിനിവേശ വൃക്ഷങ്ങൾ ഒഴിവാക്കൽ,  വിളനാശത്തിന് ഇൻഷുറൻസ്  ഉൾപ്പെടെയുള്ളവ പ്രതിപാദിക്കുന്നതാണ് പദ്ധതി. ഇതിന്റെ അടിസ്ഥാനത്തിൽ ഹ്രസ്വകാലവും ദീർഘകാലവുമായ പദ്ധതികൾക്ക്‌ രൂപംനൽകാനാണ് സർക്കാർ നീക്കം.

വനം കൃഷി റവന്യൂ മൃഗസംരക്ഷണ വകുപ്പ്,  തദ്ദേശഭരണസമിതികൾ, ആദിവാസി വിഭാഗങ്ങൾ, സ്ഥലം ഉടമകൾ, പരിസ്ഥിതി സംഘടനകൾ എന്നിങ്ങനെ വിവിധ  ജനവിഭാഗങ്ങളുടെ കൂട്ടായ്മയോടെ പ്രതിരോധപ്രവർത്തനങ്ങൾ പല തലത്തിലും സംഘടിപ്പിച്ചാൽ വിജയം കണ്ടെത്താനാകും.  

വന്യജീവി ആക്രമണത്തിനിരയായി  മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള  ധനസഹായം അഞ്ചുലക്ഷമെന്നത്‌  10 ലക്ഷമാക്കി ഉയർത്തിയത്‌ ആശ്വാസകരമാണ്‌.  കൃഷിനാശം സംഭവിക്കുന്നവർക്കും വളർത്തുമൃഗങ്ങൾ നഷ്ടപ്പെടുന്നവർക്കും  അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം.  കൃഷി നാശം വരുത്തുന്ന പന്നികളെ വെടിവച്ചു കൊല്ലാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇതിലെ നിബന്ധനകൾ അപ്രായോഗികമാണെന്നാണ് കർഷകരുടെ പരാതി. അത് പരിഹരിക്കാനാകണം. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലുൾപ്പെടെ  ഭേദഗതി ആവശ്യമാണ് .

കേവലം മനുഷ്യ– വന്യജീവി സംഘർഷത്തിനപ്പുറം പ്രകൃതിയുടെയും  ആവാസവ്യവസ്ഥയുടെയും വീണ്ടെടുപ്പിനും വഴിയൊരുക്കണം.  ഒറ്റപ്പെട്ട പരിഹാരം എവിടെയുമെത്തില്ല. ശാശ്വതവും ശാസ്‌ത്രീയവുമായ പരിഹാരനടപടികൾ അനിവാര്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top