26 September Tuesday

നേരിടാം, അതിജീവിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Jul 24, 2020


തുടർച്ചയായി രണ്ടാം ദിവസവും ആയിരത്തിലധികം പേർക്ക്‌ രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത്‌ കോവിഡ്‌ വ്യാപനം അതീവ ഗുരുതരമായ അവസ്ഥയിലേക്ക്‌ നീങ്ങുകയാണ്‌. തിരുവനന്തപുരവും കൊച്ചിയുമടക്കം പലയിടത്തും സമ്പർക്കത്തിലൂടെയുള്ള രോഗബാധ ആശങ്ക ഉണർത്തുന്നവിധം വർധിക്കുന്നു. ദിവസവും കൂടുതൽ പ്രദേശങ്ങൾ കണ്ടെയ്‌ൻ‌മെന്റ്‌ സോണുകൾ ആയി മാറ്റേണ്ടിവരുന്നു. ഉറവിടം വ്യക്തമാകാത്ത രോഗബാധയും നാൾക്കുനാൾ ഏറുകയാണ്‌. എവിടെനിന്നും ആരിൽനിന്നും രോഗം പകരാമെന്ന ആശങ്കയിലും ഭയപ്പാടിലുമാണ്‌ സമൂഹം. ഭീതി മാറ്റിവച്ച്‌ നിതാന്ത ജാഗ്രതയും പഴുതില്ലാത്ത മുൻകരുതലും വഴി ഈ മഹാമാരിയെ അതിജീവിക്കാൻ ജനങ്ങളാകെ ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭമാണിത്‌.

കോവിഡിന്റെ ഭീഷണി ഉയർന്ന നാൾമുതൽ ഫലപ്രദമായ ഇടപെടലിലൂടെ രോഗത്തെ ചെറുത്തുനിന്ന്‌ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ നാടാണ്‌ കേരളം. സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങളുടെ കരുത്തും മികവും വ്യക്തമായ ദിനങ്ങളാണ്‌ കടന്നുപോയത്‌. കോവിഡ്‌ ഉയർത്തുന്ന പുതിയ വെല്ലുവിളിയെയും ചെറുത്തുതോൽപ്പിക്കാനുള്ള പ്രാപ്‌തി നമ്മുടെ ആരോഗ്യ മേഖലയ്‌ക്കുണ്ട്‌. സമൂഹ വ്യാപന ഭീഷണിയെ ശാസ്‌ത്രീയവും സംഘടിതവുമായ പ്രവർത്തനങ്ങളിലൂടെ അതിജീവിക്കാനുള്ള നടപടികളാണ്‌‌ സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്‌.

രോഗം സ്ഥിരീകരിച്ചവർക്ക്‌ മികച്ച ചികിത്സയും പരിചരണവും നൽകുക, രോഗികളുടെ റൂട്ട്‌ മാപ്പ്‌ തയ്യാറാക്കി രോഗ സാധ്യതയുള്ളവരെ കണ്ടെത്തി ക്വാറന്റൈൻ ചെയ്യുക, മരണം കഴിയുന്നത്ര ഒഴിവാക്കുക എന്നിവയ്‌ക്കാണ്‌ നാം തുടക്കംമുതൽ മുൻഗണന നൽകുന്നത്‌. രോഗസാധ്യത പരമാവധി തടയുന്നതിന്‌ ഇതുവരെ കഴിഞ്ഞു. ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ്‌ സംസ്ഥാനത്ത്‌. കോവിഡ്‌  ബാധിച്ചാൽ ഏറ്റവും ഫലപ്രദമായ ചികിത്സ ലഭിക്കുന്ന സുരക്ഷിതമായ സ്ഥലമാണ്‌ ഇപ്പോഴും കേരളം. സംസ്ഥാന സർക്കാരിന്റെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങളാണ്‌ ഈ നേട്ടങ്ങൾക്കെല്ലാം കാരണം.


 

രോഗബാധ വ്യാപകമായാൽ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച്‌ വ്യക്തമായ പദ്ധതികൾ നേരത്തെ തന്നെ തയ്യാറാക്കിയാണ്‌ നാം മുന്നോട്ടുപോയത്‌. ഗുരുതരാവസ്ഥയില്ലാത്ത രോഗികൾക്കായി തുടങ്ങുന്ന കോവിഡ്‌ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌‌ സെന്ററുകൾ മഹാമാരിക്കെതിരായ പോരാട്ടത്തിലെ മഹത്തായ മാതൃകകളിലൊന്നാണ്‌. രോഗം വ്യാപിക്കുന്നതിനാൽ സംസ്ഥാനത്ത്‌ തദ്ദേശ സ്ഥാപനങ്ങൾവഴി നൂറുകണക്കിന്‌ കോവിഡ്‌ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌സെന്ററുകളാണ്‌ തുറക്കുന്നത്‌. ഇവിടെ ആവശ്യമായത്രയും  ബെഡുകൾ രോഗികൾക്കായി ഒരുങ്ങുന്നു. സംസ്ഥാനമാകെ കോവിഡ്‌ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററുകൾ സജ്ജമാകുന്നതോടെ രോഗബാധിതർക്ക്‌ പൂർണമായും സ്വന്തം നാട്ടിൽ ചികിത്സ ലഭ്യമാകും. വികേന്ദ്രീകൃത ആരോഗ്യ സംവിധാനങ്ങളുടെ പുതിയ വിജയ മാതൃക സൃഷ്‌ടിക്കുകയാണ്‌ ഇവിടെ കേരളം.

കോവിഡ്‌ മഹാമാരിക്കെതിരെ ആറ്‌ മാസത്തോളമായി സംസ്ഥാന സർക്കാരും ആരോഗ്യപ്രവർത്തകരും നടത്തുന്ന പോരാട്ടം ശാസ്‌ത്രീയവും ഫലപ്രദവുമായ ആസൂത്രണത്തിന്റെയും അസാധാരണ ഇച്ഛാശക്തിയുടെയും പാഠങ്ങളാണ്‌ ലോകത്തിന്‌ പകർന്ന്‌ നൽകിയത്‌. രോഗബാധയുടെ ഗ്രാഫ്‌ പൂർണമായും താഴ്‌ത്താൻ ഒരു ഘട്ടത്തിൽ നമുക്ക്‌ കഴിഞ്ഞു. വികേന്ദ്രീകരണത്തിലൂടെ ശക്തിപ്പെടുത്തിയ തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും ആരോഗ്യ സംവിധാനങ്ങളുടെയും മികവാണ്‌ യഥാർഥത്തിൽ ഈ പ്രതിരോധത്തിന്‌ അടിത്തറയായത്‌.


 

ഫലപ്രദമായ പ്രതിരോധ പദ്ധതികൾ ആസൂത്രണം ചെയ്യാനും സംവിധാനങ്ങൾ ഒരുക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും നേതൃത്വം നൽകി. ഭാവിയിൽ ഉണ്ടായേക്കാവുന്ന ഗുരുതരമായ രോഗവ്യാപന സാധ്യതകൂടി കണ്ടാണ്‌ വിവിധ ഘട്ടങ്ങളിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാർ ചെയ്യുന്നത്‌. അതേസമയം, രോഗം അകന്നുനിൽക്കുന്ന ഒറ്റപ്പെട്ട തുരുത്തായിരുന്നില്ല ഒരിക്കലും കേരളം. മരണനിരക്കും രോഗവ്യാപനവും പിടിച്ചുനിർത്തിയ സംസ്ഥാനത്തിന്റെ പ്രതിരോധം ഒട്ടും അനായാസമായിരുന്നില്ല. ലോക്‌ഡൗൺ ഇളവ്‌ പ്രഖ്യാപിച്ചതോടെ ലക്ഷക്കണക്കിന്‌ പ്രവാസി സഹോദരങ്ങളെയാണ്‌ ഇരുകൈയും നീട്ടി സ്വീകരിച്ചത്‌. അവർക്ക്‌ ക്വാറന്റൈൻ സൗകര്യമൊരുക്കാനും തയ്യാറായി. ലോക്‌ഡൗൺ ഇളവ്‌ വന്നതോടെ സംസ്ഥാന അതിർത്തികളിൽ പല വഴിക്ക്‌ ആളുകൾ വരുന്ന സാഹചര്യമുണ്ടായി. ഇതെല്ലാമുണ്ടായിട്ടും രോഗവ്യാപനം തടഞ്ഞുനിർത്തുന്നതിന്‌ സാധിച്ചത്‌ ചെറിയ കാര്യമല്ല.

സർക്കാരും ജനങ്ങളും ഒരുമിച്ചു‌നിന്നാൽ ഇപ്പോഴത്തെ സമൂഹ വ്യാപന ഭീഷണിയെയും കേരളം അതിജീവിക്കും. രോഗത്തെക്കുറിച്ച്‌ നല്ല ജാഗ്രതയും മുൻകരുതലും എല്ലാവർക്കുമുണ്ടാകണം. എല്ലാ ഭിന്നതകളും മാറ്റിവച്ച്‌ ഈ മഹാമാരിക്കെതിരെ പൊരുതാൻ മനുഷ്യരെല്ലാം ഒരുമിക്കണം. ജീവിച്ചിരിക്കുക തന്നെയാണ്‌ പ്രധാനം. നമുക്ക്‌ അതിജീവിച്ചേ പറ്റൂ. ഒന്നായി പൊരുതി ജയിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top