21 March Tuesday

എല്‍ഡിഎഫ് വന്നു; എല്ലാം ശരിയാകും

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2016


എല്‍ഡിഎഫ് വരും; എല്ലാം ശരിയാകും എന്ന സന്ദേശം കേരളത്തിന്റെ നഗരങ്ങളിലും ഗ്രാമങ്ങളിലും മുക്കിലും മൂലയിലും ശ്രദ്ധിക്കപ്പെട്ടു. ജനം അതേറ്റെടുത്തു. ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയ സന്ദേശമായിരുന്നു ഇത്. സമ്മതിദായകര്‍ നല്ല ഭൂരിപക്ഷത്തോടെ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അധികാരത്തിലെത്തിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമകരവും വികസനകേന്ദ്രീകൃതവുമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളുടെ ഉള്ളഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കാവുന്നതാണ്. എല്‍ഡിഎഫ് ജയിച്ചാല്‍ ആരാകും നേതാവ് എന്ന ചോദ്യം പല കോണുകളില്‍നിന്നും ഉയര്‍ന്നുകേട്ടിരുന്നു. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്നുതന്നെ പ്രതികരിച്ചു. ഉചിതമായ സമയത്ത് ഞങ്ങള്‍ തീരുമാനമെടുക്കും. വി എസും പിണറായിയും പറഞ്ഞു– എല്ലാം പാര്‍ടി തീരുമാനിക്കും. അതാണ് വെള്ളിയാഴ്ച സംഭവിച്ചത്. കാലതാമസം തീരെ ഉണ്ടായില്ല. മെയ് 19നാണ് ഫലപ്രഖ്യാപനം ഉണ്ടായത്. ഇരുപതിന് സംസ്ഥാന സെക്രട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയും യോഗംചേര്‍ന്നു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പിബിയുടെ നിര്‍ദേശം അവതരിപ്പിക്കുകയും സെക്രട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയും അത് ഏകകണ്ഠമായി അംഗീകരിക്കുകയുംചെയ്തു.

വി എസ് ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് നിര്‍ദേശം സമര്‍പ്പിച്ചത്. പരിചയസമ്പന്നനും പക്വമതിയുമായ പിണറായി വിജയന്‍ ലെജിസ്ളേറ്റീവ് പാര്‍ടിയുടെ നേതാവാകണം എന്നാണ് നിര്‍ദേശിക്കപ്പെട്ടത്. വി എസ് ഉള്‍പ്പെടെ പങ്കെടുത്ത സംസ്ഥാന സമിതിയാണ് നിര്‍ദേശം ഏകകണ്ഠമായി അംഗീകരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലിന് എ കെ ജി സെന്ററില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സീതാറാം യെച്ചൂരി തന്നെ ഇത് വെളിപ്പെടുത്തുകയുംചെയ്തു– പിണറായി വിജയനെ നേതാവായി അംഗീകരിച്ചിരിക്കുന്നു. തുടര്‍ന്നുള്ള നടപടിക്രമങ്ങളും രണ്ടുമൂന്ന് ദിവസത്തിനകം പൂര്‍ത്തിയാകും. എല്‍ഡിഎഫ് നേതൃയോഗം ചേര്‍ന്ന് ഇനിയങ്ങോട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. എല്‍ഡിഎഫ് ജനങ്ങളോടുള്ള ഉത്തരവാദിത്തം യഥാസമയം നിറവേറ്റും എന്നതില്‍ ആര്‍ക്കും സംശയം വേണ്ടാ.

കേരളത്തിലെ ഉദ്ബുദ്ധരായ സമ്മതിദായകര്‍ യുഡിഎഫിന്റെ അഞ്ചുവര്‍ഷത്തെ അഴിമതിക്കും ദുര്‍ഭരണത്തിനും വര്‍ഗീയതയ്ക്കും എതിരെ നന്നായി പ്രതികരിച്ചു. എല്‍ഡിഎഫിന് 43.35ഉം യുഡിഎഫിന് 38.81ഉം ബിജെപിക്ക് 14.99ഉം ശതമാനവും വോട്ട് നല്‍കി. സീറ്റിന്റെ കാര്യത്തിലാണെങ്കില്‍ എല്‍ഡിഎഫിന് 91 സീറ്റ് നല്‍കിയപ്പോള്‍ യുഡിഎഫിന് 47 സീറ്റ് മാത്രം. നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി ഒ രാജഗോപാലിന്റെ വിജയമാണ് ചില മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നത്. തെരഞ്ഞെടുപ്പിന് നേതാക്കള്‍ പറഞ്ഞത് കോണ്‍ഗ്രസ് സഹായിച്ചാല്‍ മാത്രമേ ബിജെപി അക്കൌണ്ട് തുറക്കൂ എന്നാണ്. നേമത്ത് കെട്ടിവച്ച പണം നഷ്ടപ്പെടുത്തിക്കൊണ്ടുതന്നെ കോണ്‍ഗ്രസ് ബിജെപി സ്ഥാനാര്‍ഥിക്ക് മറിച്ച് വോട്ടുചെയ്തു. വോട്ടിന്റെ കണക്ക് പരിശോധിച്ചാല്‍ ആര്‍ക്കും ഇതെളുപ്പം ബോധ്യപ്പെടും.

ബിജെപിയാകട്ടെ വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസിനെയും മറ്റുംചേര്‍ത്ത് അവരുടെ മുന്നണി വികസിപ്പിച്ചിരുന്നു. ഇതും കണക്കിലെടുത്തുവേണം ബിജെപിയുടെ അക്കൌണ്ട് തുറക്കല്‍ വിലയിരുത്താന്‍. ബിജെപിയുടെ വിജയം ഇടതുപക്ഷത്തിന് തിരിച്ചടി എന്നാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. കാര്യഗൌരവം തെല്ലുമില്ലാത്തവരാണ് ഇങ്ങനെ പറയുന്നത്. വര്‍ഗീയപാര്‍ടിക്ക് ചെറിയ നേട്ടമുണ്ടായാല്‍പോലും അത് ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിവച്ച മതനിരപേക്ഷതയ്ക്ക് വലിയ പോറലേല്‍പ്പിക്കും. മതനിരപേക്ഷതയ്ക്ക് വില കല്‍പ്പിക്കുന്ന ഏതൊരാള്‍ക്കും ഇത് ഭവിഷ്യത്തായി കാണാന്‍ കഴിയും. മാധ്യമങ്ങള്‍ ഈ സമീപനത്തില്‍ മാറ്റം വരുത്തണം. വര്‍ഗീയതയുടെ നിസ്സാരമായ നേട്ടംപോലും മതനിരപേക്ഷതയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നടപടിയായി വിലയിരുത്തുകതന്നെ വേണം.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള ഓരോ കാര്യവും നടപ്പില്‍വരുത്താന്‍ ആത്മാര്‍ഥമായ ശ്രമം നടത്തുമെന്നതില്‍ സംശയം വേണ്ടാ. എല്‍ഡിഎഫിനുണ്ടായ വിജയം എല്‍ഡിഎഫിന്റെമാത്രം വിജയമായി ഞങ്ങള്‍ കാണുന്നില്ല. വര്‍ഗീയതയ്ക്കെതിരെ ചിന്തിക്കുന്ന എല്ലാ മതനിരപേക്ഷവാദികളുടെയും മതന്യൂനപക്ഷങ്ങളുടെയും പിന്തുണ എല്‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്്. ഇതെല്ലാം കണക്കിലെടുത്താകും സര്‍ക്കാരിന്റെ പ്രവര്‍ത്തനം എന്നാണ് ഞങ്ങള്‍ കരുതുന്നത.് നിഷ്പക്ഷവും നീതിപൂര്‍വകവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. ബഹുജനങ്ങളുടെയും പണിയെടുക്കുന്ന ജനവിഭാഗത്തിന്റെയും അവകാശസമരങ്ങളെ അടിച്ചമര്‍ത്താന്‍ പൊലീസിനെ ഉപയോഗിക്കില്ല. അതോടൊപ്പം ക്രമസമാധാനപാലനം കാര്യക്ഷമമായിത്തന്നെ നിര്‍വഹിക്കപ്പെടും. പ്രകടനപത്രികയില്‍ ചൂണ്ടിക്കാണിച്ച എല്ലാ കാര്യങ്ങളും പ്രാവര്‍ത്തികമാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും പ്രതീക്ഷിക്കാം. ഭരണനിര്‍വഹണത്തില്‍ എല്‍ഡിഎഫിലെ ഐക്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാന്‍ എല്ലാവരുടെയും പിന്തുണ ലഭിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ സാമാജികരെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു; നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട പിണറായി വിജയനെയും.

ഇതോടൊപ്പം ഒരു കാര്യം ചൂണ്ടിക്കാട്ടാതിരിക്കാന്‍ വയ്യ. തെരഞ്ഞെടുപ്പുഫലം അറിഞ്ഞ ദിവസം വിജയാഹ്ളാദത്തിനിടെ ചില അനിഷ്ടസംഭവങ്ങള്‍ നടന്നു. ധര്‍മടത്ത് വിജയാഹ്ളാദത്തില്‍ അണിനിരന്നവര്‍ക്കുനേരെ ബോംബെറിഞ്ഞത് ബിജെപിക്കാരാണ്.  ബോംബറിഞ്ഞ് പരിക്കേല്‍പ്പിക്കുക മാത്രമല്ല, ഒരു പ്രവര്‍ത്തകന്റെ ദേഹത്ത് വാഹനം കയറ്റി അതിക്രൂരമായി കൊലപ്പെടുത്തുകയുംചെയ്തു. ബിജെപിയുടെ കൊലപാതകരാഷ്ട്രീയത്തിനറുതി വരുത്താന്‍ സമാധാനകാംക്ഷികളായ ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്നതില്‍ സംശയമില്ല. അക്രമികളെ ജനങ്ങളില്‍നിന്ന് പൂര്‍ണമായും ഒറ്റപ്പെടുത്തുന്ന നിയമപരമായ നടപടികള്‍ സ്വീകരിക്കുകയുംവേണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top