29 September Friday

അഴിയെണ്ണുന്നവരുടെ അഴിമതിയാരോപണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2019പാലായും വരാനിരിക്കുന്ന അഞ്ച്‌ ഉപതെരഞ്ഞെടുപ്പും ലക്ഷ്യമാക്കി യുഡിഎഫും പ്രതിപക്ഷ നേതാക്കളും ഉതിർക്കുന്ന പൊയ്‌വെടികൾ  സൃഷ്‌ടിക്കുന്ന പുകമറയ്‌ക്ക്‌ ചില  മാധ്യമങ്ങൾ നൽകുന്ന പ്രചാരണം  ഒട്ടും ആശാസ്യമല്ല. ഈ പശ്‌ചാത്തലത്തിലാണ്‌, പ്രതിപക്ഷ നേതാവിന്റെ  ചോദ്യങ്ങളിൽ കാമ്പൊന്നും ഇല്ലെങ്കിലും ജനമനസ്സുകളിൽ ഉണ്ടാക്കിയേക്കാനിടയുള്ള തെറ്റിദ്ധാരണ നീക്കാനാണ്‌ മറുപടി നൽകുന്നതെന്ന്‌  മുഖ്യമന്ത്രി പിണറായി  വിജയൻ വ്യക്തമാക്കിയത്‌. 2016ൽ അധികാരത്തിൽവന്ന എൽഡിഎഫ്‌ സർക്കാരിന്റെ പ്രഥമ ബജറ്റിൽ 12000 കോടി സമാഹരിച്ച്‌ വികസന പാക്കേജ്‌ നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ച ധനമന്ത്രി തോമസ്‌ ഐസക്കിനെ സ്വപ്‌നലോകത്തിലെ സഞ്ചാരി എന്നാണ്‌  പ്രതിപക്ഷ നേതാവ്‌ വിശേഷിപ്പിച്ചത്‌. ഈ പാക്കേജിന്റെ വിപുലീകരണമാണ്‌ കിഫ്‌ബിയിലൂടെ യാഥാർഥ്യമായത്‌.

കേരളത്തിന്റെ അടിസ്ഥാന പശ്‌ചാത്തല വികസനത്തിന്‌ 1999ൽ നിയമനിർമാണത്തിലൂടെ നിലവിൽ വന്നതാണ്‌  ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റുമെന്റ്‌ ഫണ്ട്‌ ബോർഡ്‌. പിണറായി സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയിലൂടെ കിഫ്‌ബി കേരളത്തിന്റെ വികസന പ്രതീക്ഷയുടെ ലാസ്റ്റ്‌ ബസ്‌ ആയി മാറി. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വികസന നിക്ഷേപങ്ങൾക്കായി അഞ്ചു വർഷത്തിനിടയിൽ 50,000 കോടി സമാഹരിക്കുകയെന്നതായിരുന്നു ആദ്യലക്ഷ്യം. ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ പ്രതിപക്ഷ നേതാവ്‌ പറഞ്ഞത്‌ കിഫ്‌ബി ആകാശകുസുമം ആണെന്നാണ്‌. കഴിഞ്ഞ വർഷത്തെ ബജറ്റിനോട്‌ പ്രതികരിച്ച അദ്ദേഹം കിഫ്‌ബി ഏറ്റവും വലിയ തട്ടിപ്പാണെന്നും പറഞ്ഞു.

പ്രവാസി ചിട്ടി, മസാലബോണ്ട്‌ തുടങ്ങിയ പ്രവർത്തന പദ്ധതികൾ ആരംഭിച്ചതോടെ പണം എവിടെനിന്ന്‌ കിട്ടും എന്ന ചോദ്യം നിർത്തി കമീഷൻ ഇടപാടെന്ന ആക്ഷേപമുയർത്തി. ഇരുപദ്ധതിയും കേരളത്തിന്‌ അന്താരാഷ്‌ട്ര ധനകാര്യ മേഖലയിൽ ലഭിച്ച അംഗീകാരമാണെന്ന്‌  തെളിഞ്ഞതോടെ പ്രതിപക്ഷത്തിന്‌ ഉത്തരം മുട്ടി. ഒടുവിൽ കിഫ്‌ബിക്ക്‌ ഓഡിറ്റിങ് ഇല്ലെന്നായി. എന്നാൽ, എല്ലാ കിഫ്‌ബി പദ്ധതികളും സിഎജി ഓഡിറ്റിങ്ങിന്‌ വിധേയമാണെന്ന്‌ വ്യക്തമായി. ഇത്തരത്തിൽ തൊടുക്കുമ്പോഴേ പിഴയ്‌ക്കുന്ന ആരോപണങ്ങളുമായി പ്രതിപക്ഷവും നേതാവും ഇറങ്ങിയിരിക്കുന്നത്‌ വെറുതേയല്ല. കേവലം അഴിമതിയുടെയും അധികാരദുർവിനിയോഗത്തിന്റെയും ആരോപണം നേരിടുന്നവരല്ല, അതിന്‌ അഴിയെണ്ണുന്നവരാണ്‌ കോൺഗ്രസ്‌ സഖ്യകക്ഷി നേതാക്കൾ. 

72 കോടി മുടക്കിയ മേൽപ്പാലം രണ്ട്‌ വർഷംകൊണ്ട്‌ പൊളിച്ചുകളയേണ്ടി വരുന്നതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കും വകുപ്പുമന്ത്രിക്കുംമാത്രമല്ല. അന്നത്തെ ആഭ്യന്തരമന്ത്രിയാണ്‌ ഇന്നത്തെ പ്രതിപക്ഷ നേതാവ്‌

തിഹാർ ജയിലിൽ കിടക്കുന്ന ചിദംബരംമുതൽ ഇങ്ങ്‌ ഇബ്രാഹിംകുഞ്ഞും ചെറുപുഴയിലെ കുഞ്ഞികൃഷ്‌ണൻനായരുംവരെ  മുമ്പ്‌ അഴിമതിയുടെ മധുരം നുണഞ്ഞതിന്‌, ഇപ്പോൾ കയ്‌പുനീർ കുടിക്കുന്നവരാണ്‌.  72 കോടി മുടക്കിയ മേൽപ്പാലം രണ്ട്‌ വർഷംകൊണ്ട്‌ പൊളിച്ചുകളയേണ്ടി വരുന്നതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കും വകുപ്പുമന്ത്രിക്കുംമാത്രമല്ല. അന്നത്തെ ആഭ്യന്തരമന്ത്രിയാണ്‌ ഇന്നത്തെ പ്രതിപക്ഷ നേതാവ്‌. റിമാൻഡിലായപ്പോഴാണ്‌ മുൻ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജ്‌, വകുപ്പുമന്ത്രിയുടെ പങ്ക്‌ വെളിപ്പെടുത്തിയത്‌. അടുത്ത ആഴ്‌ച ഇബ്രാഹിംകുഞ്ഞിനെ അന്വേഷണസംഘം ചോദ്യംചെയ്യുമ്പോൾ ആരുടെയൊക്കെ പേര്‌ പുറത്തുവരുമെന്ന്‌ കാണാനിരിക്കുന്നതേയുള്ളൂ. ഇങ്ങനെയൊരു സന്ദിഗ്‌ധഘട്ടത്തിൽ  എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞ്‌ അന്തരീക്ഷം കലുഷിതമാക്കുകയെന്നതാണ്‌ യുഡിഎഫ്‌ ദൗത്യം.  ഇതിനെ ഏതാനും മാധ്യമങ്ങൾ ഒഴികെ ആരും ഗൗരവമായി കാണുന്നില്ല.

കിഫ്ബി, പവർ ഡിപ്പാർട്ട്‌മെന്റ്, കെഎസ്ഇബി ലിമിറ്റഡ് എന്നിവ ചേർന്നുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ ഉയർത്തിയ ആരോപണങ്ങൾ വായിൽ തോന്നുന്നത്‌ കോതയ്‌ക്ക്‌ പാട്ട്‌ എന്ന മട്ടിലുള്ളതാണ്‌. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സർക്കാരും വൈദ്യുതി ബോർഡും പലവട്ടം വിശദീകരിച്ചിട്ടും നുണ ആവർത്തിക്കാനാണ്‌ അദ്ദേഹം തയ്യാറായത്‌. ഉദ്യോഗസ്ഥ–- മന്ത്രിതലങ്ങളിലെ വിശദീകരണത്തിനുശേഷവും ചെന്നിത്തല  ദുരാരോപണം തുടരുന്ന സാഹചര്യത്തിലാണ്‌ അദ്ദേഹം ഉന്നയിച്ച പത്ത്‌ ചോദ്യത്തിനും ഉത്തരം നൽകാൻ മുഖ്യമന്ത്രി തയ്യാറായത്‌. കണ്ണൂർ വിമാനത്താവള കമ്പനിയുടെ  ഓഡിറ്റിങ് സംബന്ധിച്ചും ആശയക്കുഴപ്പം സൃഷ്‌ടിക്കാൻ പ്രതിപക്ഷം ശ്രമിച്ചിരുന്നു. എന്നാൽ, നെടുമ്പാശേരിയിൽ ഇക്കാലമത്രയും തുടർന്ന ഓഡിറ്റിങ്, നിയമാനുസൃതമായി കണ്ണൂരിലും നടക്കുമെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ ആരോപണങ്ങൾക്കും കൃത്യമായ മറുപടി നൽകിയിട്ടും ഇരുട്ടുമുറിയിൽ ഇല്ലാത്ത കറുത്ത പൂച്ചയെ തപ്പുകയാണ്‌ പ്രതിപക്ഷം. തങ്ങൾ അകപ്പെട്ട വലിയ കെണികളിൽനിന്ന്‌ കരകയറാൻ അവർക്ക്‌ ഇതേ മാർഗമുള്ളൂ. അടുത്ത ഘട്ടം ഉപതെരഞ്ഞെടുപ്പ് ഉന്നമാക്കി ഇനിയും കുരുട്ടുവിദ്യകൾ ഉണ്ടായേക്കാം. സംസ്ഥാനത്തിന്റെ സർവതോന്മുഖമായ പുരോഗതിയും ജനക്ഷേമവുംമാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന എൽഡിഎഫ്‌ സർക്കാരിനെ  ഇത്തരം ചൊട്ടുവിദ്യകൾ ഒരു തരത്തിലും ബാധിക്കുന്നില്ല. ജനവിശ്വാസത്തിലാണ്‌ സർക്കാരിന്റെ അടിത്തറ. പ്രതിപക്ഷം അർഹിക്കുന്നില്ലെങ്കിലും ജനങ്ങളെ മാനിച്ചാണ്‌ മറുപടി നൽകുന്നതെന്ന മുഖ്യമന്ത്രിയുടെ  വാക്കുകളിൽ തെളിയുന്നതും ഈ ആശയസ്‌ഥൈര്യംതന്നെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top