12 October Saturday

ഇനി ലക്ഷ്യം സംവരണമോ?

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019



ആർഎസ്‌എസ്‌ അടുത്ത വെടിപൊട്ടിച്ചു. ഇനി സംവരണത്തിന്റെ ഊഴമാണ്‌. ഇന്ത്യയിൽ നിലവിലുള്ള സംവരണം തർക്കവിഷയമാണെന്ന നിലപാട്‌ അവരുടെ തലവൻ മോഹൻ ഭാഗവത്‌ പ്രഖ്യാപിച്ചുകഴിഞ്ഞു. സംവരണത്തെ അനുകൂലിക്കുന്നവർ എതിർക്കുന്നവരുടെ അഭിപ്രായത്തെ മാനിക്കണമെന്നും ഭാഗവത്‌ ആവശ്യപ്പെടുന്നു. മുത്തലാഖ്‌ ബിൽ, കശ്‌മീരിന്റെ പ്രത്യേക പദവി എന്നീ വിഷയങ്ങളിലും മറ്റ്‌ അനവധി വിഷയങ്ങളിലും ആർഎസ്‌എസ്‌ നിലപാടിനനുസരിച്ചുള്ള സർക്കാർ നടപടികൾ വന്നുകഴിഞ്ഞു. അതിനുപിന്നാലെയാണ്‌ ഇപ്പോൾ സംവരണപ്രശ്‌നം ഉയർത്തുന്നത്‌. ആർഎസ്‌എസ്‌ എന്നും ഈ നിലപാടിലായിരുന്നുവെങ്കിലും ഇപ്പോഴത്തെ ഈ നീക്കം പഴയതുപോലെയല്ല. അത്‌ ആലോചിച്ചുറപ്പിച്ചാകും. ഇനി  കൈവയ്‌ക്കുക സംവരണത്തിന്മേലാണ്‌ എന്ന പ്രഖ്യാപനം തന്നെയാണത്‌.

ദൈവസൃഷ്‌ടമായതെന്ന്‌ അവർ കരുതുന്ന ജാതിവ്യവസ്ഥയുടെ വക്താക്കളായ ആർഎസ്‌എസിന്‌, ജാതിവിവേചനം മറികടക്കാൻ ഒരു പരിധിവരെയെങ്കിലും സഹായകമാകുന്ന സംവരണം അസ്വീകാര്യമാണ്‌. അതവർ ഒളിപ്പിച്ചുവച്ചിട്ടുള്ള നിലപാടല്ല, ‘ആചാര്യൻ' ഗോൾവാൾക്കർ വിചാരധാരയിൽ ഇത്‌ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നത്‌ പ്രത്യേക താൽപ്പര്യഗ്രൂപ്പായി ദളിതരെ മാറ്റുമെന്നും അതുകൊണ്ട്‌ അത്‌ അരുതെന്നും ഗോൾവാൾക്കർ എഴുതിയത്‌ 1966ലാണ്‌. ‘ദളിത്‌ വിഭാഗങ്ങൾക്ക് ഇനിയും വളരെക്കാലം സമൂഹത്തിന്റെ ഇതര വിഭാഗക്കാർക്കൊപ്പം എത്താൻ കഴിയുന്നില്ലെന്ന്‌ പറയുന്നത്‌ അവർക്കുതന്നെ അപമാനകരവും വസ്‌തുതാവിരുദ്ധവുമാണെ'ന്നും ആർഎസ്‌എസിന്റെ ‘ഗുരുജി’ ആ പുസ്‌തകത്തിൽ എഴുതി. സ്വാതന്ത്ര്യത്തിന്‌ ഇരുപതുകൊല്ലം തികയുമ്പോൾത്തന്നെ സംവരണം മാറ്റണം എന്ന്‌ ആവശ്യപ്പെട്ടിരുന്നവർ ഈ എഴുപത്തിരണ്ടാം വർഷത്തിൽ മറ്റൊരു നിലപാട്‌ എടുക്കില്ലല്ലോ.

കഴിഞ്ഞ വർഷങ്ങളിലും മോഹൻ ഭാഗവത്‌  ഇതേ അഭിപ്രായം പറഞ്ഞിരുന്നു. 2015ൽ ആർഎസ്‌എസ്‌ താത്വികാചാര്യൻ എം ജി വൈദ്യ സംവരണം ഉടൻ നിർത്തണമെന്ന്‌ പ്രസ്‌താവനയിറക്കിയതും ചർച്ചയായിരുന്നു. പക്ഷേ, അന്നൊക്കെ പറഞ്ഞപോലെയല്ല ഇപ്പോഴത്തെ പരസ്യപ്രഖ്യാപനങ്ങൾ. ഇപ്പോൾ പറയുന്നത്‌ അവരുടെ അടിയന്തര അജൻഡകളാണ്‌. അതുകൊണ്ട്‌ ഭരണഘടനയെയും  പാർലമെന്റിനെയും മറികടന്ന്‌ സംവരണവ്യവസ്ഥയ്‌ക്ക്‌ മേലാകും ഇനി കത്തിവീഴുക എന്നുതന്നെ കരുതണം.

സംവരണം ഇന്ത്യയിലെ അസമത്വം ഇല്ലാതാക്കാൻ ഒറ്റമൂലിയാണെന്ന നിലപാടൊന്നും കമ്യൂണിസ്‌റ്റുകാർ ഒരുകാലത്തും സ്വീകരിച്ചിട്ടില്ല. എന്നാൽ, പരമ ദരിദ്രരും അടിച്ചമർത്തപ്പെട്ടവരുമായ പാവങ്ങൾക്ക്‌ സർക്കാർ ഉദ്യോഗങ്ങളിലും സർക്കാരിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെങ്കിലും ചെറിയ തോതിലെങ്കിലും അവസരം ലഭിക്കുന്നത്‌ സംവരണം നിലനിൽക്കുന്നതുകൊണ്ടാണെന്നത്‌ കാണാതിരുന്നുകൂടാ. ഈ ലക്ഷ്യത്തോടെയാണ്‌ ഭരണഘടന സംവരണത്തിന്റെ സംരക്ഷണം പട്ടികജാതി–- വർഗ വിഭാഗങ്ങൾക്ക്‌ നൽകിയത്‌. പിന്നീട്‌ പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവർക്കും സംവരണം ലഭ്യമായി. അവരിലെ മേൽത്തട്ടുകാരെ ഒഴിവാക്കുന്ന വ്യവസ്ഥയും വന്നു. ഇപ്പോൾ മുന്നോക്ക സമുദായത്തിലെ ഏറ്റവും ദരിദ്രർക്ക്‌ സംവരണം നൽകുന്ന വ്യവസ്ഥയും ഉണ്ടായി. ചരിത്രപരമായ ന്യായീകരണങ്ങൾ ഇതിനെല്ലാമുണ്ട്‌.

ഇന്ത്യയിൽ സംവരണം വേണ്ടിവന്നതിന്റെ കാരണം തർക്കമില്ലാത്തതാണ്‌. ഇന്ത്യയിലെ ജാതിവ്യവസ്ഥമൂലം വിവേചനവും അടിച്ചമർത്തലും അനുഭവിച്ചവരാണ്‌ പട്ടികജാതി–- വർഗ വിഭാഗങ്ങളും മറ്റ്‌ പിന്നോക്ക വിഭാഗങ്ങളും. അതിന്റെ പല രൂപങ്ങളും ഇന്നും നേരിടുന്നവരുമാണ്‌. അവർക്ക്‌ നിശ്ചയിച്ച ജോലികൾമാത്രമേ ചെയ്യാൻ അനുമതിയുണ്ടായിരുന്നുള്ളു. മേൽജാതിക്കാർ നിശ്ചയിച്ച വേഷവും വഴിയും ആഹാരവും പേരും മാത്രമേ അവർക്ക്‌ ഉപയോഗിക്കാൻ പാടുണ്ടായിരുന്നുള്ളു. ഈ യാഥാർഥ്യം അംഗീകരിച്ചുകൊണ്ടാണ്‌ സംവരണസംവിധാനം ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്‌തത്‌. അവസരങ്ങൾ നിഷേധിക്കുന്ന സാമൂഹ്യ അടിത്തറയിൽനിന്ന്‌ തുല്യതയെപ്പറ്റി പറഞ്ഞിട്ട്‌ കാര്യമില്ല എന്നുതന്നെയാണ്‌ ഭരണഘടനയ്‌ക്ക്‌ രൂപംനൽകിയവർ കണ്ടത്‌. കേവലം തൊഴിലില്ലായ്‌മ പരിഹരിക്കുക എന്നതിനപ്പുറം ഭരണാധികാര ഘടനയിൽ അധഃസ്ഥിതർക്ക് പങ്കാളിത്തം നൽകുക എന്നതും ജോലി സംവരണത്തിലൂടെ ലക്ഷ്യമിടുന്നു.

ഇതുതന്നെയാണ്‌ ആർഎസ്‌എസിന്റെ പ്രശ്‌നം. അവർ നിലനിർത്താനോ തിരിച്ചുകൊണ്ടുവരാനോ ആഗ്രഹിക്കുന്നത്‌ ജാതിവ്യവസ്ഥയുടെ ആദിരൂപം തന്നെയാണ്‌. അതിന്‌ തടസ്സമാണ്‌ സംവരണം. അതുകൊണ്ടുതന്നെയാണ്‌ അവർ എക്കാലത്തും സംവരണവിരുദ്ധരായത്‌. ഇന്ത്യയിലെ സംവരണവിരുദ്ധ കലാപങ്ങളിലെല്ലാം എന്നും ബിജെപിയുടെ പൂർവരൂപങ്ങൾ സജീവ പങ്കുവഹിച്ചിരുന്നു. 1981ലെ ഗുജറാത്തിലെ സംവരണവിരുദ്ധ പ്രസ്ഥാനമായാലും പട്ടികവിഭാഗങ്ങൾക്ക്‌  പാർലമെന്റിൽ നൽകുന്ന സംവരണം നീട്ടുന്നതിനെതിരെ 1989ൽ യുപിയിൽ നടന്ന സമരമായാലും തൊണ്ണൂറുകളിലെ മണ്ഡൽവിരുദ്ധ പ്രക്ഷോഭമായാലും ഇത്‌ വ്യക്തമാണ്‌. സമീപകാലത്ത്‌ വിവിധ സംസ്ഥാനങ്ങളിൽ ഉയർന്നുവന്ന സംവരണവിരുദ്ധ സമരങ്ങളിലും കലാപങ്ങളിലും ഇത്‌ പ്രകടമായിരുന്നു.

ആർഎസ്എസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സംവരണത്തിനെതിരെ പൊതുസമ്മതി നിർമിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകും. സംവരണത്തിലൂടെ ചോരുന്ന ‘മികവി’നെപ്പറ്റിയുള്ള ചർച്ചകൾ വരും. കലാപങ്ങളും പ്രതീക്ഷിക്കാം.ജാതിവ്യവസ്ഥയുടെ തായ്‌വേരറുക്കുകയും അസമത്വത്തിന്റെ വിടവ്‌ കൂട്ടുന്ന സാമ്പത്തികനയങ്ങൾ തിരുത്തുകയും ചെയ്യാതെ അസമത്വം പരിഹരിക്കാനാകില്ല. ജാതിവിവേചന ജാതിക്കൊലകളും അയിത്തവും ഇപ്പോഴും നിലനിൽക്കുന്ന രാജ്യത്ത്‌ സംവരണംകൂടി നീക്കിയാൽ എന്താകും അവസ്ഥ എന്നത്‌ ഊഹിക്കാം.

രാജ്യത്ത്‌ സർക്കാർ മേഖലയിൽ തൊഴിൽകുറയുകയാണ്‌. ഇപ്പോൾ പ്രവചിക്കപ്പെട്ടിരിക്കുന്ന സാമ്പത്തികമാന്ദ്യം  കൂടിയാകുമ്പോൾ പിന്നെയും തൊഴിൽ കുറയും. ഉള്ള തൊഴിലിന്റെ വീതംവയ്‌പ്പിൽ കിട്ടുന്ന പരിഗണനകൂടി ഇല്ലാതായാൽ ദരിദ്രർ കൂടുതൽ ദരിദ്രരാകും. ദരിദ്രർ കൂടുതലുള്ള പട്ടികവിഭാഗങ്ങളാകും ഏറ്റവും ദുരിതം പേറുക

രാജ്യത്ത്‌ സർക്കാർ മേഖലയിൽ തൊഴിൽകുറയുകയാണ്‌. ഇപ്പോൾ പ്രവചിക്കപ്പെട്ടിരിക്കുന്ന സാമ്പത്തികമാന്ദ്യം  കൂടിയാകുമ്പോൾ പിന്നെയും തൊഴിൽ കുറയും. ഉള്ള തൊഴിലിന്റെ വീതംവയ്‌പ്പിൽ കിട്ടുന്ന പരിഗണനകൂടി ഇല്ലാതായാൽ ദരിദ്രർ കൂടുതൽ ദരിദ്രരാകും. ദരിദ്രർ കൂടുതലുള്ള പട്ടികവിഭാഗങ്ങളാകും ഏറ്റവും ദുരിതം പേറുക. സ്വകാര്യമേഖലയിൽക്കൂടി സംവരണം വേണമെന്ന ആവശ്യം ഉയരുന്നത്‌ ഈ സാഹചര്യത്തിലാണ്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐ എം പ്രകടനപത്രികയിൽ ഇക്കാര്യം ഉൾപ്പെടുത്തിയിരുന്നു.
അസമത്വത്തിലും അനീതിയിലും അധിഷ്ഠിതമായ  ഇന്നത്തെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ന്‌ സംവരണ സംരക്ഷണവും  പ്രധാനമാണ്‌. അത്‌ ജാതിസംഘടനകളുടെമാത്രം പ്രശ്‌നമായി കാണാതെ ഏറ്റെടുക്കാൻ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ തയ്യാറാകുന്നതും അതുകൊണ്ടുതന്നെയാണ്‌. ആർഎസ്‌എസ്‌ അടുത്ത ഭരണഘടനാ ധ്വംസനത്തിനുള്ള തയ്യാറെടുപ്പിലാണ്‌ എന്നത്‌ വ്യക്തം. കരുതിയിരുന്നേ മതിയാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top