14 August Friday

ജനാധിപത്യ വിരോധവും ദളിത് വിരോധവും

വെബ് ഡെസ്‌ക്‌Updated: Monday Mar 28, 2016

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയും തുടര്‍ന്നുള്ള വിദ്യാര്‍ഥിപ്രക്ഷോഭവും സംഘപരിവാറിന്റെ ദളിത് വിരുദ്ധസ്വഭാവമാണ് തുറന്നുകാട്ടിയത്. ആ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധമുയരുകയും ബിജെപി നേതൃത്വവും കേന്ദ്ര സര്‍ക്കാരും ജനങ്ങള്‍ക്കുമുന്നില്‍ വിചാരണചെയ്യപ്പെടുകയും ചെയ്തു. രോഹിത് വെമുല സംഭവം ബിജെപി സമീപകാലത്ത് അണിയാന്‍ നോക്കിയ പിന്നോക്ക–ദളിത് സ്നേഹത്തിന്റെ മുഖംമൂടി വലിച്ചുകീറുകയാണുണ്ടായത്്. അതിന്റെ ജാള്യംതീര്‍ക്കാന്‍ ഹൈദരാബാദ് സര്‍വകലാശാലയോടും വിദ്യാര്‍ഥികളോടും പ്രതികാരംചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍. തെലങ്കാനയിലെ ടിആര്‍എസ് സര്‍ക്കാര്‍ ആ പ്രതികാര നടപടിക്ക് ഒത്താശ ചെയ്യുന്നു. രോഹിതിന്റെ മരണത്തെത്തുടര്‍ന്ന് ആത്മഹത്യാപ്രേരണക്കുറ്റത്തിന് വൈസ് ചാന്‍സലര്‍ അപ്പാറാവുവിന് എതിരെ കേസ് എടുത്തിരുന്നു. ഈ കേസില്‍ നിയമാനുസൃതം നടപടിയെടുക്കാന്‍ തെലങ്കാന പൊലീസ് മടിച്ചുനില്‍ക്കുന്നു. പ്രതിഷേധം ഭയന്ന് അവധിയില്‍ പ്രവേശിച്ച വിസി പൊടുന്നനെ തിരികെയെത്തി, ശത്രുരാജ്യത്തോടെന്നപോലെ വിദ്യാര്‍ഥിളോട് യുദ്ധം പ്രഖ്യാപിച്ചതും ഉപരോധം ഏര്‍പ്പെടുത്തിയതും കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ പൂര്‍ണപിന്തുണ ഉള്ളതുകൊണ്ടാണ്.

രോഹിതിന്റെ ആത്മഹത്യക്ക് മുഖ്യ ഉത്തരവാദിയായ അപ്പാറാവുവിനെ വിസി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ തല്ലിയും പട്ടിണിക്കിട്ടും കുടിവെള്ളംപോലും നിഷേധിച്ചും തകര്‍ത്തുകളയുമെന്ന അഹന്തയാണ് ഹൈദരാബാദില്‍ കാണാനാകുന്നത്. വിദ്യാര്‍ഥികളെ ക്യാമ്പസിനകത്ത് കയറി പൊലീസ് ക്രൂരമായി മര്‍ദിച്ചു. പൊലീസ് ഭീകരതയ്ക്കുമുന്നില്‍ മുട്ടുമടക്കാതെ സമരം തുടര്‍ന്നപ്പോള്‍ ഹോസ്റ്റലുകളിലേക്കുള്ള ജലവിതരണം നിര്‍ത്തിവച്ചു. ഇന്റര്‍നെറ്റ് നിഷേധിച്ചു. ഭക്ഷണം നല്‍കുന്നത് അവസാനിപ്പിച്ചു. വിദ്യാര്‍ഥികള്‍ സ്വയം പാകംചെയ്ത് കഴിക്കാന്‍ തുടങ്ങിയപ്പോള്‍ പൊലീസ് എല്ലാം തല്ലിത്തകര്‍ത്തു. ഹോസ്റ്റല്‍തന്നെ അടച്ചിട്ടു. എന്‍ഡിഎയുടെ സഖ്യകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ബിജെപിയുടെ ഇംഗിതത്തിനനുസരിച്ചാണ് ഇതെല്ലാം ചെയ്യുന്നത്.

മാനവ വിഭവശേഷിമന്ത്രി സ്മൃതി ഇറാനിയുടെ വിധേയനായ അപ്പാറാവുവിനെ ഹൈദരാബാദ് സര്‍വകലാശാലയെ സംഘപരിവാറിന്റെ തട്ടകമാക്കി മാറ്റാനുള്ള ലക്ഷ്യത്തോടെയാണ് വിസിയായി നിയമിച്ചത്. അപ്പാറാവുവിന്റെ ദളിത് വിരുദ്ധ സമീപനത്തിനെതിരായാണ് രോഹിത് വെമുലയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സമരം ചെയ്തത്. ദളിത് വിദ്യാര്‍ഥികളുടെ സ്റ്റൈപെന്‍ഡ് പോലും തടഞ്ഞുവച്ചു. ആ പീഡനത്തിന്റെ ഫലമായാണ് രോഹിത് വെമുല ജീവനൊടുക്കിയത്. പ്രതിഷേധം ശക്തമായപ്പോള്‍ അവധിയില്‍പോയ വിസി മാര്‍ച്ച് 22ന് വീണ്ടും സ്ഥാനമേറ്റപ്പോള്‍  കൂടുതല്‍ ആക്രമോത്സുകതയോടെയാണ് വിദ്യാര്‍ഥികളെ നേരിടുന്നത്. സര്‍വകലാശാലയിലെ വിവിധ കമ്മിറ്റികളില്‍ എസ്സി–എസ്ടി വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് വിവേചനവിരുദ്ധ കമ്മിറ്റിയുണ്ടാക്കാനുള്ള അജന്‍ഡ ചര്‍ച്ചചെയ്യേണ്ടിയിരുന്ന അക്കാദമിക് കൌണ്‍സില്‍ യോഗം വിസി മാറ്റിവച്ചു. ദളിത് വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ് വര്‍ധന സാധ്യമല്ലെന്ന് വിസി നിലപാടെടുക്കുന്നു. യൂണിവേഴ്സിറ്റിയിലെ 26 വിദ്യാര്‍ഥികളും 2 അധ്യാപകരും കള്ളക്കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കയാണ്. സര്‍വകലാശാല സന്ദര്‍ശിക്കാന്‍ചെന്ന ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെ അവിടേക്ക് പ്രവേശിപ്പിച്ചില്ല. വിദ്യാര്‍ഥിസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സര്‍വകലാശാലയിലെത്തിയ രോഹിത് വെമുലയുടെ അമ്മ രാധികയെ പൊലീസുകാര്‍ കൈയേറ്റംചെയ്തു.

വിവരണാതീതമായ പീഡനമാണ് ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്നത്. എന്തുവന്നാലും ദളിതരോടുള്ള സമീപനം മാറ്റില്ല എന്നും ജനാധിപത്യപരമായ ഒരു പ്രതിഷേധത്തെയും അംഗീകരിക്കില്ല എന്നുമുള്ള മുഷ്ക്കാണ് ബിജെപിയെക്കൊണ്ട് ഇതു ചെയ്യിക്കുന്നത്. ഹൈദരാബാദിലേത് ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്തെമ്പാടും ദളിതരോട് ആര്‍എസ്എസ് പുലര്‍ത്തുന്ന സമീപനത്തിന്റെ ഒരു ഭാഗം മാത്രമാണത്. ദളിതരെ മനുഷ്യരായിപോലും കണക്കാക്കാന്‍ വിസമ്മതിക്കുന്ന പ്രാകൃത പ്രത്യയശാസ്ത്രമാണ് ആര്‍എസ്എസിനെ നയിക്കുന്നത്്. രണ്ടു കുഞ്ഞുങ്ങളെ ചുട്ടുകൊന്നപ്പോള്‍, അവര്‍ ദളിതരായതിന്റെപേരില്‍ പട്ടികളെ കല്ലെറിയുന്നതിനോടുപമിച്ച നേതൃത്വമാണ് സംഘത്തിന്റേത്. അവരില്‍നിന്ന് ദളിതര്‍ക്കോ പിന്നോക്കവിഭാഗങ്ങള്‍ക്കോ നീതി പ്രതീക്ഷിക്കാനാകില്ല. അതുകൊണ്ടാണ്, ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സമരം രാജ്യത്തിന്റെയാകെ സമരമായി മാറുന്നതും അത് സംഘപരിവാറിന്റെ തനിനിറം തുറന്നുകാട്ടാനുള്ള വേദിയാകുന്നതും *


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top