29 May Monday

മുടിയനായ പുത്രന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Mar 23, 2016

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭരണകാലാവധി അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍മാത്രമേയുള്ളൂ. അവസാന നാളുകളില്‍ അദ്ദേഹം 'പുണ്യകര്‍മങ്ങളില്‍' വ്യാപൃതനാണ്. സര്‍ക്കാര്‍സ്വത്തും ധനവും ഇഷ്ടക്കാര്‍ക്ക് ദാനം ചെയ്യുന്നതിലാണ് ഏറെ താല്‍പ്പര്യം. തിരുവനന്തപുരത്തെ ടെന്നീസ് ക്ളബ് സര്‍ക്കാരിലേക്ക് 11 കോടി രൂപ പാട്ടകുടിശ്ശിക നല്‍കാനുണ്ടായിരുന്നു. തുക ഈടാക്കാന്‍ അധികൃതര്‍ ദ്രുതഗതിയില്‍ വൈകിയാണെങ്കിലും നടപടി ആരംഭിച്ചതായി മനസ്സിലാക്കുന്നു. എന്നാല്‍, തുക ഈടാക്കാന്‍ ഇനി പ്രയാസപ്പെടേണ്ടതില്ല. 11 കോടി രൂപ ടെന്നീസ് ക്ളബ് ഭാരവാഹികളില്‍നിന്ന് ഈടാക്കേണ്ടതില്ലെന്ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭ തീരുമാനിച്ചു. അവിടെ അവസാനിച്ചില്ല. ടെന്നീസ്ക്ളബ്ബിന് നാലര ഏക്കറിലധികം സര്‍ക്കാര്‍ഭൂമി സൌജന്യമായി പതിച്ചുനല്‍കാനും തീരുമാനിച്ചെന്നാണ് അറിയുന്നത്. ഇനിമേലില്‍ പാട്ടം വസൂലാക്കേണ്ടതില്ല. സ്ഥലവും കെട്ടിടവും പതിച്ചുനല്‍കാന്‍ 'ഉദാരമതി'യായ മുഖ്യമന്ത്രിക്ക് മനസ്സാക്ഷിക്കുത്തൊന്നും അനുഭവപ്പെട്ടില്ല. പാടത്ത് മേയുന്ന പശുവിനെപിടിച്ച് ദാനംചെയ്യാന്‍ എളുപ്പമാണല്ലോ. ഇതില്‍നിന്നുള്ള നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് ഇപ്പോള്‍ ഊഹിക്കാനേ കഴിയൂ. വൈകാതെ സത്യം പുറത്തുവരും.

ഉമ്മന്‍ചാണ്ടി മുമ്പുതന്നെ സമ്മതിച്ചൊരു കാര്യമുണ്ട്. തനിക്ക് നിയമവും വകുപ്പുമൊന്നും തടസ്സമല്ല, ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ അത് ചെയ്യും എന്ന്. എന്തും ചെയ്യാന്‍ അധികാരമുള്ള സര്‍വാധികാരിയായ ചക്രവര്‍ത്തി എന്ന മട്ടിലാണ് അദ്ദേഹത്തിന്റെ ചെയ്തികള്‍. ക്രിമിനലും കോണ്‍ഗ്രസുകാരനുമായ ഒരാളെ ഉമ്മന്‍ചാണ്ടി ജയിലറ കാണാതെ രക്ഷപ്പെടുത്തിയ സംഭവം പുറത്തുവന്നതാണ്. ഈ കോണ്‍ഗ്രസുകാരനെ കോടതി തടവിന് ശിക്ഷിച്ചിരുന്നു. കക്ഷി ജാമ്യത്തിലിറങ്ങി മുങ്ങി. സുപ്രീംകോടതിവരെ അപ്പീല്‍പോയി. ഒരു രക്ഷയുമുണ്ടായില്ല. തടവുശിക്ഷ ശരിവയ്ക്കുകയാണുണ്ടായത്. ഒടുവില്‍ ഉമ്മന്‍ചാണ്ടിയെ സമീപിച്ചു. ഒരു ലക്ഷംരൂപ പിഴ ഈടാക്കി കക്ഷിയെ ജയില്‍ശിക്ഷയില്‍നിന്ന് ഒഴിവാക്കി. ക്രിമിനല്‍പുള്ളിയായ കോണ്‍ഗ്രസുകാരന് പണം എത്രവേണമെങ്കിലും ചെലവാക്കാന്‍ പ്രയാസമില്ല. ഒരു ദിവസംപോലും ജയിലഴിക്കുള്ളില്‍ ശിക്ഷ അനുഭവിക്കരുതെന്നേ ഉള്ളൂ. അത് സാധിച്ചുകൊടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് നിയമതടസ്സമുണ്ടായില്ല.

ജനസമ്പര്‍ക്കപരിപാടി എന്ന പേരില്‍ നാടാകെ നടത്തിയ മാമാങ്കത്തില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യാതെയും ധനമന്ത്രിയുടെ സമ്മതമില്ലാതെയും എന്തൊക്കെയോ സൌജന്യങ്ങള്‍ വാരിവിതറുകയുണ്ടായി. വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന നിര്‍ബന്ധമൊന്നും അദ്ദേഹത്തിനില്ല. ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാന്‍ ഖജനാവില്‍ പണമില്ലെന്നാണ് പറയുന്നത്. കര്‍ഷകര്‍ക്ക് 11 മാസമായി പെന്‍ഷന്‍ നല്‍കിയിട്ടില്ല. 190 കോടി രൂപ കുടിശ്ശികയാണ്. അതിനും ഖജനാവില്‍ പണമില്ല. ഇഷ്ടപ്പെട്ടവര്‍ക്ക് ദാനം നല്‍കാന്‍ ഖജനാവ് കാലിയാണെന്നത് ഉമ്മന്‍ചാണ്ടിക്ക് തടസ്സമേയല്ല. തെരഞ്ഞെടുപ്പിനുമുമ്പ് ഒരു മാസമെങ്കിലും സൌജന്യമായി അരി നല്‍കി വോട്ട് തരപ്പെടുത്താമെന്നാണ് കരുതിയത്. എന്നാല്‍, പെരുമാറ്റചട്ടലംഘനമാണെന്നതിനാല്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അനുവാദം നല്‍കിയില്ല. 58 മാസം ഭരിച്ചപ്പോള്‍ സൌജന്യമായി അരി നല്‍കാന്‍ സന്മനസ്സ് കാണിക്കാതിരുന്ന ഉമ്മന്‍ചാണ്ടിക്ക് തെരഞ്ഞെടുപ്പിന്റെ തലേന്ന് അത് ചെയ്യണമെന്ന് എന്താണിത്ര നിര്‍ബന്ധം. അതിനും തെരഞ്ഞെടുപ്പ് കമീഷനെ പഴിപറഞ്ഞ് രക്ഷപ്പെടാനാണ് ശ്രമം. ഈ ഭരണം തുടര്‍ന്നാല്‍ കേരളം തകരും. ആ തകര്‍ച്ച ഒഴിവാക്കാന്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരികതന്നെ വേണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top