23 September Saturday

ജനകീയ സർക്കാരിന്റെ കൈത്താങ്ങ്‌ വീണ്ടും

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020 

മൂന്നാം ലോക മഹായുദ്ധത്തിന്റെ പ്രതീതിയുളവാക്കി കൊറോണ വൈറസ്‌ എങ്ങും കനത്ത ആൾനാശവും കടുത്ത ഭയാശങ്കയും വിതച്ചിരിക്കുകയാണ്‌. പല മേഖലകളിലും ജനജീവിതംതന്നെ സ്‌തംഭിച്ചിരിക്കുന്നു. ഇന്ത്യയിലടക്കം വിമാന‐ ട്രെയിൻ സർവീസുകൾപോലും റദ്ദാക്കപ്പെട്ടു. വിനോദ സഞ്ചാരികളുൾപ്പെടെ ജനലക്ഷങ്ങൾ കുടുങ്ങിക്കിടപ്പാണ്‌. ലോകമാകെ രണ്ടരക്കോടി ആളുകൾക്ക്‌ തൊഴിൽനഷ്ടമുണ്ടാക്കുമെന്നാണ്‌ ഐക്യരാഷ്ട്രസഭയുടെ കണക്ക്‌. അറബ്‌ മേഖലയിൽമാത്രം അത്‌ 17 ലക്ഷം കവിയുമെന്നാണ്‌ നിഗമനം. ചിലേടത്തെങ്കിലും ഭരണസംവിധാനങ്ങൾ പകച്ചുനിൽക്കുകയാണ്‌. എന്നാൽ, കേരളം മുൻകരുതലും ജാഗ്രതയും കൈമുതലാക്കി അനുകരണീയവും മാതൃകാപരവുമായ നിലയിലാണ്‌ അതിസങ്കീർണമായ പ്രശ്‌നം കൈകാര്യം ചെയ്യുന്നത്‌.

ഏറെ പ്രശംസ നേടിയ  ആരോഗ്യരംഗത്തെ നടപടികൾക്കൊപ്പം  സാമ്പത്തികമേഖലയിലും എൽഡിഎഫ്‌ സർക്കാർ  ലോകത്തിനുതന്നെ വഴികാട്ടുകയാണ്‌. കൊറോണ വ്യാപനത്തെത്തുടർന്നുള്ള മാന്ദ്യം മറികടക്കാൻ  ഇരുപതിനായിരം കോടി രൂപയുടെ പാക്കേജ്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. രണ്ടുമാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ മാർച്ച്‌ മാസം വിതരണം ചെയ്യാനാണ്‌ തീരുമാനം. 1350 കോടി വരുമിത്‌.  സംസ്ഥാനത്ത്‌ എപിഎൽ-‐ബിപിഎൽ വേർതിരിവില്ലാതെ  ഒരു മാസത്തെ സൗജന്യ ഭക്ഷ്യധാന്യവും അന്ത്യോദയ‐ ബിപിഎൽ കുടുംബങ്ങൾക്ക്‌ ആയിരം രൂപയും നൽകും. ആയിരം ഭക്ഷണശാല ഏപ്രിലിൽ ആരംഭിച്ച്‌ 20 രൂപയ്‌ക്ക്‌ ഭക്ഷണം വിളമ്പും. കുടുംബശ്രീ വഴി രണ്ട്‌ മാസത്തിനുള്ളിൽ 2000 കോടിയുടെ വായ്പ ലഭ്യമാക്കും.

ഓട്ടോറിക്ഷ‐ടാക്‌സി ഫിറ്റ്‌നസ്‌ ചാർജ്‌,  യാത്രാബസുകൾക്ക്‌ മൂന്നുമാസത്തെ നികുതിയിൽ ഒരുഭാഗം, സിനിമാ തിയറ്ററുകളുടെ വിനോദനികുതി തുടങ്ങിയവയിൽ  ഇളവ്‌ അനുവദിക്കും. 2000 കോടിയുടെ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി ഏപ്രിൽ‐ മെയ്‌ മാസത്തിൽ നടപ്പാക്കും

വ്യക്തികൾക്കും കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും കരാറുകാർക്കും സർക്കാർ കുടിശ്ശികയുള്ള 14000 കോടി  ഏപ്രിലിൽ കൊടുത്തുതീർക്കും. വൈദ്യുതി-ചാർജിനും വെള്ളക്കരത്തിനും ഒരു മാസത്തെ സാവകാശം അനുവദിക്കും. മാർച്ച്‌ 31വരെ പണം അടയ്‌ക്കാനുള്ള വൈദ്യുതി ബില്ലുകൾക്കാണ്‌ സാവകാശം. ഈ കാലയളവിൽ ബന്ധം വിച്ഛേദിക്കുന്ന ബില്ലുകൾക്കും ആനുകൂല്യം ലഭിക്കുമെന്നും പിഴ നടപടികൾ  ഒഴിവാക്കുമെന്നും വൈദ്യുതിമന്ത്രി എം എം മണി വ്യക്തമാക്കിയിട്ടുണ്ട്‌. ഓട്ടോറിക്ഷ‐ടാക്‌സി ഫിറ്റ്‌നസ്‌ ചാർജ്‌,  യാത്രാബസുകൾക്ക്‌ മൂന്നുമാസത്തെ നികുതിയിൽ ഒരുഭാഗം, സിനിമാ തിയറ്ററുകളുടെ വിനോദനികുതി തുടങ്ങിയവയിൽ  ഇളവ്‌ അനുവദിക്കും. 2000 കോടിയുടെ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി ഏപ്രിൽ‐ മെയ്‌ മാസത്തിൽ നടപ്പാക്കും. മരുന്നുൾപ്പെടെ പ്രത്യേക ചികിത്സാ പദ്ധതിക്ക്‌ 500 കോടിയുടെ ആരോഗ്യ പാക്കേജും നടപ്പാക്കുമെന്നാണ്‌ ഉന്നതതല അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി അറിയിച്ചത്‌. അടിയന്തരസാഹചര്യം ഉടലെടുത്താൽ സേനാവിഭാഗങ്ങളുടെ ആശുപത്രി സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനും പട്ടാളബാരക്കുകൾ കെയർ സെന്ററുകളാക്കാനും തീരുമാനമായി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വൈകിട്ടുവരെ ഔട്ട്‌ പേഷ്യന്റ്‌ വിഭാഗം ഉറപ്പാക്കാൻ ഒരു ഡോക്ടറുടെ അധിക സേവനം ലഭ്യമാക്കും. ഇഎസ്‌ഐ ഡിസ്‌പെൻസറികളിൽ വൈകിട്ട്‌ ആറുവരെ ഒപി പ്രവർത്തിപ്പിക്കും.

സഹകരണ ബാങ്കുകളിൽനിന്നുള്ള വായ്‌പയ്‌ക്ക്‌ ഒരു വർഷത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്‌. ജനുവരി 31 വരെ കൃത്യമായി വായ്‌പ തിരിച്ചടച്ചവർക്കാണ്‌ മൊറട്ടോറിയം. അഞ്ചുസെന്റിൽ താഴെ ഭൂമിയിലെ കിടപ്പാടം ജപ്‌തിക്ക്‌ വിധേയമാക്കരുതെന്ന്‌ നിർദേശം നൽകിയതായി  സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

ജനങ്ങളോടുള്ള പ്രതിബദ്ധത മുറുകെപ്പിടിച്ച്‌ മുഖ്യമന്ത്രി തിരുവനന്തപുരത്ത്‌ ബൃഹദ്‌ സാമ്പത്തിക കൈത്താങ്ങ്‌ പ്രഖ്യാപിച്ചപ്പോൾ രാജ്യതലസ്ഥാനത്ത്‌ പ്രധാനമന്ത്രി പ്രഹസനം നടത്തുകയായിരുന്നു. കൊറോണയ്‌ക്കെതിരെ പ്രായോഗിക നടപടികളൊന്നും സ്വീകരിക്കാതെ മോഡി സർക്കാർ മാർച്ച്‌ 22ന്‌ ‘ജനതാ കർഫ്യൂ’ പ്രഖ്യാപിക്കുക മാത്രമായിരുന്നു. അന്ന്‌ രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ വീടുകളിൽത്തന്നെ കഴിയണം; അനാവശ്യമായി പുറത്തിറങ്ങരുതെന്നാണ്‌ മുന്നറിയിപ്പ്‌. സർക്കാർ ജീവനക്കാർ, സന്നദ്ധസേവകർ,  മാധ്യമ പ്രവർത്തകർ, പൊലീസുകാർ തുടങ്ങിയ വിഭാഗങ്ങളുടെ നിസ്വാർഥ പ്രവർത്തനങ്ങളോടുള്ള നന്ദി സൂചകമായി അന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ പ്രതീകാത്മക ചടങ്ങിനും ആഹ്വാനമുണ്ട്‌. വീട്ടിനുള്ളിലോ വാതിൽപ്പടിയിലോ ബാൽക്കണിയിലോനിന്ന്‌ കൈയടിച്ചോ മണിയടിച്ചോ പാത്രങ്ങളിൽ കൊട്ടിയോ നന്ദി പ്രകടിപ്പിക്കണമെന്നാണ്‌ പ്രധാനമന്ത്രിയുടെ നിർദേശം.

ഇന്ത്യയേക്കാൾ ദരിദ്രരാജ്യങ്ങൾപോലും കൊറോണാ പ്രതിസന്ധിയിൽ ഉഴലുന്ന സ്വന്തം പൗരന്മാർക്ക്‌ ആശ്വാസമേകാൻ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുമ്പോൾ മോഡി ഭരണം ഡീസലിനും പെട്രോളിനും വീണ്ടും തീരുവ വർധിപ്പിക്കാൻ  ഒരുങ്ങുകയാണ്‌. കൊറോണാ വ്യാപനത്തിന്റെ സാഹചര്യത്തിൽ ഏറുന്ന ചെലവിന്‌ പണം കണ്ടെത്താനാണ്‌ അധിക തീരുവയെന്നാണ്‌ ഔദ്യോഗിക വിശദീകരണം. മാർച്ച്‌ 14ന്‌ ഡീസലിന്റെയും പെട്രോളിന്റെയും തീരുവ മൂന്നുരൂപ കൂട്ടുകയുണ്ടായി. അന്താരാഷ്ട്ര കമ്പോളത്തിൽ എണ്ണവില ബാരലിന്‌ 30 ഡോളറായി കുറഞ്ഞ പശ്‌ചാത്തലത്തിൽ ഇന്ത്യയിൽ ലിറ്ററിന്‌ 12 രൂപവരെ കുറയേണ്ടതാണ്‌. എന്നാൽ, പലവിധത്തിൽ അധികഭാരം അടിച്ചേൽപ്പിക്കാനാണ്‌ ശ്രമം; അതും രോഗഭീതിയിൽ ആശങ്കാകുലരായ ജനങ്ങൾക്കുമേൽ.  കേന്ദ്ര‐ കേരള സർക്കാരുകൾ രണ്ട്‌ നയസമീപനമാണ്‌ കൈക്കൊള്ളുന്നതെന്ന്‌ ഇതിൽ നിന്നും വ്യക്തമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top