23 March Thursday

മിന്നല്‍ നയതന്ത്രവും പരിമിതികളും

വെബ് ഡെസ്‌ക്‌Updated: Monday Dec 28, 2015

കാബൂളില്‍നിന്ന് മടങ്ങുംവഴി പ്രധാനമന്ത്രി നരേന്ദ്ര മോഡി ലാഹോറില്‍ വിമാനമിറങ്ങി പാക് പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിലും ചെറുമകളുടെ വിവാഹച്ചടങ്ങിലും പങ്കെടുത്തത് നയതന്ത്ര അട്ടിമറിയായാണ് ആഘോഷിക്കപ്പെടുന്നത്. ആസൂത്രണമേതുമില്ലാതെ തീര്‍ത്തും അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി ലാഹോറിലെത്തി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഏതായാലും അയല്‍രാജ്യവുമായി സമാധാനം സ്ഥാപിക്കാന്‍ നടത്തുന്ന ഏതൊരു നീക്കവും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍, ഈ ചര്‍ച്ചാമാമാങ്കം അതിന്റെ നാടകീയതയിലും നിഗൂഢതയിലും അവസാനിക്കുമോ എന്ന ആശങ്കയാണ് ഞങ്ങള്‍ക്ക് പങ്കുവയ്ക്കാനുള്ളത്. എതെങ്കിലും ഒരു വ്യക്തി നടത്തുന്ന നാടകീയമായ നീക്കത്തിലൂടെ പരിഹരിക്കാവുന്ന പ്രശ്നമല്ല ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ദശാബ്ദങ്ങള്‍ നീണ്ട സങ്കീര്‍ണമായ വിഷയങ്ങളാണ് ഉഭയകക്ഷിബന്ധത്തെ ബാധിക്കുന്നത്. അതുകൊണ്ടുതന്നെ മോഡിയുടെ മിന്നല്‍ നയതന്ത്രത്തിലൂടെ ഉഭയകക്ഷിബന്ധം സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് കരുതുന്നത് മൌഢ്യമാകും. അടുത്തമാസം നടക്കുന്ന വിദേശ സെക്രട്ടറിതല ചര്‍ച്ചയില്‍ വലിയ പ്രതീക്ഷ അര്‍പ്പിക്കേണ്ടതില്ലെന്ന് പാക് വിദേശനയ ഉപദേഷ്ടാവ് സര്‍താജ് അസീസ്തന്നെ വെളിപ്പെടുത്തുകയുണ്ടായി. 

വേണ്ടത്ര തയ്യാറെടുപ്പില്ലാതെയാണ് ഒരു വ്യാഴവട്ടത്തിനുശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാക്മണ്ണില്‍ കാല്‍ ചവിട്ടുന്നത്. വാജ്പേയി ബസ്യാത്ര നടത്തിയശേഷം ആദ്യമായാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി ലാഹോറിലെത്തുന്നത്. സുപ്രധാനമാകേണ്ട ഈ കൂടിക്കാഴ്ചയ്ക്ക് ഒരു മുന്നൊരുക്കവും നടന്നിട്ടില്ലെന്നര്‍ഥം. പാകിസ്ഥാന്‍വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന വിദേശമന്ത്രാലയത്തിലെ ഓഫീസ് ഇത്തരമൊരു കൂടിക്കാഴ്ചയെക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ല. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായശേഷം ഇന്ത്യ– പാക് ബന്ധത്തിലുണ്ടാകുന്ന മൂന്നാമത്തെ പുനഃക്രമീകരണമാണിതെന്ന് പറയാം. 2014 മേയില്‍ മോഡിയുടെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് നവാസ് ഷെരീഫിനെ ക്ഷണിച്ചതായിരുന്നു ആദ്യ നീക്കം. എന്നാല്‍, മോഡിയുടെ ഈ നയതന്ത്രനീക്കത്തിന് തുടര്‍ച്ചയുണ്ടായില്ലെന്ന് മാത്രമല്ല തിരിച്ചടിയാണുണ്ടായതും. പാകിസ്ഥാന്‍ നേതൃത്വം ഹുറിയത്ത് നേതാക്കളുമായി ചര്‍ച്ച നടത്തുന്നതില്‍ പ്രതിഷേധിച്ച് 2014 ജൂലൈയില്‍ നടക്കേണ്ടിയിരുന്ന വിദേശ സെക്രട്ടറിതല ചര്‍ച്ച ഉപേക്ഷിച്ചു. പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുനഃക്രമീകരണമുണ്ടായത് ഒരുവര്‍ഷത്തിനുശേഷം റഷ്യയിലെ ഉഫയില്‍വച്ചായിരുന്നു. സഹകരണ ഉച്ചകോടിക്ക് എത്തിയ ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ സംയുക്ത പ്രസ്താവനയിറക്കിയതോടെയായിരുന്നു അതിന് തുടക്കം. ഭീകരവാദവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യാന്‍ തീരുമാനിച്ചെങ്കിലും കശ്മീര്‍ പ്രശ്നം ഉള്‍ക്കൊള്ളിച്ചില്ലെന്ന് പറഞ്ഞ് പാകിസ്ഥാനില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ ചര്‍ച്ച വഴിമുട്ടി. മുംബൈ ഭീകരാക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചാല്‍മാത്രമേ പാകിസ്ഥാനുമായി ചര്‍ച്ചയുള്ളൂവെന്ന് പറഞ്ഞ് ഇന്ത്യയും മുഖംതിരിച്ചു.

എന്നാല്‍, നയതന്ത്രലോകത്തെ അത്ഭുതപ്പെടുത്തി കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ പാകിസ്ഥാനോടുള്ള സമീപനത്തില്‍ മോഡി സര്‍ക്കാര്‍ മലക്കംമറിഞ്ഞു. ഇരുരാജ്യങ്ങളിലെയും സുരക്ഷാ ഉപദേഷ്ടാക്കളും വിദേശകാര്യസെക്രട്ടറിമാരും ബാങ്കോക്കില്‍ കൂടിക്കാഴ്ച നടത്തുകയും എല്ലാ വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച തുടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനുശേഷം വിദേശമന്ത്രി സുഷ്മ സ്വരാജ് ഇസ്ളാമാബാദ് സന്ദര്‍ശിക്കുകയും ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും സമഗ്ര ചര്‍ച്ച നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്താണ് ഈ നയംമാറ്റത്തിന് കാരണം?

ഭീകരവാദത്തെ നേരിടാതെ പാകിസ്ഥാനുമായി ചര്‍ച്ചയില്ലെന്ന നയം അന്താരാഷ്ട്രസമൂഹത്തെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതുകൊണ്ട് മാത്രമല്ല, അമേരിക്കയില്‍നിന്നുള്ള കടുത്ത സമ്മര്‍ദത്തെ അതിജീവിക്കാന്‍ കഴിയാത്തതുകൊണ്ടുകൂടിയാണ്് ഈ നയംമാറ്റം. ഇന്ത്യ– പാക് സംഘര്‍ഷം മേഖലയുടെ സമാധാനത്തെയും സുസ്ഥിരതയെയും ദോഷകരമായി ബാധിക്കരുതെന്ന് അമേരിക്കയ്ക്ക് നിര്‍ബന്ധമുണ്ട്. ഏഷ്യയുടെ ശാക്തിക ബലാബലത്തില്‍ മാറ്റംവരുത്താനുള്ള അമേരിക്കന്‍ നീക്കത്തിന് അനുരൂപമായാണ് മോഡി സര്‍ക്കാരിന്റെ നയതന്ത്ര നീക്കം. പ്രത്യേകിച്ചും അഫ്ഗാന്‍ പ്രശ്നത്തിന് രാഷ്ട്രീയപരിഹാരം കാണാനും റഷ്യയെയും ചൈനയെയും പിടിച്ചുകെട്ടാനും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടണം. അല്ലാത്തപക്ഷം പാകിസ്ഥാന്‍ ചൈനീസ് പക്ഷത്തേക്കും ഇന്ത്യ റഷ്യന്‍ പക്ഷത്തേക്കും ചായുമെന്നാണ് അമേരിക്ക ഭയപ്പെടുന്നത്. അമേരിക്കയുമായി അടുത്തബന്ധം സ്ഥാപിക്കുന്ന മോഡി സര്‍ക്കാര്‍ അമേരിക്കന്‍ ആയുധങ്ങളുടെ എറ്റവും വലിയ ഉപയോക്താവ് കൂടിയാണിന്ന്. ഇന്ത്യന്‍ സൈനിക സംവിധാനങ്ങള്‍ അമേരിക്കയ്ക്ക് ഉപയോഗിക്കാന്‍ സൌകര്യമൊരുക്കി ലോജിസ്റ്റിക്കല്‍ സപ്പോര്‍ട്ട് എഗ്രിമെന്റില്‍ ഒപ്പുവയ്ക്കാനും മോഡി തയ്യാറെടുക്കുകയാണ്. ഇതിനാലാണ് മോഡിയുടെ മിന്നല്‍നയതന്ത്രത്തെ പിന്തുണച്ച് അമേരിക്കന്‍ ആഭ്യന്തരമന്ത്രാലയ വക്താവ് കോണ്‍ കിര്‍ബി രംഗത്തെത്തിയത്. മോഡിയുടെ നീക്കം മേഖലയ്ക്ക് ഗുണകരമാണെന്ന കിര്‍ബിയുടെ പ്രസ്താവന അമേരിക്കന്‍ അജന്‍ഡ തന്നെയാണ് വ്യക്തമാക്കുന്നത് *


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top