02 April Sunday

വികസനം തടയാൻ തുടരെ അക്രമം

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022


കോൺഗ്രസ്‌ തുടർച്ചയായി നടത്തുന്ന അക്രമങ്ങൾ നാടിന്റെ സ്വൈര്യം കെടുത്തുകയാണ്‌. സിറ്റിങ് സീറ്റായ തൃക്കാക്കരയിൽ വിജയിച്ചതിന്റെ തൊട്ടടുത്ത ദിവസം തുടങ്ങിയ അക്രമമാണ്‌ നിർബാധം തുടരുന്നത്‌.  മുഖ്യമന്ത്രിക്കെതിരെ സ്വർണക്കടത്തുകേസിലെ പ്രതി നിരത്തിയ ദുരാരോപണത്തെ കൂട്ടുപിടിച്ചാണ്‌ യുഡിഎഫും ബിജെപിയും അക്രമങ്ങൾ അഴിച്ചുവിട്ടത്‌. ആർഎസ്‌എസ്‌ ഗൂഢാലോചനയിൽ രൂപംകൊണ്ടതാണ്‌ ആരോപണമെന്ന്‌ തെളിഞ്ഞതോടെ ബിജെപി തൽക്കാലം രംഗംവിട്ടു. കോൺഗ്രസ്‌ കാരണങ്ങൾ പടച്ചുണ്ടാക്കി അക്രമം മുന്നോട്ടുകൊണ്ടുപോകുകയാണ്‌. പൊലീസിനെ കടന്നാക്രമിക്കുന്നു. സിപിഐ എമ്മിന്റെ ഓഫീസുകളും പ്രചാരണങ്ങളും നശിപ്പിക്കുന്നു. സിപിഐ എം പതാക കത്തിക്കുന്നു. എന്തു ചെയ്‌തും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാനാണ്‌ ശ്രമം. തൊട്ടുമുമ്പ്‌ കെ–-റെയിൽ പദ്ധതിയുടെ പേരിലായിരുന്നു അക്രമം.

മൂന്ന്‌ യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾ വിമാനത്തിൽ മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ചതടക്കം ആപൽക്കരമായ നീക്കങ്ങളുണ്ടായി. അതീവ സുരക്ഷാമേഖലയിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത്‌ വൻപ്രതിഷേധത്തിന്‌ വഴിവച്ചു. ഒറ്റപ്പെട്ട, നിസ്സാര സംഭവങ്ങൾ പെരുപ്പിച്ച്‌ സംസ്ഥാന വ്യാപകമായി കോൺഗ്രസ്‌ അക്രമം നടത്തി. ഇതേസമയം, അഞ്ചു ദിവസം രാഹുൽ ഗാന്ധിയെ ഇഡി ചോദ്യംചെയ്‌തു. സിപിഐ എം വിരുദ്ധ സമരംവിട്ട്‌ നാലാംദിവസമാണ്‌ കേരളത്തിലെ കോൺഗ്രസ്‌ രാഹുലിനുവേണ്ടി ശബ്ദിച്ചത്‌. ബിജെപിയുടെ ഉച്ഛിഷ്ടം അകത്താക്കി തെരുവിൽ ഛർദിച്ചുകൊണ്ടിരുന്ന കോൺഗ്രസുകാർക്ക്‌, ഇപ്പോൾ കാണിക്കുന്നതിന്റെ നൂറിലൊന്ന്‌ രോഷംപോലും രാഹുൽ ഇഡിയുടെ കസ്റ്റഡിയിൽ കഴിയുമ്പോൾ ഉണ്ടായിരുന്നില്ല.

കൽപ്പറ്റയിലെ എംപി ഓഫീസിൽ വിദ്യാർഥികൾ കാണിച്ച അതിക്രമം നീതീകരണം ഇല്ലാത്തതാണ്‌. അത്‌ തുറന്നുപറയാൻ സിപിഐ എമ്മിനോ, മാർച്ച്‌ സംഘടിപ്പിച്ച എസ്എഫ്‌ഐക്കോ ഒരുനിമിഷം ആലോചിക്കേണ്ടിവന്നില്ല. കുറ്റം ചെയ്‌തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന്‌ മുഖ്യമന്ത്രിയും അക്രമം അംഗീകരിക്കില്ലെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി ഉൾപ്പെടെ മുഴുവൻ നേതാക്കളും വ്യക്തമാക്കി. ഇതെല്ലാം തള്ളി, അക്രമത്തിന്‌ അണികളെ അഴിച്ചുവിടുന്ന ആക്രോശമാണ്‌ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മറ്റെല്ലാ കോൺഗ്രസ്‌ നേതാക്കളും നടത്തിയത്‌. പിന്നീട്‌ കേരളമെങ്ങും കണ്ടത്‌ അക്രമപ്പേക്കൂത്തുകൾ.

വിദ്യാർഥികൾ ഓഫീസിൽ അതിക്രമിച്ചു കയറി കസേരയിൽ രാഹുലിന്റെ ഫോട്ടോയും വാഴയുംവച്ച്‌ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളാണ്‌ ആദ്യം പുറത്തുവന്നത്‌. വിദ്യാർഥികളെ പുറത്താക്കിയശേഷം ഗാന്ധിജിയുടെ പടം നിലത്തിട്ട്‌ തല്ലിപ്പൊട്ടിച്ചത്‌ കോൺഗ്രസുകാരാണെന്ന്‌ പ്രമുഖ ചാനലുകളുടെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്‌. ഇക്കാര്യം ഡിസിസി ഓഫീസിലെ വാർത്താസമ്മേളനത്തിൽ ദേശാഭിമാനി പ്രതിനിധി ചോദിച്ചതാണ്‌ പ്രതിപക്ഷ നേതാവിന്റെ സമനില തെറ്റിച്ചത്‌. പത്രപ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറിയെ കൈയേറ്റം ചെയ്‌തതും കൈയറുക്കുമെന്ന്‌ അലറിവിളിച്ചതും ഡിസിസി ഭാരവാഹിയാണ്‌. ഇതിന്റെ തുടർച്ചയാണ്‌ ദേശാഭിമാനി ജില്ലാ ഓഫീസിന്‌ നേരെ നടന്ന ആക്രമണം. സംഘടിതവും ആസൂത്രിതവുമായ ആക്രമണത്തിന്‌ നേതൃത്വം നൽകിയത്‌ കെഎസ്‌യു സംസ്ഥാന പ്രസിഡന്റും ഡിസിസി നേതാക്കളുമാണ്‌.

ഗാന്ധിജിയുടെ ചിത്രം തല്ലിപ്പൊട്ടിച്ച്‌, എസ്‌എഫ്‌ഐക്കാരുടെ തലയിലിട്ട്‌ അക്രമത്തിന്‌ എണ്ണപകരാൻ ശ്രമിച്ചതുപോലുള്ള നിരവധി ചെയ്‌തികൾ മുമ്പും കോൺഗ്രസിന്റെ അക്കൗണ്ടിലുണ്ട്‌. തൃക്കാക്കര തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്താൻ അശ്ലീല വീഡിയോ നിർമിച്ചവരാണ്‌ യുഡിഎഫുകാർ. സ്വന്തം വീടിന്‌ തീവയ്‌ക്കുക, കല്ലെറിയുക, കോമ്പസ്‌ കൊണ്ട്‌ പുറത്തുവരയ്‌ക്കുക, മുടിമുറിക്കുക, സമരത്തിന്‌ പോകുമ്പോൾ ചുവന്ന മഷിക്കുപ്പി കൊണ്ടുപോകുക ഇങ്ങനെയൊക്കെയാണ്‌ കോൺഗ്രസിന്റെ രീതികൾ. ഇതെല്ലാം സിപിഐ എമ്മിന്റെ തലയിൽ കെട്ടിവയ്‌ക്കാൻ ചില മാധ്യമങ്ങളും. ഇല്ലാക്കഥകൾ മെനഞ്ഞ്‌ യുഡിഎഫിനും ബിജെപിക്കും വിടുവേല ചെയ്യുന്ന മാധ്യമങ്ങൾ അപഹാസ്യരായി മാറിക്കഴിഞ്ഞു.

എംപി ഓഫീസിൽ വിദ്യാർഥികൾ കാണിച്ച അരുതായ്‌മകളെ സിപിഐ എം തുറന്നെതിർത്തതിന്റെ പിറ്റേന്നാണ്‌, മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ കണ്ണൂരിൽ കോൺഗ്രസ്‌ സ്വീകരിച്ച്‌ ആനയിച്ചത്‌. ധീരജ്‌ എന്ന എൻജിനിയറിങ് വിദ്യാർഥിയെ കുത്തിക്കൊന്നവർക്കും ഇതേ സ്വീകരണമായിരുന്നു. ഏത്‌ നിഷ്‌ഠുരകൃത്യവും ന്യായീകരിക്കുന്നതാണ്‌ കോൺഗ്രസ്‌ നേതാക്കളുടെ പതിവ്‌. എന്ത്‌ അക്രമത്തിനും അണികളെ സജ്ജരാക്കുകയാണ്‌ ഇവരുടെ ദൗത്യം. ഇതിനെല്ലാം കുടപിടിക്കുന്ന മാധ്യമങ്ങൾ കൂടിയുള്ളപ്പോൾ അനാരോഗ്യകരമായ സാമൂഹ്യാന്തരീക്ഷമാണ്‌ സൃഷ്ടിക്കപ്പെടുന്നത്‌. ഇത്‌ നാടിന്റെ വികസനത്തെ തടസ്സപ്പെടുത്തുമെന്ന്‌ തിരിച്ചറിയുന്നവരാണ്‌ ജനങ്ങൾ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top