ലോക വിവരസാങ്കേതിക വ്യവസായത്തിന്റെ കേന്ദ്രമായ സിലിക്കണ്‍വാലിയില്‍നിന്നുവരുന്ന വാര്‍ത്തകള്‍ ഒട്ടും ശുഭകരമല്ല. കലിഫോര്‍ണിയയിലെ സാന്‍ജോസ് നഗരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സിസ്കോ കമ്പനി ഏഴ് ശതമാനം ജീവനക്കാരെ ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നതാണ് അവസാനം വന്ന വാര്‍ത്ത. ഇന്ത്യ ഉള്‍പ്പെടെ ലോകത്തെമ്പാടുമായി ശാഖകളുള്ള, 78000 ജീവനക്കാരുള്ള സിസ്കോ 5500 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. 10500 ജീവനക്കാരുള്ള ഇന്ത്യയില്‍നിന്നാണ് ഭൂരിപക്ഷം പേരെയും പറഞ്ഞുവിടുകയെന്നും കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. 48.7 ബില്യണ്‍ ഡോളര്‍ (മൂന്നുലക്ഷം കോടി രൂപയിലധികം) ആസ്തിയുള്ള ഈ കമ്പനിയുടെ പുതിയ മേധാവി ചക്ക്റോബിന്‍സാണ് ബുധനാഴ്ച തൊഴിലാളികളെ പിരിച്ചുവിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. അതായത് ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്ത്യയില്‍നിന്നുള്ള ആയിരക്കണക്കിന് ഹാര്‍ഡ്വേര്‍ എന്‍ജിനിയര്‍മാര്‍ക്കുള്‍പ്പെടെ തൊഴിലില്ലാതാകും.
സിലിക്കണ്‍വാലിയിലെ സിസ്കോ എന്ന കമ്പനി മാത്രമല്ല ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഏപ്രിലില്‍ ഇന്റല്‍ കമ്പനി 20 ശതമാനം ജീവനക്കാരെ, അതായത് 12000 പേരെ പിരിച്ചുവിട്ടു. ജനുവരിയില്‍ പ്രധാന കംപ്യൂട്ടര്‍ കമ്പനിയായ ഡെല്‍ പതിനായിരംപേരെ പിരിച്ചുവിട്ടു. കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞദിവസം ഡെല്‍ കമ്പനി അധികൃതര്‍ പ്രഖ്യാപിക്കുകയുംചെയ്തു. ഐബിഎം കോര്‍പറേഷന്‍ ഹ്യൂലറ് പക്കാഡ്, ഒറക്കള്‍ കോര്‍പറേഷന്‍, ഡെല്‍ ഇന്റര്‍നാഷണല്‍ എന്നീ കമ്പനികളും കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിലാണ്. ഈ വര്‍ഷംമാത്രം അമേരിക്കയിലെ വിവരസാങ്കേതികരംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ 63000 പേരെ പിരിച്ചുവിട്ടു. 'ഫോര്‍ച്യൂണ്‍' മാഗസിന്‍ പറയുന്നത് ഉന്നത സാങ്കേതികരംഗത്ത് വന്‍ അഴിച്ചുപണി നടക്കുകയാണെന്നും അതിനാല്‍ കൂടുതല്‍ തൊഴില്‍ നഷ്ടം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളായാനാകില്ലെന്നുമാണ്. ഈ വര്‍ഷം മൊത്തത്തില്‍ 3,70,000 പേര്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന് ഗ്ളോബല്‍ ഇക്വിറ്റി റിസര്‍ച്ചില്‍ ട്രിപ് ചൌധരി മുന്നറിയിപ്പ് നല്‍കുന്നു. തൊഴില്‍നഷ്ടത്തിന്റെ വാര്‍ത്തകളാണ് സിലിക്കണ്‍വാലിയില്‍നിന്ന് വരുന്നതെന്നര്‍ഥം.
ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കിയിരുന്ന വിവരസാങ്കേതിക മേഖലയിലെ ഈ പ്രതിസന്ധിക്ക് എന്താണ് കാരണം? 2008ല്‍ അമേരിക്കയില്‍ ആരംഭിച്ച സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ലെന്നതാണ് ഒരു കാരണം. വിവരസാങ്കേതിക രംഗത്തിന് ഏറെ പ്രാമുഖ്യമുള്ള അമേരിക്ക, യൂറോപ്പ് ഉള്‍പ്പെടെയുള്ള പാശ്ചാത്യലോകത്ത് ഉപഭോഗത്തിലുണ്ടായ കുറവ് കമ്പനികളെ സാരമായി ബാധിച്ചു. ഉല്‍പ്പാദനത്തിന് അനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെടാത്ത അവസ്ഥ സ്വാഭാവികമായും കമ്പോളത്തില്‍ മുരടിപ്പ് സൃഷ്ടിച്ചു. ഇതോടൊപ്പംതന്നെ സാങ്കേതികരംഗത്ത് വന്‍ മാറ്റങ്ങളുണ്ടായി. സാങ്കേതികരംഗത്തുണ്ടായ കുതിപ്പിനൊപ്പം നീങ്ങാനാകാതെ ഹാര്‍ഡ്വേര്‍ കമ്പനികള്‍ വിഷമിച്ചു. സിസ്കോയിലെ പ്രതിസന്ധിക്ക് മറ്റൊരു കാരണം ഇതാണ്. ഇന്റര്‍നെറ്റിലും കംപ്യൂട്ടറിലും ഡാറ്റ വിന്യാസത്തെ സഹായിക്കുന്ന സ്വിച്ചുകളും റൂട്ടേഴ്സും നിര്‍മിക്കുന്ന കമ്പനിയാണ് സിസ്കോ. മൊബൈല്‍ ആപ്ളിക്കേഷന്‍സും ക്ളൌഡ് കംപ്യൂട്ടിങ്ങും (മൂന്നാംകക്ഷി ഡാറ്റാ സെന്ററുകളില്‍ ഡാറ്റകള്‍ സ്റ്റോര്‍ ചെയ്യാനും സംസ്കരിക്കാനും ഉപയോക്താക്കള്‍ക്കും കമ്പനികള്‍ക്കും സൌകര്യം നല്‍കുന്നതാണ് ക്ളൌഡ് കംപ്യൂട്ടിങ്. സര്‍വറുകള്‍ വാങ്ങുക തുടങ്ങി പശ്ചാത്തലസൌകര്യങ്ങള്‍ ഒരുക്കുക എന്ന ബാധ്യത കമ്പനികള്‍ക്ക് ഉണ്ടാകില്ലെന്നര്‍ഥം) വന്നതോടെ ഭൂരിപക്ഷംപേരും അത് സ്വായത്തമാക്കാന്‍ തുടങ്ങി. ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നീ കമ്പനികള്‍ നല്‍കുന്ന 'സൂപ്പര്‍ ക്ളൌഡ്' സര്‍വീസുകള്‍ പല കമ്പനികളും ഉപയോഗിക്കാന്‍ തുടങ്ങിയതോടെ സിസ്കോയുടെ ഹാള്‍ഡ്വേറുകള്‍ക്ക് കമ്പോളമില്ലാതായി. നിലനില്‍ക്കണമെങ്കില്‍ സോഫ്റ്റ്വേര്‍ ഉല്‍പ്പാദനത്തിലേക്ക് മാറണമെന്ന്വന്നു. ഈ വര്‍ഷം ആദ്യപാദത്തില്‍ 40 ശതമാനം വരുമാന വര്‍ധനയുണ്ടായിരുന്ന സിസ്കോയ്ക്ക് മൂന്നാംപാദത്തില്‍ അത് പകുതിയായി –20 ശതമാനമായി കുറഞ്ഞു. 2011നുശേഷം പല ഘട്ടങ്ങളിലായി 23,200 പേരെ പിരിച്ചുവിടാന്‍ സിസ്കോ കാരണമായി പറയുന്നത് സാങ്കേതികരംഗത്ത് അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ മാറ്റമാണ്. ഹാര്‍ഡ്വേര്‍ ഡിസൈനര്‍മാര്‍ക്കും എന്‍ജിനിയര്‍മാര്‍ക്കും ആവശ്യക്കാരില്ലാതായി. ഡിസൈന്‍ കമ്പനികള്‍ ഷട്ടറുകള്‍ താഴ്ത്താന്‍ തുടങ്ങി. ലാഭമില്ലാതെ ഒരു മുതലാളിയും സ്ഥാപനം നടത്താന്‍ തയ്യാറല്ലാത്തതുകൊണ്ടുതന്നെ, ചെലവുകുറയ്ക്കാനുള്ള ആദ്യനടപടിയെന്നോണം തൊഴിലാളികളെ പിരിച്ചുവിടാന്‍ ആരംഭിച്ചു. സിസ്കോയും അതിന് അപവാദമല്ലെന്നുമാത്രം. ക്ളൌഡ് കംപ്യൂട്ടിങ് സര്‍വീസ് നടത്തുന്ന ചെറുകിട കമ്പനികളെ വിഴുങ്ങാനുള്ള മത്സരമാണ് സിലിക്കോണ്‍വാലിയില്‍ ഇന്നു നടക്കുന്നത്. സിസ്കോ തന്നെ ഇതിനകം 10 ചെറുകിട കമ്പനികളെ വാങ്ങിക്കഴിഞ്ഞു. സാങ്കേതികരംഗത്തെ ഈ കുതിപ്പ് കൂടുതല്‍ തൊഴില്‍നഷ്ടത്തിലേക്ക് നയിക്കുമെന്ന് വിവരസാങ്കേതിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതായത് തൊഴില്‍നഷ്ടത്തിന്റെ വാര്‍ത്തകള്‍ സിലിക്കണ്‍വാലിയില്‍നിന്ന് ഇനിയും വരുമെന്നര്‍ഥം. ഏറ്റെടുക്കലുകളും ലയനങ്ങളുമായി ലാഭമെന്ന ഏകലക്ഷ്യത്തിലേക്ക് കമ്പനികള്‍ മുന്നോട്ടുപോകുമ്പോള്‍ തൊഴില്‍രംഗം അനിശ്ചിതത്വത്തിലേക്ക് കൂപ്പുകുത്തുന്ന ഈ അവസ്ഥ സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണുണ്ടാക്കുക. അത് തിരിച്ചറിഞ്ഞ് യോജിച്ച പ്രതികരണത്തിലേക്ക് ജനങ്ങളാകെ വരേണ്ടതുണ്ട്. സെപ്തംബര്‍ രണ്ടിന് തൊഴിലാളികള്‍ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്ക് വന്‍വിജയമാകേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിടുന്നതുകൂടിയാണ് സിലിക്കോണ്‍ വാലിയില്‍വനിന്നുള്ള വാര്‍ത്ത
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..