26 September Tuesday

വാട്ടർ മെട്രോ: ഭാവിയിലേക്കുള്ള ഈടുവയ്‌പ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 26, 2023


വൈക്കം സത്യഗ്രഹത്തിന്‌ മഹാത്മാഗാന്ധി കൊച്ചിയിൽനിന്ന്‌ വൈക്കത്ത്‌ എത്തിയത്‌ ബോട്ടിലായിരുന്നു എന്നത്‌ ചരിത്രം. അന്ന്‌ കേരളത്തിൽ ചരക്ക്‌–- യാത്രാ ഗതാഗതത്തിന്റെ സിംഹഭാഗവും ജലമാർഗമായിരുന്നു. എന്നാൽ, പിൽക്കാലത്ത് അവ വേണ്ടവിധം ഉപയോഗിക്കപ്പെടാതെ പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്‌ച കൊച്ചി വാട്ടർമെട്രോ ഉദ്‌ഘാടനം ചെയ്‌തതോടെ, ആ സാധ്യതകളെ കാലാനുസൃതമായി ഉപയോഗപ്പെടുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന്‌ വ്യക്തം. പദ്ധതിയുടെ ആദ്യഘട്ടമായി ഹൈക്കോർട്ട്– -വൈപ്പിൻ റൂട്ടിലും വൈറ്റില– -കാക്കനാട് റൂട്ടിലുമാണ്‌ സർവീസ്. റോഡ്‌ ഗതാഗതത്തിന്റെ കുരുക്കിൽപ്പെടാതെ ലക്ഷ്യത്തിൽ എത്താനാകുമെന്നതാണ്‌ ആദ്യ ആകർഷണം. റോഡിലെ വാഹനസാന്ദ്രത കുറയും. താരതമ്യേന കുറഞ്ഞ പ്രവർത്തനച്ചെലവ്‌, പരിസ്ഥിതി സൗഹൃദം എന്നീ മേന്മകളും ഇതിന്റെ ആകർഷണം കൂട്ടുന്നു. ഈ പദ്ധതി പൂർണതോതിൽ പൂർത്തിയാകുമ്പോൾ വർഷം 46,000 ടൺ കാർബൺ പുറന്തള്ളൽ ഒഴിവാക്കാനാകുമെന്നാണ്‌ കണക്കുകൂട്ടുന്നത്‌. ശബ്ദമലിനീകരണവും ഏഴു മടങ്ങ്‌ കുറവാണ്‌. അപകടസാധ്യത കുറവും. പ്രകൃതിഭംഗി കനിഞ്ഞരുളിയ കേരളത്തിലെ വിനോദസഞ്ചാരത്തിനും ഇത്‌ വൻ മുതൽക്കൂട്ടാകും. അതുകൊണ്ടുകൂടിയാണ്‌ പദ്ധതി ഭാവിതലമുറയ്‌ക്കായുള്ള ഈടുവയ്‌പും കരുതലുമായി മാറുന്നത്‌.

ഉൾനാടൻ ജലഗതാഗതത്തിന്‌ ജർമനിയും ഡച്ചും അടങ്ങുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ നൽകുന്ന പ്രാധാന്യം ഇത്‌ വിളിച്ചോതുന്നുണ്ട്‌. ജർമനിയിൽ ഇന്ന്‌ ഗതാഗതത്തിന്റെ 20 ശതമാനവും ജലമാർഗമാണ്‌. നെതർലൻഡ്‌സിൽ 25 വർഷത്തിനുള്ളിൽ ജലഗതാഗതം നാലുമടങ്ങ്‌ വർധിച്ചു. ബംഗ്ലാദേശ്  32 ശതമാനം, യുഎസ് 14 ശതമാനം, ചൈന ഒമ്പതുശതമാനം എന്നിങ്ങനെയാണ്‌ ജലഗതാഗതത്തിന്റെ പങ്ക്‌. അതേസമയം, ഇന്ത്യയിൽ ഇത്‌ 0.4 ശതമാനം മാത്രമാണ്‌. കേരളത്തിലാകട്ടെ രണ്ടു ശതമാനത്തിൽ താഴെയും. എന്നാൽ, കേരളത്തിൽ ചരക്കുഗതാഗതത്തിന്റെ 25 ശതമാനവും യാത്രാഗതാഗതത്തിന്റെ 15 ശതമാനവും ജലപാതയിലേക്ക്‌ മാറ്റാൻ കഴിയുമെന്ന്‌ പഠനങ്ങൾ പറയുന്നു. ജലമെട്രോയ്‌ക്ക്‌ പുറമെ ദേശീയ ജലപാതയുടെ പൂർത്തീകരണവുംകൂടിയാകുമ്പോൾ ഈ രംഗത്ത്‌ വൻ കുതിച്ചുചാട്ടത്തിനാണ്‌ കളമൊരുങ്ങുന്നത്‌.


 

സംസ്ഥാന സർക്കാരിന്റെ ഈ സ്വപ്‌നപദ്ധതിക്ക്‌ 1136.83 കോടി രൂപയാണ് ചെലവ്‌. കൊച്ചിൻ കപ്പൽ നിർമാണശാലയാണ് ബോട്ടുകൾ തയ്യാറാക്കുന്നത്. ഇവയിലെ ഏറ്റവും നൂതനമായ ഗതിനിയന്ത്രണ– -ആശയവിനിമയ സംവിധാനങ്ങളിലൂടെ ഒരു കേന്ദ്രത്തിൽനിന്ന് അവയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയും.
കൊച്ചി വാട്ടർ മെട്രോയുടെ ഇലക്ട്രിക്–- ഹൈബ്രിഡ് ബോട്ടുകൾ ഇതിനകംതന്നെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്‌. ഇലക്ട്രിക് ബോട്ടുകൾക്കായുള്ള രാജ്യാന്തര പുരസ്കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്സ് അവാർഡ് 2022 കൊച്ചി വാട്ടർ മെട്രോയ്ക്കാണ്‌ ലഭിച്ചത്‌. ഭിന്നശേഷി സൗഹൃദമായാണ് ടെർമിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നതെന്നതും പ്രത്യേകതയാണ്‌.

ഈ ജലഗതാഗത സംവിധാനം ദ്വീപുവാസികളുടെ സാമൂഹ്യ– -സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ദ്വീപുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും വഴിതെളിക്കും. ആദ്യ ഘട്ടത്തിൽത്തന്നെ വാട്ടർ മെട്രോയിലൂടെ പ്രതിദിനം 34,000 പേർക്ക് യാത്ര ചെയ്യാം. വാട്ടർമെട്രോയ്‌ക്ക്‌ തുടക്കമായതോടെ ഇന്ത്യയിൽ ജല മെട്രോയുള്ള ആദ്യസംസ്ഥാനമായി കേരളം മാറി. മെട്രോ റെയിലും വാട്ടർമെട്രോയും ഒന്നിക്കുന്ന സംയോജിത ഗതാഗത സംവിധാനമുള്ള ഏഷ്യയിലെ തന്നെ ആദ്യ സ്ഥലവും കൊച്ചിയാണ്‌. ഗെയിലും ദേശീയപാതാ വികസനവും കെ–- ഫോണുംപോലെ എൽഡിഎഫ്‌ സർക്കാർ ജനങ്ങൾക്കു നൽകിയ മറ്റൊരു ഉറപ്പാണ്‌ യാഥാർഥ്യമായത്‌. അത്യാധുനിക സൗകര്യങ്ങളുള്ളതും വേഗമേറിയതുമായ പൊതുഗതാഗത സംവിധാനങ്ങൾ സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയെന്ന എൽഡിഎഫ്‌ സർക്കാരിന്റെ പ്രഖ്യാപിതനയമാണ്‌ നടപ്പാകുന്നത്‌. കേരളം രാജ്യത്തിനു നൽകുന്ന വികസന, സേവന മാതൃകകളുടെ പട്ടികയിൽ ഒരെണ്ണംകൂടിയായി. വാട്ടർമെട്രോയും ഡിജിറ്റൽ സർവകലാശാലയും അടക്കമുള്ള കേരളത്തിന്റെ വികസനമാതൃകകൾ നാളെ മറ്റു സംസ്ഥാനങ്ങൾ പകർത്തുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ എൽഡിഎഫ്‌ സർക്കാരിനുള്ള അംഗീകാരവുമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top