12 September Thursday

അഴിമതിക്കാര്‍ രക്ഷപ്പെടരുത്

വെബ് ഡെസ്‌ക്‌Updated: Friday Apr 29, 2016

തൂവെള്ള ഖദര്‍ സംശുദ്ധിയുടെയും സത്യസന്ധതയുടെയും ലാളിത്യത്തിന്റെയും പ്രതീകമായാണ് നമ്മുടെ രാഷ്ട്രപിതാവ് പ്രചരിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ അതണിഞ്ഞ് നടക്കുമ്പോള്‍ ചേര്‍ച്ചയില്ലായ്മ തോന്നുന്നത് അതുകൊണ്ടാണ്. അഴിമതിയുടെ പ്രതീകമായി മാറിയ ഒരു പാര്‍ടിയുടെ നേതാക്കള്‍ തികച്ചും അസംബന്ധം എന്നപോലെ ഖദറില്‍ രക്ഷതേടാന്‍ ശ്രമിക്കുന്നു. ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യേണ്ടിവരുന്നത് ശതകോടികളുടെ അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതിയിടപാട് ഇറ്റാലിയന്‍ കോടതി സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ്. രാജ്യത്ത് കോണ്‍ഗ്രസിന്റെ നട്ടെല്ലൊടിച്ച അഴിമതിയായിരുന്നു ബൊഫോഴ്സ്. 1984ല്‍ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്തുണ്ടായ ഈ പ്രതിരോധ അഴിമതിക്കുശേഷം രാജ്യത്ത് കോണ്‍ഗ്രസിന് തനിച്ച് കേവലഭൂരിപക്ഷം ലഭിച്ചിട്ടില്ല. 

അനുഭവത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. 2004 നുശേഷം കോണ്‍ഗ്രസ് ഭരണത്തില്‍ 2ജി, കല്‍ക്കരിപ്പാടം, കോമണ്‍വെല്‍ത്ത് ഗെയിംസ്, പ്രകൃതിവാതകം എന്നിങ്ങനെ പേരുകളില്‍ കുപ്രസിദ്ധമായ, ലക്ഷക്കണക്കിനു കോടി രൂപയുടെ കൊള്ളയും അഴിമതിയും നടമാടി. ഈ പരമ്പരയില്‍ ഉള്‍പ്പെട്ടതാണ് ഇപ്പോള്‍ പുറത്തുവന്ന ഹെലികോപ്ടര്‍ ഇടപാട്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഹെലികോപ്ടര്‍ ഇടപാടിനു കരാര്‍ ഒപ്പിട്ടത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള വിവിഐപികള്‍ക്ക് സഞ്ചരിക്കാന്‍ എട്ടും മറ്റ് ആവശ്യങ്ങള്‍ക്കായി നാലും ഹെലികോപ്ടര്‍ വാങ്ങാനായിരുന്നു തീരുമാനം. നിലവില്‍ ഉപയോഗിച്ചുവന്ന സോവിയറ്റ് നിര്‍മിത എംഐ–8 ഹെലികോപ്ടറുകള്‍ക്ക് 'സാങ്കേതിക പോരായ്മ'കളുണ്ടെന്ന് വ്യോമസേന റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 6000 മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ പറക്കാന്‍ കഴിയുന്ന ഹെലികോപ്ടറുകള്‍ വാങ്ങാനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. പിന്നീട് 4,500 മീറ്റര്‍ മതിയെന്ന് വ്യവസ്ഥയില്‍ ഭേദഗതി വരുത്തി. അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടറുകള്‍ക്കുവേണ്ടിയായിരുന്നു ഈ ഭേദഗതി. ഇതിന്റെ പേരില്‍ അന്നത്തെ വ്യോമസേനാ മേധാവി എസ് പി ത്യാഗിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള ഉത്തരവ് പ്രകാരമാണ് ടെന്‍ഡര്‍ വ്യവസ്ഥയില്‍ ഭേദഗതി വരുത്തിയതെന്ന് തെളിഞ്ഞു. എസ് പി ത്യാഗി വ്യോമസേനാ മേധാവിയായി പ്രവര്‍ത്തിച്ചത് 2004–2007 കാലത്താണ്.

അഗസ്ത വെസ്റ്റ്ലാന്‍ഡ് കേസില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആരംഭിച്ച അന്വേഷണത്തില്‍ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അതേസമയം, ഇറ്റലിയില്‍ വിചാരണ നടക്കുകയും പ്രതികളെ കോടതി ശിക്ഷിക്കുകയും ചെയ്തു. കരാര്‍ ലഭിക്കാന്‍ 360 കോടി രൂപ ഇന്ത്യയിലെ രാഷ്ട്രീയപ്രമുഖര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സൈനിക മേധാവികള്‍ക്കും കോഴ നല്‍കിയെന്ന വാര്‍ത്തകള്‍ വന്നതിനെതുടര്‍ന്നാണ് ഇറ്റാലിയന്‍ പൊലീസ് അന്വേഷണം നടത്തിയത്.  അഗസ്ത വെസ്റ്റ്ലാന്‍ഡിനെ നയിച്ചുവന്ന ഗിസപ്പോ ഓര്‍സി, ബ്രൂണോ സ്പഗ്നോലിനി എന്നിവര്‍ക്ക് ഇറ്റാലിയന്‍ കോടതി ഏപ്രില്‍ ഏഴിനു തടവും പിഴയും വിധിച്ചു. ഇന്ത്യയിലേക്ക് അഴിമതിപ്പണം ഒഴുകിയെന്ന് ഈ കോടതിവിധിയില്‍ പറഞ്ഞിട്ടുമുണ്ട്.

കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ അഗസ്ത ഇടപാടിനെ വിമര്‍ശിച്ചിരുന്നു. പൊതുസ്വത്തിന്റെ ധൂര്‍ത്താണ് ഈ ഇടപാടെന്നായിരുന്നു സിഎജിയുടെ പ്രതികരണം. അഴിമതി പുറത്തുവന്ന സാഹചര്യത്തില്‍ അന്നത്തെ പ്രതിരോധമന്ത്രി എ കെ ആന്റണി കരാര്‍ റദ്ദാക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, യുപിഎ ഭരണകാലത്ത് അന്വേഷണം പ്രഹസനമായി. ഈ വിഷയം മുമ്പ് പാര്‍ലമെന്റില്‍ ഉയര്‍ന്നപ്പോള്‍ മറുപടി നല്‍കാന്‍ കഴിയാതെ എ കെ ആന്റണി ബുദ്ധിമുട്ടിയിരുന്നു. എന്‍ഡിഎ അധികാരത്തില്‍ വന്നിട്ടും അന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ല. ഇപ്പോള്‍ ഉത്തരാഖണ്ഡ് വിഷയത്തില്‍ മോഡിസര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് ബിജെപി അഗസ്ത വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ സജീവമായി ഇടപെടാന്‍ തയ്യാറായത്. അഴിമതിക്കെതിരെ ആത്മാര്‍ഥമായി പ്രതികരിക്കാന്‍ ബിജെപിക്ക് കഴിയില്ലെന്നത് മറ്റൊരു യാഥാര്‍ഥ്യം. ബിജെപി ഭരണകാലത്ത് പ്രതിരോധമേഖലയില്‍ അഴിമതിയുടെ ചാകരയായിരുന്നു. കാര്‍ഗില്‍ യുദ്ധകാലത്ത് അമേരിക്കയില്‍നിന്ന് പതിമൂന്നിരട്ടി വിലയിലാണ് ശവപ്പെട്ടികള്‍ വാങ്ങിയത്. കാര്‍ഗില്‍ രക്തസാക്ഷികള്‍ക്കുള്ള പെട്രോള്‍പമ്പ് പോലും മറിച്ചുവിറ്റു. ഇസ്രയേലില്‍നിന്ന് ബറാക് മിസൈല്‍ വാങ്ങാനുള്ള ഇടപാടിലും അഴിമതിക്ക് ശ്രമിച്ചു. ബിജെപി അധ്യക്ഷനായിരിക്കെ ബംഗാരു ലക്ഷ്മണന്‍ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന നാണക്കേടിനും രാജ്യം സാക്ഷ്യംവഹിച്ചു. മധ്യപ്രദേശിലെ വ്യാപം അഴിമതി, ഐപിഎല്‍ അഴിമതിയില്‍ ഉള്‍പ്പെട്ട ലളിത് മോഡിക്ക് സംരക്ഷണം എന്നിവയും ബിജെപിയുടെ അഴിമതിത്തൊപ്പിയിലെ തൂവലുകളാണ്. ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെതിരെ ഭൂമിയിടപാടുകള്‍ സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഭരണസ്വാധീനം ഉപയോഗിച്ച് അന്വേഷണംപോലും തടയുന്നു.

അഗസ്ത വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയിലേക്ക് ബിജെപി വിരല്‍ചൂണ്ടുന്നു. എന്നാല്‍, ഇന്ത്യ കരിമ്പട്ടികയില്‍പ്പെടുത്തിയ അഗസ്ത വെസ്റ്റ്ലാന്‍ഡിനെ മോഡിസര്‍ക്കാര്‍ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമാക്കി. അഴിമതിയുടെ കാര്യത്തിലും കോണ്‍ഗ്രസും ബിജെപിയും ഒരേ തൂവല്‍പ്പക്ഷികളാണെന്ന് നിസ്സംശയം പറയാം. കോണ്‍ഗ്രസും ബിജെപിയും പരസ്പരം പഴിചാരുമ്പോള്‍ അഴിമതിക്കാര്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഉണ്ടാകരുത്. ശരിയായ വിധത്തില്‍ അന്വേഷണം നടക്കുകയും പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരികയും വേണം. അഴിമതിക്കാരെ രാഷ്ട്രീയമായി ശിക്ഷിക്കാന്‍ ജനങ്ങളും മുന്നോട്ടുവരണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top