04 October Wednesday

മര്‍മപ്രധാനമായ പൊതുമേഖല വിറ്റ് തുലയ്ക്കരുത്

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2016

ഇന്ത്യയുടെ സാമ്പത്തികവ്യവസായ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച മര്‍മപ്രധാന പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റ് തുലയ്ക്കാനുള്ള ശ്രമം ആരംഭിച്ചിട്ട് കാലം കുറച്ചായി. ഓരോവര്‍ഷവും ബജറ്റ് കമ്മി നികത്താനുള്ള മാര്‍ഗമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന ഒരു പതിവാക്കിയിരിക്കുന്നു. യുപിഎ ഭരണകാലത്താണ് ഇത് തുടങ്ങിവച്ചത്. എന്‍ഡിഎ അധികാരത്തിലെത്തിയപ്പോള്‍ ഓഹരിവില്‍പ്പനയ്ക്ക് വേഗംകൂടി. ജവാഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്താണ് പൊതുമേഖല ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിച്ചത്. ഒന്നാം പഞ്ചവത്സരപദ്ധതിയില്‍ കൃഷിക്കായിരുന്നു പ്രാധാന്യം നല്‍കിയത്. രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ വ്യവസായത്തിന് പ്രാധാന്യം നല്‍കി. 4800 കോടി രൂപയാണ് രണ്ടാം പഞ്ചവത്സരപദ്ധതിക്ക് നീക്കിവച്ചത്. ഇപ്പോള്‍ രൂപയുടെ മൂല്യം ശോഷിച്ചു. ആഗോളവല്‍ക്കരണനയം ആരംഭിച്ച കാലത്ത് ഒരു ഡോളറിന് 18 രൂപ നല്‍കിയാല്‍ മതിയായിരുന്നെങ്കില്‍, ഇപ്പോള്‍ 68 രൂപയിലധികം നല്‍കിയാല്‍മാത്രമേ ഒരു ഡോളര്‍ ലഭിക്കൂ. നെഹ്റുവിന്റെ കാലത്താണ് മിശ്രസാമ്പത്തികവ്യവസ്ഥ ആവിഷ്കരിച്ച് നടപ്പാക്കാന്‍ തീരുമാനിച്ചത്. പതിനെട്ടോളം വ്യവസായങ്ങള്‍ പൊതുമേഖലയ്ക്ക് മാറ്റിവച്ചു. ഭിലായ്, ദുര്‍ഗാപുര്‍, റൂര്‍ക്കില ഇരുമ്പുരുക്ക് വ്യവസായശാലകള്‍, കല്‍ക്കരിഖനികള്‍, തീവണ്ടി എന്‍ജിന്‍ നിര്‍മാണശാല, കപ്പല്‍നിര്‍മാണശാല, ഡിഡിടി ഫാക്ടറി എന്നിവയെല്ലാം പൊതുമേഖലയില്‍ ആരംഭിച്ചു. ഘനവ്യവസായങ്ങള്‍ വ്യവസായവളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് കണ്ടുകൊണ്ടാണ് അവ പൊതുമേഖലയില്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. തൊള്ളായിരത്തി അമ്പതുകളില്‍ സ്വകാര്യവ്യവസായികള്‍ക്ക് ഘനവ്യവസായത്തില്‍ മൂലധനമിറക്കാന്‍ കഴിയുമായിരുന്നില്ല. ഇത് പൊതുമേഖലയില്‍ വന്‍കിടയും തന്ത്രപ്രധാനവുമായ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ പ്രേരണയായി. വി കെ കൃഷ്ണമേനോന്‍ രാജ്യരക്ഷാമന്ത്രിയായിരുന്ന കാലത്ത് ആയുധനിര്‍മാണം പൂര്‍ണമായും പൊതുമേഖലയിലായിരിക്കണമെന്ന് തീരുമാനിച്ചു. സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമ്പദ്ഘടനയാണല്ലോ കോണ്‍ഗ്രസ് അംഗീകരിച്ച ആവടി സോഷ്യലിസം. പൊതുമേഖലയെ ഇന്ത്യയുടെ പരിപാവനമായ ക്ഷേത്രങ്ങളാണെന്നാണ് നെഹ്റു വിശേഷിപ്പിച്ചത്. എന്നാല്‍, രാജീവ് ഗാന്ധിയുടെ കാലത്തുതന്നെ പൊതുമേഖലയുടെ തകര്‍ച്ച ആരംഭിച്ചു. ആഗോളവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ഉദാരവല്‍ക്കരണം തുടങ്ങിയ സാമ്രാജ്യത്വ സാമ്പത്തികനയം 1991ല്‍ ആരംഭിച്ചതോടെ സ്വകാര്യവല്‍ക്കരണത്തിന് ആക്കംവര്‍ധിച്ചു. സോവിയറ്റ് മാതൃകയിലുള്ള പൊതുമേഖലയ്ക്കും പഞ്ചവത്സരപദ്ധതിക്കും ജനസംഘം അന്നുതന്നെ എതിരായിരുന്നു. നരേന്ദ്ര മോഡി അധികാരത്തില്‍ വന്നതോടെ പഞ്ചവത്സരപദ്ധതിതന്നെ ഉപേക്ഷിച്ച് നിതി ആയോഗ് എന്ന സംവിധാനമാണ് പകരം കൊണ്ടുവന്നത്. ആസൂത്രണം വേണ്ടെന്നായി മോഡിനയം. പുതിയ സാഹചര്യത്തില്‍ പൊതുമേഖല സംരക്ഷിക്കുന്നത് വളരെ പ്രയാസകരമായി മാറി.

ഓഹരിവിറ്റഴിക്കലിനായി നിയമിക്കപ്പെട്ട സെക്രട്ടറി നീരജ്കുമാര്‍ ഗുപ്ത പറഞ്ഞത്, നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍മാത്രമല്ല ലാഭത്തിലുള്ള തന്ത്രപ്രധാനമായ വ്യവസായസ്ഥാപനങ്ങളുള്‍പ്പെടെ സ്വകാര്യമേഖലയ്ക്ക് വില്‍ക്കുമെന്നാണ്. ഏതെല്ലാം കമ്പനികളാണ് വില്‍ക്കുന്നതെന്ന ചോദ്യത്തിന് ഗുപ്ത പറഞ്ഞത്, ധനമന്ത്രിയും പ്രധാനമന്ത്രിയും തീരുമാനിക്കുന്നതനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിക്കുമെന്നാണ്. 2016 മാര്‍ച്ച് 31നകം ഓഹരിവില്‍പ്പനയിലൂടെ 69,500 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പല കണക്കുകളും പുറത്തുവന്നിട്ടുണ്ട്. അതെന്തായിരുന്നാലും പൊതുമേഖലാ വ്യവസായസ്ഥാപനങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ വിറ്റഴിക്കാന്‍തന്നെയാണ് മോഡിസര്‍ക്കാരിന്റെ തീരുമാനം. പൊതുമേഖലാ എണ്ണക്കമ്പനികള്‍ വന്‍ ലാഭമുള്ളതാണ്. അവയുടെ ഓഹരിയാണ്  ഇപ്പോള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചത്. ഉദ്യോഗസ്ഥമേധാവികളുടെ തീരുമാനങ്ങള്‍ മറികടന്ന് എല്ലാ തടസ്സങ്ങളും തട്ടിമാറ്റി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി എളുപ്പത്തില്‍ വിറ്റഴിക്കാന്‍തന്നെയാണ് തീരുമാനം. ഫെബ്രുവരി അഞ്ചിന്റെ ഹിന്ദു ദിനപത്രത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത വന്നിട്ടുണ്ട്. മാര്‍ച്ച് 29ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ പൊതുമേഖലയുടെ വില്‍പ്പനയെപ്പറ്റിയുള്ള പ്രഖ്യാപനം ഉണ്ടായിരിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പൊതുമേഖലാ വ്യവസായസ്ഥാപനങ്ങള്‍ വിറ്റ് തുലയ്ക്കാനുള്ള മോഡിസര്‍ക്കാരിന്റെ നയത്തെ സിഐടിയു അപലപിച്ചിരിക്കുന്നു. ഇതിനെതിരായി ദേശവ്യാപകമായ പ്രക്ഷോഭം അഴിച്ചുവിടാന്‍ സിഐടിയു ആഹ്വാനംചെയ്തിട്ടുണ്ട്. കടുത്ത സാമ്പത്തികഞെരുക്കം അനുഭവപ്പെടുന്ന ഇന്നത്തെ നിലയില്‍ കമ്മി നികത്താനുള്ള മാര്‍ഗമായി ഓഹരിവിറ്റഴിക്കല്‍ സ്വീകരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുകയെന്നാണ് മോഡിസര്‍ക്കാരിന്റെ നയം. ഇത് ഇന്ത്യയുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയം വേണ്ടാ. സാമ്രാജ്യത്വശക്തികളെ ആശ്രയിക്കാതെ ഇന്ത്യക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശക്തി പകരുന്നതാണ് പൊതുമേഖലയുടെ സംരക്ഷണവും വളര്‍ച്ചയും. പൊതുമേഖല സംരക്ഷിക്കേണ്ടതും വളര്‍ത്തേണ്ടതും രാജ്യസ്നേഹികളായ എല്ലാവരുടെയും കടമയാണ്. സാമ്രാജ്യത്വ സാമ്പത്തികനയം കൂറോടെ നടപ്പാക്കുകയും പുത്തന്‍കോളനിവ്യവസ്ഥ നടപ്പാക്കുകയും ചെയ്യുന്ന ദേശസ്നേഹമില്ലാത്തവരെയാണ് തൊഴിലാളിവര്‍ഗവും ജനങ്ങളും തിരിച്ചറിയേണ്ടത്. സിഐടിയു നല്‍കിയ ആഹ്വാനം വളരെ പ്രധാനപ്പെട്ടതാണ്. റെയില്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ദല്‍ഹൌസി പ്രഭുവിന്റെ കാലത്ത് ദേശസാല്‍ക്കരിച്ച റെയില്‍വേയുടെ സ്വകാര്യവല്‍ക്കരണം കൂടുതല്‍ വ്യക്തമായിക്കഴിഞ്ഞു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top