11 October Friday

ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടും മാന്ദ്യത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019



ഒരു പതിറ്റാണ്ടപ്പുറം 2008-ൽ ആരംഭിച്ച വൻ സാമ്പത്തികത്തകർച്ചയിൽനിന്ന് കരകയറുംമുമ്പ് ആഗോള മുതലാളിത്ത സാമ്പത്തികലോകം വീണ്ടും മാന്ദ്യത്തിന്റെ പിടിയിലേക്ക്.  പ്രമുഖ ധനകാര്യ- ബിസിനസ് മാധ്യമങ്ങളിലും മറ്റു മാധ്യമങ്ങളിലും ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിൽ അമരാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ നിറയുകയാണ്. പോൾ ക്രൂഗ്‌മാനെപ്പോലുള്ള വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞരും മാന്ദ്യത്തിന്റെ ആപത് സാധ്യത വർധിച്ചതായി മുന്നറിയിപ്പ് നൽകുന്നുണ്ട്.

ചൈനീസ് ഉൽപ്പന്നങ്ങൾക്ക് കൂടുതൽ  ഇറക്കുമതി തീരുവ ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  തുടക്കംകുറിച്ച വ്യാപാരയുദ്ധമാണ് ലോകത്തെ വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിയിടാൻ മുഖ്യ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഓഹരി വിപണികളിലും കടപ്പത്ര വിപണികളിലും അടിക്കടിയുണ്ടാകുന്ന തകർച്ച, വിവിധ കേന്ദ്ര ബാങ്കുകൾ പലിശനിരക്ക് തുടർച്ചയായി കുറയ്‌ക്കുന്നത്‌, കയറ്റുമതി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കറൻസികളുടെ വിനിമയനിരക്ക് കുറച്ചുകൊണ്ടുള്ള കറൻസി യുദ്ധം എന്നിവ വരാൻപോകുന്ന തകർച്ചയുടെ  മണിമുഴക്കങ്ങളായി വിലയിരുത്തപ്പെടുന്നു. യൂറോപ്യൻ സമ്പദ് വ്യവസ്ഥകളുടെ ചാലകശക്തിയായ ജർമനിയിൽ വ്യാവസായികോൽപ്പാദനത്തിൽ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഇടിവുണ്ടായത്  പ്രതിസന്ധികളുടെ ആഴം വെളിപ്പെടുത്തുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. അമേരിക്ക–--ചൈന വ്യാപാരയുദ്ധത്തെ തുടർന്ന്, ജർമനിയിൽ ഈ ജൂണിൽമാത്രം വ്യവസായവളർച്ച 1.5 ശതമാനം ഇടിഞ്ഞു. കയറ്റുമതി കുറഞ്ഞതാണ് കാരണം. നടപ്പുസാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദമാകുമ്പോഴേക്കും  ജർമനി കടുത്ത മാന്ദ്യത്തിന്റെ പിടിയിലാകുമെന്ന് രാജ്യത്തെ കേന്ദ്ര ബാങ്കായ ബുൻഡസ് പ്രവചിക്കുന്നു. വ്യാപാരയുദ്ധം അമേരിക്കയ്‌ക്കും ചൈനയ്‌ക്കും പുറമേ യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയുടെ സമ്പദ് വ്യവസ്ഥകളെയും കുഴപ്പത്തിലാക്കുകയാണ്.

അമേരിക്കയിലടക്കം കടപ്പത്രവിപണിയിൽ ദീർഘകാല കടപ്പത്രങ്ങൾ വാങ്ങാൻ ആളില്ലാതെ വന്നത് മാന്ദ്യത്തിന്റെ മറ്റൊരു വലിയ മുന്നറിയിപ്പായി ക്രൂഗ് മാനെപ്പോലുള്ളവർ കണക്കാക്കുന്നുണ്ട്. ഹ്രസ്വകാല കടപ്പത്രങ്ങൾ മാത്രമാണ് വിൽക്കപ്പെടുന്നത്. നിക്ഷേപകരുടെ വിശ്വാസം നഷ്ടപ്പെടുന്നതിന്റെ ലക്ഷണമാണിത്. തകർച്ചയുണ്ടായാൽ പണം നഷ്ടപ്പെട്ടെങ്കിലോ എന്നതാണ് അവരുടെ ഭീതി. ഇതിനുമുമ്പുണ്ടായ എല്ലാ വലിയ മാന്ദ്യങ്ങൾക്കും മുന്നോടിയായി ഇത്തരം സാഹചര്യമുണ്ടായിട്ടുണ്ട്. അപ്പോൾ, ഒരു കാര്യം ഇതിനകം വ്യക്തമാണ്. അമേരിക്കയിലടക്കം മുതലാളിത്ത രാജ്യങ്ങളിലാകെ മാന്ദ്യപ്പേടി വ്യാപകമായിരിക്കുന്നു. പ്രതീക്ഷിക്കുന്നതിനേക്കാൾ വേഗത്തിൽ മാന്ദ്യം സമ്പദ് വ്യവസ്ഥകളെ വിഴുങ്ങുമെന്ന് സിഎൻഎൻ ന്യൂസ് ആഗസ്‌ത്‌ 15ന് റിപ്പോർട്ടു ചെയ്‌തപ്പോൾ, അടുത്ത കൊല്ലം സാമ്പത്തികത്തകർച്ച രൂക്ഷമാകുമെന്ന് ന്യൂയോർക്ക് ടൈംസും എഴുതി. 

സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമുള്ള സംഘടന (ഒഇസിഡി), അന്താരാഷ്‌ട്ര നാണയനിധി, ലോകബാങ്ക് എന്നിവയെല്ലാം നടപ്പുസാമ്പത്തിക വർഷത്തിലും അടുത്ത വർഷവും ലോകസാമ്പത്തിക വളർച്ച ഇടിയുമെന്ന് പ്രഖ്യാപിച്ചതും  ഗൗരവമുള്ള സംഗതിയാണ്. ട്രംപിന്റെ വ്യാപാരയുദ്ധത്തെ തുടർന്ന് ലോകവ്യാപാരം തുടർച്ചയായി കുറയുകയാണ്. ഈ ധനവർഷത്തിലെ ആദ്യ പാദത്തിൽ - 0.3 ശതമാനം ന്യൂനവളർച്ചയാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര നാണയനിധി കഴിഞ്ഞ ജൂലൈയിൽ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം ഇക്കൊല്ലത്തെ ലോക സാമ്പത്തിക വളർച്ചാനിരക്ക് 3.2 ശതമാനമായി ചുരുങ്ങും. 2018ൽ 3.6 ശതമാനമായിരുന്നു.

തൊഴിലും വരുമാനവും ഇല്ലാതാകുന്നതോടെ കമ്പോളത്തിലെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളില്ലാതാകും. ഉൽപ്പന്നങ്ങൾക്ക് ഡിമാൻഡില്ലാതാകും. അപ്പോൾ സാമ്പത്തികമാന്ദ്യം പിന്നെയും രൂക്ഷമാകും

2008-ൽ അമേരിക്കയിലെ ബാങ്കിങ് ധനകാര്യമേഖലയിൽ ആരംഭിച്ച് ലോകത്താകെ പടർന്ന സാമ്പത്തികത്തകർച്ചയിൽനിന്ന് മുതലാളിത്തലോകം ഇനിയും കരകയറിയിട്ടില്ലെന്നതിന്റെ കൃത്യവും വ്യക്തവുമായ വിവരമാണ് മുകളിൽ പറഞ്ഞ കാര്യങ്ങളിൽനിന്ന്‌  വെളിപ്പെടുന്നത്. തകർച്ചയും വീണ്ടെടുപ്പും മുതലാളിത്തത്തിൽ പുതിയ പ്രതിഭാസമല്ലെങ്കിലും ഇക്കുറി വീണ്ടെടുപ്പിനുമുന്നേ പിന്നെയും പതനത്തിലേക്ക് എന്നതാണ് പുതുമ. കരകയറാൻ ശ്രമിക്കുമ്പോൾ വീണ്ടും കൂട്ടക്കുഴപ്പം.   ഇതിന്റെ ഭാഗമായി തൊഴിലും വരുമാനവുമെല്ലാം നഷ്ടപ്പെടുന്ന വലിയൊരു ജനവിഭാഗം ദുരിതത്തിലാകും. തൊഴിലാളികളുടെ കൂട്ട പിരിച്ചുവിടലും ചെലവുചുരുക്കലും ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കലുമെല്ലാം മുതലാളിത്ത രാജ്യങ്ങളിൽ വ്യാപകമാണ്. ജീവനക്കാരെയും തൊഴിലാളികളെയുംമാത്രമേ ഇതു ബാധിച്ചിരുന്നുള്ളുവെങ്കിൽ ഇനിയത് മാനേജർമാരടക്കമുള്ള ഉയർന്ന തസ്‌തികകളിലേക്കും വ്യാപിപ്പിക്കും. തൊഴിലും വരുമാനവും ഇല്ലാതാകുന്നതോടെ കമ്പോളത്തിലെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ആളില്ലാതാകും. ഉൽപ്പന്നങ്ങൾക്ക് ഡിമാൻഡില്ലാതാകും. അപ്പോൾ സാമ്പത്തികമാന്ദ്യം പിന്നെയും രൂക്ഷമാകും. ഇന്ത്യയിലടക്കം സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണ്. മുതൽമുടക്കുകളില്ല, തൊഴിലില്ല, വരുമാനമില്ല, ഉപഭോഗമില്ല.

ഇത്തരം സാഹചര്യത്തിൽ ഗവൺമെന്റുകളുടെ പൊതുമുതൽമുടക്ക് വർധിപ്പിച്ച് തൊഴിലും വരുമാനവും കൂട്ടി സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കുകയാണ്  വേണ്ടത്. എന്നാൽ, ധന മുതലാളിത്തം അതിന് മിനക്കെടാതെ പണനയത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് കേന്ദ്ര ബാങ്കുകൾ പലിശനിരക്ക് കുറയ്ക്കുന്നത്‌. അടുത്തിടെ ഇന്ത്യ, ന്യൂസിലൻഡ്, തായ്‌ലൻഡ്‌ എന്നിവയടക്കം ലോകത്തെ ഒട്ടേറെ കേന്ദ്ര ബാങ്കുകൾ പലിശനിരക്ക് കുറച്ചു. അമേരിക്കയിലെ ഫെഡറൽ റിസർവ് ഇനിയും കുറയ്‌ക്കാനൊരുങ്ങുന്നു. ഇതേസമയം, ബാങ്കുകളും പ്രതിസന്ധിയിലാണെന്നതാണ് യാഥാർഥ്യം. കോർപറേറ്റുകളുടെ കിട്ടാക്കടംമൂലം വായ്പ കൊടുക്കാൻ കഴിയാത്ത സാഹചര്യം ഒരുവശത്ത് നിൽക്കുമ്പോൾ കൊടുക്കുന്ന വായ്പകൾതന്നെ പലപ്പോഴും  ഉൽപ്പാദനമേഖലകളിലേക്ക് എത്തുന്നില്ലെന്നത് മറ്റൊരു പ്രശ്നം. പണം എത്തുന്നത് ഓഹരി -പണക്കമ്പോളങ്ങളിലേക്കാണ്. 2008 ലെ വാൾസ്ട്രീറ്റ് തകർച്ചയെത്തുടർന്ന് പ്രതിസന്ധിയിലായ ലോകത്തെ പല ബാങ്കുകളും ഇനിയും കരകയറിയിട്ടില്ലെന്നത് ഇതോടൊപ്പം കാണണം. യൂറോപ്പിലെതന്നെ പ്രധാന ബാങ്കായ ജർമനിയിലെ ബുൻഡസ് 8300 കോടി ഡോളറിന്റെ കിട്ടാക്കടത്തിലാണ്. ഇവിടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. യൂറോപ്പിലെ മറ്റ് ഒട്ടേറെ ബാങ്കുകളിലും ഇതാണ് സ്ഥിതി. ചുരുക്കിപ്പറഞ്ഞാൽ, ലാഭം തേടിയുള്ള ധനമൂലധനത്തിന്റെ പരക്കംപാച്ചിൽ മുതലാളിത്ത രാജ്യങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന ചിത്രമാണ് ലോകത്തെവിടെയും ദൃശ്യമാകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top