18 June Tuesday

സകലതും ശൂന്യമാക്കുന്ന കടുംവെട്ട്

വെബ് ഡെസ്‌ക്‌Updated: Thursday Mar 24, 2016

അധികാരം പലവിധത്തില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ടെങ്കിലും കവി ഷെല്ലി അധികാരത്തിന് നല്‍കിയ നിര്‍വചനമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് പ്രയോഗിക്കുന്ന അധികാരത്തിന് കൂടുതല്‍ ചേരുന്നത്. 'സകലതും ശൂന്യമാക്കുന്ന മഹാരോഗം' എന്നതാണ് ആ നിര്‍വചനം. ഒരു മഹാരോഗം മനുഷ്യരെയെന്നോണം, ഈ അധികാരം ഖജനാവിനെ മുതല്‍ നാടിനെവരെ ശൂന്യമാക്കുകയാണ്; പ്രത്യേകിച്ചും അതിന്റെ സമാപനത്തോടടുക്കുന്ന നാളുകളില്‍. 

അധികാരത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ലെന്നുറപ്പായ ജനാധിപത്യവിരുദ്ധ ഭരണാധികാരി നാട് അപ്പാടെ വിറ്റുകാശാക്കി വിദേശത്ത് സ്വകാര്യ സൂക്ഷിപ്പായി നിക്ഷേപിക്കും. ഇത് സത്യമാണെന്ന് വ്യക്തമാക്കിയ എത്രയോ ഭരണങ്ങള്‍ ലോകം കണ്ടു. വിദേശത്ത് സ്വകാര്യ സൂക്ഷിപ്പാക്കി മാറ്റുന്നുണ്ടോ എന്ന് വ്യക്തമല്ല,  ഉമ്മന്‍ചാണ്ടി ചെയ്യുന്നത് നാടിനെ അപ്പാടെ വിറ്റുതുലയ്ക്കുകയാണ്. വിള കുറയുമ്പോള്‍ കടുംവെട്ട് എന്ന് പറയുമല്ലോ. അതുപോലെ.
കൈവശം വയ്ക്കാവുന്ന ഭൂമിക്ക് പരിധി കല്‍പ്പിച്ച ഭൂപരിഷ്കരണത്തെപ്പോലും അട്ടിമറിച്ചുകൊണ്ട് ക്രിമിനല്‍ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി എടുത്ത് ദാനംചെയ്യുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ. ഈ പരമ്പരയിലെ അതിനികൃഷ്ട നടപടിയായിപ്പോയി സന്തോഷ് മാധവന് 128 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നല്‍കിയത്. പിന്നീട് ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെയും അവമതിപ്പിന്റെയും പശ്ചാത്തലത്തില്‍ സന്തോഷ് മാധവനുള്ള ഭൂമിദാനംമാത്രം തല്‍ക്കാലത്തേക്ക് സര്‍ക്കാര്‍ ഉപേക്ഷിച്ചെങ്കിലും സര്‍ക്കാരിന്റെയും അതിനെ നയിക്കുന്ന ഭരണരാഷ്ട്രീയക്കാരുടെയും യഥാര്‍ഥ മനോഭാവം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

സന്തോഷ് മാധവന്‍ ആരാണെന്ന് കേരളീയര്‍ക്കറിയാം. അയാളുടെ അതേ സ്വഭാവവും പെരുമാറ്റശൈലിയിലുമുള്ള സന്തോഷ് മാധവന്മാര്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെന്നല്ല, മന്ത്രിസഭയില്‍വരെ ഉണ്ടെന്നതുമറിയാം. മന്ത്രിസഭയിലെ സന്തോഷ് മാധവന്മാര്‍ക്കും പുറത്തെ യഥാര്‍ഥ സന്തോഷ് മാധവന്മാര്‍ക്കും തമ്മില്‍ ആത്മബന്ധമുണ്ടാകുന്നതും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍, കൂട്ടുകച്ചവടക്കാരായ ഭരണാധികാരികള്‍ സര്‍ക്കാര്‍ ഭൂമിയെടുത്ത് സന്തോഷ് മാധവന് ദാനംചെയ്യുന്നത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്.

പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ നിസ്വജനലക്ഷങ്ങള്‍ കയറിക്കിടക്കാന്‍ മണ്ണോ കൂരയോ ഇല്ലാതെ വലയുന്ന നാട്ടിലാണ്, സന്തോഷ് മാധവനുള്ള സര്‍ക്കാരിന്റെ ഭൂമിദാനം. പ്രായമായിവരുന്ന പെണ്‍കുട്ടികളുമായി സുരക്ഷിതമായി കഴിയാന്‍പോലും സാധ്യമാകാത്ത തരത്തിലുള്ള ചെറുകുടിലുകളില്‍ കഴിയുന്നവരുണ്ട്. അവര്‍ക്ക് കിട്ടേണ്ട ഭൂമിയാണ് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതില്‍ റെക്കോഡിട്ട ഒരു ക്രിമിനല്‍ സ്വാമിക്ക് ഉമ്മന്‍ചാണ്ടിയും കൂട്ടരും ദാനംചെയ്യുന്നത്. ഈ അധമപ്രവൃത്തി തടഞ്ഞേ പറ്റൂ. ഇത്ര തരംതാണിട്ടില്ല കേരളത്തില്‍ മറ്റൊരു ഭരണാധികാരിയും. ഈ ഉമ്മന്‍ചാണ്ടിയെ ഓര്‍ത്ത് കേരളം ലജ്ജിച്ച് തലതാഴ്ത്തട്ടെ.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിന് തൊട്ടുമുമ്പായി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ സ്വകാര്യകമ്പനിക്ക് റവന്യൂഭൂമി പതിച്ചുനല്‍കാന്‍ ഉത്തരവിട്ടത് കൃത്യമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ്. ഒന്നും രണ്ടുമല്ല 128 ഏക്കര്‍ തണ്ണീര്‍ത്തടമാണ് പതിച്ചുനല്‍കാന്‍ തീരുമാനിച്ചത്. ഈ മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും ആരാണ് സന്തോഷ് മാധവന്‍ എന്ന വിവാദസ്വാമി? (അയാള്‍ ഇപ്പോള്‍ കാവിയും താടിയുമുപേക്ഷിച്ച് സ്വാമിപ്പട്ടം ഉപേക്ഷിച്ചെന്നും കേള്‍ക്കുന്നു)

മെസേഴ്സ് കൃഷി പ്രോപ്പര്‍ട്ടി ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ഭൂമി നല്‍കുന്നത്. നേരത്തെ സന്തോഷ് മാധവനും തട്ടിപ്പുസംഘവും കൊണ്ടുനടന്ന ആദര്‍ശ് പ്രൈം പ്രോപ്പര്‍ട്ടീസ് പേരുമാറി ആര്‍എം2 ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആവുകയും ആ സ്ഥാപനത്തിന്റെ പേരില്‍ ഭൂമിക്ക് അപേക്ഷ കൊടുക്കുകയുമായിരുന്നു. അവരുടെ അപേക്ഷ കിട്ടേണ്ട താമസം, യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവിറക്കി. ഭൂപരിഷ്കരണ നിയമത്തിലെ 81(3) വകുപ്പ് ഇളവുചെയ്തുകൊണ്ടാണ് ഭൂമിദാനം.

മുഖ്യമന്ത്രി ഉറങ്ങാതിരുന്ന് പണിചെയ്യുകയാണത്രെ. ഉറങ്ങാതിരുന്ന് കേരളത്തെ വിറ്റുതീര്‍ക്കുകയെന്ന് പറയുന്നതാകും കൂടുതല്‍ ശരി. കുട്ടനാട്ടിലെ മെത്രാന്‍കായലും എറണാകുളത്തെ കടമക്കുടി കായലും നികത്താന്‍ അനുമതി നല്‍കി. ഭരണം കഴിയാറായപ്പോള്‍ പരിസ്ഥിതിപ്രശ്നമുള്ള സ്ഥലങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് കൈമാറി.

വമ്പന്‍ പണത്തട്ടിപ്പ്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കല്‍, ബ്ളൂുഫിലിം നിര്‍മാണം, ചന്ദനക്കടത്ത്, കടുവാത്തോലുകടത്ത് തുടങ്ങി എത്രയോ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടയാളാണ് കോണ്‍ഗ്രസ് നേതാക്കളുടെ കൈയാളായ സന്തോഷ് മാധവന്‍. അയാള്‍ക്കാണ് പുത്തന്‍വേലിക്കര– മഠത്തുംപടി ഭൂമി കൈമാറുന്നത്. 128 ഏക്കറില്‍ 15 ഏക്കര്‍ കഴിച്ചാല്‍ ഉള്ളതുമുഴുവന്‍ മിച്ചഭൂമിയാണ്. ഇത് താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് കൈമാറ്റപ്പെടേണ്ടതായിരുന്നു. അതിനായി ജില്ലാ കലക്ടര്‍ ഉത്തരവിട്ടതുമാണ്. ഇതിനെതിരെ തല്‍പ്പരകക്ഷികള്‍ കോടതിയില്‍ പോയി. കോടതി കനിഞ്ഞില്ല. കോടതി കനിയാത്തിടത്ത് കോടതിയെപ്പോലും വെല്ലുവിളിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കനിഞ്ഞു, അടൂര്‍ പ്രകാശ് എന്ന മന്ത്രി കനിഞ്ഞു. പാടം നികത്താന്‍ നിയമം ലംഘിച്ച് ഉത്തരവായി. നെല്‍വയല്‍– തണ്ണീര്‍ത്തടങ്ങള്‍ എന്നീ പദവിയിലുള്ള ഭൂമി നികത്തരുതെന്ന ഉത്തരവ് കാറ്റില്‍പ്പറന്നു. തഹസില്‍ദാരുടെ റിപ്പോര്‍ട്ട് ചവറ്റുകുട്ടയില്‍ വീണു. എത്ര വേഗത്തിലാണ് സന്തോഷ് മാധവനെന്ന കുറ്റവാളിക്കുവേണ്ടി കാര്യങ്ങള്‍ സെക്രട്ടറിയറ്റില്‍ നീങ്ങിയത്!

ജീര്‍ണമായ അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി ഭരണം കടുംവെട്ടിന്റെ കാലത്തേക്ക് കടന്നിരിക്കുകയാണ്. സര്‍ക്കാര്‍സ്ഥലവും സ്വത്തും വിറ്റുകാശാക്കി ഓഹരി പറ്റുന്നു. ടെന്നീസ് ക്ളബ്ബില്‍നിന്ന് കിട്ടേണ്ട 11 കോടിയുടെ പാട്ടക്കുടിശ്ശിക എഴുതിത്തള്ളി. അതിനുപുറമെ നാലര ഏക്കര്‍ കുടിശ്ശികക്കാര്‍ക്ക് പതിച്ചുനല്‍കി. നേരത്തേ പാറ്റൂര്‍ ഭൂമി കൈയേറ്റമടക്കം എത്രയോ സംഭവങ്ങള്‍!

ഒരുവശത്ത്, കൊടുത്തുതീര്‍ക്കേണ്ട പണം കൊടുക്കാതെ കുടിശ്ശികയാക്കി അടുത്ത ഭരണത്തിന്റെ ബാധ്യതയാക്കി മാറ്റല്‍. മറുവശത്ത് സര്‍ക്കാര്‍ ഭൂമിയും ഖജനാവിലേക്ക് വരേണ്ട പണവും അന്യാധീനമാക്കി ധൂര്‍ത്തടിക്കല്‍. പൊടിപൊടിക്കുകയാണ് യുഡിഎഫ് ഭരണം.

പ്രധാന വാർത്തകൾ
 Top