26 September Tuesday

തീവ്ര മതവൽക്കരണത്തിന്റെ ദുരന്തങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Jul 27, 2020ഇന്ത്യയിൽ കേന്ദ്രഭരണം നേടുന്നതിന്‌ ഹിന്ദുത്വവാദികൾ ഉയർത്തിയ ഏറ്റവും പ്രധാനപ്പെട്ട വിഷയമായിരുന്നു അയോധ്യയിലെ രാമക്ഷേത്ര നിർമാണം. ശ്രീരാമൻ എന്ന പുരാണകഥാപാത്രം ജനിച്ചത്‌ അയോധ്യയിലെ ബാബ്‌‌റി മസ്‌ജിദ്‌ നിലനിന്ന സ്ഥലത്തായിരുന്നുവെന്നും അതിനാൽ അവിടെത്തന്നെ രാമക്ഷേത്രനിർമാണം നടത്തണമെന്നുമായിരുന്നു വാദം. വർഷങ്ങൾ നീണ്ട വിഷലിപ്‌തമായ വർഗീയ പ്രചാരണത്തിനും രഥയാത്രയ്‌ക്കും ഒടുവിൽ ബാബ്‌റി മസ്‌ജിദ്‌ തകർത്തു. ഇപ്പോൾ സുപ്രീംകോടതിയുടെ വിധിയനുസരിച്ച്‌ അവിടെ ശ്രീരാമക്ഷേത്രം നിർമിക്കാൻ പോകുകയാണ്‌. ചുരുക്കത്തിൽ, അധികാരം നേടാൻ സംഘപരിവാർ സംഘടനകൾ സമർഥമായി ഉപയോഗിച്ച വിഷയമായിരുന്നു അയോധ്യയിലെ രാമക്ഷേത്രനിർമാണം.

ഇതിന്‌ സമാനമാണ്‌ മ്യൂസിയം ആയിരുന്ന ഹാഗിയ സോഫിയ, മുസ്ലിം പള്ളിയാക്കി മാറ്റിയ തുർക്കി ഭരണാധികാരി റസപ്‌ തയ്യിപ്‌ എർദോഗന്റെ തീരുമാനം. എഡി 537ൽ റോമാചക്രവർത്തിയായ ജസ്‌റ്റീനിയൻ ഒന്നാമൻ നിർമിച്ച ക്രിസ്‌ത്യൻ പള്ളിയായിരുന്നു ഹാഗിയ സോഫിയ. ബൈസാന്റിനിയൻ സംസ്കാരത്തിന്റെ മികച്ച ഈടുവയ്‌പുകളിൽ ഒന്നായി ഈ ആരാധനാലയം പരിഗണിക്കപ്പെട്ടു. 1453 ബൈസാന്റിനിയൻ സാമ്രാജ്യത്തെ ഓട്ടോമൻ തുർക്കികൾ കീഴ്‌പ്പെടുത്തിയപ്പോൾ ഹാഗിയ സോഫിയ ഒരു മുസ്ലിം പള്ളിയായി മാറ്റപ്പെട്ടു. എന്നാൽ, തുർക്കിയിൽ ദേശീയബോധം ശക്തിപ്പെടുകയും ‘യങ് ടർക്കു’കളുടെ നേതാവായ മുസ്‌തഫ‌ കെമൽപാഷയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യം നേടുകയും ചെയ്‌തപ്പോൾ ഹാഗിയ സോഫിയ ഒരു മ്യൂസിയമായി മാറി. തുർക്കികളുടെ പിതാവ്‌ എന്ന അർഥം വരുന്ന അത്താതുർക്ക്‌ എന്ന്‌ വിളിക്കപ്പെട്ട കെമൽപാഷയുടെ കാലത്ത്‌ തുർക്കിയിൽ നടപ്പാക്കിയ ആധുനികവൽക്കരണത്തിന്റെയും മതനിരപേക്ഷ സംസ്‌കാരത്തിന്റെയും ഭാഗമായിട്ടാണ്‌ ഹാഗിയ സോഫിയ മ്യൂസിയമാക്കപ്പെട്ടത്‌. ‌ ക്രിസ്‌ത്യാനികളും മുസ്ലിങ്ങളും ഒരുപോലെ വിലമതിക്കുന്ന  ആരാധനാലയം എന്നതിനാലാണ്‌ അതിനെ ഒരു തർക്കവിഷയമായി മാറ്റാതെ മ്യൂസിയമാക്കി മാറ്റാൻ അത്താതുർക്ക്‌ തയ്യാറായത്‌. അത്താതുർക്കിന്റെ ഈ തീരുമാനത്തെ തുർക്കിയിലെ ജനങ്ങളും ലോകവും വലിയ എതിർപ്പൊന്നുമില്ലാതെയാണ്‌ അംഗീകരിച്ചത്‌.

ഹാഗിയ സോഫിയ

ഹാഗിയ സോഫിയ


 

കഴിഞ്ഞ എട്ട്‌ ദശകമായി ഹാഗിയ സോഫിയ മ്യൂസിയമായി തുടരുകയായിരുന്നു. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിൽപ്പെട്ട സ്‌മാരകമായിരുന്നു ഇത്. കഴിഞ്ഞ വർഷംമാത്രം 37 ലക്ഷം ടൂറിസ്‌റ്റുകളാണ്‌ സന്ദർശിച്ചത്‌. എന്നാൽ, ഇന്ന്‌ തുർക്കിയിൽ ഭരണത്തിന്‌ നേതൃത്വം നൽകുന്ന ഇസ്ലാമികവാദി സർക്കാർ ഹാഗിയ സോഫിയയെ വീണ്ടും മുസ്ലിം പള്ളിയാക്കി മാറ്റി. 85 വർഷത്തിനുശേഷം ആദ്യമായി വെള്ളിയാഴ്‌ച ഹാഗിയ സോഫിയയിൽ മുസ്ലിംമത പ്രാർഥന നടന്നു. പ്രസിഡന്റ്‌ എർദോഗൻ പങ്കെടുത്ത പ്രാർഥനയ്‌ക്ക്‌ തുർക്കിയിലെ മതവിഭാഗം മേധാവി അലി എർബാസ്‌ നേതൃത്വം നൽകി. രാഷ്ട്രപിതാവ്‌ അത്താതുർക്കിനെപ്പോലും വിമർശിക്കുന്ന പ്രകോപനപരമായ പ്രസംഗമാണ്‌ അലി എർബാസ്‌ നടത്തിയതെന്നാണ്‌ അറബ്‌ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌.

തീവ്രമതമൗലികവാദിയായ എർദോഗന്റെ ജനപ്രീതിയിലുണ്ടായ ഇടിവ്‌ പരിഹരിക്കാൻ അദ്ദേഹം കണ്ടെത്തിയ എളുപ്പവഴിയായിരുന്നു ഹാഗിയ സോഫിയയെ മുസ്ലിം പള്ളിയാക്കൽ. കഴിഞ്ഞ വർഷം നടന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഹാഗിയ സോഫിയ നിലകൊള്ളുന്ന ഇസ്‌താംബുൾ നഗരത്തിൽ ഉൾപ്പെടെ കനത്ത തിരിച്ചടിയാണ്‌ എർദോഗന്‌ നേരിടേണ്ടി വന്നത്‌. സിറിയയിൽ പ്രസിഡന്റ്‌ ബഷർ അൽ അസദിനെ അട്ടിമറിക്കാനുള്ള പദ്ധതി പൊളിഞ്ഞതും എർദോഗന്റെ പ്രതിഛായക്ക്‌‌ മങ്ങലേൽപ്പിച്ചു. കോവിഡ്‌ മഹാമാരിയെ നേരിടുന്നതിലുണ്ടായ വീഴ്‌ചകളും ജനപ്രീതി കുറച്ചു.

എർദോഗൻ

എർദോഗൻ

സ്വാഭാവികമായും തീവ്രമതവാദം ഉയർത്തി ഇത്‌ മറികടക്കാനുള്ള നീക്കത്തിലേക്ക്‌ എർദോഗൻ നീങ്ങി. അതിന്റെ ഫലമായാണ്‌ ഹാഗിയ സോഫിയയെ വീണ്ടും മുസ്ലിം പള്ളിയാക്കിയ നടപടി. തുർക്കിയിലെ എല്ലാ സ്ഥാപനങ്ങളെയും ഇസ്ലാമികവൽക്കരിക്കാനുള്ള നീക്കമാണ്‌ എർദോഗന്റെ നേതൃത്വത്തിൽ നടക്കുന്നത്‌. ജുഡീഷ്യറിയെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയും മാധ്യമങ്ങളെയും മതവൽക്കരിക്കാനുള്ള നീക്കമാണ്‌‌. അതിൽ പ്രതിഷേധിക്കുന്ന പുരോഗമന –-ഇടതുപക്ഷ പ്രവർത്തകരെയും സംഘടനകളെയും ജയിലിലടച്ചും മർദിച്ചും നിശ്ശബ്‌ദമാക്കാനുള്ള നീക്കമാണ്‌ തുർക്കിയിൽ നടക്കുന്നത്‌. മോഡി എങ്ങനെയാണോ മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയെയും സ്ഥാപനങ്ങളെയും കാവിയണിയിക്കാൻ ശ്രമിക്കുന്നത്‌ അതേരീതിയിൽ ഇസ്ലാമികവൽക്കരണത്തിനുള്ള ശ്രമങ്ങളാണ്‌ എർദോഗന്റെ നേതൃത്വത്തിൽ തുർക്കിയിലും നടക്കുന്നത്‌.

തുർക്കിയിൽ എർദോഗന്റെ ഈ ഇസ്ലാമികവൽക്കരണ നീക്കത്തെ പിന്തുണയ്‌ക്കുന്ന ജമാ അത്തെ ഇസ്ലാമിപോലുള്ള സംഘടനകളാണ്‌ ഇന്ത്യയിൽ മതനിരപേക്ഷതയുടെ സംരക്ഷകരെന്ന കപടവേഷം എടുത്തണിയുന്നത്‌. അതിനെ പിന്തുണയ്‌ക്കാൻ മുസ്ലിംലീഗിലെ പ്രമുഖ നേതാക്കളടക്കം രംഗത്ത്‌ വരികയും ചെയ്യുന്നു. ജമാ അത്തെ ഇസ്ലാമിയും മുസ്ലിംലീഗും തമ്മിലുള്ള ബന്ധം എന്തുകൊണ്ട്‌ എന്നതിന്‌ ഉത്തരം കൂടിയാണോ പ്രത്യയശാസ്‌ത്രപരമായ ഈ യോജിപ്പ്‌? ഇത്തരം മതമൗലികവാദമുയർത്തുന്ന സംഘടനകളായിപ്പോലും കൂട്ടുചേരുന്നതിന്‌ കോൺഗ്രസിന്‌ ഒട്ടും മടിയില്ലതാനും. അതാണ്‌ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെൽഫെയർ പാർടിയുമായി  യുഡിഎഫ്‌ പരസ്യമായും രഹസ്യമായും നടക്കുന്ന ചർച്ചകൾ ബോധ്യപ്പെടുത്തുന്നത്‌. മതനിരപേക്ഷ തുർക്കിയെ തകർക്കുന്ന ശക്തികൾക്ക്‌ കുടപിടിക്കുന്ന കക്ഷികളുമായുള്ള ബാന്ധവം ഇന്ത്യൻ മതനിരപേക്ഷതയെത്തന്നെ അപകടത്തിലാക്കുമെന്ന്‌ ഇനി എന്നാണ്‌ കോൺഗ്രസിന്‌ മനസ്സിലാകുക?
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top