21 March Tuesday

ബൊളീവിയയിൽ വീണ്ടും ചുവന്ന പ്രഭാതങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020


തെക്കനമേരിക്കൻ രാജ്യമായ ബൊളീവിയയിൽ  വൻ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം നേടിയ വിജയം ലോകത്തിനാകെ ആവേശമായി. ലോകത്തെവിടെയും കമ്യൂണിസ്റ്റ്, ഇടതുപക്ഷ, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും അടിവരയിട്ട് പ്രഖ്യാപിച്ച ഈ ഇടതുവിജയം അമേരിക്കൻ സാമ്രാജ്യത്വത്തിനേറ്റ കനത്ത തിരിച്ചടിയുമായി.  കോവിഡ് മഹാമാരിക്കാലം നവലിബറൽ സാമ്പത്തികനയങ്ങളുടെ പരാജയം മുതലാളിത്ത രാജ്യങ്ങൾപോലും അംഗീകരിച്ചു കഴിഞ്ഞു. ആ നയങ്ങളുടെ പരാജയം ഒന്നുകൂടി വ്യക്തമാക്കുന്നതാണ് ബൊളീവിയയിലെ ഇടതുപക്ഷം നേടിയ ഈ വിജയം. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ‌ുഫലത്തിന് രാജ്യാന്തരതലത്തിൽ വലിയ പ്രാധാന്യമുണ്ട്.

ജനാധിപത്യത്തെ അട്ടിമറിക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന എല്ലാ നീക്കങ്ങളെയും ചെറുത്തും അതിജീവിച്ചുമാണ് ബൊളീവിയൻ ജനത ചരിത്രമെഴുതിയത്.  ജനങ്ങൾക്കും തൊഴിലാളികൾക്കും ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കും ശതകോടീശ്വരന്മാരെ തോൽപ്പിക്കാൻ കരുത്തുണ്ടെന്ന്  ബൊളീവിയ തെളിയിച്ചതായി  അമേരിക്കയിലെ മാധ്യമപ്രവർത്തക ജേൻ മക്‌ അലീവി പറഞ്ഞത് എത്രയോ വലിയ സത്യം.

പട്ടാളത്തെ കൂട്ടുപിടിച്ച്  2019 നവംബറിൽ വലതുപക്ഷം ഭരണം അട്ടിമറിച്ച ബൊളീവിയയിൽ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ആവേശകരമായ തിരിച്ചുവരവാണ്  നടത്തിയിരിക്കുന്നത്. പുറത്താക്കിയ പ്രസിഡന്റ് ഇവോ മൊറാലിസിന്റെ പിൻഗാമി ലൂയിസ് ആർസെയാണ് ഇപ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. അദ്ദേഹം 52 ശതമാനത്തിലേറെ വോട്ട് നേടിയതായി എക്സിറ്റ് പോൾ ഫലത്തിൽ വ്യക്തമായിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ  വൈസ് പ്രസിഡന്റ് സ്ഥാനാർഥി ദാവീദ് ചോകു ഹാൻകെയും മുന്നിൽത്തന്നെ. രണ്ടു പേരുടെയും വിജയം ഉറപ്പ്. ഔദ്യോഗികഫലം വരാൻ ദിവസങ്ങൾ കഴിയണം. ‘‘ഞാൻ തിരിച്ചുവരും, ബൊളീവിയൻ ജനതയുടെ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കും’’ എന്നായിരുന്നു  അർജന്റീനയിൽ കഴിയുന്ന ഇവോ മൊറാലിസ് തെരഞ്ഞെടുപ്പുവേളയിൽ പറഞ്ഞത്. മൊറാലിസിന്റെ ‘സോഷ്യലിസത്തിലേക്കുള്ള പ്രസ്ഥാനം’ (മാസ്) വിജയത്തിലേറുമ്പോൾ ആ വാക്ക് യാഥാർഥ്യമാകുകയാണ്.  പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന ലൂയിസ് ആർസെ 11 വർഷം ഇവോ മൊറാലിസ് മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു. ഇരുവരും ചേർന്ന്  സാമൂഹ്യപുരോഗതിയുടെ പുതിയ ചരിത്രമെഴുതുമ്പോഴാണ് ഭരണം അട്ടിമറിക്കപ്പെട്ടത്.

1973 സെപ്തംബറിൽ ചിലിയിൽ സാൽവദോർ അലെൻഡയ്‌ക്കെതിരെയും 2002 ഏപ്രിലിൽ വെനസ്വേലയിൽ ഹ്യൂഗോ ഷാവേസിനെതിരെയും 2010ൽ ഇക്വഡോറിൽ റാഫേൽ കൊറിയക്കെതിരെയും അമേരിക്കയുടെ നേതൃത്വത്തിൽ കലാപം സംഘടിപ്പിച്ചിരുന്നു. സമാനരീതിയിലാണ് 2019ൽ ബൊളീവിയയിൽ ഇവോ മൊറാലിസിനെ അട്ടിമറിച്ചത്. അന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ച മൊറാലിസിനെ തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് പുറത്താക്കുകയായിരുന്നു. രാജി വയ്ക്കേണ്ടിവന്ന അദ്ദേഹത്തിന് ബൊളീവിയ വിട്ടുപോകേണ്ടിവന്നു. പ്രവാസത്തിലിരുന്ന് ഇടതുപക്ഷ വിജയത്തിന് നേതൃത്വം നൽകിയത് മൊറാലിസ് തന്നെ.


 

2019ൽ ഇടക്കാല പ്രസിഡന്റയി അധികാരത്തിലേറിയ ജിയാനിൻ അനെസ് ബൊളീവിയയെ സാമ്പത്തികമായും സാമൂഹ്യമായും തകർക്കാനാണ് ശ്രമിച്ചത്. ഈ ഭരണത്തിൽ തൊഴിലാളിപ്രസ്ഥാനങ്ങളെ അടിച്ചമർത്തി. ഡസൻ കണക്കിന് കൂട്ടക്കൊലകൾ അരങ്ങേറി. ഒട്ടേറെ ട്രേഡ് യൂണിയൻ നേതാക്കൾ കൊല്ലപ്പെട്ടു. ‘മാസ്’ പ്രസ്ഥാനത്തെ നിരോധിക്കാനും അവരെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാതിരിക്കാനും  ശ്രമങ്ങളുണ്ടായി. വലതുപക്ഷ മാധ്യമങ്ങളെ കൂട്ടുപിടിച്ച് വ്യാപകമായി കള്ളവും അപവാദവും പ്രചരിപ്പിച്ചു. തെരഞ്ഞെടുപ്പ് പലവട്ടം മാറ്റിവച്ചു.  വിദേശത്തും രാജ്യത്തുമുള്ള ഒട്ടേറെ വോട്ടർമാരെ അയോഗ്യരാക്കി. കോവിഡ്മൂലം പലർക്കും വീണ്ടും വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിഞ്ഞില്ല. ഇതിനെയെല്ലാം ചെറുത്തുതോൽപ്പിച്ചാണ് ബൊളീവിയൻജനത വിധിയെഴുതിയത്.

ഇവോ മൊറാലിസിന്റെ ഭരണം അട്ടിമറിക്കപ്പെട്ട്  കുറച്ചുനാൾക്കുള്ളിൽ കോർപറേറ്റ്മേഖല ഭരണം കൈയടക്കിയതും ഇതോടൊപ്പം കാണേണ്ട മറ്റൊരു കാര്യമാണ്. എണ്ണയും പ്രകൃതിവാതകങ്ങളും ഖനികളുമെല്ലാം സ്വകാര്യമേഖലയ്‌ക്ക് തീറെഴുതി. നവലിബറൽ നയങ്ങൾ ഒന്നൊന്നായി നടപ്പാക്കി. ഈ നയങ്ങൾ ഇനി വേണ്ടെന്ന ജനകീയപ്രഖ്യാപനം കൂടിയാണ്  വിധിയെഴുത്ത്.

കുടിവെള്ളംപോലും സ്വകാര്യവൽക്കരിച്ച വലതുപക്ഷ സാമ്പത്തികനയങ്ങൾക്കെതിരെ ശക്തമായി പോരാടിക്കൊണ്ടാണ്  ഇവോ മൊറാലിസ് 2006ൽ അധികാരത്തിൽ വരുന്നത്.  2009ലും 2014ലും വിജയം ആവർത്തിച്ചു. ഐഎംഎഫ് -ലോകബാങ്ക് നയങ്ങൾക്കെതിരെ എൺപതുകളിലും തൊണ്ണൂറുകളിലും രാജ്യത്ത് നടന്ന വലിയ പ്രക്ഷോഭങ്ങളുടെ തുടർച്ചയായാണ് മൊറാലിസ് അധികാരത്തിലെത്തുന്നത്. മൊറാലിസ് അധികാരത്തിൽ വന്നതോടെ,  സമ്പത്തിന്റെ നീതിപൂർവമായ പുനർവിതരണം, എണ്ണയും വാതകവും ഖനികളുമടക്കമുള്ള പ്രകൃതിവിഭവങ്ങളുടെ ദേശസാൽക്കരണം എന്നിവ ത്വരിതഗതിയിൽ നടപ്പാക്കി. കോർപറേറ്റ് കൊള്ളകൾക്ക് അറുതിവരുത്തി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോൽപ്പാദനം മൂന്നിരട്ടിയായി വർധിച്ചു.  വരുമാനത്തിലെ അസമത്വവും ഭാരിദ്ര്യവും കുറഞ്ഞു.  പാർപ്പിടപ്രശ്നം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ അടിസ്ഥാനമേഖലകളിൽ വലിയ പുരോഗതി കൈവരിച്ചു. 

കോർപറേറ്റ് നയങ്ങൾ പൊളിച്ചെഴുതിയതോടെ അമേരിക്കയ്‌ക്കും കോർപറേറ്റ് മുതലാളിമാർക്കും ഇരിക്കപ്പൊറുതിയില്ലാതായി. മൊറാലിസ് അട്ടിമറിക്കപ്പെട്ടു. ഇപ്പോൾ, ജനങ്ങൾ അതിനെല്ലാം മറുപടി നൽകിയിരിക്കുന്നു. ജനങ്ങളുടെ പരമാധികാരം സംരക്ഷിക്കാനുള്ള പോരാട്ടമാണ് തെരഞ്ഞെടുപ്പെന്നാണ് മൊറാലിസ് പറഞ്ഞിരുന്നത്. ആ പോരാട്ടം വിജയിച്ചിരിക്കുന്നു. ജനങ്ങൾതന്നെ പരമാധികാരികൾ.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top