13 September Friday

കേരളം കേന്ദ്രത്തിന്റെ അടിമയല്ല

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018


ജന്മിത്തമ്പുരാക്കന്മാർ കുടിയാന്മാർക്കുമേൽ സ്ഥാപിച്ച കോയ്മയ്‌ക്കെതിരെ സുധീരം  പോരാടിയത്  കേരളത്തിന്റെ വിദൂരചരിത്രമല്ല. നട്ടു നനച്ചു വളർത്തിയ വാഴയുടെ കുല ബലംപ്രയോഗിച്ച‌് വെട്ടിക്കൊണ്ടുപോയ ജന്മിത്തത്തിന്റെ അഹന്തയ്ക്കുമുന്നിൽ 'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾതൻ പിന്മുറക്കാർ’ എന്ന നിസ്സഹായ ദൈന്യത്തിൽനിന്ന്, 'അധികാരം കൊയ്യണമാദ്യം നാം’ എന്ന് മുഷ്ഠിചുരുട്ടി പ്രഖ്യാപിച്ച് ഉണർന്നെണീറ്റ‌് പോരാടിയതാണ്  കേരളത്തിന്റെ ഇന്നലെകൾ. ആ സമരപോരാട്ടത്തിന്റെ അടിത്തറയിലാണ്, ഇന്നത്തെ കേരളം വളർന്നത്. ഇന്ത്യ എന്ന ഫെഡറൽ രാഷ്ട്രത്തിലെ തുല്യ അധികാരമുള്ള 29 സംസ്ഥാനങ്ങളിൽ ഒന്നാണ്  കേരളം. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളിൽ ഒന്നും സുപ്രധാനവുമാണ് ഫെഡറൽ സംവിധാനം. സകല അധികാരങ്ങളുടെയും കേന്ദ്രീകരണം ഡൽഹിയിൽ അല്ല. ബഹുസ്വരതയുടെ ഇന്ത്യ ഐക്യപ്പെട്ട് മുന്നേറുന്നത് ഫെഡറലിസത്തിന്റെ കരുത്തിലാണ്. കേന്ദ്ര﹣സംസ്ഥാന ബന്ധങ്ങൾ ജനാധിപത്യപരമായി സംവിധാനം ചെയ്തിട്ടുള്ളതാണ് ഭരണഘടന. നിയമ നിർമാണമുൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും അധികാരങ്ങൾ നിർവചിക്കപ്പെട്ടിട്ടുണ്ട്. ആ വിഭജനം ആരോഗ്യകരമായി പ്രയോഗത്തിൽ വരുത്താനുള്ള  തുടർച്ചയായ ശ്രമങ്ങളും നടന്നിട്ടുണ്ട്.  അത് തകർക്കാനുള്ള ചെറിയ നീക്കംപോലും രാജ്യത്തിന‌് ഭീഷണിയാണ്. കേന്ദ്രസർക്കാരിൽനിന്ന്  പാടില്ലാത്ത ചില ഇടപെടലുകൾ കഴിഞ്ഞ ദിവസം ഉണ്ടായതുകൊണ്ടാണ്, ഫെഡറൽതത്വങ്ങളെക്കുറിച്ചും കേരളത്തിന്റെ പോരാട്ടപാരമ്പര്യത്തെക്കുറിച്ചും ഇവിടെ ഓർമിപ്പിക്കേണ്ടിവരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരള നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ഡൽഹിയിൽ ചെന്നത്, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ട് കേരളത്തിന്റെ സുപ്രധാന ആവശ്യങ്ങൾ അറിയിച്ച‌് പരിഹാരം കണ്ടെത്താനാണ്. ഏതെങ്കിലും കക്ഷിയുടെയോ  മുന്നണിയുടെയോ സംഘമല്ല, കേരളത്തിലെ ജനങ്ങളെയാകെ പ്രതിനിധാനം ചെയ്യുന്ന സംഘമാണ് പോയത് എന്നർഥം. പലവട്ടം നിഷേധിച്ചശേഷമാണ് കൂടിക്കാഴ്ചയ്ക്ക‌് പ്രധാനമന്ത്രി സമ്മതം നൽകിയത്. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ ആവശ്യം അനുഭാവത്തോടെ പരിഗണിക്കും എന്ന പ്രതീക്ഷയാണ് എല്ലാവർക്കുമുണ്ടായത്. കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ പ്രതിനിധി അടക്കമുള്ള കേരള സംഘത്തോട് പക്ഷേ, രാജ്യത്തിന്റെ പ്രധാനമന്ത്രിയിൽനിന്നുണ്ടാകേണ്ട പ്രതികരണമല്ല ഉണ്ടായത്.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയപ്പോൾ കേരളത്തിന്റെ ഭക്ഷ്യധാന്യവിഹിതം ഗണ്യമായി കുറഞ്ഞതിനാൽ ഉണ്ടായ പ്രയാസങ്ങൾ വിശദീകരിച്ച‌് വിഹിതം  വർധിപ്പിക്കണം എന്ന ആവശ്യമാണ് സംഘം ഉന്നയിച്ചത്. കേരളത്തിനായി അങ്ങനെ ചെയ്യാൻ കഴിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. അതായത്, ഇന്നാട്ടിലെ സാധാരണ ജനങ്ങൾക്ക് റേഷനരി ലഭ്യമാക്കുന്നതിന് പ്രത്യേകമായി ഒന്നും ചെയ്യാൻ കേന്ദ്രം സന്നദ്ധമല്ല എന്ന്.  മുൻഗണനാവിഭാഗത്തിൽ വരാത്തവർക്ക് ഭക്ഷ്യധാന്യം നൽകാൻ ആണ്ടിൽ 11.22 ലക്ഷം ടൺ ആവശ്യമുണ്ട്. എന്നാൽ, ഇപ്പോൾ ലഭിക്കുന്നത് 3.99 ലക്ഷം ടൺമാത്രമാണ്. ഇത് കേരളത്തിന്റെ സവിശേഷ സാഹചര്യമാണ്. അത് കാണാൻ തയ്യാറല്ലപോലും.

കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ ആവശ്യകത സർവകക്ഷി സംഘം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഒരുറപ്പും ലഭിച്ചില്ല.  ഫാക്ടറി സ്ഥാപിക്കുന്നതിന് 239 ഏക്കർ  സ്ഥലം കേരള സർക്കാർ റെയിൽവേക്ക് 2012ൽ തന്നെ കൈമാറിയിട്ടും നിഷേധാത്മക സമീപനമാണ് എടുത്തത്.

ഓരോ ആവശ്യത്തോടും ഈ രീതിയൽത്തന്നെയുള്ള പ്രതികരണമാണുണ്ടായത്. അതും പോരാഞ്ഞ‌് കേന്ദ്ര സഹമന്ത്രി അൽഫോൺസ് കണ്ണന്താനത്തെ രംഗത്തിറക്കി ഒരു പ്രചാരണ നാടകവും സംഘടിപ്പിച്ചു. കേന്ദ്രമന്ത്രിസഭയിൽ അംഗമായ കണ്ണന്താനം പ്രധാനമന്ത്രിയുടെ ഓഫീസിൽ ഇടപെട്ട‌് കേരളത്തിന്റെ ആവശ്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനു പകരം, സർവകക്ഷി സംഘത്തിൽ തന്നെ ഉൾപ്പെടുത്തിയില്ല എന്ന കെറുവുമായാണ് രംഗത്തുവന്നത്. അദ്ദേഹം കേന്ദ്രമന്ത്രിയാണെന്നുള്ളതും ബിജെപി പ്രതിനിധി സംഘത്തിലുണ്ടെന്നതും മറച്ചുവച്ച്, 'പ്രധാനമന്ത്രിക്ക‌് അതൃപ്തി’ എന്ന് പ്രചരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിലെ കാപട്യം അതിവേഗം തുറന്നുകാട്ടപ്പെട്ടു. 

ഇവിടെ, ഒരു സർവകക്ഷി സംഘത്തിന്റെ ഡൽഹി സന്ദർശനത്തിന്റെയോ നരേന്ദ്ര മോഡി എന്ന വ്യക്തിയുടെ പെരുമാറ്റത്തിന്റെയോ പ്രശ്നമല്ല. ജനാധിപത്യത്തിനും ഫെഡറൽ തത്വങ്ങൾക്കും അവ ഉറപ്പാക്കുന്ന ഭരണഘടനയ്ക്കുതന്നെയും  എതിരെയുള്ള ഭീഷണിയാണുണ്ടാകുന്നത്. അത് അംഗീകരിക്കാവുന്നതല്ല. കേരളീയരാകെ അപമാനിക്കപ്പെടുമ്പോൾ രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരായ യുദ്ധപ്രഖ്യാപനംകൂടിയാണ് അത് എന്ന തിരിച്ചറിവുണ്ടാകണം. അതുകൊണ്ടുതന്നെ, കേവലം ഒരു കൂടിക്കാഴ്ചയിലെ അമാന്യമായ പെരുമാറ്റത്തിന്റെ തലത്തിലല്ല, രാജ്യത്തെ ഗ്രസിക്കുന്ന രാഷ്ട്രീയവിപത്തിന്റെ ഭാഗം എന്ന നിലയിലാണ് നരേന്ദ്ര മോഡി സർക്കാരിന്റെ കേരളത്തോടുള്ള സമീപനം ചർച്ച ചെയ്യപ്പെടേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top