02 October Monday

കരുത്തോടെ മുന്നോട്ട്

വെബ് ഡെസ്‌ക്‌Updated: Monday Apr 23, 2018


ദേശീയരാഷ്ട്രീയത്തിന് പുതിയ ദിശാബോധവും ബദൽ പാതയും നൽകി അഞ്ചു ദിവസമായി ഹൈദരാബാദിലെ സ. മുഹമ്മദ് അമീൻ നഗറിൽ ചേർന്ന സിപിഐ എം 22‐ാം പാർടി കോൺഗ്രസ് സമാപിച്ചു. ലക്ഷങ്ങൾ അണിനിരന്ന, അത്യന്തം ആവേശകരമായ റാലിയോടെയാണ് സമ്മേളനം സമാപിച്ചത്. സമരഭൂമിയായ തെലങ്കാനയുടെ ചൂരും ചൂടും ഏറ്റുവാങ്ങിയ സമ്മേളനം സിപിഐ എമ്മിന് കൂടുതൽ കരുത്തും ഊർജവും പകരുന്നതായി. 95 അംഗ കേന്ദ്ര കമ്മിറ്റിയെയും 17 അംഗ പൊളിറ്റ്ബ്യൂറോയെയും പാർടി കോൺഗ്രസ് തെരഞ്ഞെടുത്തു. സീതാറാം യെച്ചൂരിയെ വീണ്ടും ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പാർടി പിളരുമെന്നും ദുർബലമാകുമെന്നും പ്രചരിപ്പിച്ച ബൂർഷ്വാ മാധ്യമങ്ങളെ പൂർണമായും നിരാശപ്പെടുത്തുന്നതായിരുന്നു ഐക്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും സ്വരമുയർന്ന പാർടി കോൺഗ്രസ്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസും ബിജെപിയും പ്രതിനിധാനംചെയ്യുന്ന ബൂർഷ്വാ‐ ഭൂപ്രഭു വർഗനയത്തിന് ബദൽ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയകക്ഷിയാണ് സിപിഐ എം. കോൺഗ്രസും ബിജെപിയും പിന്തുണയ്ക്കുന്ന നവലിബറൽ നയത്തിനെതിരെ പൊരുതുന്നതോടൊപ്പം ബിജെപിയുടെ വർഗീയരാഷ്ട്രീയത്തെയും സിപിഐ എം ശക്തമായി എതിർക്കുകയാണ്. അതോടൊപ്പം സാമ്പത്തികരംഗത്ത് വ്യക്തമായ ബദൽനിർദേശങ്ങളും വയ്ക്കുന്നു. ഈ രാഷ്ട്രീയം മുന്നോട്ടുവച്ചാണ് സിപിഐ എം ജനങ്ങളിലേക്ക് ഇറങ്ങുന്നത്. ഇതുവഴി സിപിഐ എമ്മിനെ ശക്തിപ്പെടുത്തി ഇടതുപക്ഷ ഐക്യം ഊട്ടിയുറപ്പിച്ച് മറ്റ് സംഘടനകളുമായി ചേർന്ന് ഒരു ഇടതുപക്ഷ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുകയാണ് പാർടി ലക്ഷ്യമാക്കുന്നത്. നിലവിൽ ദേശീയതലത്തിൽ തെരഞ്ഞെടുപ്പുപോരാട്ടമെന്നത് ബിജെപിയും കോൺഗ്രസും തമ്മിലുള്ളതാണ്. ഈ രണ്ടു പാർടികളും ഒരേ വർഗനയമാണ് പിന്തുടരുന്നത്. ഈ നയങ്ങൾക്ക് ഒരു ബദൽ ഉയർത്തിപ്പിടിച്ച് ജനസ്വാധീനം വർധിപ്പിക്കാനുള്ള ചർച്ചകളും തീരുമാനവുമാണ് പാർടി കോൺഗ്രസിൽ ഉണ്ടായിട്ടുള്ളത്. സമീപകാലത്ത് മഹാരാഷ്ട്രയിലും മറ്റും നടന്ന കർഷകസമരങ്ങളും ഈ ദിശയിലേക്കുള്ള നീക്കങ്ങളാണ്. ഇത്തരം ജനകീയസമരങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനുള്ള ശ്രമവും സിപിഐ എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകും. പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും പെരുകുന്ന ഇന്ത്യയുടെ മുഖംമാറ്റുക എന്ന ചരിത്രദൗത്യമാണ് പാർടി കോൺഗ്രസ് ഏറ്റെടുത്തിട്ടുള്ളത്.

മറ്റു ബൂർഷ്വാ ജനാധിപത്യ രാഷ്ട്രീയകക്ഷികളിൽനിന്ന് സിപിഐ എം എങ്ങനെ വേറിട്ടുനിൽക്കുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു 22‐ാം പാർടി കോൺഗ്രസ്. അടുത്ത പാർടി കോൺഗ്രസ്വരെയുള്ള മൂന്നുവർഷക്കാലത്തേക്കുള്ള രാഷ്ട്രീയ അടവുനയത്തിനാണ് രൂപംനൽകിയിട്ടുള്ളത്. ഇതിന്റെ കാതലായ വശം ആർഎസ്എസിനാൽ നിയന്ത്രിക്കപ്പെടുന്ന ബിജെപി സർക്കാരിനെ പരാജയപ്പെടുത്തുക എന്നതാണ്. ഈ ലക്ഷ്യം എങ്ങനെ നേടാമെന്നതിനെക്കുറിച്ചുള്ള ഗൗരവപൂർവമായ ചർച്ചകളും സംവാദങ്ങളുമാണ് പാർടി കോൺഗ്രസിൽ നടന്നത്. മറ്റു രാഷ്ട്രീയ പാർടികൾക്ക് ഇത്തരം തലനാരിഴകീറിയുള്ള പരിശോധന പരിചിതമല്ല. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ അവരവരുടെ അഭിപ്രായങ്ങൾ ശക്തമായിത്തന്നെ അവതരിപ്പിച്ചു. ഈ ചർച്ചയുടെ സാരാംശം ഉൾക്കൊണ്ട് ചില ഭേദഗതികളോടെ രാഷ്ട്രീയപ്രമേയം വൻ ഭൂരിപക്ഷത്തോടെയാണ് അംഗീകരിക്കപ്പെട്ടത്. പാർലമെന്റിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് ഉൾപ്പെടെയുള്ള മതനിരപേക്ഷകക്ഷികളുമായി സഹകരിക്കുമെന്ന് പറയുന്ന രാഷ്ട്രീയപ്രമേയം, എന്നാൽ കോൺഗ്രസുമായുള്ള രാഷ്ട്രീയസഖ്യം തള്ളിക്കളയുകയും ചെയ്യുന്നു. ബിജെപിയിൽനിന്നും കോൺഗ്രസിൽനിന്നും വ്യത്യസ്തമായ നയവും പരിപാടിയുമാണ് തങ്ങൾക്കുള്ളതെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ പാർടി കോൺഗ്രസ് തയ്യാറായി.

രാഷ്ട്രീയനയത്തെക്കുറിച്ച് മാത്രമല്ല, സംഘടനാപരമായ കരുത്തും ദൗർബല്യവും ഇഴകീറി പരിശോധിക്കാനും 22‐ാം പാർടി കോൺഗ്രസ് തയ്യാറായി. പത്തുലക്ഷത്തിലധികം അംഗങ്ങളും അഞ്ചുകോടിയിലധികം ബഹുജനസംഘടനാ അംഗങ്ങളുമുള്ള ഒരു വലിയ പ്രസ്ഥാനമായി സിപിഐ എം മാറിയിട്ടുണ്ട്. എന്നാൽ, ഇതിനനുസരിച്ചുള്ള തെരഞ്ഞെടുപ്പുവിജയം നേടാനാകുന്നില്ല. മാത്രമല്ല, പശ്ചിമബംഗാളിലും ത്രിപുരയിലും മറ്റും കടുത്ത കടന്നാക്രമണങ്ങളാണ് സിപിഐ എം നേരിടുന്നത്. ഈയൊരു പശ്ചാത്തലത്തിൽ സംഘടനയെ കരുത്തുറ്റതാക്കാനും പ്രവർത്തനമേഖല വിപുലപ്പെടുത്താനും കൂടുതൽ ശ്രമങ്ങൾ ആവശ്യമാണെന്ന് പാർടി കോൺഗ്രസ് വിലയിരുത്തുകയുണ്ടായി.

സിപിഐ എമ്മിനുള്ള ഏറ്റവും പ്രധാന വെല്ലുവിളി അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പാണ്. അതിൽ ബിജെപിയെ പരാജയപ്പെടുത്താനും അവർ മുന്നോട്ടുവയ്ക്കുന്ന വർഗീയരാഷ്ട്രീയത്തെ ചെറുത്തുതോൽപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾക്കായിരിക്കും സിപിഐ എം ഇനി നേതൃത്വം നൽകുകു. ഒരു രാഷ്ട്രീയകക്ഷി എന്ന നിലയിൽ സിപിഐ എമ്മിനെ ശക്തിപ്പെടുത്തി ജനാധിപത്യവും സോഷ്യലിസവും മതനിരപേക്ഷതയും സംരക്ഷിക്കാൻ ആവശ്യമായ സമരങ്ങൾക്ക് നേതൃത്വം നൽകാൻ സിപിഐ എം തയ്യാറാകും.

ഒരു ഇടതുപക്ഷ ജനാധിപത്യ ബദൽ രൂപീകരിക്കുന്നതിന് ശക്തമായ ഇടത് ജനാധിപത്യമുന്നണിക്ക് രൂപംനൽകുന്നതിനുള്ള പ്രവർത്തനമായിരിക്കും സിപിഐ എം ഏറ്റെടുക്കുക. സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതുപോലെ കൂടുതൽ ഐക്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും സിപിഐ എം മുന്നോട്ടുകുതിക്കും 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top