02 February Thursday

സര്‍ഗപ്രതിഭയ്ക്ക് സാദരം

വെബ് ഡെസ്‌ക്‌Updated: Friday Feb 24, 2017

ദേശാഭിമാനിയുടെ പ്രഥമ സാഹിത്യപുരസ്കാരം ഇന്ന് അര്‍ഹമായ കരങ്ങളില്‍ എത്തുന്നു. മലയാളിയുടെ സര്‍ഗാത്മകജീവിതത്തിന് അനുഭവങ്ങളുടെ ഉള്‍ച്ചൂട് പകര്‍ന്ന അക്ഷരങ്ങളുടെ ആചാര്യനെ ആദരിച്ചുകൊണ്ടാണ്  ജനകീയപത്രമായ ദേശാഭിമാനി പ്ളാറ്റിനം ജൂബിലിയിലേക്ക് കടക്കുന്നത്. ജ്ഞാനപീഠജേതാവും  മലയാള കല-സാംസ്കാരിക-സാഹിത്യലോകത്തെ നിസ്തുല മഹാപ്രതിഭയുമായ എം ടി വാസുദേവന്‍നായരെ  പ്രഥമ പുരസ്കാരത്തിനായി തെരഞ്ഞെടുക്കുമ്പോള്‍ ഞങ്ങള്‍ക്കുമുന്നില്‍ മറ്റൊരു പേരുമില്ലായിരുന്നു. എം ടി എന്ന ദ്വയാക്ഷരി  മലയാളിയുടെ അഭിമാനവും അഹങ്കാരവുമാണ്. അസഹിഷ്ണുത തീപടര്‍ത്തുന്ന വര്‍ത്തമാനകാലത്ത്  നേരിയ അപായസൂചനയെങ്കിലും എഴുത്തിലൂടെ സമൂഹത്തിന് നല്‍കാന്‍ കഴിയുന്നതാണ് ചാരിതാര്‍ഥ്യമെന്ന് പ്രഖ്യാപിക്കുന്ന എം ടി മതനിരപേക്ഷതയുടെ പക്ഷത്ത് നിര്‍ഭയം നിലകൊള്ളുന്നു.

അധ്വാനിക്കുന്ന വര്‍ഗത്തിന്റെ നേതാവും പടയാളിയുമായി, പോരാട്ടത്തിന്റെയും ഭരണവര്‍ഗപീഡകളുടെയും അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും ഏഴരപ്പതിറ്റാണ്ട് പൂര്‍ത്തിയാകുന്ന ദേശാഭിമാനി വളര്‍ച്ചയുടെ പുതുപടവുകള്‍ പിന്നിടുകയാണ്. മലയാളപത്രങ്ങളില്‍ പ്രചാരത്തില്‍ മൂന്നാമതും ജനസ്വാധീനത്തില്‍ ഒന്നാമതുമാണ് ദേശാഭിമാനിയുടെ സ്ഥാനം. മൂലധനതാല്‍പ്പര്യങ്ങളും പ്രതിലോമരാഷ്ട്രീയവും നിഷ്പക്ഷതയില്‍ പൊതിഞ്ഞ് വായനക്കാരനിലെത്തിക്കുന്ന മാധ്യമ മഹാസഖ്യത്തിന്റെ പൊതുബോധനിര്‍മിതിയെ ധീരോദാത്തമായി ചെറുത്ത്, മലയാളിയുടെ മനസ്സില്‍ ശരിബോധം പകര്‍ന്നുനല്‍കുക എന്ന ദൌത്യമാണ് ദേശാഭിമാനി ഏറ്റെടുക്കുന്നത്. അതോടൊപ്പം മാധ്യമപ്രവര്‍ത്തനത്തിന്റെ മികവും ശരിയും ഉയര്‍ത്തിപ്പിടിച്ച്, സാങ്കേതികവിദ്യയുടെ നവീനസാധ്യതകള്‍ ഉള്‍ക്കൊണ്ട് സമ്പൂര്‍ണ വാര്‍ത്താപത്രമാകാനുള്ള പ്രയത്നവും ഞങ്ങള്‍ നിരന്തരം നടത്തുന്നു.

1942ല്‍ ദേശാഭിമാനി ആഴ്്ചപ്പതിപ്പായി പിറന്നത് കോഴിക്കോട്ടാണ്. ആദ്യകാലത്ത് ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്കുപോലും ബുദ്ധിമുട്ടിയപ്പോള്‍, ശത്രുവര്‍ഗത്തിന്റെ കടന്നാക്രമണങ്ങളുണ്ടായപ്പോള്‍ അതിജീവനത്തിന് ദേശാഭിമാനിക്ക് ഊര്‍ജം പകര്‍ന്നതില്‍ കോഴിക്കോടിന്റെ മണ്ണും മനുഷ്യരുമുണ്ട്. എം ടി  സാഹിത്യ ലോകത്തിന്റെ ഉത്തുംഗത്തിലേക്ക്  അടിവച്ചുകയറിയതും  ഈ മഹാനഗരത്തിന്റെ മണ്ണില്‍ പദമൂന്നിയാണ്. അതുകൂടിയാണ്  ദേശാഭിമാനിയുടെ പ്രഥമ പുരസ്കാരം കോഴിക്കോട്ടുവച്ച് എം ടിക്ക് കൈമാറുന്നതിലെ വൈശിഷ്ട്യം.

പുരസ്കാരദാനമെന്നതിലുപരി, എം ടിയുടെ കല-സാഹിത്യസംഭാവനകളെ മുന്‍നിര്‍ത്തി സാംസ്കാരികോത്സവമായാണ് ആദരപരിപാടി സംഘടിപ്പിച്ചത്. ചലച്ചിത്രോത്സവം, പുസ്തകോത്സവം, ദേശീയ സാഹിത്യ സെമിനാര്‍, സാഹിത്യമത്സരങ്ങള്‍ എന്നിവയ്ക്കുപുറമെ എം ടിക്ക് ലഭിച്ച സാഹിത്യ-ചലച്ചിത്ര പുരസ്കാരങ്ങളും എം ടി കൃതികളും പ്രദര്‍ശിപ്പിക്കുന്ന എം ടി മ്യൂസിയം ഈ മേളയിലെ ആകര്‍ഷകഘടകമായി. അത് സ്ഥിരം മ്യൂസിയമാക്കാനുള്ള സാധ്യത തെളിഞ്ഞിട്ടുമുണ്ട്.  ജീവിച്ചിരിക്കുന്ന ഒരെഴുത്തുകാരന് നല്‍കുന്ന ഏറ്റവും വലുതും അവിസ്മരണീയവുമായ ആദരവായി ജനകീയ സാംസ്കാരിക ഉത്സവം മാറിയിരിക്കുന്നു.

ഇതിന്റെ ഭാഗമായി പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കാനായി ഈ അവസരം ഉപയോഗിക്കുന്നു.

സാംസ്കാരികരംഗത്തെ സമഗ്രസംഭാവനയ്ക്ക് പുരസ്കാരം നല്‍കുന്നതിനുപുറമെ വിവിധ സാഹിത്യശാഖകളില്‍ മികച്ച കൃതികള്‍ രചിച്ച നാലുപേര്‍ക്ക് ദേശാഭിമാനി ഈ വര്‍ഷംമുതല്‍ സമ്മാനം നല്‍കുന്നുണ്ട്. ദേശാഭിമാനിയുടെ  അക്ഷരമുറ്റം  ലോകത്തിലെതന്നെ  ഏറ്റവും കൂടുതല്‍ തത്സമയ  വിദ്യാര്‍ഥിപങ്കാളിത്തമുള്ള പ്രശ്നോത്തരി പരിപാടിയാണ്. വാര്‍ത്തകള്‍ നേരായി നേരത്തെ എത്തിക്കുക എന്ന ദൌത്യത്തിനോടൊപ്പം സാമൂഹ്യ -സാംസ്കാരിക രംഗങ്ങളില്‍ കൂടുതലായി ഇടപെടാനും എല്ലാവിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യമായ ശൈലി വാര്‍ത്തെടുക്കാനുമാണ് ദേശാഭിമാനി ശ്രമിക്കുന്നത്. വാര്‍ത്തയില്‍ മായം ചേര്‍ക്കാതെ, വിശകലനങ്ങളിലൂടെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞ്, രാഷ്ട്രീയം മറച്ചുവയ്ക്കാതെ ഇടപെടുന്ന പത്രം എന്ന നിലയ്ക്കാണ് ദേശാഭിമാനി അംഗീകാരം നേടുന്നത്. ജനങ്ങളാണ് ഞങ്ങളുടെ കരുത്ത്. ജനപിന്തുണയാണ് ജീവശ്വാസം. ആ പിന്തുണയുണ്ടാകുന്നത്  പത്രത്തിന്റെ നിലപാടുകള്‍മൂലമാണ്. ഇന്ന്, കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് എം ടി പുരസ്കാരമേറ്റുവാങ്ങുമ്പോള്‍ സാഹിത്യസംഭാവനയ്ക്കുള്ള ആദരം എന്നതിനൊപ്പം നിലപാടിനുള്ള അംഗീകാരംകൂടിയായി അത് മാറുന്നു. നല്‍കുന്നത് ദേശാഭിമാനിയും സ്വീകരിക്കുന്നത് എം ടിയും ആണെന്നതുകൊണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top