02 April Sunday

പാവങ്ങള്‍ക്ക് പട്ടയം; കൈയേറ്റം ഒഴിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Apr 27, 2017

ഇടുക്കിയിലെ ഭൂപ്രശ്നത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ ശ്രമിക്കുന്നവരുടെ കാപട്യം തുറന്നുകാട്ടുന്ന തീരുമാനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചത്. ഒരു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സമയബന്ധിതമായി പട്ടയം നല്‍കാനുള്ള തീരുമാനത്തോടൊപ്പം സര്‍ക്കാര്‍ ഭൂമി കൈയേറ്റമെന്ന പ്രശ്നത്തിന് ഫലപ്രദമായ പരിഹാരംകൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. 1977 ജനുവരി ഒന്നിനു മുമ്പുള്ള എല്ലാ കുടിയേറ്റ കര്‍ഷകര്‍ക്കും റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത പരിശോധന പൂര്‍ത്തിയാക്കിയ ഭൂമിയില്‍ നാലേക്കര്‍ വരെ ഉപാധിരഹിതമായി പട്ടയം നല്‍കും. പട്ടയം ലഭിക്കാനുള്ള ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിയും അനുബന്ധ രേഖകളും നല്‍കും. ഒരു ലക്ഷത്തോളം കുടുംബങ്ങളിലായി ഇടുക്കിയുടെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നോളം വരുന്ന പാവങ്ങളെ അവരുടെ കിടപ്പാടങ്ങളില്‍നിന്ന് ഇറക്കിവിടണമെന്ന് ആരു പറഞ്ഞാലും ഈ സര്‍ക്കാരിന് അംഗീകരിക്കാനാവില്ലെന്ന വിളംബരമാണ് സഭയില്‍ മുഴങ്ങിയത്. മൂന്നാറിലുള്‍പ്പെടെ ഇടുക്കി ജില്ലയില്‍ കണ്ടമാനം സര്‍ക്കാര്‍ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, മൂന്നും നാലും സെന്റ് വളച്ചുകെട്ടി കുടിലും വീടും നിര്‍മിച്ചവരെയും ആയിരക്കണക്കിന് ഏക്കര്‍ അനധികൃതമായി കൈവശംവച്ച് അനുഭവിക്കുകയും വിറ്റ് കാശാക്കുകയും ചെയ്യുന്ന വന്‍കിടക്കാരെയും ഒരുപോലെ കണ്ട് നടപടി സ്വീകരിക്കണമെന്ന വാദം അംഗീകരിക്കാനാവില്ല.

ഇടുക്കിയിലെ കുടിയേറ്റത്തിനും കൈയേറ്റത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏലം, തേയില തുടങ്ങിയ നാണ്യവിളകളുടെ വ്യാപനവുമായി ബന്ധപ്പെട്ട് നിയമംമൂലംതന്നെ പാട്ടക്കൃഷിക്ക് നല്‍കിയ ഭൂവിഭാഗമാണ് കാര്‍ഡമം ഹില്‍ റിസര്‍വ് എന്ന പേരിലറിയപ്പെടുന്ന സംരക്ഷിത വനമേഖല. എന്നാല്‍, കൂടുതല്‍ പ്രദേശങ്ങള്‍ കൈവശപ്പെടുത്തിയും അനധികൃത നിര്‍മാണങ്ങള്‍ നടത്തിയും സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കാന്‍ ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിടക്കാര്‍ നടത്തിയ കുതന്ത്രങ്ങളാണ് മൂന്നാറിനെ ഇന്നത്തെ പതനത്തിലേക്ക് എത്തിച്ചത്. പരിസ്ഥിതിലോല പ്രദേശമെന്ന നിലയില്‍ അതീവസുരക്ഷ ആവശ്യമായിരുന്ന സ്ഥാനത്ത് ഭൂമിയെയും പ്രകൃതിയെയും നിര്‍ദയം കൊള്ളയടിക്കുന്ന സ്ഥിതിയാണ് സംഘടിത ഭൂമാഫിയയുടെ ഭാഗത്തുനിന്നുണ്ടായത്.

ആപല്‍ക്കരമായ ഈ പോക്കിന് തടയിടാന്‍ ആത്മാര്‍ഥമായ ശ്രമം നടന്നത് ഇടതു ജനാധിപത്യമുന്നണി ഗവര്‍മെന്റുകളുടെ കാലത്തു മാത്രമാണെന്ന് വസ്തുതകള്‍ പരിശോധിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. ഇപ്പോഴും അതുതന്നെയാണ് ഇടുക്കിയില്‍ സംഭവിക്കുന്നത്. വന്‍കിടക്കാരായ കൈയേറ്റക്കാരില്‍നിന്ന്  ഭൂമി തിരിച്ചുപിടിക്കുന്നതില്‍ ഒരുവിട്ടുവീഴ്ചയ്ക്കും എല്‍ഡിഎഫ് ഗവര്‍മെന്റ് തയ്യാറില്ല. എന്നാല്‍, അത് പാവങ്ങളെ ചവിട്ടിയരച്ചുകൊണ്ടാകരുത്. മണ്ണും മനുഷ്യനും സംരക്ഷിക്കപ്പെടണം. നിയമങ്ങള്‍ യാന്ത്രികമായും നിക്ഷിപ്ത താല്‍പ്പര്യത്തോടെയും നടപ്പാക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥരുടെ ചെയ്തികള്‍ കണ്ടുകൊണ്ടിരിക്കാന്‍ സര്‍ക്കാരിനാവില്ലെന്നും അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു.

ഭൂസംരക്ഷണ-വികസന പ്രവര്‍ത്തനങ്ങളുടെ പേരിലോ അല്ലാതെയോ, സാധാരണ ജനങ്ങളുടെ ജീവിതത്തെ അപകടത്തിലായാല്‍ മുമ്പും സിപിഐ എമ്മും അതിന്റെ നേതൃത്വത്തിലുള്ള ഗവര്‍മെന്റുകളും ഫലപ്രദമായി ഇടപെട്ടിട്ടുണ്ട്. കുടിയേറ്റ ചരിത്രം പരിശോധിച്ചാല്‍ ഒരുകാര്യം വളരെ വ്യക്തമാണ്. ഈ മേഖലയില്‍ ജനങ്ങള്‍ കുടിയേറിപ്പാര്‍ത്തത് സര്‍ക്കാരിന്റെ പിന്തുണയോടെയായിരുന്നു. നാണ്യവിളകളുടെ വ്യാപനം, വന്‍കിട വൈദ്യുതി പദ്ധതികളുടെ നിര്‍മാണം, തമിഴ്നാടിന്റെ അവകാശവാദം തുടങ്ങിയ പശ്ചാത്തലം ഇടുക്കിയിലെ ജനവാസം വര്‍ധിപ്പിക്കാന്‍ അക്കാലത്തെ സര്‍ക്കാരുകളെ പ്രേരിപ്പിച്ച ഘടകങ്ങളാണ്. അങ്ങനെ നടന്ന കുടിയേറ്റത്തില്‍ കുറെപ്പേര്‍ക്ക് സര്‍ക്കാര്‍ രേഖകള്‍ ലഭിച്ചു. വലിയൊരു വിഭാഗത്തിന്  രേഖകള്‍ ലഭിച്ചില്ല. എന്നാല്‍, കോണ്‍ഗ്രസ് ഗവര്‍മെന്റുകള്‍ അധികാരത്തിലിരുന്ന ഘട്ടങ്ങളില്‍ പദ്ധതികളുടെയും മറ്റും പേരില്‍ വ്യാപകമായ കുടിയിറക്കിന് തയ്യാറായപ്പോള്‍  കര്‍ഷകരില്‍നിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നു. ഹൈറേഞ്ചിലെ കുടിയിറക്കുന്നതിനെതിരെ എ കെ ജിയുടെ നേതൃത്വത്തില്‍ 1961ലും 1963ലും അമരാവതി, ചുരുളി, കീരിത്തോട് എന്നിവിടങ്ങളില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവന്നത് ഈ പശ്ചാത്തലത്തിലാണ്്. ഇതേതുടര്‍ന്ന് കൃഷിക്കാര്‍ക്ക് സ്വന്തം ഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കാനും കൃഷിചെയ്യാനും അനുവാദം ലഭിച്ചു. ചിലര്‍ക്ക് കൃഷി ആവശ്യങ്ങള്‍ക്കായി പകരം ഭൂമി ലഭിച്ചു. 1963ല്‍ കുടിയൊഴിപ്പിക്കപ്പെട്ട 4000 കുടുംബങ്ങള്‍ക്ക് 1967ലെ ഇ എം എസ് സര്‍ക്കാരാണ് ഭൂമി നല്‍കിയത്. 1970 കാലഘട്ടത്തില്‍ എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന മിച്ചഭൂമി സമരത്തിന്റെ ഭാഗമായി കൃഷിക്കാര്‍ മിച്ചഭൂമിയില്‍ പ്രവേശിച്ച് താമസമാരംഭിച്ചു. 1977ല്‍ ആനച്ചാലില്‍ ഇ കെ നായനാരും വി എസും സമര രംഗത്തെത്തി കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിച്ചു. ഇത്തരത്തില്‍ ദീര്‍ഘകാലത്തെ ജീവിതസമരത്തിന്റെ പിന്‍ബലത്തിലാണ് ഇടുക്കിയിലെ ചെറുകിട കുടിയേറ്റക്കാര്‍ മണ്ണില്‍ കാലുറപ്പിച്ചുനില്‍ക്കുന്നത്. അവരെ സംരക്ഷിക്കുകയെന്നത് ജനകീയ ഗവര്‍മെന്റിന്റെ പ്രാഥമിക ബാധ്യതയാണ്.

മുന്‍ എല്‍ഡിഎഫ് ഗവര്‍മെന്റിന്റെ കാലത്ത് വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനും അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കാനും നടപടി ഉണ്ടായി. അന്നും ചില കേന്ദ്രങ്ങളുടെ അമിതാവേശം വിമര്‍ശന വിധേയമായി. തുടര്‍ന്ന് വന്ന ഉമ്മന്‍ചാണ്ടി ഗവര്‍മെന്റ് ഈ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറുകയും പിന്തിരിഞ്ഞുനില്‍ക്കുകയും ചെയ്തു. ഒരു തുണ്ട് കൈയേറ്റ ഭൂമി വീണ്ടെടുക്കാനോ ചെറുകിട കുടിയേറ്റക്കാര്‍ക്ക് പട്ടയം കൊടുക്കാനോ നടപടിയുണ്ടായില്ല. കൈയേറ്റക്കാര്‍ക്കാകട്ടെ ഇത് സുവര്‍ണകാലവും. അഞ്ചു വര്‍ഷക്കാലം ഒരു ക്യാമറക്കണ്ണും ഇടുക്കിയിലേക്ക് തിരിഞ്ഞില്ല. എല്‍ഡിഎഫ് ഗവര്‍മെന്റ് വീണ്ടും അധികാരമേറ്റതോടെ രണ്ടു ദിശയിലും നടപടികള്‍ പുരോഗമിക്കുകയാണ്. ഭ്രമാത്മക ഹീറോയിസവും വ്യാജവാര്‍ത്ത നിര്‍മിതിയും വിവാദ സൃഷ്ടിയുംവഴി സര്‍ക്കാരിനെ താറടിക്കാന്‍ ശ്രമിക്കുന്നവര്‍ സംരക്ഷിക്കുന്നത് കൈയേറ്റക്കാരുടെ താല്‍പ്പര്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top