20 June Thursday

മട്ടന്നൂരിലെ കൊല്ലാക്കൊലയ്ക്ക് പിന്നില്‍ ബിജെപി നേതൃത്വം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 27, 2017

മട്ടന്നൂര്‍ അയ്യല്ലൂരില്‍ ജനകീയനായ ഒരു യുവഡോക്ടറെയും സാധാരണ തൊഴിലാളിയായ മറ്റൊരു യുവാവിനെയും വെട്ടിപ്പിളര്‍ന്ന ആര്‍എസ്എസിന്റെ ഭീകരതയില്‍ നാട് വിറങ്ങലിക്കുന്നു. സിപിഐ എമ്മിനോട് അനുഭാവം പുലര്‍ത്തുന്നവര്‍ എന്നതാണ് ഇവര്‍ ആക്രമണത്തിന് ഇരയാകാന്‍ കാരണം. ദേഹമാസകലം വെട്ടേറ്റ ഡോ. സുധീറിനും ശ്രീജിത്തിനും തീവ്രവേഗത്തില്‍ ലഭിച്ച പരിചരണവും ചികിത്സയുംവഴി ജീവന്‍ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ ഉണ്ടായിട്ടുണ്ട്. ഇരുവരും ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. ക്രിസ്മസ്ദിന രാത്രിയില്‍ സ്വന്തം നാട്ടിന്‍പുറത്തെ ബസാറില്‍ സുഹൃത്തുക്കളെ കാണാനിറങ്ങിയ ഡോ. സുധീര്‍ തിരിച്ചുവീട്ടിലേക്ക് നടക്കുമ്പോള്‍ സേലം രക്തസാക്ഷിമന്ദിരത്തിനുമുന്നിലാണ് അക്രമികള്‍ ചാടിവീണത്്. കാറിലും ബൈക്കിലുമായി  എത്തിയ സംഘം തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. സുധീര്‍ രക്തത്തില്‍ കുളിച്ച് വീണതോടെ, സംഘം മന്ദിരത്തിനോടനുബന്ധിച്ചുള്ള വിശ്രമകേന്ദ്രത്തില്‍ ഇരിക്കുന്ന ശ്രീജിത്തിനുനേരെ പാഞ്ഞടുത്തു. നിമിഷങ്ങള്‍ക്കകം ശ്രീജിത്തിനെയും വെട്ടിനുറുക്കി.

ആരെ ആക്രമിക്കുമ്പോഴും ആര്‍എസ്്എസ് വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് അത് നിര്‍വഹിക്കുന്നത്. ഒരു സംഘര്‍ഷവും ഇല്ലാത്തതും സിപിഐ എം സ്വാധീനമേഖലകളുമായ പ്രദേശങ്ങള്‍ തെരഞ്ഞെടുത്താണ് ഞെട്ടിക്കുന്ന ആക്രമണങ്ങള്‍ നടത്തുന്നത്. പ്രമുഖരായ സിപിഐ എം പ്രവര്‍ത്തകരുടെ അടുത്തബന്ധുക്കളായ രണ്ടുപേരെ കൊലപ്പെടുത്തി നാട്ടില്‍ കലാപത്തിന് തിരികൊളുത്തുകയായിരുന്നു ഇവിടെ ആര്‍എസ്എസ് പദ്ധതി.  ഇരിട്ടി ഗവ. ഹോമിയോ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായ സുധീര്‍ ഒരിക്കലും സജീവ രാഷ്ട്രീയപ്രവര്‍ത്തകനായിരുന്നില്ല. സ്വന്തം നാട്ടിലും ജോലിചെയ്യുന്ന പ്രദേശത്തും ഏറെ ജനപ്രീതി പിടിച്ചുപറ്റിയ ഡോക്ടറെ വധിക്കാനുള്ള ആസൂത്രണത്തിനുപിന്നില്‍ കുടിലബുദ്ധിതന്നെയുണ്ട്്. മുന്‍ മട്ടന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാനും അധ്യാപകനും സിപിഐ എം നേതാവുമായ കെ ടി ചന്ദ്രന്റെ മകനാണ് ഡോ. സുധീര്‍. നഗരസഭാ കൌണ്‍സിലറും സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ ശ്രീജയുടെ സഹോദരനായ ശ്രീജിത് കൂലിപ്പണിക്കാരനാണ്. ഏതെങ്കിലുംവിധത്തില്‍ ഈ രണ്ട് വ്യക്തികളോടും ആര്‍എസ്എസിന് വൈരാഗ്യമുള്ളതായി ആര്‍ക്കും അറിയില്ല.

പരമാവധി പ്രകോപനമുണ്ടാക്കി സിപിഐ എം പ്രവര്‍ത്തകരെ സംഘര്‍ഷത്തിന്റെ ഭാഗമാക്കാനുള്ള കരുനീക്കമാണ് ഓരോ പ്രദേശത്തും ബിജെപിയും ആര്‍എസ്എസും നടത്തുന്നത്. ഇതിനായി തെരഞ്ഞെടുക്കുന്ന ദിവസവും സമയവും ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. അവധിദിവസം രാത്രി പത്തിനുശേഷം സിപിഐ എമ്മിന്റെ ശക്തികേന്ദ്രത്തില്‍ ഇതുപോലൊരു മിന്നലാക്രമണം നടത്തിയാല്‍, നേരം വെളുക്കുംമുമ്പ് തിരിച്ചടി ഉണ്ടാകുമെന്ന് ആര്‍എസ്എസ് കണക്കുകൂട്ടി. പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്ത ദിവസമാകുമ്പോള്‍ തരംപോലെ വ്യാജപ്രചാരണം നടത്തി തങ്ങളുടെ ഭാഗം ന്യായീകരിക്കാനാകുമെന്നും പ്രതീക്ഷിച്ചു. കണ്ണൂരിലെ ആക്രമണത്തിന്റെ പേരില്‍ ബുധനാഴ്ച ഗവര്‍ണറെ കാണാന്‍ നിശ്ചയിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് രണ്ടുനാള്‍മുമ്പ് കണ്ണൂരിലെത്തിയത് വ്യക്തമായ ആസൂത്രണത്തോടെയാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ഇത്തരത്തില്‍ ഓരോ പ്രദേശത്തും കടന്നാക്രമണങ്ങള്‍ നടത്തി കുഴപ്പം കുത്തിപ്പൊക്കാനുള്ള നിരന്തരശ്രമമാണ് നടക്കുന്നത്. നിരവധി പ്രവര്‍ത്തകരുടെ ജീവനെടുത്ത സംഘപരിവാര്‍ നൂറുകണക്കിനാളുകളെ കൊല്ലാക്കൊല ചെയ്തു. കൊലപാതകത്തിന്പ്രത്യേക പരിശീലനം നേടിയ ആര്‍എസ്എസ് പ്രചാരകര്‍ വന്‍തോതില്‍ വടക്കന്‍ ജില്ലകളിലേക്ക്, പ്രത്യേകിച്ച് കണ്ണൂരില്‍ നിയോഗിക്കപ്പെട്ടു. പയ്യന്നൂര്‍, മട്ടന്നൂര്‍, തലശേരി, പാനൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രചാരകരുടെ നീക്കങ്ങള്‍. കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ ഒട്ടുമിക്ക പ്രദേശങ്ങളിലും ആര്‍എസ്എസ് ഏകപക്ഷീയ ആക്രമണങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അങ്ങേയറ്റത്തെ സംയമനംപാലിക്കാനാണ് സിപിഐ എം സന്നദ്ധമായത്. പ്രാദേശികമായി ഒറ്റപ്പെട്ട തിരിച്ചടികള്‍ക്ക് നിര്‍ബന്ധിതരായ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനും സമാധാനത്തിന് മുന്നിട്ടിറങ്ങാനും പാര്‍ടി നേതൃത്വം ജാഗ്രത പുലര്‍ത്തി. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൈയില്‍ ബിജെപി സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തി സമാധാനം സ്ഥാപിക്കാന്‍ സിപിഐ എം മുന്നിട്ടിറങ്ങി. ഈ പ്രവര്‍ത്തനങ്ങളെയെല്ലാം അട്ടിമറിക്കുന്ന പ്രത്യക്ഷ ആക്രമണങ്ങളും ഗൂഢപ്രവൃത്തികളുമാണ് ബിജെപി നടത്തിയത്. ദേശവ്യാപകമായി വ്യാജപ്രചാരണം നടത്തി സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ബിജെപി ശ്രമിച്ചത്. ഇതിനായി വന്‍ തയ്യാറെടുപ്പോടെ നടത്തിയ കേരളരക്ഷാ യാത്ര ചീറ്റിപ്പോയി. യാഥാര്‍ഥ്യം മനസ്സിലാക്കിയ ദേശീയ മാധ്യമങ്ങള്‍ ബിജെപിയെ തുറന്നുകാട്ടി. ഇതോടെ കൂടുതല്‍ പ്രതികാരബുദ്ധിയോടെ ആര്‍എസ്എസ് ആക്രമണം തുടര്‍ന്നു.

ഏതാനും മാസങ്ങളായി തലശേരി, പാനൂര്‍, മട്ടന്നൂര്‍ മേഖലകളില്‍ ആര്‍എസ്എസ് നടത്തിയ വലുതും ചെറുതുമായ അതിക്രമങ്ങള്‍ക്ക് കൈയും കണക്കുമില്ല. ഒടുവില്‍ സംസ്ഥാന പ്രസിഡന്റ് നേരിട്ടെത്തി ആക്രമണത്തിന് ഗൂഢാലോചന നടത്തുന്ന ആപല്‍ക്കരമായ സ്ഥിതിയിലേക്ക് ബിജെപി എത്തിയിരിക്കുന്നു. കണ്ണൂരില്‍ ഗവര്‍ണറെ ആക്ഷേപിച്ചശേഷമാണ് കുമ്മനം രാജശേഖരനും സംഘവും  മട്ടന്നൂരില്‍ എത്തിയത്. അവിടെ നടന്ന ഗൂഢാലോചനയുടെ വിവരങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ജനങ്ങളോട് ഏറെ പ്രതിബദ്ധതയോടെ വൈദ്യവൃത്തി നിര്‍വഹിച്ച ഒരു ഡോക്ടറെയും നിരപരാധിയായ ഒരു തൊഴിലാളിയെയും ഒന്നിച്ച് കൊലചെയ്യാന്‍ നടന്ന നീചശ്രമത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കുമ്മനത്തിനും ബിജെപി നേതൃത്വത്തിനും ഒഴിയാനാകില്ല. നാടിന്റെ സമാധാനം തകര്‍ക്കാന്‍ വൈരാഗ്യപൂര്‍വം പ്രവര്‍ത്തിക്കുന്ന ഈ ദുഷ്ടശക്തികളെ നിലയ്ക്കുനിര്‍ത്താന്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം. ഉയര്‍ന്നുവരുന്ന ജനവികാരത്തിനുമുന്നില്‍ ആയുധം താഴെവയ്ക്കാന്‍ അക്രമകാരികള്‍ നിര്‍ബന്ധിതരാകും * 

പ്രധാന വാർത്തകൾ
 Top