ആര്‍എസ്എസിന്റെ രാഷ്ട്രീയ ദൌത്യനിര്‍വഹണത്തിനുള്ള വ്യഗ്രതയില്‍ കോടതിയെപ്പോലും കബളിപ്പിക്കാനുള്ള ധാര്‍ഷ്ട്യമാണ് സിബിഐ കാട്ടിയത്. കിഴക്കേ കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍ പ്രതിയല്ലെന്ന് കോടതിയില്‍ ബോധിപ്പിച്ചശേഷം തൊട്ടടുത്ത ദിവസംതന്നെ ജയരാജനെ പ്രതിയാക്കിയത് ധിക്കാരപരമായ കോടതിയലക്ഷ്യമാണ്. അത് ആ നിലയ്ക്കുതന്നെ വിലയിരുത്തപ്പെടേണ്ടിയിരിക്കുന്നു.
ജയരാജന്‍ ഈ കേസില്‍ പ്രതിയല്ലെന്ന് ചൊവ്വാഴ്ചയാണ് സിബിഐകോടതിയില്‍ സിബിഐ ബോധിപ്പിച്ചത്. ആ വാക്ക് വിശ്വസിച്ചാണ് ജില്ലാസെഷന്‍സ് കോടതി ജയരാജന്റെ ജാമ്യാപേക്ഷ തിരസ്കരിച്ചത്. പ്രതിയേ അല്ല എന്ന് അന്വേഷണ ഏജന്‍സിതന്നെ പറയുമ്പോള്‍ എന്തിനാണ് മുന്‍കൂര്‍ ജാമ്യം? ഈ നിലയ്ക്ക് ഋജുവും ലളിതവുമായാണ് കോടതി ചിന്തിച്ചത്. എന്നാല്‍,കോടതിയെ അങ്ങനെ ചിന്തിക്കാന്‍ വിട്ടിട്ട് വളഞ്ഞവഴി തേടുകയാണ് സിബിഐ ചെയ്തത്. ഇത് കോടതിയെ തെറ്റിദ്ധരിപ്പിക്കലാണ്; കബളിപ്പിക്കലാണ്; കടുത്ത കോടതിയലക്ഷ്യംതന്നെയാണ്.
സിബിഐ ആര്‍എസ്എസിന്റെ താല്‍പ്പര്യപ്രകാരം രാഷ്ട്രീയവൈരനിര്യാതനത്തിന്റെ ഏജന്‍സിയായാണ് പ്രവര്‍ത്തിക്കുന്നത് എന്നത് ബോധ്യപ്പെട്ടതുകൊണ്ടാണ് സിപിഐ എം, ഈ കേസില്‍ പി ജയരാജന്‍ മുന്‍കൂര്‍ ജാമ്യം തേടണമെന്ന് നിശ്ചയിച്ചത്. അതുപ്രകാരം ജയരാജന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ, സിബിഐയുടെ വാക്ക് വിശ്വസിച്ചാണ് കോടതി തള്ളിയത്. ആ വാക്ക് വിശ്വസിച്ച കോടതിതന്നെ കബളിപ്പിക്കപ്പെടുന്നതാണ് മൂന്നാംനാള്‍ കണ്ടത്. അക്ഷന്തവ്യമായ അപരാധമാണിത്.
അഞ്ഞൂറ്റിയഞ്ച് ദിവസമന്വേഷിച്ചിട്ടും ജയരാജനെ പ്രതിയാക്കാനുള്ള ഒരു തെളിവും സിബിഐക്ക് ലഭിച്ചില്ല എന്നു വേണമല്ലോ, കഴിഞ്ഞദിവസം കോടതിയില്‍ സിബിഐ ബോധിപ്പിച്ചതില്‍നിന്ന് മനസ്സിലാക്കാന്‍. എന്നാല്‍, അന്വേഷണത്തിന്റെ പ്രക്രിയ രണ്ടുനാള്‍കൂടി കടന്നപ്പോള്‍ ജയരാജനെ പ്രതിയാക്കി. എന്ത് തെളിവാണ് ഈ രണ്ടുനാള്‍കൊണ്ട് കിട്ടിയത്? യഥാര്‍ഥത്തില്‍ സിബിഐക്ക് കിട്ടിയത് ഏതുവിധേനയും പി ജയരാജനെ കുരുക്കിക്കൊള്ളണമെന്ന ബിജെപി വഴിയുള്ള ആര്‍എസ്എസിന്റെ അന്ത്യശാസനമാണ്. സുപ്രീംകോടതി പറഞ്ഞതുപോലെ, കൂട്ടിലടച്ച തത്തതന്നെയാണ് സിബിഐ. തത്തയുടെ യജമാനന്‍ മാത്രം മാറി. ഇപ്പോള്‍ യജമാനന്‍ നരേന്ദ്രമോഡി ആയിരിക്കുന്നു. അത്രമാത്രം.
ഈ കേസില്‍ 212 സാക്ഷികളുടെ മൊഴിയെടുത്തു. ഒരാളുടെ മൊഴിയിലും പി ജയരാജനെതിരെ ഒരു വാക്കുപോലുമില്ല. എന്നിട്ടും ജയരാജന്‍ പ്രതിയായി. എന്തുകൊണ്ട്? ആര്‍എസ്എസിനെതിരെ അതിശക്തമായി ഇടതുപക്ഷപ്രസ്ഥാനത്തെ ജില്ലയില്‍ നയിച്ച് വര്‍ഗീയവിരുദ്ധ മതേതരപ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുകൊണ്ടുപോകുന്ന സിപിഐ എമ്മിന്റെ ജില്ലാസെക്രട്ടറിയാണ് ജയരാജന്‍ എന്നതുകൊണ്ട്. ജയരാജനെ തകര്‍ത്തുകൊണ്ട് ജില്ലയിലെ കരുത്തുറ്റ കമ്യൂണിസ്റ്റുപ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് ആര്‍എസ്എസ് കരുതുന്നു. ആര്‍എസ്എസ് കല്‍പ്പനപ്രകാരം പ്രവര്‍ത്തിക്കുന്ന നരേന്ദ്രമോഡിയുടെ കേന്ദ്രസര്‍ക്കാര്‍ സിബിഐയെ സിപിഐ എം വിരുദ്ധ ആയുധമായി ഉപയോഗിക്കുന്നു. അത്രതന്നെ!
പി ജയരാജന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നാണ് പറയുന്നത്. 2007 മുതല്‍തന്നെ പി ജയരാജന് കേരളപൊലീസിന്റെ സംരക്ഷണ അകമ്പടിയുണ്ട്. ആ അകമ്പടിവിട്ട് ജയരാജന്‍ എവിടെയും പോകാറില്ല. ജയരാജന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്ന് പറഞ്ഞാലതിനര്‍ഥം ഗൂഢാലോചന കേരള പൊലീസിന്റെ കാവലിലായിരുന്നു എന്നാണ്. പൊലീസ് കാവലില്‍ ആളെ കൊല്ലാന്‍ ഗൂഢാലോചന! ആര് വിശ്വസിക്കും ഈ പച്ചക്കള്ളം. ക്രൈംബ്രാഞ്ച് അന്വേഷിച്ചുപറഞ്ഞത് പാട്യത്തെ പീടികയിലായിരുന്നു ഗൂഢാലോചന എന്നാണ്. സിബിഐ അന്വേഷിച്ചുപറഞ്ഞത് തലശേരിയിലായിരുന്നു ഗൂഢാലോചന എന്ന്. ആദ്യംതന്നെ ഒരു ഗൂഢാലോചനാ തിയറി ഉണ്ടാക്കി. പിന്നീട് അത് ഏത് സ്ഥലത്തോട്ട് ചേര്‍ത്തുവയ്ക്കണമെന്നാലോചിച്ചപ്പോള്‍ വൈരുധ്യമായി. ഇതല്ലേ സത്യം.
പി ജയരാജനെ വധിക്കാന്‍ ശ്രമിച്ചവരാണ് ആര്‍എസ്എസുകാര്‍. വീട്ടില്‍ കയറി അരിഞ്ഞുവീഴ്ത്തി, മരിച്ചു എന്നുകരുതി തിരിച്ചുപോയി. പക്ഷേ, മരിച്ചില്ല. ആ വൈരാഗ്യം തുടരുകയാണ്. ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് തലശേരിയില്‍ വന്ന് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതും തൊട്ടുപിന്നാലെ സിബിഐ കേസ് ഏറ്റെടുത്തതും ആ വൈരാഗ്യത്തില്‍നിന്നുളവായ ആര്‍എസ്എസ് ഗൂഢാലോചനയുടെ ഫലമായാണ്. ആ ഗൂഢാലോചനയുടെ നടത്തിപ്പുകാരായി കേന്ദ്രസര്‍ക്കാരും അതിന്റെ 'തത്ത' യായ സിബിഐയും മാറി.
സിബിഐ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ 19 പ്രതികളാണുണ്ടായിരുന്നത്. എത്ര ബുദ്ധിമുട്ടിയിട്ടും കേസ് പി ജയരാജനിലേക്ക് വലിച്ചുനീട്ടാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ജയരാജന്‍ പ്രതിയായതുമില്ല. അപ്പോള്‍ പിന്നെ ജയരാജനെ കുരുക്കാന്‍ എന്താണ് വഴി എന്നായി ആലോചന. അതിന്റെ കണ്ടെത്തലാണ് 'ഗൂഢാലോചന' പ്രത്യേകമായി അന്വേഷിക്കുക എന്നത്. അങ്ങനെ ഒരു അന്വേഷണം നടത്തിയിട്ടും ജയരാജനെ പ്രതിയാക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണല്ലോ, കഴിഞ്ഞ ചൊവ്വാഴ്ചപോലും ജയരാജന്‍ പ്രതിയല്ലെന്ന് കോടതിയില്‍ ചെന്ന് സിബിഐ പറഞ്ഞത്. പിന്നീട് രണ്ടുദിവസംകൊണ്ട് എങ്ങനെ കാര്യങ്ങള്‍ മാറിമറിഞ്ഞു? ഒന്നുകില്‍, പകപോക്കലിനായി ജയരാജനെ ജാമ്യം നിഷേധിക്കപ്പെട്ട അവസ്ഥയില്‍ നിര്‍ത്താന്‍ വേണ്ടി കോടതിയെ കബളിപ്പിച്ചു. അതല്ലെങ്കില്‍ അവസാനനിമിഷം വന്ന രാഷ്ട്രീയ അന്ത്യശാസനത്തിന്റെ ഫലമായി ജയരാജനെ കേസില്‍ കുരുക്കി. ഇതില്‍ ഏതാണ് ഉണ്ടായത്? അഥവാ രണ്ടും ഒരുമിച്ച് ഉണ്ടാകുകയായിരുന്നോ? കോടതിയിലെങ്കിലും ഇത് വിശദീകരിക്കാന്‍ സിബിഐ ബാധ്യസ്ഥമാണ്.
സിപിഐ എമ്മിന്റെ സ്വതന്ത്ര രാഷ്ട്രീയപ്രവര്‍ത്തനത്തെ തകര്‍ക്കാനും അതിന്റെ നേതാക്കളെ കേസുകളില്‍ കുരുക്കിവലയ്ക്കാനും തുടര്‍ച്ചയായി ശ്രമം നടക്കുകയാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടാണ്. പി ജയരാജനെ കുരുക്കുക എന്ന യുഡിഎഫ് സര്‍ക്കാരിന്റെ ഉദ്ദേശ്യം അന്വേഷണസമിതിയില്‍ ഒരു പ്രത്യേക സ്വഭാവത്തിലുള്ള അന്വേഷകരെ തെരഞ്ഞുപിടിച്ചുതന്നെ ഉള്‍ക്കൊള്ളിച്ചതില്‍ യുഡിഎഫിന്റെ ഈ രാഷ്ട്രീയഗൂഢലക്ഷ്യം വ്യക്തമായിരുന്നു. ആ ലക്ഷ്യം സാധ്യമാക്കാനുള്ള ബിജെപി–ആര്‍എസ്എസ്–സിബിഐ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭൌതികസൌകര്യവും ഒരുക്കിക്കൊടുത്തു തുടര്‍ന്നുള്ള ഘട്ടത്തിലും യുഡിഎഫ് സര്‍ക്കാര്‍. എല്ലാ അര്‍ഥത്തിലും യുഡിഎഫ്–ആര്‍എസ്എസ് ഒത്തുകളി!
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..