30 March Thursday

കുത്തഴിഞ്ഞ് സമ്പദ്‌വ്യവസ്ഥ

വെബ് ഡെസ്‌ക്‌Updated: Saturday Dec 30, 2017

കറന്‍സി പിന്‍വലിക്കലും തിരക്കിട്ടുള്ള ജിഎസ്ടി നടപ്പാക്കലും സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ വിപണിയില്‍നിന്ന് 50,000 കോടി രൂപകൂടി കടമെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോടെയാണ് രാജ്യം പുതുവര്‍ഷത്തിലേക്ക് കടക്കുന്നത്.

ഈ കടമെടുക്കല്‍ എന്തിനുവേണ്ടിയെന്ന വിശദീകരണം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. നടപ്പ് സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ മൂന്നുമാസംകൂടി ശേഷിക്കെയാണ് വന്‍തോതിലുള്ള കടമെടുപ്പിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബജറ്റിലെ ഭീമമായ ധനകമ്മി കാരണം ലക്ഷ്യങ്ങളാകെ പാളുമെന്ന് ഇതോടെ തീര്‍ച്ചയായി. സാമ്പത്തികമേഖലയുമായി ബന്ധപ്പെട്ട് സമീപകാലത്ത് പുറത്തുവരുന്ന കണക്കുകളെല്ലാംതന്നെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ എത്രമാത്രം പ്രതിസന്ധിയിലാണെന്നതിന് നേര്‍സാക്ഷ്യങ്ങളാണ്. മോഡിസര്‍ക്കാരിന്റെ വികലമായ സാമ്പത്തികനയങ്ങളും നവ ഉദാരവല്‍ക്കരണ നടപടികളുമാണ് ഇത്തരമൊരു ദുഷ്കരസാഹചര്യത്തിലേക്ക് രാജ്യത്തെ എത്തിച്ചിരിക്കുന്നത്.

ജിഡിപി വളര്‍ച്ചയിലും തൊഴില്‍സൃഷ്ടിയിലും ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും കുതിപ്പ് സൃഷ്ടിച്ച വര്‍ഷമായിരുന്നു 2017. ഇന്ത്യയുള്‍പ്പെടെ ചുരുക്കം രാജ്യങ്ങളില്‍മാത്രമാണ് ഇതില്‍നിന്ന് വ്യത്യസ്തമായ കാഴ്ച. തങ്ങളുടെ നിരീക്ഷണത്തിലുള്ള 45 രാജ്യങ്ങളും 2017ല്‍ മെച്ചപ്പെട്ട ജിഡിപി വളര്‍ച്ച കൈവരിച്ചതായി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോര്‍പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (ഒഇസിഡി) പറയുന്നു. ഈയൊരു സ്ഥിതിവിശേഷം2007നുശേഷം ആദ്യമായാണെന്നും ഒഇസിഡി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇന്ത്യക്കുമാത്രം 2017 ജിഡിപി വളര്‍ച്ച പിന്നോക്കം പോയ വര്‍ഷമാണ്. സമീപകാലത്ത് വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചിരുന്ന ബ്രസീലും റഷ്യയുംപോലും വളര്‍ച്ചയിലും തൊഴില്‍സൃഷ്ടിയിലും മുന്നേറ്റം കൈവരിച്ചപ്പോഴാണ് ഇന്ത്യയുടെ പിന്നോക്കം പോക്കെന്നതും ശ്രദ്ധേയം.

2015-16ല്‍ എട്ടുശതമാനം ജിഡിപി വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചത്. എന്നാല്‍, 2016-17ലാകട്ടെ ഇത് 7.1 ശതമാനമായി ഇടിഞ്ഞു. നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ആദ്യ രണ്ടുപാദങ്ങളിലെ കണക്കുപ്രകാരം ശരാശരി ആറുശതമാനത്തിലാണ് വളര്‍ച്ച നില്‍ക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ സമ്പദ്വ്യവസ്ഥയില്‍ പിന്നോട്ടടി പ്രകടമായി തുടങ്ങിയിരുന്നു. എങ്കിലും ഏഴ് ശതമാനത്തിനുമുകളിലായി തുടര്‍ന്നിരുന്ന വളര്‍ച്ചനിരക്കിന് പ്രഹരമായി മാറിയത് 2016 നവംബര്‍ എട്ടിലെ കറന്‍സി പിന്‍വലിക്കല്‍ നടപടിയാണ്.

കറന്‍സി പിന്‍വലിക്കലിന്റെ ഒന്നാംവാര്‍ഷികം പ്രതിപക്ഷപാര്‍ടികള്‍ രാജ്യമാകെ കരിദിനമായി ആചരിച്ചപ്പോള്‍, വിജയദിനമായാണ് ബിജെപി കൊണ്ടാടിയത്. എന്നാല്‍, വിജയം ഏത് കാര്യത്തിലെന്നുമാത്രം ബിജെപി നേതാക്കള്‍ക്കടക്കം ബോധ്യമുണ്ടായിരുന്നില്ല. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് പ്രധാനമന്ത്രി മോഡി പറഞ്ഞ ലക്ഷ്യങ്ങളൊന്നുംതന്നെ ഫലപ്രാപ്തിയില്‍ എത്തിയില്ല. നാലുലക്ഷം കോടി രൂപയുടെയെങ്കിലും കള്ളപ്പണം രാജ്യത്തുണ്ടെന്നും ഇത് ബാങ്കുകളിലേക്ക് തിരിച്ചെത്തില്ലെന്നും മോഡിസര്‍ക്കാര്‍ പ്രതീക്ഷിച്ചു. ഈ തുകയത്രയും അധികവിഹിതമെന്ന നിലയില്‍ ആര്‍ബിഐ സര്‍ക്കാരിന് കൈമാറുമെന്നും അതത്രയും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും സംഘപരിവാര്‍ പ്രചരിപ്പിച്ചു. എന്നാല്‍, പിന്‍വലിച്ച നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി ആര്‍ബിഐ അറിയിച്ചതോടെ അവകാശവാദങ്ങള്‍ പാളി. നാലുലക്ഷം കോടിയുടെയെങ്കിലും അധികവരുമാനം പ്രതീക്ഷിച്ച സ്ഥാനത്ത് 50,000 കോടി രൂപ കടമെടുക്കേണ്ട സാഹചര്യത്തിലേക്ക് സര്‍ക്കാരെത്തി.

കറന്‍സി പിന്‍വലിക്കലിനുപിന്നാലെ തിരക്കിട്ട് ജിഎസ്ടി നടപ്പാക്കിയതും സര്‍ക്കാരിന് ക്ഷീണമായി. നികുതിവരുമാനത്തില്‍ വലിയ ഇടിവ് ഇതുമൂലം സംഭവിച്ചു. ഇതോടൊപ്പം നികുതിയേതര വരുമാനവും കുറഞ്ഞതോടെ സര്‍ക്കാരിന്റെ ബജറ്റ് ലക്ഷ്യങ്ങളെല്ലാം പാളുകയാണ്. ധനകമ്മി ലക്ഷ്യങ്ങള്‍ക്കുപുറമെ റവന്യൂകമ്മി ലക്ഷ്യങ്ങളും പാളുമെന്നാണ് കംപ്ട്രോളര്‍ ജനറല്‍ ഓഫ് അക്കൌണ്ട്സിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്. ഏപ്രില്‍- നവംബര്‍ കാലയളവില്‍തന്നെ ധനകമ്മി ലക്ഷ്യമിട്ട 5.5 ലക്ഷം കോടിയുടെ 112 ശതമാനത്തിലേക്ക് എത്തിയതായി സിജിഎ പറയുന്നു. റവന്യൂകമ്മിയാകട്ടെ ലക്ഷ്യമിട്ട 3.2 ലക്ഷം കോടിയുടെ 152 ശതമാനത്തിലേക്ക് ഉയര്‍ന്നു. അന്താരാഷ്ട്രവിപണിയില്‍ എണ്ണവില ഉയരുകകൂടി ചെയ്യുന്ന പശ്ചാത്തലത്തില്‍ പുതുവര്‍ഷം മോഡിസര്‍ക്കാരിന് കടുത്ത പ്രതിസന്ധികളുടേതാകും.

പൊതുമേഖല ഓഹരികള്‍ വിറ്റ് കമ്മി നികത്താനുള്ള നീക്കവും സജീവമാണ്. 75,000 കോടി രൂപ ഇതുവഴി സമാഹരിക്കാനാണ് നീക്കം. മോഡിസര്‍ക്കാര്‍ അധികാരമേറ്റ് മൂന്നുവര്‍ഷത്തിനകംതന്നെ 1.25 ലക്ഷം കോടി രൂപയാണ് ഈയിനത്തില്‍ സമാഹരിച്ചിട്ടുള്ളത്.  തൊഴിലുറപ്പുപദ്ധതി ഉള്‍പ്പെടെയുള്ള സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബജറ്റുവിഹിതം വന്‍തോതില്‍ വെട്ടിക്കുറയ്ക്കാനും സര്‍ക്കാര്‍ തയ്യാറായി. ജനങ്ങളുടെ ബാങ്ക്് നിക്ഷേപങ്ങള്‍ തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലും മോഡിസര്‍ക്കാര്‍ കൊണ്ടുവരികയാണ്. നവ ഉദാരവല്‍ക്കരണനയം മുന്നോട്ടുവയ്ക്കുന്ന എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയിട്ടും സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കടമെടുക്കുന്നത്. ജനങ്ങള്‍ക്കുനേരെയുള്ള സാമ്പത്തികനടപടികളുടെ മുന്നോടിയായി വേണം ഈ നീക്കത്തെ കരുതാന്‍. പുതുവര്‍ഷം കടുത്ത സാമ്പത്തികപ്രതിസന്ധിയുടേതായിരിക്കുമെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top