30 May Tuesday

കരുത്താർജിക്കുന്ന കർഷകപ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020


കൃഷിചെയ്‌തു ജീവിക്കുന്ന അസംഖ്യം മനുഷ്യർ ഇന്ന്‌ ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിലനിൽപ്പിനുള്ള പോരാട്ടത്തിലാണ്‌. ഇതുവരെ കൃഷി അനാദായകരവും  നഷ്ടവുമായിരുന്നെങ്കിലും പിടിച്ചുനിന്നു. ഇപ്പോൾ മണ്ണിന്റെ അവകാശികൾ കൃഷിയിൽനിന്നുതന്നെ പറിച്ചുമാറ്റപ്പെട്ടിരിക്കുന്നു. കർഷകന്റെ  അധ്വാനഫലത്തിനു വിലയിടാനും വാങ്ങിക്കൂട്ടാനും കുത്തക സംരംഭങ്ങൾക്ക്‌ കേന്ദ്ര സർക്കാർ വഴിയൊരുക്കി.  മണ്ണിൽ വിയർപ്പൊഴുക്കുന്നവന്റെ  മനസ്സും വികാരവും  കാണാതെ  കോർപറേറ്റുസേവ തുടരുകയാണവർ. ഇതിനെതിരെ അതിശക്തമായ പ്രതിരോധമാണ്‌ രാജ്യമെമ്പാടും, പ്രത്യേകിച്ച്‌ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അലയടിക്കുന്നത്‌.  എൻഡിഎ സർക്കാർ  രാജ്യസഭയെ  നോക്കുകുത്തിയാക്കി അടിച്ചേൽപ്പിച്ച മൂന്നു നിയമമാണ്‌ കർഷകഹൃദയങ്ങളിൽ നെരിപ്പോടു തീർത്തത്‌. ഒപ്പം, വൈദ്യുതി സ്വകാര്യവൽക്കരണംപോലുള്ള കരിനിയമങ്ങളും. എല്ലാത്തിന്റെയും കാതൽ  പൊതുമേഖല വിൽപ്പനയും കോർപറേറ്റുവൽക്കരണവും.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ സംസ്ഥാനലിസ്റ്റിൽ ഉൾപ്പെടുന്നതാണ്‌ കാർഷിക- കമ്പോള സംവിധാനങ്ങൾ. ഇതിൽ കേന്ദ്രം ഏകപക്ഷീയമായി,  അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തിയത്‌ ഫെഡറൽ വ്യവസ്ഥയ്‌ക്കും സംസ്ഥാനങ്ങൾക്കും മേലുള്ള കടന്നാക്രമണമാണ്‌. കർഷക ജനസാമാന്യത്തെ കമ്പോള താൽപ്പര്യങ്ങളിൽനിന്ന്‌ രക്ഷിച്ചുനിർത്താനുള്ള നിയമനിർമാണങ്ങൾ സ്വാതന്ത്ര്യപ്രാപ്‌തിയോളം വിലമതിക്കപ്പെട്ട നടപടികളായിരുന്നു. ഉൽപ്പന്നങ്ങൾക്ക്‌ കുറഞ്ഞ താങ്ങുവില എന്ന പരിരക്ഷ ഇല്ലാതാക്കിയതോടെ  കർഷകർ നിരാലംബരായി. ഉൽപ്പാദനച്ചെലവും അതിന്റെ പകുതിയും ചേർത്ത്‌ താങ്ങുവില നിയമാനുസൃതമാക്കണമെന്ന‌ സ്വാമിനാഥൻ കമീഷൻ ശുപാർശ ചർച്ചചെയ്യപ്പെടുന്ന ഘട്ടത്തിലാണ്‌ മോഡി സർക്കാർ ഈ കടുംകൈ കാണിച്ചത്‌.  കൃഷിയുടെ കോർപറേറ്റുവൽക്കരണത്തിലൂടെ ഇന്ത്യക്ക്‌ ആദ്യം നഷ്ടമാകുക ഭക്ഷ്യസുരക്ഷയാണ്‌. ഇന്ത്യക്കാർക്ക്‌ ഭക്ഷ്യാവശ്യത്തിനുള്ളത്‌ ഇവിടെ ഉൽപ്പാദിപ്പിക്കുക എന്നതായിരിക്കില്ല കോർപറേറ്റുകളുടെ മുൻഗണന.  കാലാവസ്ഥയ്‌ക്ക്‌ അനുയോജ്യമായത്‌ ഇവിടെ വൻതോതിൽ വിളയിക്കുക എന്നതാകും അവരുടെ രീതി.  സ്വകാര്യ കുത്തകകളുടെ കരാർ-കൃഷിയുടെ  സുപ്രധാനഫലം  ഭക്ഷ്യധാന്യങ്ങളിൽനിന്ന്‌ ഇതരവിളകളിലേക്കുള്ള മാറ്റമാണ്‌. ഭക്ഷ്യസാധനങ്ങൾ ഇറക്കുമതി ചെയ്യാമല്ലോ എന്ന ലളിതയുക്തിയും അവർ മുന്നോട്ടുവയ്‌‌ക്കും.


 

കൃഷി വെറും വ്യവസായമായി പരിവർത്തിക്കപ്പെടുമ്പോൾ അരഞ്ഞുപോകുന്നത്‌ കർഷകജീവിതം മാത്രമായിരിക്കില്ല; ജനങ്ങളുടെ ഭക്ഷ്യശീലങ്ങൾകൂടിയായിരിക്കും. കമ്പോളത്തിൽനിന്ന്‌ എന്തും വാങ്ങാൻ കിട്ടിയെന്നുവരും; അവർ നിശ്‌ചയിക്കുന്ന വിലയ്‌ക്ക്‌. ഇന്ത്യൻ വയലുകളിൽ യഥേഷ്ടം വിളഞ്ഞതും  നാം ഭക്ഷിച്ചു ശീലിച്ചതുമായ ഉൽപ്പന്നങ്ങളുടെ വില  നാം കേട്ടു പരിചയിച്ചതാകില്ലെന്നുമാത്രം. ഇങ്ങനെ കർഷകനെയും ഉപഭോക്താക്കളെയും ഒരേസമയം കൊള്ളയടിക്കുന്ന  നിയമഭേദഗതികളാണ്‌ രാജ്യസഭയിൽ ഭൂരിപക്ഷംപോലുമില്ലാതെ മോഡി സർക്കാർ നടപ്പാക്കുന്നത്‌.  കാർഷികോൽപ്പന്ന വ്യാപാര–-വാണിജ്യ  (പ്രോത്സാഹനവും സൗകര്യമൊരുക്കലും) ബിൽ, വില ഉറപ്പിനും കാർഷികസേവനങ്ങൾക്കും വേണ്ടിയുള്ള കർഷകശാക്തീകരണ, സംരക്ഷണ ബിൽ എന്നിങ്ങനെയാണ്‌ ഈ കരിനിയമങ്ങൾക്ക്‌ പേരു നൽകിയെന്നതും വിരോധാഭാസം‌. ജനാധിപത്യഭരണം ഇന്ത്യക്ക്‌ സമ്മാനിച്ച ഹരിതവിപ്ലവവും ഭക്ഷ്യസുരക്ഷയും പഴങ്കഥയാകുന്ന കാലം അകലെയല്ല.

ഇന്ത്യൻ കർഷകൻ വിശ്രമമില്ലാത്ത പോരാട്ടത്തിലേക്ക്‌ എടുത്തെറിയപ്പെട്ടിട്ട്‌  ഒരു മാസം പിന്നിട്ടെങ്കിലും മോഡി ഭരണം പുനഃപരിശോധനയ്‌ക്ക്‌ തയ്യാറായിട്ടില്ല. ഭക്ഷ്യധാന്യക്കലവറയായ പഞ്ചാബ്‌ തന്നെയാണ്‌ കർഷകപ്രതിരോധത്തിന്റെ ഹൃദയഭൂമി. ഇതര ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കർഷകസമരങ്ങൾ കത്തിപ്പടരുകയാണ്‌.  സർക്കാർ താങ്ങുവില നൽകി നടത്തുന്ന ധാന്യസംഭരണം ‌ അവസാനിക്കുന്നതോടെ തങ്ങളുടെ കൃഷി പ്രതിസന്ധിയിലാകുമെന്ന അനുഭവജ്ഞാനമുള്ളവരാണ്‌‌ ഇവിടങ്ങളിലെ കർഷകർ. എഫ്‌സിഐ സംഭരണശൃംഖലയ്‌ക്ക്‌ പകരമെത്തുന്ന കോർപറേറ്റ്‌ ശീതീകരണ പ്ലാന്റുകൾ തങ്ങളുടെ ജീവിതത്തിൽ  കരിനിഴൽവീഴ്‌ത്തുന്നതും ‌അവർ തിരിച്ചറിഞ്ഞു. കരാറുറപ്പിച്ച്‌  മുൻകൂർ പണം നൽകിയുള്ള ചൂഷണത്തിന്റെ പുതിയ തലങ്ങളാണ്‌ ഇനി വരാനിരിക്കുന്നത്‌. വില മാത്രമല്ല, ഇനി വിളയും കരാർമുതലാളി നിശ്‌ചയിക്കും. സ്വന്തം ഭൂമിയിൽ അടിമപ്പണി ചെയ്യുന്നവരാകും ഇനി ഇന്ത്യൻ കർഷകർ.


 

ചൂടുപിടിക്കുന്ന കർഷകസമരങ്ങൾക്കൊപ്പം പ്രതിരോധത്തിന്റെ  നിയമവഴികളും ചില സംസ്ഥാനങ്ങൾ തേടാൻ തയ്യാറായി. കേന്ദ്രത്തിന്റെ കർഷകവിരുദ്ധ നിയമങ്ങളിൽനിന്ന്‌  പരിരക്ഷതേടി പഞ്ചാബ്‌ നിയമസഭ ഏകകണ്‌ഠമായി പാസാക്കിയ ബില്ലുകളും പ്രമേയങ്ങളും ഇത്തരത്തിലുള്ളതാണ്‌. നിയമസാധുതയ്‌ക്കപ്പുറം കർഷകന്റെ കണ്ണീരും    പോരാട്ടവീറുമാണ്‌ ‌ നിയമസഭയിൽ ഏകശബ്ദമായി ഉയർന്നത്‌. രാജസഥാൻ, ഛത്തീസ്‌ഗഢ്‌‌‌ തുടങ്ങിയ സംസ്ഥാനങ്ങളും ഈ വഴിക്കു നീങ്ങുമെന്ന്‌  പ്രഖ്യാപിച്ചിട്ടുണ്ട്‌. കൂടുതൽ സംസ്ഥാനങ്ങൾ ഇത്തരത്തിൽ പ്രതിരോധം തീർക്കാൻ നിർബന്ധിതമാകും.  സർക്കാർ കാർഷികോൽപ്പന്ന സംഭരണത്തിൽനിന്ന്‌ പിൻമാറുമ്പോൾ, കോർപറേറ്റുവൽക്കരണത്തിന്‌ ബദലായി സഹകരണമേഖല  ഉൾപ്പെടെയുള്ള സമാന്തര സംവിധാനങ്ങളുടെ സാധ്യതകൾ ആരായണം. കോവിഡ്‌ കാലമായിട്ടും  റാലികളും റോഡ്–- റെയിൽ തടയലുമൊക്കെയായി കർഷകസമരങ്ങൾ ശക്തിപ്പെടുകയാണ്‌. അഖിലേന്ത്യാ കിസാൻസഭയും കർഷകസംഘടനകളുടെ കൂട്ടായ്‌മകളും സമരത്തിന്‌ ശരിയായ ദിശാബോധം പകരുന്നുണ്ട്‌. നവംബർ 26ന്റെ  ദേശീയപണിമുടക്ക്‌ പ്രചാരണവുമായി  കണ്ണിചേർത്ത്‌ കർഷകപ്രക്ഷോഭത്തിന്റെ അലകൾ കൂടുതൽ ഇടങ്ങളിലേക്ക്‌ വ്യാപിക്കുകയാണ്‌. ജനവിരുദ്ധനയങ്ങൾ തിരുത്തിക്കാനുള്ള കർഷക –- തൊഴിലാളി ഐക്യനിരയ്ക്ക്‌ ‌ ഈ പോരാട്ടങ്ങൾ നാന്ദികുറിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top