29 January Sunday

ഇന്ത്യൻ താൽപ്പര്യങ്ങൾ സംരക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2019

അഞ്ചരവർഷമായി അധികാരത്തിൽ തുടരുന്ന നരേന്ദ്ര മോഡി സർക്കാർ കർഷകരുടെയും തൊഴിലാളികളുടെയും താൽപ്പര്യങ്ങൾ ഹനിക്കുന്ന നയങ്ങളാണ്‌ തുടർച്ചയായി സ്വീകരിച്ചുവരുന്നത്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്നും വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ഒന്നാം മോഡി സർക്കാർ അത് പാലിക്കാൻ ചെറുവിരൽപോലും അനക്കിയില്ല. രണ്ടാമതും അധികാരത്തിൽ വന്നപ്പോഴാകട്ടെ കർഷകരുടെയും തൊഴിലാളികളുടെയും നടുവൊടിക്കുന്ന മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (ആർസിഇപി) നടപ്പാക്കാനുള്ള തിടുക്കത്തിലാണ്. ചെറുകിട–-ഇടത്തരം കർഷകരെ ദോഷകരമായി ബാധിക്കുന്നതാണ് ഈ കരാർ.

ആസിയൻ രാജ്യങ്ങളും ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുമാണ് ആർസിഇപി കരാറിൽ ഒപ്പുവയ്‌ക്കുന്നത്. നവംബർ നാലിന് ചേരുന്ന നേതാക്കളുടെ ഉച്ചകോടിയിൽ ഈ കരാറിൽ ഒപ്പുവയ്‌ക്കാനിണിട. കാർഷിക–-ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന നടപടിയായിരിക്കും ഇത്. കരാർ ഒപ്പിടുന്നതോടെ കാർഷിക ക്ഷീര വ്യാവസായിക ഉൽപ്പന്നങ്ങൾ വൻതോതിൽ ഇന്ത്യൻ കമ്പോളത്തിൽ ഇറക്കുമതിചെയ്യപ്പെടും. സ്വാഭാവികമായും ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വിലകുറയും. ആസിയൻ കരാറിൽ ഒപ്പുവച്ചതോടെതന്നെ ഇന്ത്യൻ കാർഷികരംഗം കടുത്ത പ്രതിസന്ധിയിലായിരുന്നു. കേരളത്തെയാണ് അത് ഏറെയും ബാധിച്ചത്. അത് ഒന്നുകൂടി മൂർച്ഛിപ്പിക്കുന്നതായിരിക്കും പുതിയ കരാർ.

ലോകത്തെമ്പാടും നവഉദാരവൽക്കരണനയം സ്വീകരിച്ച രാഷ്ട്രങ്ങൾ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. അതിനെതിരെ ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലുമടക്കം വൻ പ്രക്ഷോഭങ്ങളും നടന്നുവരികയാണ്. ഈ ലോകപാഠമൊന്നും ഉൾക്കൊള്ളാതെ നവ ഉദാരവൽക്കരണ നയങ്ങളുമായി മുന്നോട്ടുപോകുകയാണ് മോഡി സർക്കാരെന്ന് ആർസിഇപി കരാർ ഒപ്പുവയ്‌ക്കാനുള്ള നീക്കം തെളിയിക്കുന്നു.

ആർസിഇപി കരാറിൽ ഒപ്പുവച്ചാൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാകുന്നത് ക്ഷീരമേഖലയായിരിക്കും. രാജ്യത്ത് പത്ത് കോടി കുടുംബങ്ങളാണ് ക്ഷീരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. കേരളത്തിലും 10 ലക്ഷം കുടുംബങ്ങൾ ഉപജീവനം ഈ മേഖലയെ ആശ്രയിച്ചാണ്. സഹകരണ പ്രസ്ഥാനങ്ങൾ ഈ മേഖലയിൽ ശക്തമായതുകൊണ്ടുതന്നെ പാൽവിലയുടെ 70 ശതമാനത്തോളം കർഷകർക്ക് ലഭിക്കുന്ന മേഖലയുമാണിത്. നിലവിൽ പാലിനും പാലുൽപ്പന്നങ്ങൾക്കും 64 ശതമാനം ഇറക്കുമതി തീരുവയുണ്ട്. ആർസിഇപി കരാർ നിലവിൽ വരുന്നതോടെ തീരുവ കുറയുമെന്നതിൽ സംശയമില്ല. ഇറക്കുമതി തീരുവ പൂജ്യമാക്കണമെന്നാണ് ന്യൂസിലൻഡുപോലുള്ള രാജ്യങ്ങൾ ആവശ്യപ്പെടുന്നത്.

അങ്ങനെ വന്നാൽ വിലകുറഞ്ഞ പാലുൽപ്പന്നങ്ങളും വൻതോതിൽ ഇന്ത്യയിൽ ഇറക്കുമതി ചെയ്യപ്പെടും. ലോകത്തിൽതന്നെ ഏറ്റവും കൂടുതൽ പാലുൽപ്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളിലൊന്നായ ന്യൂസിലൻഡിൽ വിലകുറഞ്ഞ പാലുൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഒഴുകുന്നതോടെ ഇന്ത്യൻ ക്ഷീര കർഷകന്റെ പാലുൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ കുറയും. ഇതവരുടെ ഉപജീവനമാർഗം അടയ്‌ക്കുകയും ചെയ്യും. ഇത് ഒരുദാഹരണംമാത്രം. പച്ചക്കറികൾ, മത്സ്യം, ധാന്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കാര്യവും വ്യത്യസ്തമല്ല. ആസിയൻ കരാറും സ്വതന്ത്ര വ്യാപാര കരാറുകളും നിലവിൽ വന്നതോടെ റബറിന്റെയും മറ്റും ഇറക്കുമതി വർധിച്ചതും വില ഇടിഞ്ഞതും കേരളത്തിന് അനുഭവമുള്ളതാണ്. ഇത് കൂടുതൽ രൂക്ഷമാക്കാനേ ആർസിഇപി കരാർ ഒപ്പുവയ്‌ക്കുന്നത് സഹായിക്കൂ.

വ്യാവസായിക മേഖലയെയും കരാർ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ചും ഓട്ടോമൊബൈൽ, സ്റ്റീൽ, കോപ്പർ അലുമനിയം, ടെക്‌സ്‌റ്റൈൽ തുടങ്ങിയ മേഖലയെയാണ് കൂടുതൽ ബാധിക്കുക. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ഘട്ടത്തിൽ അത് വീണ്ടും രൂക്ഷമാകുന്ന കരാറിൽ ഒപ്പുവയ്‌ക്കുന്നത് ഒട്ടും ആശാസ്യമല്ല. പ്രതിസന്ധി രൂക്ഷമാക്കാനും തൊഴിലില്ലായ്മ വർധിപ്പിക്കാനും മാത്രമേ ഇത് സഹായിക്കൂ. അതിനാൽ, ആർസിഇപി കരാർ പുനഃപരിശോധിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ പരിഗണിക്കണം. ഇന്ത്യൻ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. അതിനവരെ നിർബന്ധിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണം. ആർസിഇപി കരാറിനെതിരെ ദേശവ്യാപകമായി പ്രതിഷേധം ഉയരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top