09 October Wednesday

സങ്കടത്തിരയിലും ഉയർന്നു കേരളമെന്ന ഒറ്റമനുഷ്യൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024


സമീപകാലത്തൊന്നും ഒരാൾക്കായി കേരളം ഇത്രസമയം കാത്തിരുന്നിട്ടില്ല. ഒരു കുടുംബത്തിന്റെ വേദന ഇത്രത്തോളം കേരളത്തെ അലട്ടിയിട്ടുമില്ല. ഒടുവിൽ 72–-ാം നാൾ ഉത്തര കർണാടക ജില്ലയിൽ അങ്കോളയ്‌ക്കടുത്ത്‌ ഷിരൂരിൽ ഗംഗാവലിപ്പുഴയിൽനിന്ന്‌ കേരളത്തിന്റെ കാത്തിരിപ്പിനുള്ള ഉത്തരം ലഭിച്ചു. കോഴിക്കോട്‌ കണ്ണാടിക്കൽ സ്വദേശി അർജുൻ ഇനിയില്ല എന്നുറപ്പായി. ഡിഎൻഎ പരിശോധനയെന്ന സാങ്കേതികത്വം മാത്രമേ ബാക്കിയുള്ളൂ. മൃതദേഹം ഏറ്റുവാങ്ങാൻ സങ്കടത്തോടെ കാത്തിരിക്കുകയാണ്‌ കേരളം.

കഴിഞ്ഞ ജൂലൈ 16ന്‌ രാവിലെ എട്ടരയ്‌ക്കുള്ള മണ്ണിടിച്ചിലിൽ, ദേശീയപാത 66ൽ ഷിരൂരിലാണ്‌ ട്രക്കിനൊപ്പം അർജുൻ ഗംഗാവലിപ്പുഴയിൽ പതിച്ചത്‌. 73 മണിക്കൂർ കഴിഞ്ഞ ശേഷമാണ്‌, അർജുന്റെ വീട്ടുകാരുടെ സങ്കടപ്പുഴ, കടലായി കേരളത്തിൽ പടർന്നത്‌. അന്ന്‌ കേരളം ഒറ്റമനുഷ്യനായി എഴുന്നേറ്റുനിന്ന്‌ അർജുന്റെ തിരിച്ചുവരവിനായി പൊരുതി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങളാകെ ഷിരൂരിൽ കാര്യക്ഷമമായ തിരച്ചിലിനായി, കർണാടകത്തിൽ സമ്മർദംചെലുത്തി. ആദ്യത്തെ അലംഭാവം വെടിഞ്ഞ്‌ കർണാടകത്തിനും തിരച്ചിൽ ശക്തമാക്കേണ്ടി വന്നു. ജൂലൈ 19 മുതൽ കഴിഞ്ഞ ബുധൻവരെ മൂന്നുഘട്ടമായി നടത്തിയ തിരച്ചിലാണ്‌ ഒടുവിൽ ഫലം കണ്ടത്‌. ജൂലൈ 19 മുതൽ 29 വരെയും ആഗസ്‌ത്‌ 13 മുതൽ 16 വരെയും നടന്ന രണ്ടുഘട്ട തിരച്ചിലിലും ഫലം കാണാതെ വന്നതോടെ, മുഖ്യമന്ത്രിക്ക്‌ കർണാടക മുഖ്യമന്ത്രിക്ക്‌ വീണ്ടും കത്തെഴുതേണ്ടി വന്നു. ഇതിനിടയിൽ ഷിരൂരിലെത്തിയ മന്ത്രി പി എ മുഹമ്മദ്‌ റിയാസും എ കെ ശശീന്ദ്രനും കൂടുതൽ മികച്ച ഉപകരണങ്ങൾ എത്തിക്കണമെന്ന്‌ കർണാടകത്തോട്‌ അഭ്യർഥിച്ചു. സുപ്രീംകോടതിയിൽ മലയാളി അഭിഭാഷകൻ നൽകിയ ഹർജിയിൽ, കർണാടക ഹൈക്കോടതിയും ഇടപെട്ടു. ഇതോടെയാണ്‌ സെപ്‌തംബർ 17 ന്‌ ഗോവയിൽനിന്ന് കൂറ്റൻ ഡ്രഡ്‌ജർ എത്തിച്ച്‌ തിരച്ചിൽ നടത്താൻ കർണാടകം തീരുമാനിക്കുന്നത്‌. ഒരുകോടി രൂപയോളം ചെലവിട്ട്‌ അതെത്തി, തിരച്ചിൽ തുടങ്ങി നാലാംനാളാണ്‌ ശരീരഭാഗം മാത്രമായി അർജുനെ ഗംഗാവലിപ്പുഴ തിരികെ തന്നത്‌.

നീണ്ട കാത്തിരിപ്പിനും കടുത്ത സങ്കടത്തിനും അപ്പുറം, അർജുനായുള്ള തിരച്ചിൽ കേരളമെന്ന ഒറ്റമനസ്സിന്റെ എക്കാലത്തെയും തിളങ്ങുന്ന ഉദാഹരണമാണ്‌. ‘‘പുഴയിൽ വീണ ട്രക്കും അതിലെ ഡ്രൈവറും കേരള രാഷ്ട്രീയത്തിൽ അത്രയ്‌ക്കും വിഐപിയാണോ? അതോ, കേരള മുഖ്യമന്ത്രിയുടെ ബന്ധുവാണോ?’’–- തിരച്ചിലിനെത്തിയ മലയാളികളോട്‌, അവിടത്തുകാർ ചോദിച്ച ചോദ്യമിതാണ്‌. അർജുൻ എന്ന ട്രക്ക്‌ ഡ്രൈവർപോലും കേരളത്തിൽ വിഐപിയാണ്‌ എന്നാണ്‌ കർണാടകത്തിന്റെ സംവിധാനത്തെ നോക്കി ട്രക്കുടമ മനാഫ്‌ അന്ന്‌ പ്രതികരിച്ചത്‌.

തിരച്ചിലിൽ ഫലം വൈകുന്നതോടെ, സമൂഹമാധ്യമങ്ങളിൽ വന്ന ചില പ്രതികരണങ്ങളും ഈ സമയം കാണാതിരുന്നുകൂടാ. കണ്ണീർ വറ്റിയ അർജുന്റെ കുടുംബത്തെയും ട്രക്കുടമ മനാഫിനെയും നിർലജ്ജം അപഹസിക്കാനും ‘ഖേരള’ മെന്ന്‌ പരിഹസിക്കുന്ന ചിലർ തയ്യാറായി. അതിനുള്ള മറുപടികൂടിയാണ്‌ മനാഫ്‌, ട്രക്ക്‌ കണ്ടെത്തിയ നിമിഷം ലോകത്തോട്‌ പറഞ്ഞത്‌. ‘എനിക്ക്‌ ട്രക്കുവേണ്ട, അത്‌ പുഴയിൽ തള്ളിയേക്കൂ; ചേതനയറ്റെങ്കിലും അർജുനെ മാത്രം മതി. അതവന്റെ അമ്മയ്‌ക്ക്‌ ഞാൻ നൽകിയ വാക്കാണ്‌’–- കേരള മനഃസാക്ഷിയുടെ വിങ്ങുന്ന മറുപടിയാണ്‌ മനാഫിലൂടെ പുറത്തുവന്നത്‌. നമ്മളിങ്ങനെയാണ്‌, കേരളമിങ്ങനെയാണ്‌. ഏത്‌ ദുരന്തമുഖത്തും കേരളമെന്ന ഒറ്റമനുഷ്യൻ, മനാഫായും അദ്ദേഹത്തിന്റെ ജാതി മത ഭേദമില്ലാത്ത സൗഹൃദമായും അതിജീവിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക്‌ നന്ദി അറിയിച്ച്‌ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഇങ്ങനെ പറയുന്നു  ‘തിരച്ചിൽ ഊർജിതപ്പെടുത്തുന്നതിനായി മനാഫ് നടത്തിയ ഇടപെടൽ ഉന്നതമായ മാനവികതയുടെ ഉദാത്ത മാതൃകകൂടിയാണ്’–- ഇത്തരം ഉദാത്തമായ, മാനവികമായ വറ്റാത്ത മാതൃകകൂടിയാണ്‌ കേരളം എന്ന്‌ ഒരിക്കൽക്കൂടി ഷിരൂർ സംഭവങ്ങൾ അടിവരയിടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top