05 July Tuesday

കർഷകരെ കൈവിടരുത‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019


കേരളത്തിലെ കർഷകരുടെ വായ‌്പാ  മൊറട്ടോറിയം നീട്ടുന്നതിന‌് റിസർവ‌് ബാങ്ക‌് അനുമതി നിഷേധിച്ച പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ‌്ത‌് പ്രായോഗികപരിഹാരം  കണ്ടെത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ  ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിരിക്കുകയാണ‌്. റിസർവ‌് ബാങ്കിന്റെ തീരുമാനം വന്ന ഉടനെതന്നെ സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച നിലപാട‌് വ്യക്തമാക്കിയിട്ടുണ്ട‌്. കർഷകർക്കെതിരെ ജപ‌്തിയടക്കമുള്ള ഒരു നടപടിക്കും സഹകരിക്കില്ലെന്ന ഉറച്ച തീരുമാനമാണ‌് സർക്കാർ പ്രഖ്യാപിച്ചത‌്. മൊറട്ടോറിയം നീട്ടാൻ തീരുമാനിക്കുന്ന ഘട്ടത്തിൽത്തന്നെ അതിന്റെ അനിവാര്യത ബാങ്കുകളെ ബോധ്യപ്പെടുത്തിയതാണ‌്. അതുമായി സഹകരിക്കുന്ന സമീപനമാണ‌് അന്ന‌് അവർ സ്വീകരിച്ചത‌്. എന്നാലിപ്പോൾ റിസർവ‌് ബാങ്കിന്റെ പ്രതികൂല തീരുമാനത്തിന‌് പിന്നാലെ, ജപ‌്തിനടപടി ആരംഭിക്കുമെന്ന‌് പത്രപ്പരസ്യം ചെയ‌്തിരിക്കുകയാണ്‌ ബാങ്കേഴ‌്സ‌് സമിതി.

മൊറട്ടോറിയം നീട്ടാനാകില്ലെന്ന റിസർവ‌് ബാങ്കിന്റെ തീരുമാനം വന്ന ഉടനെ കൂടിയാലോചനയ‌്ക്ക‌് സർക്കാർ ദിവസം നിശ്ചയിച്ചു.  തുടർന്ന‌് റിസർവ‌് ബാങ്ക‌് ഗവർണറെ ഉൾപ്പെടെ കണ്ട‌് പ്രശ‌്നപരിഹാരത്തിന്റെ സാധ്യതകൾ ആരായുമെന്നും കൃഷിമന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കി. അതിനൊന്നും കാത്തുനിൽക്കാതെ തിടുക്കപ്പെട്ട‌് ജപ‌്തി നടപടികൾ ആരംഭിക്കാൻ ബാങ്കേഴ‌്സ‌് സമിതി കാണിച്ച വ്യഗ്രത സംശയാസ‌്പദമാണ‌്. മൊറട്ടോറിയം നീട്ടാനുള്ള തീരുമാനം സംബന്ധിച്ച ഉത്തരവ‌് തെരഞ്ഞെടുപ്പ‌്  പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങിയ ഘട്ടത്തിലുണ്ടായ കോലാഹലം ഇതുമായി ചേർത്തുവായിക്കണം. ബാങ്കേഴ‌്സ‌് സമിതിയുമായുണ്ടാക്കിയ ധാരണപ്രകാരം ഡിസംബർ 31 വരെ വായ‌്പാ തിരിച്ചടവിന‌് സാവകാശം ലഭിക്കുമായിരുന്നു. ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽവന്നതിനാൽ ഇതു സംബന്ധിച്ച ഉത്തരവ‌് ഇറക്കാൻ തടസ്സം നേരിട്ടു. എന്നാൽ, ബാങ്കുകളുടെ ഭാഗത്തുനിന്ന‌് കർഷകർക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്നും സർക്കാർ സംവിധാനങ്ങൾ അതിനോട‌് സഹകരിക്കില്ലെന്നും വ്യക്തമായിരുന്നു. എന്നിട്ടും ഇക്കാര്യത്തിൽ സംസ്ഥാന ഗവൺമെന്റിനെ പ്രതിക്കുട്ടിൽ നിർത്താനും തെരഞ്ഞെടുപ്പിൽ മുതലെടുപ്പ‌് നടത്താനും പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും തയ്യാറായി.

കേരളം നാളിതുവരെ ദർശിച്ചിട്ടില്ലാത്ത പ്രളയവും തുടർന്ന‌് അതിതീവ്ര വരൾച്ചയും നേരിട്ട ഘട്ടത്തിലാണ‌് വായ‌്പാ തിരിച്ചടവിന‌് സാവകാശം നൽകാൻ സംസ്ഥാന സർക്കാർ മുൻകൈയെടുത്തത‌്. കാർഷിക വായ‌്പയ‌്ക്ക‌് മാത്രമല്ല, കർഷകർ എടുത്ത മറ്റു വായ‌്പകൾക്കും പ്രത്യേക സാഹചര്യത്തിൽ മൊറട്ടോറിയം നൽകണമെന്ന‌് പൊതുധാരണയിലെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ‌് കഴിഞ്ഞ മാർച്ച‌് 31ന‌് കാലാവധി കഴിഞ്ഞ കാർഷികേതര കടങ്ങൾക്കും ഡിസംബർ 31 വരെ തിരിച്ചടവിന‌് സാവകാശം അനുവദിച്ചത‌്.  എന്നാൽ, റിസർവ‌് ബാങ്കിന്റെ അംഗീകാരമില്ലെന്ന സങ്കേതികത്വം പറഞ്ഞ‌് മാർച്ച‌് 31ന‌് ശേഷം തിരിച്ചടവ‌് ഇല്ലാത്ത മുഴുവൻ കാർഷികേതര വായ‌്പകൾക്കുംമേൽ സർഫാസി നിയമപ്രകാരം ജപ‌്തി നടപ്പാക്കുമെന്ന ഭീഷണിയാണ‌് ബാങ്കേഴ‌്സ‌് സമിതി മുഴക്കിയിരിക്കുന്നത‌്. ആയിരക്കണക്കിന‌് പാവപ്പെട്ട കർഷകരെ ആത്മഹത്യയിലേക്ക‌് തള്ളിവിടുന്ന തീരുമാനമാണിത‌്. കാർഷികവായ‌്പകളുടെ കാര്യത്തിലും ജൂലൈ 31ന‌് മൊറട്ടോറിയം അവസാനിച്ചാൽ ഇതേ നിലപാടുതന്നെ പ്രതീക്ഷിക്കണം.

കർഷകരെ ദ്രോഹിക്കുന്ന ഒരു നടപടിക്കും കൂട്ടുനിൽക്കില്ലെന്ന‌് അർഥശങ്കയ‌്ക്ക‌് ഇടയില്ലാത്തവിധം സംസ്ഥാന സർക്കാർ വ്യക്തമാക്കിയത‌് ആശാവഹമാണ‌്. കോർപറേറ്റുകളുടെ അഞ്ചുലക്ഷം കോടിയുടെ വായ‌്പകൾ എഴുതിത്തള്ളിയ ബാങ്കുകളാണ‌് കർഷകരുടെ കണ്ണീര‌് കാണാതിരിക്കുന്നത‌്.  കടുത്ത വിളനാശവും വസ‌്തുനാശവും സംഭവിച്ച മഹാപ്രളയത്തിനുശേഷം കേരളത്തിലെ ബഹുഭൂരിപക്ഷം കർഷകർക്കും നിവർന്നുനിൽക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. സംസ്ഥാന സർക്കാർ നൽകിയ നഷ്ടപരിഹാരവും പുനർനിർമാണസഹായവും മാത്രമാണ‌് അവർക്ക‌് ആകെ ലഭിച്ച ആശ്വാസം. നേരിട്ട നഷ്ടവുമായി താരതമ്യംചെയ്യുമ്പോൾ ഇതൊന്നും പര്യാപ‌്തമല്ല. ഈ സാഹചര്യത്തിൽ ബാങ്കുകൾ ഉദാരമായ സമീപനം സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തമായിരിക്കും ഫലം.

വായ‌്പ എഴുതിത്തള്ളണമെന്ന ആവശ്യമല്ല ഇവിടെ ഉന്നയിക്കപ്പെട്ടിട്ടുള്ളത‌്. തിരിച്ചടവിന‌് ന്യായമായ സാവകാശവും പിഴപ്പലിശയിൽ ഇളവുംമാത്രമാണ‌് ആവശ്യപ്പെടുന്നത‌്. ഇക്കാര്യത്തിലുള്ള സാങ്കേതിക കുരുക്കുകൾ അഴിച്ചെടുക്കാൻ ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണം ആവശ്യമാണ‌്. പൊലീസിന്റെയും റവന്യു അധികൃതരുടെയും സഹകരണം ഇല്ലാതെ ബാങ്കുകൾക്ക‌് ജപ‌്തി നടപ്പാക്കാനാകില്ല. റിസർവ‌് ബാങ്ക‌് അധികൃതരെ പ്രശ‌്നത്തിന്റെ ഗൗരവം ധരിപ്പിച്ച‌് കർഷകർക്ക‌് സമാശ്വാസം പകരാനുള്ള നടപടികൾക്കാണ‌് സർക്കാർ തുടക്കംകുറിച്ചിട്ടുള്ളത‌്. അതിന്റെ ആദ്യപടിയാണ‌് ചൊവ്വാഴ‌്ചത്തെ യോഗം.  ഇതിനോട‌് ക്രിയാത്മകമായി പ്രതികരിക്കാൻ ബാങ്കേഴ‌്സ‌് സമിതി തയ്യാറാകണം. ഇവിടെ രൂപപ്പെടുന്ന സമവായം റിസർവ‌് ബാങ്കിനെയും കേന്ദ്ര സർക്കാരിനെയും ബോധ്യപ്പെടുത്താൻ പ്രയാസമുണ്ടാകില്ല. അതിനായി ഒത്തൊരുമിച്ചുള്ള പരിശ്രമം എല്ലാഭാഗത്തുനിന്നും ഉണ്ടാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top