05 July Sunday

ഭരണഘടനാദത്തമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനനുവദിക്കില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2016

ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരായി നരേന്ദ്രമോഡി സര്‍ക്കാര്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ച പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സര്‍വകലാശാലയിലെ യൂണിയന്‍ പ്രസിഡന്റായ കനയ്യകുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ എതിര്‍ത്തു. വിദ്യാര്‍ഥികളുടെ പ്രീതിസമ്പാദിച്ച കനയ്യകുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്തത് അസാധാരണമായ ഒരു നടപടിയാണ്. കനയ്യകുമാര്‍ ഭരണഘടനയോട് പരസ്യമായി കൂറ് പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍, കനയ്യകുമാര്‍ പാകിസ്ഥാനനുകൂലമായി മുദ്രാവാക്യം വിളിച്ചെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. ഇതേ സര്‍വകലാശാലയിലെ മറ്റ് എട്ട് വിദ്യാര്‍ഥികളും രാജ്യദ്രോഹികളാണെന്ന് പൊലീസ് അധികാരികള്‍ പ്രഖ്യാപിച്ചിരിക്കുന്നു. തെളിവ് കെട്ടിച്ചമയ്ക്കാന്‍ പൊലീസ് മേധാവികള്‍ക്ക് എളുപ്പം സാധിക്കുന്നതാണ്. അതിനുള്ള വൈദഗ്ധ്യം അവര്‍ സമ്പാദിച്ചിട്ടുണ്ട്. ഈ എട്ട് വിദ്യാര്‍ഥികള്‍ പൊലീസ് അധികാരികള്‍ക്കു മുമ്പില്‍ കീഴടങ്ങണമെന്നാണ് പൊലീസ് അധികാരിയുടെ കല്‍പ്പന. കീഴടങ്ങിയില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിച്ചുകൊണ്ട് ഈ വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുക്കുമെന്നാണ് പൊലീസിന്റെ ദൃഢനിശ്ചയം.

പൊലീസ് സര്‍വകലാശാലാ വളപ്പില്‍ പ്രവേശിക്കരുതെന്ന് വൈസ് ചാന്‍സലര്‍ ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞിരിക്കുന്നു. പൊലീസ് സേന ജെഎന്‍യുവിന് പുറത്ത് ഭീഷണിമുഴക്കി അണിനിരന്നിട്ടുണ്ട്. ഇന്ത്യയിലെ സുപ്രസിദ്ധമായ ഉന്നത വിദ്യാഭ്യാസകേന്ദ്രമായ ജെഎന്‍യുവില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് മോഡി സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. സമാധാനം സ്ഥാപിക്കാനും ഒത്തുതീര്‍പ്പിനുമുള്ള ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതായി കാണുന്നില്ല. ഇന്ത്യന്‍ ഭരണഘടനയില്‍ ആലേഖനംചെയ്ത മൌലികാവകാശങ്ങളില്‍ പ്രധാനമാണ് അഭിപ്രായപ്രകടനസ്വാതന്ത്യ്രം. അത് സംഘപരിവാറിനു മാത്രമേയുള്ളൂ. എബിവിപിക്കും എല്ലാവിധ സ്വാതന്ത്യ്രവും അനുവദിച്ചുകൊടുത്തിട്ടുണ്ട്. അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് ഗുണ്ടാസംഘം ഡല്‍ഹിയിലെ കോടതി വളപ്പില്‍ പ്രവേശിച്ചാണ് വിദ്യാര്‍ഥികളെയും അധ്യാപകരെയും തല്ലിച്ചതച്ചത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കനയ്യകുമാറിനെ അതിക്രൂരമായി മര്‍ദിക്കാന്‍ പൊലീസ് ഗുണ്ടകളെ അനുവദിച്ചു. ഇവിടെ നിയമവാഴ്ചയല്ല, ഗുണ്ടാരാജാണ് യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. ജെഎന്‍യുവിനെ തകര്‍ക്കാനുള്ള വര്‍ഗീയകോമരങ്ങളുടെ ഹീനമായ ശ്രമം അപലപനീയമാണ്.

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ രോഹിത് വെമുല മിടുക്കനായ, പ്രതിഭാശാലിയായ ഒരു ഗവേഷണ വിദ്യാര്‍ഥിയായിരുന്നു. ദളിതനായ രോഹിത് വെമുലയ്ക്കെതിരെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിവേചനമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. ദളിതര്‍ക്കെതിരെയുണ്ടായ അതിക്രമവും വിവേചനവും അവഗണനയും ഈ വിദ്യാര്‍ഥിയെ നിരാശനാക്കി. രോഹിത് വെമുല ആത്മഹത്യചെയ്തു. ഇതാകട്ടെ പുതിയ സംഭവമല്ല. ഇത്തരം എട്ട് സംഭവം കേന്ദ്ര സര്‍വകലാശാലയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. പ്രതിഭാശാലിയായ ഈ വിദ്യാര്‍ഥി ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതമായതിലല്ല, എബിവിപിക്ക് വിഷമം. മറിച്ച് ഈ വിദ്യാര്‍ഥി ദളിതനാണോ എന്ന സംശയം സൃഷ്ടിച്ച് യഥാര്‍ഥ പ്രശ്നത്തില്‍നിന്ന് ശ്രദ്ധതിരിച്ചുവിടുന്നതിലാണ് സംഘപരിവാര്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ കുഴപ്പം കുത്തിപ്പൊക്കാനും സംഘപരിവാര്‍ ആശയത്തെ അനുകൂലിക്കാത്തവരെ ഭീഷണിപ്പെടുത്തി കീഴടക്കാനുമാണ് സര്‍ക്കാരും സംഘപരിവാറുംകൂടി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസമേഖല കൈപ്പിടിയിലൊതുക്കാനാണ് ശ്രമം. അതിനാകട്ടെ അധികാരം പൂര്‍ണമായും ദുര്‍വിനിയോഗം ചെയ്യുന്നു. ഇതൊക്കെ കണ്ടില്ലെന്നുനടിച്ച് നോക്കിനില്‍ക്കാന്‍ ഇടതുപക്ഷത്തിനും ഉദ്ബുദ്ധരായ ജനങ്ങള്‍ക്കും കഴിയില്ല. അതുകൊണ്ടുതന്നെയാണ് ആറ് ഇടതുപക്ഷകക്ഷികള്‍ ചേര്‍ന്ന് ഗൌരവമായ ഈ വിഷയം ചര്‍ച്ച ചെയ്തത്.

മോഡി സര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും അറുപിന്തിരിപ്പന്‍ ചിന്താഗതി വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുംമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ മുളയില്‍തന്നെ നുള്ളിക്കളയാതിരുന്നാല്‍ രാഷ്ട്രത്തിന്റെ ഭാവി അപകടകരമായിരിക്കും. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ആരുടെയും സൌജന്യമല്ല. അത് മോഡി സര്‍ക്കാരിന്റെ ഔദാര്യവുമല്ല. അത് പൌരാവകാശമാണ്. പൌരാവകാശങ്ങള്‍ അന്യൂനമായി സംരക്ഷിക്കുന്നതിനായി ഇടതുപക്ഷം ഒറ്റക്കെട്ടായി അണിനിരക്കുമെന്നും മറ്റു ജനാധിപത്യവിശ്വാസികളുടെയും പുരോഗമന ചിന്താഗതിക്കാരുടെയും സഹായം ലഭ്യമാക്കിഅവകാശസംരക്ഷണത്തിന് വിശ്രമമില്ലാതെ പോരാടുമെന്നുമാണ് ഇടതുപക്ഷം വ്യക്തമാക്കിയത്. ഈ സംരംഭത്തിനു ജനപിന്തുണ ലഭിക്കുമെന്നും സംരംഭം ആത്യന്തികമായി വിജയിക്കുമെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്.
 

പ്രധാന വാർത്തകൾ
 Top