11 June Sunday

റാഗിങ് വീണ്ടും തലപൊക്കുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2016

റാഗിങ് വീണ്ടും വാര്‍ത്താതലക്കെട്ടുകളിലെത്തുകയാണ്. കലാലയവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ റാഗിങ്ങിന്റെ മറവില്‍ നടന്ന അതിക്രൂര പീഡനങ്ങളിലൊന്ന് പുറത്തുവന്നു. പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം പൂര്‍ത്തിയാകാനിരിക്കുന്നതേയുള്ളൂ. അവിടെക്കൂടി അധ്യയനം ആരംഭിക്കുന്നതോടെ  പരാതികള്‍ ഇനിയും വര്‍ധിച്ചേക്കാം.

റാഗിങ് തമാശയല്ല; ക്രിമിനല്‍ കുറ്റമാണ്. പക്ഷേ, പലപ്പോഴും സ്ഥാപനാധികാരികള്‍ വിഷയം ലാഘവബുദ്ധിയോടെ കൈകാര്യംചെയ്യുന്നു. പീഡനത്തിന് ഇരയാകുന്നവര്‍ നീതികിട്ടാതെ വലയുന്നു. റാഗിങ്മൂലം മരണമുണ്ടായ കേസുകളില്‍പ്പോലും അന്വേഷണം വഴിമുട്ടിയതായി പരാതി ഉയരുന്നു. മറ്റ് പീഡനങ്ങളില്‍ എന്നതുപോലെ സമൂഹത്തിലെ അധികാരഘടനയില്‍ താഴെത്തട്ടിലുള്ളവര്‍ ഇത്തരം പീഡനങ്ങള്‍ക്ക് കൂടുതലായി ഇരയാകുന്നു. വര്‍ണത്തിന്റെയും ലിംഗത്തിന്റെയും ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും പേരിലുള്ള അധികാരശ്രേണികള്‍ ഇവിടെയും പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ഥി ദളിതനും ദരിദ്രനുംകൂടിയാണെങ്കില്‍ റാഗിങ് അവരുടെ ഭാവിജീവിതംതന്നെ തകര്‍ത്തുകളയുന്നു.

കര്‍ണാടകത്തിലെ ഗുല്‍ബര്‍ഗിലെ അല്‍–ഖമാര്‍ നേഴ്സിങ് കോളേജില്‍ ബിഎസ്സി ഒന്നാംവര്‍ഷ നേഴ്സിങ് വിദ്യാര്‍ഥിനി മലപ്പുറം എടപ്പാള്‍ സദേശി അശ്വതി നേരിട്ടത് റാഗിങ്ങിന്റെ പേരിലുള്ള മനുഷ്യത്വരഹിതമായ പീഡനമാണ്. വെള്ളം കുടിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് ആ കുട്ടി ഇപ്പോഴും.  മൂന്നു ലക്ഷം രൂപ ബാങ്ക് വായ്പയെടുത്താണ് അശ്വതി നേഴ്സിങ്ങിന് ചേര്‍ന്നത്. അശ്വതിയുടെ ചികിത്സാച്ചെലവ് വഹിക്കുമെന്ന സംസ്ഥാനസര്‍ക്കാര്‍ തീരുമാനം കഴിഞ്ഞദിവസം മന്ത്രി എ കെ ബാലന്‍ പ്രഖ്യാപിച്ചിരുന്നു. കര്‍ണാടകസര്‍ക്കാരുമായി ബന്ധപ്പെട്ട് കേസന്വേഷണം ശക്തമാക്കാനും സര്‍ക്കാര്‍ ഇടപെടുന്നുണ്ട്.

എണ്‍പതുകള്‍വരെ റാഗിങ് കടുത്തരീതിയില്‍ തലപൊക്കിയപ്പോഴൊക്കെ വിദ്യാര്‍ഥി സംഘടനകളുടെയും പൊതുസമൂഹത്തിന്റെയും ജാഗ്രതമൂലം കേരളംപോലെയുള്ള സംസ്ഥാനങ്ങളില്‍ കുറെയൊക്കെ അവ തടയാനായിരുന്നു. എന്നാല്‍, തൊണ്ണൂറുകളില്‍ സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ രാജ്യത്താകെ മുളച്ചുപൊന്തിയതോടെ റാഗിങ് വീണ്ടും പ്രശ്നമായി. കടുത്ത രീതിയില്‍ റാഗിങ് പലയിടത്തുമുണ്ടായി. തമിഴ്നാട്ടില്‍ ആത്മഹത്യകള്‍ക്കുവരെ റാഗിങ് കാരണമായി. റാഗിങ് നിരോധനം ആദ്യംവന്നതും തമിഴ്നാട്ടിലാണ്. 1997ല്‍ അവര്‍ റാഗിങ് നിരോധിച്ച് നിയമം പാസാക്കി. ആ വര്‍ഷംതന്നെ കേരളത്തിലും നിയമം വന്നു. 2001ല്‍ റാഗിങ് വിലക്കുന്ന ഉത്തരവ് സുപ്രീംകോടതിയില്‍നിന്നുതന്നെ ഉണ്ടായി. അതോടെ പരസ്യമായും പകല്‍സമയത്തുമുള്ള റാഗിങ്ങിന് കുറവുണ്ടായി. എന്നാല്‍, വിദ്യാഭ്യാസം പൂര്‍ണമായും കച്ചവടമാക്കുന്ന സ്വകാര്യ– സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ റാഗിങ് സംഭവങ്ങള്‍ ഒളിച്ചുവയ്ക്കുന്ന പ്രവണത ഏറെയാണ്. അടുത്ത വര്‍ഷത്തെ പ്രവേശനത്തെയും അതുവഴിയുള്ള വരുമാനത്തെയും ബാധിക്കുമെന്നു ഭയന്ന് പ്രതികളെ സംരക്ഷിക്കാനും ഇരകള്‍ നിയമസഹായം തേടുന്നത് തടയാനും മാനേജ്മെന്റുകള്‍ ശ്രമിക്കുന്നു.

പല സംസ്ഥാനങ്ങളിലും റാഗിങ്വിരുദ്ധ നിയമം ശക്തമാണ്. സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളും നിലവിലുണ്ട്്. അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ റാഗിങ് തടയാന്‍ ചുമതലപ്പെട്ട ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. നിര്‍ദേശങ്ങള്‍ ലംഘിക്കുകയും പ്രതികളെ സംരക്ഷിക്കുകയുംചെയ്യുന്ന സ്ഥാപനത്തിന്റെ ധനസഹായം നിഷേധിക്കുന്നതുപോലും പരിഗണിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. റാഗിങ് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന നിരീക്ഷണവും സുപ്രീംകോടതിയില്‍നിന്നുണ്ടായി. എന്നാല്‍, നിയമനടപടികളും ബോധവല്‍ക്കരണവുംകൊണ്ടുമാത്രം തടയാവുന്നതല്ല റാഗിങ് എന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ ഇപ്പോഴും ഉണ്ടാകുന്നു. കൂടുതല്‍ ജനാധിപത്യാന്തരീക്ഷമുള്ള ക്യാമ്പസുകളും വിദ്യാര്‍ഥിപങ്കാളിത്തം ഉള്ള റാഗിങ് പ്രതിരോധ നടപടികളും ആവശ്യമാണ്. കോളേജ് യൂണിയനുകള്‍പോലും നിലവിലില്ലാത്തതാണ് ഇത്തരം അതിക്രമങ്ങളുണ്ടാകുന്ന കോളേജുകള്‍ പലതും. ഈ സ്ഥിതിക്ക് മാറ്റം വരണം.

പല സംസ്ഥാനങ്ങളില്‍ പല തരത്തിലുള്ള നിയമങ്ങള്‍ നിലനില്‍ക്കുന്നതും പ്രശ്നമാകുന്നുണ്ട്. പരാതി കിട്ടിയാല്‍ അന്വേഷിക്കുന്നതിലോ നടപടി സ്വീകരിക്കുന്നതിലോ വീഴ്ചവരുത്തുന്ന സ്ഥാപനമേധാവിക്കെതിരെ പ്രേരണക്കുറ്റം ചുമത്താമെന്ന വ്യവസ്ഥ കേരളത്തിലെ നിയമത്തിലുണ്ട്. പരാതി അവഗണിക്കുകയോ പരാതിപ്രകാരം നടപടി സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്ന വകുപ്പുമേധാവിക്ക് റാഗിങ്ങിലേര്‍പ്പെടുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷതന്നെ നല്‍കാമെന്നും നിയമത്തിന്റെ ഏഴാംവകുപ്പില്‍ പറയുന്നു. ഇത്തരം വ്യവസ്ഥകള്‍ മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഇല്ല. അതുകൊണ്ട് വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ സമാനവും ശക്തവുമാക്കാന്‍ നടപടി വേണം. ഇങ്ങനെ പല കോണില്‍നിന്നുള്ള ഇടപെടലില്‍ക്കൂടിയേ റാഗിങ്ങിനെ ക്യാമ്പസുകളില്‍നിന്ന് അകറ്റാനാകൂ. ഇക്കാര്യത്തില്‍ വിദ്യാഭ്യാസമേഖലയിലെ എല്ലാവിഭാഗങ്ങളും സര്‍ക്കാരുകളും യോജിച്ച് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top