31 May Wednesday

ടൈറ്റാനിയം കേസിലെ രാഷ്ട്രീയ ഒത്തുകളി

വെബ് ഡെസ്‌ക്‌Updated: Friday Oct 23, 2020


മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല എന്നിവർ ആരോപണവിധേയരായ ട്രാവൻകൂർ ടൈറ്റാനിയം അഴിമതിക്കേസിന്റെ‌ അന്വേഷണം ഏറ്റെടുക്കില്ലെന്ന സിബിഐ നിലപാട്‌ കേരളത്തെ നിരാശപ്പെടുത്തുന്നതാണ്‌. സംസ്ഥാന ഖജനാവിന്‌ കോടിക്കണക്കിന്‌ രൂപ നഷ്‌ടമാക്കിയ അഴിമതി അന്വേഷിക്കാൻ സിബിഐ തയ്യാറല്ലെന്ന്‌ അറിയിച്ച്‌ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയം സംസ്ഥാന ചീഫ്‌ സെക്രട്ടറിക്ക്‌ കത്തയച്ചിരിക്കുകയാണ്‌. അന്താരാഷ്‌ട്ര ബന്ധങ്ങളുള്ള കേസ്‌ ഏറ്റെടുക്കാനാകില്ലെന്ന്‌ രാജ്യത്തെ പ്രമുഖ അന്വേഷണ ഏജൻസി നിലപാട്‌ എടുക്കുന്നത്‌ എന്ത്‌ കാരണത്താലാണെന്ന്‌ അവർതന്നെ വിശദീകരിക്കേണ്ടതുണ്ട്‌. ജനങ്ങളുടെ പണം കൊള്ളയടിച്ചുകൊണ്ടുപോകുന്ന അഴിമതിക്കാരെ നിയമത്തിന്‌ മുന്നിലെത്തിക്കാൻ താൽപ്പര്യമില്ലാത്ത ഈ അന്വേഷണസംവിധാനം എന്തിനാണെന്ന്‌ ജനങ്ങൾ സ്വാഭാവികമായും സംശയിച്ചുപോകും.

തിരുവനന്തപുരത്തെ പൊതുമേഖലാ വ്യവസായശാലയായ ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്‌ട്‌ ലിമിറ്റഡിൽ(ടിടിപിഎൽ) മലിനീകരണ നിർമാർജന പ്ലാന്റ്‌ സ്ഥാപിച്ചതിലും യന്ത്രങ്ങൾ ഇറക്കുമതി ചെയ്‌തതിലും കോടിക്കണക്കിന്‌ രൂപയുടെ അഴിമതി നടന്നുവെന്ന ഗുരുതരമായ ആരോപണം ഉയർന്നിട്ട്‌ ഒന്നരപ്പതിറ്റാണ്ടിലേറെയായി. 2005ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്‌‌ സംസ്ഥാന ഖജനാവിൽനിന്ന്‌‌ 280 കോടി രൂപയോളം ചെലവാക്കിയ പദ്ധതിയിൽ 68 കോടിയുടെ അഴിമതി നടന്നത്‌. അന്ന്‌ കെപിസിസി പ്രസിഡന്റായിരുന്ന രമേശ്‌ ചെന്നിത്തല സ്വാധീനം ചെലുത്തി മെക്കൊൺ കമ്പനി വഴി ഫിൻലൻഡിലെ സ്ഥാപനത്തിന്‌ ടെൻഡർ ക്ഷണിക്കാതെ കരാർ നൽകിയെന്നാണ്‌ ആരോപണം. വിജിലൻസ്‌ അന്വേഷിച്ച കേസ്‌ 2019ൽ എൽഡിഎഫ്‌ സർക്കാരാണ്‌ സിബിഐക്ക്‌ വിട്ടത്‌. സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിൽ തീരുമാനമെടുക്കാതിരുന്ന സിബിഐ കേസ്‌ കൈയൊഴിയുന്നതായി കഴിഞ്ഞ ദിവസമാണ്‌ അറിയിച്ചത്‌.

ഭരണതലത്തിൽ നടന്ന വലിയ അഴിമതി അന്വേഷിക്കാൻ ഒരു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത സിബിഐ നിലപാട്‌ ദുരൂഹമാണ്‌. വർഷങ്ങൾക്കുമുമ്പ്‌ നടന്ന ഇടപാടായതിനാൽ വിദേശ കമ്പനികളിൽനിന്ന്‌ രേഖകൾ കിട്ടാൻ ബുദ്ധിമുട്ടാണെന്നാണ്‌ സിബിഐ പറയുന്നത്‌. രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസികളിൽ ഒന്നായ സിബിഐക്ക്‌ ഇത്തരമൊരു കേസ്‌ ഏറ്റെടുക്കാൻ കഴിവില്ലെന്നു പറയുന്നത്‌ എത്ര പരിഹാസ്യം. ഒരു പൊതുമേഖലാ സ്ഥാപനം ടെൻഡറില്ലാതെ വിദേശത്തുനിന്ന്‌ യന്ത്രങ്ങൾ ഇറക്കുമതി ചെയ്‌ത കേസ്‌ അന്വേഷിക്കാൻപോലും ആത്മവിശ്വാസമില്ലാത്തവിധം തകർച്ചയിലാണ്‌ സിബിഐ എന്ന്‌ വിശ്വസിക്കാൻ പ്രയാസം.


 

കേന്ദ്ര സർക്കാർ കൂട്ടിലടച്ച തത്തയാണ്‌ സിബിഐ എന്ന്‌ മുമ്പേയുള്ള പരാതിയാണ്‌‌. രാഷ്‌ട്രീയ എതിരാളികളെ ഒതുക്കാൻ സിബിഐ അടക്കമുള്ള ദേശീയ അന്വേഷണ ഏജൻസികളെ മോഡി സർക്കാർ ഉപയോഗിക്കുന്നുവെന്ന്‌ പരക്കെ ആക്ഷേപമുണ്ട്‌. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ എതിരാളികളെ കേന്ദ്രം വേട്ടയാടുകയാണെന്ന്‌ കോൺഗ്രസും ശക്തമായി വിമർശിക്കുന്നു‌. കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിലും മഹാരാഷ്‌ട്രയിലുമെല്ലാം കേസ്‌ അന്വേഷണത്തിന്‌ സിബിഐക്ക്‌ നൽകിയ മുൻകൂർ അനുമതി പിൻവലിച്ചുകഴിഞ്ഞു.

സിബിഐയുടെ പ്രവർത്തനത്തെക്കുറിച്ച്‌ വ്യാപകമായ പരാതികളും ആരോപണങ്ങളും ഉയരുന്നതിനിടയിലാണ്‌ കേരളത്തിലെ യുഡിഎഫ്‌ നേതാക്കൾക്കെതിരായ അഴിമതിക്കേസ്‌ അന്വേഷണത്തിൽനിന്ന്‌ അവർ പിൻവാങ്ങുന്നത്‌. അത്ര നിഷ്‌കളങ്കമായ തീരുമാനമാണ്‌ ഇതെന്ന്‌ കരുതാനാകില്ല. എതിരാളികളെ വേട്ടയാടാൻ മാത്രമല്ല, രാഷ്‌ട്രീയ കൂട്ടുകെട്ടിന്‌‌ രൂപംനൽകാനും സിബിഐയെ ഉപയോഗിക്കാം എന്നാണ്‌ ടൈറ്റാനിയം കേസിലെ തീരുമാനം കാണിക്കുന്നത്‌. സിബിഐയെ പിൻമാറ്റി കേരളത്തിൽ അവിശുദ്ധ രാഷ്‌ട്രീയസഖ്യത്തിന്‌ നിലമൊരുക്കുകയാണെന്ന്‌ നിശ്‌ചയമായും സംശയിക്കാം. എൽഡിഎഫിനെതിരെ സംഘപരിവാർ –യുഡിഎഫ്‌–- - ജമാഅത്തെ ഇസ്ലാമി–-പോപ്പുലർ ഫ്രണ്ട്‌ സഖ്യത്തിന്‌ വഴിയൊരുക്കാനുള്ള രാഷ്‌ട്രീയ സന്ദേശമാണ്‌ ഇതുവഴി കേന്ദ്ര സർക്കാർ മുന്നോട്ടുവയ്‌ക്കുന്നതെന്ന്‌ കരുതേണ്ടിയിരിക്കുന്നു‌.

അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്‌ട്രീയ കരുനീക്കം യുഡിഎഫിന്‌ താൽക്കാലിക ആഹ്ലാദം പകർന്നുവെന്നുവരാം. ഇതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ അവർ അനുഭവിക്കാനിരിക്കുന്നതേയുള്ളൂ എന്നുമാത്രം പറയാം. വടക്കാഞ്ചേരി ലൈഫ്‌ ഭവനപദ്ധതിക്കെതിരെ അനിൽ അക്കര വെള്ളക്കടലാസിൽ എഴുതിയ രാഷ്ട്രീയപ്രേരിതമായ പരാതി കിട്ടിയ ഉടൻ ചാടിവീണ് കേസെടുത്തവരാണ്‌ സിബിഐ. സർക്കാർ പണംമുടക്കാത്ത പദ്ധതിക്കെതിരായ ആരോപണംപോലും സ്വന്തം നിലയിൽ അന്വേഷിക്കുന്ന സിബിഐ പൊതു ഖജനാവ്‌ കൊള്ളയടിച്ച സംഭവം കൈയൊഴിയുന്നത്‌ കേന്ദ്ര സർക്കാർ നടത്തിയ രാഷ്‌ട്രീയ ഒത്തുകളിയുടെ ഫലമല്ലാതെ മറ്റൊന്നുമല്ല.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top