30 May Tuesday

വേനലിനെ കരുതലോടെ നേരിടാം

വെബ് ഡെസ്‌ക്‌Updated: Saturday Mar 30, 2019


നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ നേരിട്ടശേഷം  കേരളം മറ്റൊരു പ്രകൃതിദുരന്തം അഭിമുഖീകരിക്കുകയാണ്. കൊടിയവേനൽ മണ്ണിനെയും മനുഷ്യനെയും പൊള്ളിക്കുന്നു. സൂര്യാഘാതവും സൂര്യാതപവുംമൂലം വീണുപോകുന്ന മനുഷ്യരെക്കുറിച്ചുള്ള വാർത്തകൾ അനുനിമിഷം വന്നുകൊണ്ടിരിക്കുന്നു. അസാധാരണമായ ഊഷ‌്മാവാണ‌് കേരളത്തിലങ്ങോളമിങ്ങോളം അനുഭവപ്പെടുന്നത‌്. കടുത്ത വരൾച്ച വരുന്നു. കുടിവെള്ളക്ഷാമത്തിന്റെയും  വൈദ്യുതി പ്രതിസന്ധിയുടെയും അത്യുഷ‌്ണത്തിന്റെ  ഫലമായ രോഗങ്ങളുടെയും ഭീഷണി ഭീമാകാരംപൂണ്ട് മുന്നിൽ നിൽക്കുന്നു. വേനലിനെയും  കുടിവെള്ളക്ഷാമത്തെയും ആരോഗ്യപ്രശ്നങ്ങളെയും മുൻകൂട്ടിക്കണ്ടുള്ള പ്രതിരോധ- പ്രതികരണ പ്രവർത്തനങ്ങൾ  സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഏതാണ്ട്  എല്ലാ ജില്ലകളിലും പകൽ താപനില ശരാശരിയിൽ കൂടുതലാണ്. ഏപ്രിൽ ആദ്യവാരംവരെ ഈ സ്ഥിതി തുടരുമെന്ന പ്രവചനമുണ്ട്. വേനൽ മഴ പെയ്യുന്നില്ല.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി  ഉഷ‌്ണതരംഗം, സൂര്യാഘാതം,  സൂര്യാതപം  എന്നിവയെ  സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച‌് ഉത്തരവിറക്കിയിട്ടുണ്ട്.  രാജ്യത്ത് നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച‌് കേരളത്തിൽ ഔദ്യോഗികമായി വരൾച്ച പ്രഖ്യാപിക്കാനും ദേശീയ ദുരന്ത പ്രതികരണനിധിയിൽനിന്ന് സഹായം നേടാനും സാധാരണ നിലയിൽ  സാധിക്കില്ല. അതുകൊണ്ടാണ് ദുരന്തബാധയേൽക്കുന്ന പൊതുജനങ്ങൾക്കും കർഷകർക്കും സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽനിന്ന് ദുരിതാശ്വാസം ലഭ്യമാക്കുന്നത്. കുടിവെള്ളക്ഷാമ സാധ്യതയുള്ള പ്രദേശങ്ങളിൽ വാട്ടർ കിയോസ‌്കുകൾ സ്ഥാപിക്കാനും വാഹനങ്ങളിൽ വെള്ളം ലഭ്യമാക്കാനും അത് ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിച്ച് നിരീക്ഷിക്കാനും  ഫണ്ട് ജില്ലകൾക്ക് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് 4467 വാട്ടർ കിയോസ‌്ക‌് സ്ഥാപിച്ചിട്ടുണ്ട്.  മുഖ്യമന്ത്രി വിവിധ വകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ജില്ലാ കലകർമാരുടെയും യോഗം മാർച്ച്‌ ആദ്യംതന്നെ വിളിച്ചു.  ജലവിഭവ വകുപ്പും തദ്ദേശഭരണ വകുപ്പും ചേർന്ന്   ജലസംരക്ഷണ പ്രവർത്തനം ഒരു ജനകീയ ക്യാമ്പയിൻ ആയി ഏറ്റെടുക്കാനാണു തീരുമാനിച്ചത്.

കുടിവെള്ളലഭ്യത ഉറപ്പാക്കുന്നതിനും വരൾച്ചാ പ്രവർത്തനങ്ങൾക്കുമായി തദ്ദേശസ്ഥാപനംമുതൽ ജില്ലാതലംവരെ ജനകീയ സമിതികൾ രൂപീകരിക്കണമെന്നും പൊതുഇടങ്ങളിലും സ്ഥാപനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് ജനങ്ങളുടെ സഹകരണത്തോടെ നടപടിയെടുക്കണം എന്നും സർക്കാർ തലത്തിൽ തീരുമാനിച്ചിട്ടുണ്ട‌്. എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചുനിന്ന് നേരിടേണ്ട ദുരന്തമാണിത്

കുടിവെള്ളലഭ്യത ഉറപ്പാക്കുന്നതിനും വരൾച്ചാ പ്രവർത്തനങ്ങൾക്കുമായി തദ്ദേശസ്ഥാപനംമുതൽ ജില്ലാതലംവരെ ജനകീയ സമിതികൾ രൂപീകരിക്കണമെന്നും പൊതുഇടങ്ങളിലും സ്ഥാപനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് ജനങ്ങളുടെ സഹകരണത്തോടെ നടപടിയെടുക്കണം എന്നും സർക്കാർ തലത്തിൽ തീരുമാനിച്ചിട്ടുണ്ട‌്. എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചുനിന്ന് നേരിടേണ്ട ദുരന്തമാണിത്. വെള്ളം പാഴാക്കാതിരിക്കാനും കുടിവെള്ളസ്രോതസ്സുകൾ സംരക്ഷിക്കാനുമുള്ള  ബോധവൽക്കരണപ്രവർത്തനത്തിൽ തൊഴിലുറപ്പ്, കുടുംബശ്രീ, അങ്കണവാടി, ആശപ്രവർത്തകർ തുടങ്ങിയവർ രംഗത്തുണ്ട്.  ഉപേക്ഷിക്കപ്പെട്ട ക്വാറികളെ ജലസ്രോതസ്സായി വിനിയോഗിക്കുക,  കുടിവെള്ളവിതരണ ടാങ്കറുകളുടെ ശുചിത്വം ഉറപ്പാക്കുക, വേനൽമഴയിൽ വീടുകളുടെ ടെറസിൽ പതിക്കുന്ന ജലം ഫിൽട്ടർ ചെയ‌്ത‌് കിണറുകളിൽ എത്തിക്കുക തുടങ്ങിയ ഇടപെടലും പുരോഗമിക്കുന്നുണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയ പാർടികളും വർഗ-ബഹുജന സംഘടനകളും ഈ ദൗത്യവുമായി സഹകരിക്കുകയും അവ വിജയിപ്പിക്കാൻ മുൻകൈ എടുക്കുകയും വേണം.  
സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ദുരന്തനിവാരണ അതോറിറ്റി നൽകിയ നിർദേശം ഏറെക്കുറെ പാലിക്കപ്പെടുന്നുണ്ട്.  തൊഴിൽസമയം പുനഃക്രമീകരിക്കുന്നത് ഉൾപ്പെടെ സുപ്രധാന തീരുമാനങ്ങളാണ് നടപ്പാക്കുന്നത്.  കൂടുതൽ ആളുകളിലേക്ക് മുന്നറിയിപ്പുകൾ എത്തിക്കാനും പ്രതിരോധമാർഗങ്ങൾ വലിയ ജനകീയ ക്യാമ്പയിൻ ആയി വളർത്തിയെടുക്കാനുമുള്ള ഇടപെടൽ തുടരേണ്ടതുണ്ട്. വേനൽക്കാലത്ത് വ്യാപകമാകാൻ സാധ്യതയുള്ള സാംക്രമിക രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്. അമിതോഷ‌്ണം കാരണം  അസ്വസ്ഥതയുണ്ടായ എല്ലാവർക്കും ആശുപത്രികളിലെ ഒപി വിഭാഗത്തിൽ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലും പ്രാദേശികമായി ജനങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും ഇടപെടൽ ഉണ്ടാകണം.

ശുദ്ധമായകുടിവെള്ളം  വഴിയോരങ്ങളിൽ  ലഭ്യമാക്കാൻ കച്ചവട സ്ഥാപനങ്ങൾക്കും വീടുകൾക്കും കഴിയും. ദാഹിച്ചു വലയുന്ന ഒരാളും നമുക്കിടയിലുണ്ടാകരുത് എന്ന നിർബന്ധബുദ്ധിയോടെയുള്ള ഇടപെടലാണുണ്ടാകേണ്ടത്. റസിഡൻസ് അസോസിയേഷനുകൾക്ക‌് ഇതിൽ വലിയ സംഭാവന നൽകാനാകും. വ്യാപാരി സംഘടനകളും കുടിവെള്ളവിതരണം സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുക്കണം. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടുന്ന വേളയായതിനാൽ രാഷ്ട്രീയ പാർടികൾ ഈ കാര്യത്തിൽ അതീവ ജാഗ്രത കാണിക്കേണ്ടതുണ്ട്. കൊടുംചൂടിൽ പ്രചാരണ പരിപാടികൾ കഴിവതും ഒഴിവാക്കണം. പ്രചാരണത്തിനിറങ്ങുന്ന പ്രവർത്തകർക്കും കർക്കശനിർദേശം നൽകണം. അസാധാരണമായ ഒത്തൊരുമകൊണ്ട് പ്രളയദുരന്തത്തെ മറികടന്ന കേരള ജനതയ്ക്ക‌്, ഈ കൊടുംചൂടിന്റെ നാളുകളെയും വിജയകരമായി തരണംചെയ്യാൻ കഴിയും. ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനമാണ് അതിനുള്ള ഉപാധി. വെള്ളം പാഴാക്കാതിരിക്കുക, അമിതമായ വൈദ്യുതോപയോഗം ഒഴിവാക്കുക, ജലമലിനീകരണം തടയുക, സഹോദരങ്ങൾക്കും ജന്തുജാലങ്ങൾക്കും ദാഹജലം കിട്ടാൻ സ്വയം സന്നദ്ധരായി മുന്നിട്ടിറങ്ങുക- ഇതൊക്കെയാണ് സർക്കാരിന്റെ ഇടപെടലിനെ സഹായിക്കുന്നതിനൊപ്പം നമുക്കേവർക്കും ചെയ്യാനുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top