07 June Wednesday

റിസർവ‌് ബാങ്ക്‌ സ്വയംഭരണം

വെബ് ഡെസ്‌ക്‌Updated: Friday Nov 30, 2018
കേവലം പലിശനിരക്ക് നിശ്ചയിക്കുന്നതിനപ്പുറം രാജ്യത്തെ ബാങ്കിങ് വ്യവസ്ഥയെ നിയന്ത്രിക്കുന്നതിലും നിരീക്ഷിക്കുന്നതിലും
റിസർവ് ബാങ്കിന് വലിയ ചുമതലയും പങ്കുമുണ്ട്


മോഡിഭരണം റിസർവ്ബാങ്കിന്റെ സ്വയംഭരണം തകർക്കാൻ നിരന്തരമായി ശ്രമിക്കുന്നുവെന്ന ആരോപണം ശക്തിപ്പെടുന്നതിനിടെ, ആർബിഐ ഗവർണർ ഉർജിത് പട്ടേൽ കഴിഞ്ഞ ദിവസം പാർലമെന്ററി സമിതിമുമ്പാകെ പറഞ്ഞ മൂന്നുകാര്യം പരമപ്രധാനമാണ്. ബാങ്കുകളുടെ വർധിച്ചുവരുന്ന കിട്ടാക്കടം, റിസർവ്ബാങ്കിന്റെ സ്വയംഭരണം കാക്കേണ്ടതിന്റെ അനിവാര്യത, പണനയം നിശ്ചയിക്കുന്നതിനുള്ള ബാങ്കിന്റെ പ്രത്യേകാധികാരം എന്നിവയാണ് എം വീരപ്പമൊയ്ലി അധ്യക്ഷനായ പാർലമെന്ററി സമിതിമുമ്പാകെ പട്ടേൽ ഉന്നയിച്ച  പ്രധാന വിഷയങ്ങൾ. നോട്ടുനിരോധനം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലുണ്ടാക്കിയ പ്രത്യാഘാതവും അദ്ദേഹം സമിതിമുമ്പാകെ വിവരിച്ചു. ഉർജിത് പട്ടേൽ തന്റെ വാദങ്ങൾ വരുംദിവസങ്ങളിൽ സമിതിമുമ്പാകെ രേഖാമൂലം സമർപ്പിക്കുകയും ചെയ്യും.

ബാങ്കുകളുടെ കിട്ടാക്കടം 2018 മാർച്ചിൽ മൊത്തം വായ്പയുടെ 11.18 ശതമാനത്തോളമാണ്. ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുപ്രകാരം പൊതുമേഖലാ ബാങ്കുകളുടെമാത്രം കിട്ടാക്കടം 12 ലക്ഷത്തോളം കോടിരൂപയാണ്. വൻകിട കോർപറേറ്റുകൾ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വരുത്തിയിട്ടുള്ള കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കാനുള്ള നടപടികൾ എങ്ങുമെത്താതെ പോവുകയും സർക്കാരിന്റെ സമ്മർദത്തിനു വഴങ്ങി ഈ വായ്പകൾ എഴുതിത്തള്ളേണ്ടി വരികയും ചെയ്യുന്നതുമൂലം ബാങ്കുകൾ  കൂടുതൽ പ്രതിസന്ധിയിലാവുകയാണ്. പുതിയ വായ്പകൾ അനുവദിക്കാൻ കഴിയാത്ത സാഹചര്യം. ഇതിനു പുറമെയാണ് കോർപറേറ്റുകൾക്ക് വീണ്ടുംവീണ്ടും വായ്പ കൊടുപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ സമ്മർദം. ഈ സാഹചര്യത്തിൽ കിട്ടാക്കടം വർധിക്കുന്നതിനെ മുൻനിർത്തി ഉർജിത് പട്ടേൽ പാർലമെന്ററി സമിതിമുമ്പാകെ പ്രകടിപ്പിച്ച ഉൽകണ്ഠ  വളരെ പ്രസക്തമാകുന്നു. വൻതോതിൽ വായ്പയെടുത്ത് കിട്ടാക്കടമാക്കിയ വമ്പൻമാരുടെ പേരുവിവരമടക്കം പ്രധാനമന്ത്രികാര്യാലയത്തിനും ധനമന്ത്രാലയത്തിനും നൽകിയിട്ടും, ഒരു നടപടിയുമുണ്ടായില്ലെന്ന് റിസർവ് ബാങ്കിന്റെ മുൻ ഗവർണർ രഘുറാം രാജൻ അടുത്തിടെ പാർലമെന്ററി സമിതിമുമ്പാകെ വെളിപ്പെടുത്തിയതും ഇതോടൊപ്പം കൂട്ടിവായിക്കാം. സർക്കാർതന്നെയാണ്, കോർപറേറ്റുകൾക്ക് രാജ്യത്തെ ബാങ്കുകൾ കൊള്ളയടിക്കാൻ അവസരമൊരുക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാകുന്നുണ്ട്.

റിസർവ്ബാങ്കിന്റെ സ്വയംഭരണമാണ് പട്ടേൽ ഉന്നയിച്ച മറ്റൊരു പ്രധാന വിഷയം. മോഡി അധികാരത്തിൽ വന്നശേഷം റിസർവ്ബാങ്കും സർക്കാരും തമ്മിലുള്ള ഭിന്നതയും ഏറ്റുമുട്ടലും പുറത്തുവരുന്നത് ഇതാദ്യമല്ലെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ, ഇപ്പോഴുണ്ടായ വിവാദത്തിന് ചില പ്രത്യേകതയുണ്ട്.

റിസർവ്ബാങ്കിന്റെ സ്വയംഭരണമാണ് പട്ടേൽ ഉന്നയിച്ച മറ്റൊരു പ്രധാന വിഷയം. മോഡി അധികാരത്തിൽ വന്നശേഷം റിസർവ്ബാങ്കും സർക്കാരും തമ്മിലുള്ള ഭിന്നതയും ഏറ്റുമുട്ടലും പുറത്തുവരുന്നത് ഇതാദ്യമല്ലെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ, ഇപ്പോഴുണ്ടായ വിവാദത്തിന് ചില പ്രത്യേകതയുണ്ട്. റിസർവ്ബാങ്കിന്റെ പക്കലുള്ള 9.50 ലക്ഷം കോടിരൂപയുടെ കരുതൽശേഖരത്തിൽനിന്ന് 3.6 ലക്ഷംകോടി രൂപ സർക്കാരിന്റെ ബജറ്റിലേക്ക് മാറ്റിക്കാനുള്ള നീക്കമാണ് ബാങ്കിന്റെ സ്വയംഭരണത്തിൽ കൈകടത്തുന്ന വിവാദമായി പെട്ടെന്ന് ഉയർന്നുവന്നത്. സർക്കാരിന്റെ ധനക്കമ്മി വർധിപ്പിക്കാതെ ചില ചെലവുകൾക്ക് പണം കണ്ടെത്താനുള്ള വഴിയായിരുന്നു ഇത്.  സർക്കാരിന്റെ ഈ നീക്കം അപകടകരമെന്ന് റിസർവ്ബാങ്ക് മുന്നറിയിപ്പ് നൽകി. ഇതോടെ പ്രശ്നം രൂക്ഷമായി. പൊതുതെരഞ്ഞെടുപ്പ് അടുത്തു വരവേ, രാമക്ഷേത്രനിർമാണം പെട്ടെന്ന് ഉയർത്തിക്കൊണ്ടു വന്നതുപോലെയായിരുന്നു ആർബിഐയുടെ പക്കലുള്ള പണം കൈയിട്ടുവാരാൻ സർക്കാരിന്റെ തിരക്കിട്ടുള്ള നീക്കം.

നാലരവർഷം തുടർച്ചയായി പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ല. മാത്രമല്ല, നോട്ടു നിരോധനവും ചരക്കു സേവന നികുതിയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ചെറുകിട‐ഇടത്തരം മേഖലകളെ കരകയറാനാവാത്ത വിധം തകർത്തു

നാലരവർഷം തുടർച്ചയായി പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ല. മാത്രമല്ല, നോട്ടു നിരോധനവും ചരക്കു സേവന നികുതിയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ചെറുകിട‐ഇടത്തരം മേഖലകളെ കരകയറാനാവാത്ത വിധം തകർത്തു. കാർഷികമേഖലയിലെ തകർച്ച, തൊഴിലില്ലായ്മ തുടങ്ങിയ മറ്റു പ്രശ്നങ്ങൾ.  ഇതിനുപുറമെ, ലോകമുതലാളിത്ത പ്രതിസന്ധിയുടെ ഭാഗമായി സമ്പദ്വ്യവസ്ഥ നേരിടുന്ന മറ്റു കുഴപ്പങ്ങൾ. ഇതിനകം പ്രഖ്യാപിച്ച പദ്ധതിയുടെയെല്ലാം പൊള്ളത്തരം ജനങ്ങൾക്കു ബോധ്യമായി. ഇത്തരമൊരു സാഹചര്യത്തിൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനും അങ്ങനെ സർക്കാരിന്റെ ചെലവു കൂടുമ്പോൾ ധനക്കമ്മി പ്രഖ്യാപിതലക്ഷ്യത്തിൽ കവിയാതിരിക്കാനുമാണ് റിസർവ് ബാങ്കിന്റെ പണത്തിൽ കൈയിട്ടുവാരാൻ സർക്കാർ ശ്രമിച്ചത്. റിസർവ്ബാങ്കിന്റെ ചെറുത്തുനിൽപ്പോടെ ആ നീക്കം പാഴായി.

ആഗോളവൽക്കരണ‐നവലിബറൽ സാമ്പത്തികനയത്തിനു കീഴിൽ കേന്ദ്രബാങ്കുകളുടെ സ്വയംഭരണത്തിന്റെ പ്രസക്തി എത്രമാത്രമെന്നത് വലിയ ചർച്ചാവിഷയമാണ്. വിദേശധനമൂലധനത്തിനു വാതിൽ തുറന്നുകൊടുക്കലാണ് ഈ നയം സ്വീകരിക്കുന്ന സർക്കാരുകൾ ചെയ്യുന്നത്. അതിനു സഹായകമായ നടപടികളാണ് കേന്ദ്രബാങ്കുകളും പലപ്പോഴും സ്വീകരിക്കുക. അതുകൊണ്ട്, രാജ്യത്തിന്റെയും സമ്പദ്വ്യവസ്ഥയുടെയും രക്ഷയ്ക്കും താൽപ്പര്യത്തിനും ഉതകുന്നവണ്ണം റിസർവ്ബാങ്കിന്റെ സ്വയംഭരണം എങ്ങനെ ഉയർത്തിപ്പിടിക്കാൻ കഴിയുമെന്നത് സംശയമുള്ള കാര്യമാണ്. നവലിബറൽ നയത്തിനു കീഴിൽ അത് എളുപ്പമായ കാര്യമല്ല. മാത്രമല്ല, ആർബിഐ ഗവർണറേയും ഡെപ്യൂട്ടി ഗവർണറേയും ഡയറക്ടർ ബോർഡ് അംഗങ്ങളേയും  നിയമിക്കുന്നത് കേന്ദ്ര സർക്കാരാണ്. ഇത്തരമൊരു സാഹചര്യത്തിൽപോലും രഘുറാം രാജനും  ഉർജിത് പട്ടേലുമെല്ലാം കേന്ദ്രബാങ്കിന്റെ സ്വയംഭരണം ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധേയമാണ്.

കേവലം പലിശനിരക്ക് നിശ്ചയിക്കുന്നതിനപ്പുറം രാജ്യത്തെ ബാങ്കിങ് വ്യവസ്ഥയെ നിയന്ത്രിക്കുന്നതിലും നിരീക്ഷിക്കുന്നതിലും റിസർവ് ബാങ്കിന് വലിയ ചുമതലയും പങ്കുമുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് പുറമെ, സമ്പദ്വ്യവസ്ഥയുടെയും തൊഴിലിന്റെയും വളർച്ച എന്നിവയിലെല്ലാം ബാങ്ക് നേർദിശയിൽ വഴികാട്ടേണ്ടതുണ്ട്. പണനയം നിശ്ചയിക്കുന്നത് റിസർവ് ബാങ്കിന്റെ സവിശേഷമായ അധികാരമാണെന്ന ഉർജിത് പട്ടേലിന്റെ നിലപാടിനൊപ്പം ഇതൊക്കെ വരുമെങ്കിൽ നല്ലതുതന്നെ. ചുരുക്കത്തിൽ പറഞ്ഞാൽ, പാർലമെന്ററി സമിതിമുമ്പാകെ പട്ടേൽ ഉന്നയിച്ച വിഷയങ്ങൾ രാജ്യത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top