03 July Friday

സോൻഭദ്ര ആവർത്തിക്കരുത്

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലെ ആദിവാസി കർഷകരുടെ കൂട്ടക്കുരുതി മോഡി സർക്കാർ വാഗ‌്ദാനംചെയ‌്ത പുതിയ ഇന്ത്യയുടെ മുഖമെന്തായിരിക്കുമെന്ന് വെളിവാക്കുന്നു. ഒരു നാടുവാഴി ദുഷ‌്പ്രഭു 32 ട്രാക്ടറിൽ മുന്നൂറോളം ആയുധധാരികളായ ഗുണ്ടകളുമായി എത്തി കൃഷിപ്പണിയിൽ ഏർപ്പെട്ട ആദിവാസി കർഷകരെ വെടിവച്ചുകൊല്ലുകയായിരുന്നു. നാലു ദശകംമുമ്പ് ഇറങ്ങിയ ഷോലെ എന്ന സിനിമയിൽ ഗബ്ബർസിങ്ങിന്റെ ഗുണ്ടകൾ രാംഗഢ‌് എന്ന ഗ്രാമത്തിൽ നടത്തിയ പ്രതീകാത്മക തേർവാഴ‌്ച മോഡിയുടെ ഇന്ത്യയിൽ യാഥാർഥ്യമാകുന്നുവെന്ന ക്രൂരസത്യമാണ് സോൻഭദ്ര വിളിച്ചുപറയുന്നത്. ഇന്ത്യൻ ഗ്രാമീണജീവിതത്തെ നാടുവാഴിത്തവും ജാതിയും ഇന്നും അസ്വസ്ഥവും രക്തരൂഷിതവുമാക്കുകയാണെന്ന കാര്യവും ഇതിൽനിന്ന്‌ വായിച്ചെടുക്കാം. 
തെക്കു കിഴക്കൻ ഉത്തർപ്രദേശിൽ ഗംഗാസമതലത്തോട് തൊട്ടുകിടക്കുന്ന ജില്ലയാണ് ധാതുലവണങ്ങളാൽ സമ്പന്നമായ സോൻഭദ്ര. ലക്കിംപുർ ഖേരി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലകൂടിയാണിത്. നെൽക്കൃഷി ഇന്നും സജീവമായ പ്രദേശമാണിത്. ജില്ലാ ആസ്ഥാനമായ റോബർട്ട്സ് ഗഞ്ചിൽനിന്ന‌് 60 കിലോമീറ്റർ അകലെ ഉംഭാ ഗ്രാമത്തിലാണ് ഗ്രാമപ്രധാൻ യഗ്യാദത്ത് ഗുജറും ഗുണ്ടകളും ചേർന്ന് മൂന്നു സ്ത്രീകളടക്കം പത്തുപേരെ വെടിവച്ചുകൊന്നത്. ആദിവാസികളായ ഗോണ്ട് വിഭാഗത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടത്.

ആദിവാസികളും ഗ്രാമമുഖ്യനും തമ്മിലുള്ള ഭൂമിത്തർക്കം പുതിയതായിരുന്നില്ല. സ്വാതന്ത്ര്യത്തിനുമുമ്പുതന്നെ ആദിവാസികൾ കൃഷിചെയ‌്തുവന്ന ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ ഗ്രാമമുഖ്യൻ നടത്തിയ ശ്രമമാണ് തർക്കത്തിനുള്ള കാരണം.1950കളിൽ ഗ്രാമസഭയുടെ കൈവശമിരുന്ന 600 ബീഗാ ഭൂമിയിൽ 463 ബീഗാ പിന്നീട് ഉന്നത ബ്യൂറോക്രാറ്റുകളുടെയും രാഷ്ട്രീയനേതൃത്വത്തിന്റെയും സഹായത്തോടെ ആദർശ് സഹകരണസമിതിക്ക‌് കൈമാറിയതോടെയാണ് തർക്കം രൂക്ഷമാകുന്നത്. ഈ കൈമാറ്റം നടത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്റെ കുടുംബം അതിൽ 150 ബീഗാ സ്വന്തമാക്കുകയും രണ്ടുവർഷംമുമ്പ് ഗ്രാമമുഖ്യൻ യഗ്യാദത്തിനു കൈമാറുകയും ചെയ‌്തു. എന്നാൽ, ഈയൊരു ഘട്ടത്തിലും ഭൂമിയിൽ കൃഷിചെയ്യാനുള്ള അവകാശം ആദിവാസികൾ ഉപേക്ഷിച്ചിരുന്നില്ല. ഇക്കുറിയും അവർ അതാവർത്തിച്ചു. ഭൂമി സംബന്ധിച്ച് തർക്കം നിലവിലുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കോടികൾ നൽകി ഭൂമി യഗ്യാദത്ത് സ്വന്തമാക്കിയത‌്. ഭൂമാഫിയകളോട് പൊതുവെ അനുഭാവപൂർവമായി പെരുമാറുന്ന യോഗി ആദിത്യനാഥ് സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ആദിവാസികളിൽനിന്ന‌് ഭൂമി തട്ടിപ്പറിക്കാനുള്ള നീക്കങ്ങൾക്ക് യഗ്യാദത്ത് വേഗം കൂട്ടിയത്.

തീർത്തും ഒഴിവാക്കപ്പെടാമായിരുന്ന കൂട്ടക്കൊലയായിരുന്നു ഇത്. ആദിവാസികളിൽനിന്ന‌് ഭൂമി ബലമായി പിടിച്ചെടുക്കാൻ ഭൂവുടമ നടത്തുന്ന നീക്കത്തെക്കുറിച്ച് പൊലീസിന് നേരത്തെ അറിയാമായിരുന്നുവെന്നാണ് ‘ഇന്ത്യൻ എകസ്‌പ്രസ‌്’പത്രം വെളിപ്പെടുത്തിയത്. അനുരഞ‌്ജനത്തിനു തയ്യാറാകാൻ ആദിവാസികളെ പൊലീസ് നിർബന്ധിച്ചെന്നും അല്ലാത്തപക്ഷം പലതും സംഭവിക്കുമെന്ന് അറിയിച്ചെന്നുമാണ് ഗ്രാമീണന്റെ വെളിപ്പെടുത്തൽ. ഭൂവുടമ ട്രാക്ടറുകളും ആയുധങ്ങളും സംഭരിക്കുന്ന വിവരവും പൊലീസിനു ലഭിച്ചെന്നു വേണം കരുതാൻ. എന്നിട്ടും ആവശ്യമായ മുൻകരുതലുകളൊന്നും പൊലീസ് കൈക്കൊണ്ടില്ല. ഭൂവുടമ ആക്രമണം ആരംഭിച്ച ഘട്ടത്തിൽ പൊലീസ് എമർജൻസി നമ്പരിൽ ഗ്രാമീണർ ആവർത്തിച്ചു വിളിച്ചെങ്കിലും അവർ ബോധപൂർവം പ്രതികരിച്ചില്ല. സംഭവം നടന്ന ഉംഭാ ഗ്രാമത്തിൽനിന്ന‌് 30 കിലോമീറ്റർ അകലെയാണ് പൊലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് എന്നതിനാൽ മുൻകരുതൽ നടപടിക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ, ഭൂവുടമയുമായി ചങ്ങാത്തം സ്ഥാപിച്ച പൊലീസ് അതിനു തയ്യാറായില്ല.

മാത്രമല്ല, ആദിവാസികളെ ഭൂവുടമകളായി കാണാൻ സവർണമേധാവിത്വത്തിന് ഒരിക്കലും കഴിയുമായിരുന്നില്ല. അവർ എന്നും മണ്ണിൽ പണിയെടുക്കുന്ന തൊഴിലാളികളായി മാത്രമേ അവർക്ക് കാണാനായുള്ളൂ. അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ള കർഷകത്തൊഴിലാളിയെയും ആദിവാസികളെയും ദളിതരെയും ഭൂവുടമകൾ കൊന്നുതള്ളുക പതിവായിരുന്നു. 1980കളിൽ മധ്യബിഹാറിലുണ്ടായ നിരവധി കൂട്ടക്കൊലകൾ ഇതിന്റെ ഭാഗമായാണ് നടന്നത്. ലക്ഷ‌്മൺപുർ ബാത്തെയും ശങ്കർബിഗയും നാരായൺപുരും മറക്കാറായിട്ടില്ല. രൺവീർസേന ഉൾപ്പെടെയുള്ള സവർണസേനകളാണ് ദളിതരെ കൊന്നുതള്ളിയത്. വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിൽ കൊലയാളികൾ കൂട്ടത്തോടെ രക്ഷപ്പെടുകയുംചെയ‌്തു. സോൻഭദ്രയിലും അതാവർത്തിക്കപ്പെടുമെന്ന് യോഗി ആദിത്യനാഥ് സർക്കാരിന്റെയും യുപി പൊലീസിന്റെയും നടപടികൾ വിരൽചൂണ്ടുന്നു. ഇന്ത്യൻ ഗ്രാമങ്ങളിൽ ഭൂസ്വാമിമാരും ഹുണ്ടികക്കാരും കച്ചവടക്കാരും ചേർന്നു നടത്തുന്ന ചൂഷണം, നാട്ടിൻപുറത്തെ ജാതീയവും ലിംഗപരവുമായ പീഡനം എന്നിവയ‌്ക്കെതിരെ സമഗ്രവും സമൂലവുമായ കാർഷിക പരിഷ‌്കരണമാണ‌് ആവശ്യം. അതിനു നിലവിലുള്ള ബൂർഷ്വ–-ഭൂപ്രഭുവർഗ ഭരണത്തിന് അന്ത്യമിടണം. എങ്കിലേ സോൻഭദ്ര ആവർത്തിക്കില്ലെന്ന് ഉറപ്പിക്കാനാകൂ.


പ്രധാന വാർത്തകൾ
 Top