01 October Sunday

കോൺഗ്രസിലെ ഹാസ്യനാടകങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2019

വേദി ഏതായാലും  ജനാധിപത്യത്തെക്കുറിച്ച്  മൈതാനപ്രസംഗം നടത്താൻ അത്യാവേശവും അതിമിടുക്കും പുറത്തെടുക്കാറുള്ള കോൺഗ്രസ് നേതാക്കൾ പാർടിക്കകത്ത് പേരിനുപോലും ആ ആദർശം നടപ്പാക്കാനാകാതെ തുടർച്ചയായി  നാണംകെടുകയാണ്. സംഘടനാ തെരഞ്ഞെടുപ്പുകളുടെ പേരിൽ  കേരളത്തിലെ മൂത്ത ‐ഇളയ കോൺഗ്രസുകളിൽ  കച്ചവട സിനിമയിലെ രാഷ്ട്രീയരംഗങ്ങൾ ഓർമിപ്പിക്കുംവിധമുള്ള സംഭവങ്ങളാണ് അരങ്ങേറുന്നത്. സർക്കാർ ജീവനക്കാരെയെന്നപോലെ എല്ലാ നിലവാരത്തിലും നിയമനങ്ങൾ വേണമെന്ന കാര്യത്തിൽ മാത്രമാണ് നേതാക്കൾക്ക് യോജിപ്പ്.  കെപിസിസി പുനഃസംഘടന മുൻനിർത്തി അധ്യക്ഷൻ  മുല്ലപ്പള്ളി രാമചന്ദ്രൻ കൈമാറിയ  ജംബോ പട്ടിക ഹൈക്കമാൻഡ് തള്ളിയ വാർത്തയ്ക്കൊപ്പം ഇതാ പുതിയൊരു ഫലിതംകൂടി.  നിലവിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അഖിലേന്ത്യാ നേതൃത്വം പിരിച്ചുവിട്ടിരിക്കുന്നു.

യുവജന സംഘടനയിൽ  ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കേന്ദ്രനേതൃത്വവും പറ്റില്ലെന്ന്  സംസ്ഥാന നേതൃത്വവും നിലപാടെടുക്കുകയും പാർടിയിൽ അടിമുടി സംഘർഷാത്മകമായ തർക്കം  ഉടലെടുക്കുകയും ചെയ്തതിനെത്തുടർന്നാണ് നടപടി. അതോടെ സംസ്ഥാനത്ത് യൂത്ത് കോൺഗ്രസിന് ഘടകംതന്നെ ഇല്ലാതാകുകയും  ആ  സംഘടന പതിവുപോലെ വെറും പ്രഹസനമാണെന്ന് തെളിയിക്കുകയും ചെയ്തു. രാജ്യം നേരിടുന്ന ജീവൽപ്രശ്നങ്ങളിലൊന്നും ഒരു താൽപ്പര്യവുമെടുക്കാത്ത വൃദ്ധസദനമാണത്. ഫാസിസ്റ്റ് നേതാക്കളുടെ അതിക്രമ പ്രസംഗങ്ങൾക്കും  ഗാന്ധിനിന്ദയ്ക്കുമെതിരായ മുന്നേറ്റങ്ങളിലോ  ജെഎൻയു ഉൾപ്പെടെയുള്ള സർവകലാശാലകളിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങളിലോ കർഷക ആത്മഹത്യകൾക്കെതിരായ ഉശിരൻ മാർച്ചുകളിലോ  സാന്നിധ്യമില്ലാതിരുന്ന യൂത്ത് കോൺഗ്രസുകാരെ  "അധികാരത്തിന്റെ ശീതളഛായ' തേടിയുള്ള പരക്കംപാച്ചിലിൽ മാത്രമാണ് ജനങ്ങൾ  കാണുന്നത്.

സംഘടനയ്ക്കുള്ളിൽ ഒരു "ബാലറ്റ് യുദ്ധ'ത്തിനുള്ള ഉൾക്കരുത്തില്ലെന്നതാണ് പ്രധാന തടസ്സമായി ഉയർത്തുന്നത്

നാമനിർദേശപത്രികാ സമർപ്പണത്തിനുള്ള സമയം കഴിഞ്ഞിട്ടും ഒരാൾപോലും പത്രിക നൽകാത്തതിനാൽ   കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച  തെരഞ്ഞെടുപ്പ് നടപടികളും അനിശ്ചിതത്വത്തിലാണ്ടു. ഇപ്പോൾ  തെരഞ്ഞെടുപ്പ് നടത്തിയാൽ  വൻ കലാപത്തിന് വഴിയൊരുക്കുമെന്ന്  അഭിപ്രായപ്പെട്ട കെപിസിസി, വോട്ടെടുപ്പ് ഒഴിവാക്കി ഭാരവാഹികളെ സമവായത്തിലൂടെ കണ്ടെത്തുകയോ ഹൈക്കമാൻഡ് നാമനിർദേശം ചെയ്യുകയോ വേണമെന്നാണ് ആവശ്യപ്പെടുന്നത്. സംഘടനയ്ക്കുള്ളിൽ ഒരു "ബാലറ്റ് യുദ്ധ'ത്തിനുള്ള ഉൾക്കരുത്തില്ലെന്നതാണ് പ്രധാന തടസ്സമായി ഉയർത്തുന്നത്.  തെരഞ്ഞെടുപ്പ് പ്രക്രിയയുമായി നിസ്സഹകരിക്കാനും ഡിസിസി ഓഫീസുകൾ തെരഞ്ഞെടുപ്പിന് വിട്ടുനൽകരുതെന്നുമുള്ള  തീരുമാനത്തിൽ എല്ലാ ഗ്രൂപ്പും ഒറ്റക്കെട്ടാണ്. കോൺഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പുകൾ സംസ്ഥാനത്ത് വലിയ ക്രമസമാധാന പ്രശ്നങ്ങൾക്കുതന്നെ വഴിവച്ചിരുന്നു. തട്ടിക്കൊണ്ടുപോകലും ബന്ദിയാക്കലും കൈകാൽ തല്ലിയൊടിക്കലും വധശ്രമങ്ങളും എത്രയോ ഉണ്ടായി. നേതാക്കളുടെ വീട്ടുജോലിക്കാർപ്പോലും വോട്ടർപട്ടികയിൽ  ഇടംപിടിച്ചതും മറക്കാവുന്നതല്ല. അതാണ് ചില മാധ്യമങ്ങൾ പ്രകീർത്തിക്കുന്ന ജനാധിപത്യ സംസ്കാരത്തിന്റെ മാതൃക. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടപടിയിൽനിന്ന് ഹൈക്കമാൻഡ് കേന്ദ്ര നേതൃത്വത്തെ പിന്തിരിപ്പിക്കണമെന്ന് സംസ്ഥാനത്തുനിന്നുള്ള കോൺഗ്രസ് എംപിമാർ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടാൻ സമയം കണ്ടെത്തിയതും വിചിത്രമായി. മോഡി സർക്കാരിനെതിരെ എന്തെങ്കിലും സമരത്തിന് പ്രേരിപ്പിക്കാൻ  ശ്രമിക്കേണ്ടവരാണ് സംഘടനയിൽ ജനാധിപത്യം അട്ടിമറിക്കാൻ "ഐക്യ'ത്തോടെനിന്ന് നാടകം കളിക്കുന്നത്. 

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായി കൂടിയാലോചിച്ച്  മുല്ലപ്പള്ളി തയ്യാറാക്കിയ  ഭാരവാഹിപ്പട്ടികയാണ്  സ്വീകാര്യമല്ലെന്ന് ഹൈക്കമാൻഡ് പ്രഖ്യാപിച്ചതെന്നതും ഗൗരവതരമാണ്. അതോടെ അതിൽ കയറിപ്പറ്റിയ പകുതിയിലധികം നേതാക്കളും  പുറത്താകുമെന്നാണ് സൂചന.  കിഴവന്മാരെ  കുത്തിനിറച്ചെന്നും ഗ്രൂപ്പ്മാത്രം മാനദണ്ഡമാക്കി  ഭാരവാഹിത്വം വീതംവച്ചെന്നും ഉയർന്ന പരാതി കണക്കിലെടുത്താണ് ജംബോ പട്ടിക പൊളിച്ചടുക്കാനുള്ള തീരുമാനം. ഒരാൾക്ക് ഒരു പദവി എന്ന നിലയിൽ അതിൽ  മാറ്റംവരുത്തണമെന്നും 65 വയസ്സ് പിന്നിട്ട പകുതിപ്പേരെ ഒഴിവാക്കണമെന്നുമാണ്  ഹൈക്കമാൻഡ് നിർദേശം. മൂന്ന് നേതാക്കളും നേരിട്ട് ചെന്നാണ് കരടുപട്ടിക കൈമാറിയത്. അവർ കേരളത്തിൽ തിരിച്ചെത്തുംമുമ്പ് സംസ്ഥാനത്തുനിന്ന് തലങ്ങുംവിലങ്ങും പരാതികൾ ഒഴുകി. ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങൾപോലും മാനിക്കാത്തവർ പൊതുരാഷ്ട്രീയത്തെത്തന്നെ മലിനമാക്കുകയാണ്. അധികാരം കൈക്കലാക്കാൻമാത്രം ഒന്നിക്കുന്ന അവരുടെ നാടകങ്ങൾക്ക് ജനങ്ങളാണ് ഇനി തിരശ്ശീലയിടേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top